വി. കെ. എൻ - ഒരു ചർച്ച
- Details
- Category: Kathakali
- Published on Wednesday, 10 July 2013 03:47
- Hits: 16352
വി. കെ. എൻ - ഒരു ചർച്ച
Sreevalsan Thiyyadi : കഥകളിയുമായി വ്യത്യസ്തമായ രീതിയില്‍ ബന്ധമുണ്ടായിരുന്ന മൂന്നു സാഹിത്യകാരന്മാര്‍: ഡി വിനയചന്ദ്രന്‍, തകഴി ശിവശങ്കരപ്പിള്ള, വികെഎന്‍.
Sreechithran Mj : പലതും ഓർക്കാം. ന്നാലും രസമുള്ള ഒന്ന്. ഒരു ഒന്നാം നമ്പർ ജാഡ, തരികിട, പോസ്റ്റ് പോസ്റ്റ് നിരൂപകനും കൂടെ ചില സുഹൃത്തുക്കളും ഒക്കെ ആയി തിരുവില്വാമലയിൽ പോയി. ഈയുള്ളവനും ഉണ്ടായിരുന്നു കൂടെ . വെടിവട്ടത്തിനിടയിൽ മ്മടെ പോസ്റ്റ് നിരൂപകന് തന്നെപ്പറ്റി വി കെ എന്നിന് ഒരു വില ആയിക്കോട്ടെന്ന് ഒരു തോന്നൽ. " താങ്കളുടെ കഥകളിലെ പോസ്റ്റ്മോഡേൺ ഫലിതപരിസരത്തേപ്പറ്റി ഒരു വർക്ക് ഞാൻ ചെയ്തത് കലാകൗമുദിയിൽ വന്നിരുന്നു, നാലുകൊല്ലം മുൻപ് "
ഇടംകണ്ണ് അൽപ്പം താഴ്ത്തി, സ്വതഃസിദ്ധമായ ഒരു നോട്ടത്തോടെ വി കെ എന്നിന്റെ മറുപടി :
"സാരല്യാന്നേ. അതൊക്കെ ഞാനന്നേ ക്ഷമിച്ചിരിക്ക്‌ണു ". നിരൂപണപ്രഭു അസ്തമിച്ചു. പിന്നെ പടിയിറങ്ങും വരെ കമാന്ന് മിണ്ടിയിട്ടില്ല
Sreevalsan Thiyyadi : ഇത്രയൊക്കെ ഫലിതമുണ്ടായിട്ടും പൊതുവെ പ്രതീക്ഷിക്കാത്ത ചില വശങ്ങള്‍ വികെഎന്നിന് ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍.
ഞാന്‍ മേലെ എഴുതിയത് വെറും ഭോഷ്ക്കല്ല, Dev,Sreechithran. 'അധികാരം' അല്ലെങ്കില്‍ വേറേതോ പുസ്തകം പുറത്തിറങ്ങിയ കാലത്ത് സഹൃദയന്‍ നിരൂപകന്‍ കെ സി നാരായണന്‍ ടിയാന്‍റെ തിരുവില്വാമല വീട്ടില്‍ ഒരു രാത്രി വെടിവട്ടത്തിനു ചെന്നിരുന്നു. ഊണുകഴിഞ്ഞുള്ള കൂട്ടംകൂടലിനിടെ ലേറ്റസ്റ്റ് വര്‍ക്ക് പ്രതീക്ഷിച്ചത്ര നന്നായില്ലെന്ന് പറഞ്ഞത്രേ നമ്മുടെ പത്രാധിപസുഹൃത്ത്. പിന്നെ വെളിച്ചായി വടക്കേകൂട്ടാല പടിയിറങ്ങുവോളം, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, "അവാര്‍ഡ് പടേര്‍ന്ന്". മുണ്ടാട്ടല്ല്യ.
Sunil Kumar : പറഞ്ഞ് വരണത്, അദ്ദേഹത്തിന്‍റെ കൃതിയെ പറ്റി, അദ്ദേഹത്തോട് ഇകഴ്ത്തി പറഞ്ഞാല്‍, ഇഷ്ടാവില്ലാ അദ്ദേഹത്തിന് എന്നാണോ?
Sreevalsan Thiyyadi : കൊല്ലം 1993. കെ സി നാരായണന്‍റെതന്നെ നേതൃത്വത്തില്‍ ഒരു നാലംഗ സംഘം (ക്ഷണം കിട്ടി പരുങ്ങാതെ ഞാനും പോയിരുന്നെങ്കില്‍ അംഗങ്ങള്‍ അഞ്ചാവുമായിരുന്നു) മാതൃഭൂമി വാരാന്ത്യപ്പതിപ്പിലേക്ക് ഒരു കവര്‍ ലേഖനത്തിനായി വടക്കേ കൂട്ടാല എത്തി.
കേസിയുടെ ഒരു നമ്പൂതിരിഫലിതം കേട്ട് മേലോട്ട് തലയെറിഞ്ഞ് ഒറക്കെ ചിരിച്ചത്രേ വികെഎന്‍ . കിട്ടിയ താപ്പ് കളയാതെ പത്ര ഫോട്ടോഗ്രാഫര്‍ വി എസ് ഷൈന്‍ ക്യാമറ മിന്നിച്ചു.
അതോടെ കഥാനായകന്‍ സീരിയസ്സായി. "അതേയ്, ഫൊട്ടട്ക്കല് ചോയ്ച്ച്ട്ട് വേണം. അതിനായിട്ടെന്നെ ഇരുന്ന് തരും. അപ്പൊ കാച്ച്വാ.... മനസ്സ്ലായീലോ ല്യേ?..."
രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം --- ഒന്നാം കാലം
- Details
- Category: Festival
- Published on Thursday, 04 July 2013 03:33
- Hits: 9771
തൃപ്രയാർ തേവരും താഴത്തെ പാണ്ടിയും
ശ്രീവൽസൻ തീയ്യാടി
എൻ. വി. കൃഷ്ണ വാരിയർ ആ പ്രസിദ്ധപ്പെടുത്തിയതിനു പിന്നിലെ വ്യംഗ്യം തൽക്ഷണം മനസ്സിലായിക്കിട്ടി. കാരണം, മുത്തച്ഛന്റെ പ്രായമുള്ള കവിയെപ്പോലെത്തന്നെ എനിക്കും അനുഭവം; ടെലിവിഷനിൽ വാല്മീകി ക്ലാസ്സിക് സീരിയലായി വരുംമുമ്പേ തൃപ്രയാർ തേവരെ ഞാനും കണ്ടിരുന്നു. കനോലി കൈപ്പുഴക്ക് ചേർന്നുള്ള അമ്പലത്തിനകത്തല്ല; തുറസ്സായ ആറാട്ടുപുഴ പാടത്ത് വച്ച്. അക്കാര്യത്തിലും നല്ല ചേർച്ച.
ഒന്നേയുള്ളൂ വ്യത്യാസം: ശ്രീരാമനെ എൻ.വി ആദ്യമായി കാണുന്നത് വല്ലച്ചിറ പ്രദേശത്തെ ഇപ്പറഞ്ഞ വയലിലത്രെ. ഒത്ത നടുവിൽ. തന്റെ ശൈശവത്തിലെ ഒരു മീനമാസത്തിലെ പൂരംനാളിൽ പാതിരപിന്നിട്ട ഗംഭീരയാമത്തിൽ. എനിക്ക്, പക്ഷെ, പെരുവനം ഗ്രാമത്തിലെ ആനകളും അമ്പാരികളുമായി അത്രയൊന്നും കുട്ടിയിൽ പരിചയം അവകാശപ്പെടാൻ വയ്യ.
പറഞ്ഞുവന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു ലേഖനത്തെ സംബന്ധിച്ചാണ്. എൻ.വിയുടെ ആ കുറിപ്പ് അച്ചടിച്ചുകണ്ടത് 1988ൽ ആവണം. അക്കാലത്ത് ഭാരതമൊട്ടുക്ക് ജനത്തെ വിഭ്രാന്തിപിടിപ്പിച്ച ഒന്നുണ്ടായിരുന്നു ടീവിയിൽ: 'രാമായണ്‍' സീരിയൽ. 1987 ജനുവരി മുതൽ ഒന്നരക്കൊല്ലം ഇതിലെ എപിസോഡുകൾ എകചാനലായ ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്ന ഞായറാഴ്ച്ച പകലുകളിൽ രാജ്യം മൊത്തത്തിൽ സ്തംഭിക്കുമായിരുന്നു -- ഇന്നത്തെ T20 ക്രിക്കറ്റ് മാച്ചിന്റെ കാര്യം കണക്കെ.
അത്തരമൊരു സാഹചര്യത്തിൽ ഇപ്പറഞ്ഞ വാരിക ഇങ്ങനെയൊരു പ്രതിഭാസത്തെ കുറിച്ച് ഒരു ലേഖനപരമ്പര തുടങ്ങി. അതിൽ ഒന്നായിരുന്നു കൃഷ്ണ വാരിയരുടെത്.
തൃത്താല കേശവ പൊതുവാളും പല്ലാവൂര്‍ അപ്പു മാരാരും..
- Details
- Category: Thayambaka
- Published on Thursday, 23 May 2013 22:13
- Hits: 5728
തൃത്താല കേശവ പൊതുവാളും പല്ലാവൂര്‍ അപ്പു മാരാരും..
ഒരു ചർച്ച
Narayanan Mothalakottam : രണ്ടു ചക്രവര്‍ത്തിമാര്‍…. അനുകരിക്കാന്‍ ആവാത്ത തികച്ചും സ്വന്തം ശൈലി രൂപപെടുതിയ കുലപതിമാര്‍.
Sreevalsan Thiyyadi : ഇത് കോട്ടക്കല്‍ ഉത്സവത്തിന് പണ്ട് നടന്നിട്ടുള്ള ഒരു ഐതിഹാസിക തായമ്പകയല്ലേ? ഈ ചിത്രം അക്കാലത്ത് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ലേഖനം ആയി വന്നിരുന്നു. ഓര്‍മ ശരിയെങ്കില്‍ ഇവിടെ മെമ്പര്‍ ആയ Madhavan Kuttyയെട്ടന്‍ എഴുതിയതാണ്. (ഇനി അല്ലെങ്കിലും ഒരു സംഗതി പറയട്ടെ: ഇവര്‍ തമ്മില്‍ നടന്ന കലാപരമായ യുദ്ധത്തില്‍ പല്ലാവൂര്‍ അപ്പു മാരാര്‍ ആയിരുന്നു അന്തിമവിജയി എന്നാണ് [മലമക്കാവ് സമ്പ്രദായം വലിയ കമ്പമുള്ള] മാധവന്‍കുട്ടിയേട്ടന്‍ [രഹസ്യമായെങ്കിലും] അഭിപ്രായപ്പെട്ടിട്ടുള്ളത്.)
Harikumaran Sadanam: അതെ എപ്പോഴും ചരക്കു മിടുക്കിനു മേല്‍ ചെട്ടിമിടുക്കിനു മേൽകോയ്മ വരാറുണ്ട്.(ചരക്കിന് അഭിനയിക്കാനും മറ്റും പറ്റില്ലല്ലോ ചെട്ടിക്കു അത് പറ്റും താനും)
Harikumaran Sadanam: അപ്പു മാരാരെ മോശപ്പെടുത്തിയതല്ല. അപ്പു മാരാരുടെ തായമ്പക കേട്ടാല്‍ കൊട്ടിനെക്കാള്‍ മനസ്സില്‍ തങ്ങുക അദ്ദേഹത്തിന്റെ രൂപമാണ്.തൃത്താലയുടെ തായമ്പക കേട്ടാല്‍ കലാകാരന്‍ മനസ്സില്‍ തങ്ങില്ല പക്ഷെ തായമ്പക മനസ്സില്‍ നിന്ന് പോകില്ല.
Narayanettan Madangarli : വിവാദം അല്ലെങ്ങില്‍... കലശൽ കൂട്ടാൻ താല്പര്യം ഇല്ല്യ. ഈ പറഞ്ഞത് ശരിയാണ്. അരങ്ങു കൊഴുപ്പിക്കാനും മറ്റും അപ്പു മാരാർക്ക് ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട്.
Harikumaran Sadanam: അതെ''' പൊതുജന ഹിതായ പൊതുജന സുഖയാ '' പോതുജനമോ?
Sreevalsan Thiyyadi : പ്രതിഭാധനരുടെ ചെറിയ pastime അറിയാന്‍ രസമാണ്. അപ്പു മാരാരെ കുറിച്ച് (മരണശേഷം) ടീവിയില്‍ വന്ന ഒരു ഫീച്ചറില്‍ കണ്ടതാണ്. മാരാര്‍ താമസിച്ചിരുന്ന പഴമ്പാലകോട്ടെ (ഭാര്യ)വീട്ടിനടുത്ത് താമി എന്നൊരു സുഹൃത്തിന്റെ ഓര്‍മ്മക്കുറിപ്പ് ആണ്.
കറുത്തു മെലിഞ്ഞ ഇദ്ദേഹം നല്ല കിഴക്കന്‍ പാലക്കാടന്‍ ഭാഷയില്‍ പറഞ്ഞത് ഓര്‍ക്കുന്നു: "ഉച്ചക്ക് ഊണു കഴിഞ്ഞാ ചെല ദിവസം മൂപ്പര് എന്റെ എറേത്തു വന്ന് 'നായും പുലീം' (ഒരുതരം പകിടകളിയാവണം) കളിക്കും. ജയിച്ചാ വല്യ ഉല്സാഹോണ്. കളി കണ്ടിരിക്കണ കുട്ട്യോളോട് പറയും: 'നിയ്ക്കൊരു ചായ മേടിച്ചു കൊണ്ടാ...താമിക്കും വാങ്ങിക്കോ ഒന്ന്. നെങ്ങളും കുടിച്ചോളിന്‍...' അല്ലാ, തോറ്റ ദിവസാണെങ്കെ മൂപ്പര് പിന്നെ കൊറച്ചു നേരത്തേക്ക് ഒന്നും മിണ്ടില്യ...വല്യ ആളല്ലേ..."
Srikrishnan Ar: Ramachandran Keli സംവിധാനം ചെയ്ത “കാലം” എന്ന (അപ്പുമാരാരെപ്പറ്റിയുള്ള) documentary film -ൽ ഉള്ളതാണ് Sreevalsan Thiyyadi സൂചിപ്പിച്ച അനുസ്മരണം.
Read more: തൃത്താല കേശവ പൊതുവാളും പല്ലാവൂര്‍ അപ്പു മാരാരും..
തോറ്റംപാട്ടിന്റെ ഘടന
- Details
- Category: Theyyam
- Published on Sunday, 19 May 2013 11:49
- Hits: 6088
തോറ്റംപാട്ടിന്റെ ഘടന
പുടയൂർ ജയനാരായണൻ - ഏറിയൊരു ഗുണം വരണം : ഭാഗം-നാല്
ഭാഗം-മൂന്ന് : തെയ്യം -അനുഷ്ഠാനങ്ങളും പുരാതത്വവും
തോറ്റം പാട്ടിനെക്കുറിച്ചുള്ള പ്രാഥമിക വിവരണങ്ങൾ കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ചു. തെയ്യം എന്ന അനുഷ്ഠാനത്തിൽ തോറ്റം പാട്ടിന്റെ പ്രാധാന്യവും ധർമ്മവുമാണ് അവിടെ സാമാന്യേനെ വിവരിച്ചത്. എന്നാൽ തോറ്റം പാട്ടിന്റെ ഘടന കൂടി പരിശോധിച്ചെങ്കിൽ മാത്രമേ ഈ ഒരു വിഷയത്തെക്കുറിച്ചുള്ള പഠനം പൂര്ത്തിയാകുകയുള്ളൂ. തോറ്റത്തിനു വിവിധ ഘട്ടങ്ങളിൽ വിവിധ ധർമ്മങ്ങൾ ഉണ്ട് എന്ന് കാണാം. തെയ്യത്തിന്റെ ഓരോ ഘട്ടത്തിലും അതിനു ഓരോ ധർമ്മങ്ങൾ ആണ്. ആ ധർമ്മങ്ങൾ അനുസരിച്ച് ഓരോന്നിനെയും തോറ്റം പാട്ടിന്റെ വിവിധ അവാന്തര വിഭാഗങ്ങൾ ആയി തരം തിരിക്കാം. അവ അത് സംഭവിക്കുന്ന കാലത്തിന്റെ അനുക്രമത്തിൽ താഴെ കൊടുക്കുന്നു.
1) വരവിളി ഒന്നും രണ്ടും , 2) അയ്യടി (അഞ്ചടി) , 3) നീട്ടുകവി , 4) താളവൃത്തം , 5) തോറ്റം , 6) മൂന്നാം വരവിളി ,7) പൊലിച്ച് പാട്ട് , 8) ഉറച്ചിൽ തോറ്റം ,
ഇതിൽ മൂന്നു വരവിളികളും മുമ്പസ്ഥാനവും അചരങ്ങൾ അഥവാ സ്ഥിരങ്ങൾ ആയും അഞ്ചടി തൊട്ട് ഉറച്ചിൽ തോറ്റം വരെയുള്ളവയെ ചരങ്ങൾ ആയും പരിഗണിക്കാം. ചരങ്ങൾ ആയവയിൽ വേണമെങ്കിൽ കൂട്ടലും കുറയ്ക്കലും ആകാം, സമയ ദൌർലഭ്യത്തിനനുസരിച്ച് വേണമെങ്കിൽ ചുരുക്കലുകൾ ആകാം, പുതിയ രചനകൾ ചേർക്കാം, പാട്ടിലെ വിഷയത്തിന്റെ കാര്യത്തിലോ ശീലുകളുടെ കാര്യത്തിലോ ചട്ടകൂടുകൾ ഉണ്ട് എങ്കിലും ഈ ഘട്ടങ്ങളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലെക്ക് പോകുവാൻ തോട്ടം പാട്ടുകാർക്ക് സ്വാതന്ത്ര്യം ഉണ്ട്. മാക്കപ്പോതിയുടെ തോറ്റം പൂർണ്ണമായി ആലപിക്കുവാൻ 10 മണിക്കൂർ വരെ എടുക്കും. അത്ര ദീർഘമാണ് അത്. അതേപോലെ തന്നെയാണ് വിഷ്ണുമൂർത്തിയുടെ തോറ്റവും മണിക്കൂറുകളുടെ ദൈർഘ്യം ഉള്ളതാണ്. എന്നാൽ വളരെയേറെ തെയ്യങ്ങൾ ഉള്ള കാവുകളിൽ സമയ ദൌർല്ലഭ്യം വലിയ ഒരു ഘടകമാണ്. സ്വാഭാവികമായും ചെറിയ ചുരുക്കലുകൾ ഈഘട്ടത്തിൽ വേണ്ടി വരും എന്നതിനാലാണ് ചരങ്ങളിലെ സ്വാതന്ത്ര്യം തോറ്റം പാട്ടുകാരനിൽ നിക്ഷിപ്തം ആയിരിക്കുന്നത്.
വടക്കുപുറത്തുപാട്ട്
- Details
- Category: Other Folk Arts
- Published on Sunday, 28 April 2013 02:54
- Hits: 4998
വടക്കുപുറത്തുപാട്ട്
മണി വാതുക്കോണം
12 വർഷങ്ങൾ കൂടുമ്പോൾ 12 ദിവസങ്ങളിലായി വൈക്കം ക്ഷേത്രത്തിൽ വടക്കുഭാഗത്തായി ഭഗവതി(ഭദ്രകാളി)യുടെ കളമെഴുതി പാട്ടുനടത്തുന്ന പതിവുണ്ട്. ഇതിനെയാണ് 'വടക്കുപുറത്തുപാട്ട്' എന്ന് അറിയപ്പെടുന്നത്. ഇത് തുടങ്ങിയത് ഏതുകാലത്താണ് എന്ന് അറിവില്ല, തുടങ്ങുവാൻ കാരണമായി പറയപ്പെടുന്ന ഐതീഹ്യം ഇങ്ങിനെയാണ്. ഒരു കാലത്ത് വൈക്കം ദേശത്ത്(വടക്കുംകൂർ രാജ്യം) വസൂരിമുതലായ ദീനങ്ങൾ പടർന്നുപിടിച്ചു. മാസങ്ങൾ പലതുകഴിഞ്ഞിട്ടും ദീനങ്ങൾ വർദ്ധിക്കുന്നതല്ലാതെ ഒരു കുറവും കാണാനും ഇല്ലാതായതിനാലും, വളരെയധികം പ്രജകൾ മൃതിയടഞ്ഞതിനാലും രാജാവ് വളരെ വ്യാകുലനായി. ദൈവജ്ഞന്റെ പ്രശ്നവിധിപ്രകാരം വ്യാധിനിവാരണത്തിനായി വടക്കുംകൂർ രാജൻ കൊടുങ്ങലൂരിൽ പോയി ഭഗവതീഭജനം ആരംഭിച്ചു. മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ടുള്ള വടക്കുംകൂറിന്റെ ഭജനം ഒരു മണ്ഡലക്കാലം(41ദിവസങ്ങൾ) പിന്നിട്ടപ്പോൾ വസൂരി ആദിയായുള്ള വ്യാധികളെ നിവാരണം ചെയ്യാൻ കഴിവുള്ളവളും, ഭക്താനുഗ്രഹദായിനിയുമായ ശ്രീകുരുബകാവിലമ്മ(കൊടുങ്ങലൂർ ഭഗവതി) സ്വപ്നദർശ്ശനം നൽകി. സ്വദേശത്തേയ്ക്കു മടങ്ങിപോയി ദു:ഖനിവാരണാർദ്ധം വൈക്കത്ത് മതിൽക്കകത്ത് വടക്കുഭാഗത്ത് പ്രത്യേകം നെടുമ്പുരകെട്ടി ആർഭാടമായി, തന്നെ വിചാരിച്ചുകൊണ്ട് 12 ദിവസം കളമെഴുത്തും പാട്ടും നടത്തുവാനും ദേവി നിർദ്ദേശിച്ചു. അതിനുള്ള വിധികളും ദേവി ഉപദേശിച്ചുവത്രെ. തുടർന്നും പന്ത്രണ്ടു വർഷങ്ങൾ കൂടുമ്പോൾ മീനഭരണി മുതൽ 12 ദിവസം ഇങ്ങിനെ പാട്ടുനടത്തിയാൽ മേലിലും ദേശം വ്യാധിമുക്തമായിരിക്കുമെന്നും ദേവി അരുൾചെയ്തു. തലയ്ക്കൽ ഇരിക്കുന്ന വാൾകൂടി കൊണ്ടുപോകുവാനും, അത് അവിടെ വെച്ച് പൂജിക്കുവാനും നിർദ്ദേശിച്ച്, അനുഗ്രഹിച്ച് ദേവി മറഞ്ഞു. ഉണർന്നുനോക്കിയപ്പോൾ തലയ്ക്കൽ ദേവിയുടെ നാന്ദകം എന്നുപേരായ വാൾ(വളഞ്ഞവാൾ) കണ്ട് രാജാവ് ദേവിയുടെ അരുളപ്പാട് സത്യമെന്ന് ഉറപ്പിച്ചു. അടുത്തനാൾ രാവിലെ വെളിച്ചപ്പാടിന്റെ 'ഞാൻ തന്നെയാണ് ദർശ്ശനം തന്നത്. പറഞ്ഞപോലെ ചെയ്തോളൂ, എല്ലാം ഭേദാവും' എന്നുള്ള വെളിപാടുകൂടി കേട്ടതോടെ വടക്കുംകൂർ മന്നൻ താമസിയാതെ വൈക്കത്തേയ്ക്ക് മടങ്ങിചെന്നിട്ട് തനിക്കുണ്ടായ ദർശ്ശനത്തിന്റെ വിവരം പ്രജകളെ അറിയിച്ചു. തുടർന്ന് ക്ഷേത്ര ഊരാളരുടേയും കരക്കാരേയും പങ്കാളിത്തത്തോടെ വടക്കുപുറത്തുപാട്ട് നടത്തി. ഇതോടെ ദേശത്തെ വ്യാധികളും അപ്രത്യക്ഷമായി തീർന്നു.
അമ്മന്നൂരുമായി അപൂർണമായ ഒരു അഭിമുഖം
- Details
- Category: Koodiyattam
- Published on Saturday, 27 April 2013 01:17
- Hits: 7877
അമ്മന്നൂരുമായി അപൂർണമായ ഒരു അഭിമുഖം
സുധ നാരായണൻ
പദ്മഭൂഷൻ ഗുരു അമ്മന്നൂര്‍ മാധവ ചാക്യാരുമായി എന്റെ സുഹൃത്ത് നടത്തിയ ഈ സംഭാഷണത്തിന് ഒരു 20-25 വര്‍ഷത്തെ പഴക്കമെങ്കിലും ഉണ്ടാകും. അന്ന് ഓഡിയോ ടേപ്പില്‍ നിന്ന് പകര്‍ത്തിയെഴുതിയതാണ് ഇത്. അപൂര്‍ണ്ണമായ ഈ സംഭാഷണം എഡിറ്റ് ചെയ്യാതെ പോസ്റ്റ് ചെയ്യുന്നു.
ചോദ്യം : ചാക്യാര്‍ കൂത്തിന്റെ ഉത്ഭവം എങ്ങനെ ആണ്?
അമ്മന്നൂർ : അത് നൈമിഷികാരണ്യത്തില്‍, ഋഷികള്‍ക്ക് സൂതന്‍ കഥ പറഞ്ഞു കൊടുക്കുന്ന സങ്കേതമാണ്. തപസ്വികള്‍ അവരുടെ കര്‍മ്മങ്ങളൊക്കെ കഴിഞ്ഞു സ്വസ്ഥമായിരിക്കുന്ന സമയത്ത്, ഈശ്വര കഥകള്‍ തന്നെ കേള്‍ക്കണം എന്നുള്ള ഉദ്ദേശം കൊണ്ട് ഉണ്ടാക്കീട്ടുള്ള സങ്കേതം. സൂതനെ കൊണ്ട് ദേവന്മാരുടെ കഥ പറയിക്യാ, വിഷ്ണുവിന്റെയും ശിവന്‍റെയും ഒക്കെ ആയിട്ട്. ആ കഥ പറയലിലെ സൂതനെ ബലരാമന്‍ ശിര:ഛെദം ചെയ്തത്രേ, ബ്രാഹ്മണ സദസ്സില്‍ അവരെക്കാള്‍ ഔന്നത്യത്തില്‍ ഇരിക്കുന്ന കണ്ടപ്പോള്‍. ഈ ഒരു സദസ്സില്‍ ആ ഒരാളെ സിംഹാസനത്തിലി രിക്കൂ അല്ലെ? ആ കഥ പറയുന്ന ആള് മാത്രമേ പീഠത്തിലിരിക്കൂ ബാക്കിയെല്ലാവരും നിലത്താണിരിക്ക്യാ, രാജാവാണെങ്കില്‍ പോലും. അതൊക്കെ ഈ സങ്കല്‍പ്പത്തെ ആസ്പദമാക്കീട്ടുള്ളതാണ്. ഇതിനു ഭഗവത് കഥകളാണ് പറയുക. മേല്പ്പത്തുരാണ് പ്രബന്ധങ്ങള്‍ ഉണ്ടാക്കീത്, ദൂത് , രാജസൂയം...തുടങ്ങിയവ .മുന്‍പ് അമ്പലത്തിലേ പതിവുള്ളു. ഇപ്പഴാണ് ആളുകളെ അന്വേഷിച്ചു കൂത്ത് പുറത്തേക്കിറങ്ങിയത്. രണ്ടുമായിട്ടു നല്ല മാറ്റണ്ട്. ഇതിനു പ്രത്യേകിച്ചു ഒരു സങ്കേതം ണ്ട്, അവിടെ മാത്രേ നടക്കുള്ളൂ എന്ന് വന്നാല്‍ ആവശ്യമുള്ള ആളുകള്‍ അങ്ങട് അന്വേഷിച്ചു വരും ല്യേ? ആ ചരിത്രം കേള്‍ക്കാം ന്ന് ആഗ്രഹിച്ചു വരണോരാണെങ്കില്‍ ആ സങ്കേതത്തില്‍ യാതൊരു ശല്യവുമുണ്ടാവില്ല. ഇപ്പൊ ആള്‍ക്കാരുടെ ഇടേല്‍ക്ക് ചെന്നപ്പോ എന്താ പറ്റീത്ന്ന്ച്ചാല്‍ ആ ബഹളങ്ങള്‍ക്കിടയില്‍ ഇതും കഴിച്ചു പോരാം ന്നുള്ള നെല്യായി. കച്ചവട ചരക്കു പോല്യായി. അത് എല്ലാ പ്രവൃത്തികള്‍ക്കുമുണ്ട്. ആളുകളും ഇതിനെടെല് വര്‍ത്തമാനം പറയും. ഇതെന്തിനാ പറേണതു ന്ന് ചോദിക്കും. കേട്ടില്യാന്നു നടിക്ക്യെ ഗതീള്ളൂ. ഒരേ ചരിത്രം തന്നെ അനവധി ആളുകള്‍ കേള്‍ക്കുമ്പോ ചിലര്‍ക്ക് ഇഷ്ടായില്യാന്നു വരും ല്യേ? ഇവിടെ ഹിതാഹിതം നോക്കലില്യ. ആ വക്താവിന് എന്തൊക്കെ പറയാം അതൊക്കെ പറയാം.
ചോദ്യം : ഫലിതം തമാശ ഇവയുടെ സ്ഥാനമെന്താണ് കൂത്തില്‍?
അമ്മന്നൂർ: ഇവ നിര്‍ബന്ധം ല്യ. അത് പറഞ്ഞോളണംന്നൂല്യ. കയ്ക്കണ മരുന്ന് സേവിക്കേണ്ട ആവശ്യത്തിനു രോഗിക്ക് ശര്‍ക്കര്യോ പഞ്ചസാര്യോ ചേര്‍ത്ത് കൊടുക്കില്യെ? ആ സ്ഥാനെള്ളൂ ഈ നേരം പോക്കിന്. ആവുന്നിടത്തോളം പറയാം, കേള്‍ക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍. പിന്നെന്താ പ്രയോജനം ന്ന് വച്ചാല്‍, അതൊരു വിമര്‍ശനായിട്ടും വരും. അന്യരുടെ ദോഷം പറയുമ്പോഴേ രസം വരൂ. അതാണിപ്പോ പ്രധാന നേരം പോക്കായി എടുക്കുന്നത്. മനുഷ്യര്‍ക്ക് രസിക്കാനുള്ള വിഷയം രണ്ടെണ്ണമേയുള്ളൂ. ഒന്നുകില്‍ അവരവരുടെ അഭിമാനം പറയ്യാ അല്ലെങ്കില്‍ അന്യരുടെ ദോഷം പറയ്യാ .. ഇത് രണ്ടുമൊഴിച്ചു എന്തെങ്കിലും ണ്ടോ പറയൂ, കാണില്ല. ഇപ്പൊ പറയലല്ല, പ്രവര്‍ത്തിക്കലും തുടങ്ങീട്ട്ണ്ട്.
വളരെ മനസ്സിരുത്തണം ഇപ്പൊ ഇതൊക്കെ കഴിച്ചു പോരാന്‍.. ഇപ്പോഴത്തെ കുട്ടികള്‍ക്കാവുമ്പോ അത്ര പ്രയാസം ണ്ടാവില്യ. എന്ത് ശല്യം വന്നാലും സാരല്യാന്നു നടിച്ച് കാര്യം കഴിച്ചു കൂട്ടി പോരാനാവും. എനിക്കാവുമ്പോ അത്രേം മനസ്സ് വരില്യ. ഈ സംസാരിക്കുന്നതിനിടക്ക് ആരെങ്കിലും എന്തെങ്കിലും മറുപടി പറയ്യേ .. എന്തെങ്കിലും ഒന്ന് ചെയ്താല്‍ ആ സങ്കേതത്തില് കൂത്ത് വയ്യാന്നാണ് പഴേ നിയമം. തിരുവില്വാമലേല് അങ്ങനെ ണ്ടായിട്ട്ണ്ട്. കൂത്തിനായുള്ള പ്രത്യേക മുടീല്യേ അത് വലിച്ചൂരും. പിന്നവിടെ കൂത്തില്യ.
അന്ന് രാജാക്കന്മാരോക്കെ എന്ത് കളിയാണ് കളിച്ചേര്‍ന്നേ ...കൂത്തിലെ അന്നത്തെ കേമന്മാരോക്കെ നല്ല വിമര്‍ശകരാണ്. നേരം പോക്ക് വിമര്‍ശനായിട്ടു വരും ന്ന് പറഞ്ഞില്യേ? രാജാക്കന്മാരെ സംബന്ധിച്ചുള്ള ദോഷങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കലാണ് അന്നത്തെ വിമര്‍ശനം. മഹാരാജാവിന്റെയൊക്കെ ദോഷം പറയാന്‍ സാധാരണക്കാര്‍ക്ക് പറ്റ്വോന്നൂല്യ. അതിനുള്ള അധികാരോക്കെ ഈ പ്രസ്ഥാനത്തിന് കൊടുത്തിട്ടുണ്ട്.. എന്ത് പറഞ്ഞാലും കേക്കന്ന്യേ ഗതീള്ളൂ. അല്ലെങ്കില്‍ എണീറ്റ് പോരാം അപ്പൊ അധികായി ശല്യം ല്യേ? എണീറ്റ് പോരുമ്പോ, പറഞ്ഞത് സത്യം ന്ന് സ്ഥാപിക്കലായില്യെ?
(ഈ അഭിമുഖം അപൂർണമായതിൽ ഖേദിക്കുന്നു. അന്നുണ്ടായിരുന്ന മേളപ്രമാണിമാർ, കുറുംകുഴൽ വിദ്വാൻമാർ എന്നിങ്ങനെ എന്റെ സുഹൃത്തിന് ആരാധന തോന്നിയവരുമായി എല്ലാം നടത്തിയ അഭിമുഖങ്ങളുടെയെല്ലാം ഓഡിയോ പകര്ത്തി എഴുതുകയുണ്ടായി. ഇത് മാത്രമേ ഇപ്പൊ കയ്യിൽ ഉള്ളൂ )