വി. കെ. എൻ - ഒരു ചർച്ച
- Details
- Category: Kathakali
- Published on Wednesday, 10 July 2013 03:47
- Hits: 15621
വി. കെ. എൻ - ഒരു ചർച്ച
Sreevalsan Thiyyadi : കഥകളിയുമായി വ്യത്യസ്തമായ രീതിയില്‍ ബന്ധമുണ്ടായിരുന്ന മൂന്നു സാഹിത്യകാരന്മാര്‍: ഡി വിനയചന്ദ്രന്‍, തകഴി ശിവശങ്കരപ്പിള്ള, വികെഎന്‍.
Sreechithran Mj : പലതും ഓർക്കാം. ന്നാലും രസമുള്ള ഒന്ന്. ഒരു ഒന്നാം നമ്പർ ജാഡ, തരികിട, പോസ്റ്റ് പോസ്റ്റ് നിരൂപകനും കൂടെ ചില സുഹൃത്തുക്കളും ഒക്കെ ആയി തിരുവില്വാമലയിൽ പോയി. ഈയുള്ളവനും ഉണ്ടായിരുന്നു കൂടെ . വെടിവട്ടത്തിനിടയിൽ മ്മടെ പോസ്റ്റ് നിരൂപകന് തന്നെപ്പറ്റി വി കെ എന്നിന് ഒരു വില ആയിക്കോട്ടെന്ന് ഒരു തോന്നൽ. " താങ്കളുടെ കഥകളിലെ പോസ്റ്റ്മോഡേൺ ഫലിതപരിസരത്തേപ്പറ്റി ഒരു വർക്ക് ഞാൻ ചെയ്തത് കലാകൗമുദിയിൽ വന്നിരുന്നു, നാലുകൊല്ലം മുൻപ് "
ഇടംകണ്ണ് അൽപ്പം താഴ്ത്തി, സ്വതഃസിദ്ധമായ ഒരു നോട്ടത്തോടെ വി കെ എന്നിന്റെ മറുപടി :
"സാരല്യാന്നേ. അതൊക്കെ ഞാനന്നേ ക്ഷമിച്ചിരിക്ക്‌ണു ". നിരൂപണപ്രഭു അസ്തമിച്ചു. പിന്നെ പടിയിറങ്ങും വരെ കമാന്ന് മിണ്ടിയിട്ടില്ല
Sreevalsan Thiyyadi : ഇത്രയൊക്കെ ഫലിതമുണ്ടായിട്ടും പൊതുവെ പ്രതീക്ഷിക്കാത്ത ചില വശങ്ങള്‍ വികെഎന്നിന് ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍.
ഞാന്‍ മേലെ എഴുതിയത് വെറും ഭോഷ്ക്കല്ല, Dev,Sreechithran. 'അധികാരം' അല്ലെങ്കില്‍ വേറേതോ പുസ്തകം പുറത്തിറങ്ങിയ കാലത്ത് സഹൃദയന്‍ നിരൂപകന്‍ കെ സി നാരായണന്‍ ടിയാന്‍റെ തിരുവില്വാമല വീട്ടില്‍ ഒരു രാത്രി വെടിവട്ടത്തിനു ചെന്നിരുന്നു. ഊണുകഴിഞ്ഞുള്ള കൂട്ടംകൂടലിനിടെ ലേറ്റസ്റ്റ് വര്‍ക്ക് പ്രതീക്ഷിച്ചത്ര നന്നായില്ലെന്ന് പറഞ്ഞത്രേ നമ്മുടെ പത്രാധിപസുഹൃത്ത്. പിന്നെ വെളിച്ചായി വടക്കേകൂട്ടാല പടിയിറങ്ങുവോളം, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, "അവാര്‍ഡ് പടേര്‍ന്ന്". മുണ്ടാട്ടല്ല്യ.
Sunil Kumar : പറഞ്ഞ് വരണത്, അദ്ദേഹത്തിന്‍റെ കൃതിയെ പറ്റി, അദ്ദേഹത്തോട് ഇകഴ്ത്തി പറഞ്ഞാല്‍, ഇഷ്ടാവില്ലാ അദ്ദേഹത്തിന് എന്നാണോ?
Sreevalsan Thiyyadi : കൊല്ലം 1993. കെ സി നാരായണന്‍റെതന്നെ നേതൃത്വത്തില്‍ ഒരു നാലംഗ സംഘം (ക്ഷണം കിട്ടി പരുങ്ങാതെ ഞാനും പോയിരുന്നെങ്കില്‍ അംഗങ്ങള്‍ അഞ്ചാവുമായിരുന്നു) മാതൃഭൂമി വാരാന്ത്യപ്പതിപ്പിലേക്ക് ഒരു കവര്‍ ലേഖനത്തിനായി വടക്കേ കൂട്ടാല എത്തി.
കേസിയുടെ ഒരു നമ്പൂതിരിഫലിതം കേട്ട് മേലോട്ട് തലയെറിഞ്ഞ് ഒറക്കെ ചിരിച്ചത്രേ വികെഎന്‍ . കിട്ടിയ താപ്പ് കളയാതെ പത്ര ഫോട്ടോഗ്രാഫര്‍ വി എസ് ഷൈന്‍ ക്യാമറ മിന്നിച്ചു.
അതോടെ കഥാനായകന്‍ സീരിയസ്സായി. "അതേയ്, ഫൊട്ടട്ക്കല് ചോയ്ച്ച്ട്ട് വേണം. അതിനായിട്ടെന്നെ ഇരുന്ന് തരും. അപ്പൊ കാച്ച്വാ.... മനസ്സ്ലായീലോ ല്യേ?..."
Vp Narayanan Namboothiri : ഒരിക്കല്‍ ശ്രീ എം കൃഷ്ണന്‍ നായര്‍ അദ്ദേഹത്തിന്റെ സാഹിത്യ വാരഫലത്തില്‍ വി കെ എന്‍ കൃതിയെ കുറിച്ച് എഴുതി . നല്ലത് മാത്രമേ പറഞ്ഞിരുന്നുള്ളൂ .അതാ വാരികയുടെ അടുത്ത ലക്കത്തില്‍ വി കെ എന്‍ന്റെ ഒരു കഥ ".ചാത്തമംഗലം കടുകിട്ടന്‍."
Sreechithran Mj : വൽസേട്ടനിപ്പൊ പറഞ്ഞത് വാസ്തവം. അനുഭവങ്ങളുടെ തരിപ്പുകൊണ്ട് അമിതാവേശം കാണിച്ചാൽ അനിഷ്ടമാവും ഫലം എന്നാണ് വടക്കേക്കൂട്ടാലയുടെ മൂലമന്ത്രം
കോളേജ് മാഗസിനിലേക്ക് ഒരു ഇന്റർവ്യൂവിനു പോയി ഒരിയ്ക്കൽ. ഇന്റർവ്യൂ ഞാനല്ല, വേറെ കുട്ടികൾ. മഹാസാഹിത്യകാരനേയൊക്കെ പരിചയണ്ട് ന്നു കാണിയ്ക്കുന്ന ബാലിശാഹങ്കാരം കൊണ്ട് ഞാൻ " ഹെയ്, അതു എളുപ്പം. ഞാൻ വരാം കൂടെ" എന്ന് കാച്ചി.
ചെന്നുകയറിയപ്പോൾ ഉമ്മറത്തുതന്നെയുണ്ട് . മുടിഞ്ഞ ഗൗരവം.
"ലറ്റർപാഡിൽ കത്ത് വേണം"
"എന്ത് കത്ത്?"
"എന്നെ ഇന്റർവ്യൂ ചെയ്യാൻ അപേക്ഷിച്ചുകൊണ്ട് പ്രിൻസിപ്പാൾടെ കത്ത്. അത് കൈപ്പറ്റാതെ ഒരു മുഖം തന്നെ ഇല്ല. പിന്നല്ലേ അഭിമുഖം "
എനിയ്ക്കു ഞാൻ വഷളായി എന്നുറപ്പായി
"കത്ത് കൊണ്ട്വരാൻ മറന്നതാ. പ്രിൻസിപ്പാൾടെം ചെയർമാന്റേം വെവ്വേറെ കത്തുകൾ ഉണ്ട്. രണ്ടും കൂടി കൊറിയർ ചെയ്യാം"
ഒരു പൊട്ടിച്ചിരി. "ചോയ്ക്ക് കുട്ട്യേ"
ആദ്യത്തെ ചോദ്യം എന്റെയാവാം ന്നു കരുതി.
"എൻ എസ് മാധവൻ തന്റെയൊരു കഥയിൽ മലയാളത്തിന്റെ മാർകേസ് എന്ന് വിശേഷിപ്പിച്ചൂലോ"
"ആരു പറഞ്ഞു മാധവനോട് മലയാളത്തിൽ കഥയെഴുതാൻ? പോർച്ചുഗീസിലാച്ചാൽ അവരുടെ വി കെ എൻ എന്ന് വിളിക്കാർന്നു മാർകേസിനെ "
Sreevalsan Thiyyadi : വികെഎന്‍ തലക്ക് പിടിച്ച ഒരു ടീനെയ്ജ് സുഹൃത്ത് (രണ്ടിലധികം പതിറ്റാണ്ട് മുമ്പ്) ഇരിഞ്ഞാലക്കുട കാറളം നാട്ടില്‍നിന്ന് തിരുല്വാമലക്ക് കിട്ടിയ ബസ്സില്‍ പുറപ്പെട്ടു.
വടക്കേകൂട്ടാല എത്തിയപ്പോള്‍ വീട്ടിലമ്മ പറഞ്ഞു: "ആള് ബടല്ല്യലോ കുട്ട്യേ.." പുറത്തു കടന്നതും വഴിപോക്കന്‍ ഒരാള്‍ പറഞ്ഞു: "ഈ നേരത്ത് മൂപ്പരെ ആ കവല കടന്ന്ള്ള വഴീല് കാണാറ്ണ്ട്."
വെച്ചടിച്ചു അങ്ങോട്ട് . ഉന്നം തെല്ലും പിഴച്ചില്ല. "യെന്തേ?" എന്ന് സാക്ഷാല്‍ സാഹിത്യകാരന്‍ .
ചെറിയൊരു ഉലച്ചിലുണ്ട് നടത്തത്തിന് . കൂട്ടുകാരനത് കാര്യമാക്കിയില്ല. "ഹേയ്, ഒന്ന് കാണണം ന്ന്ണ്ടായിര്ന്നു."
"ന്നാ കണ്ടോ..."
ഉടുമുണ്ട് മുഴുവന്‍ പൊക്കുന്നത് കാണാന്‍ കാക്കാതെ ഓടി.
വാല്‍ക്കഷ്ണം: മാസങ്ങള്‍ക്ക് ശേഷം ഭേദപ്പെട്ട സാഹചര്യത്തില്‍ ഇരുവര്‍ കണ്ടുമുട്ടി. വര്‍ത്തമാനം ഒന്ന് ക്ലച്ച് പിടിച്ചപ്പോ ചങ്ങാതി പഴയ സംഭവം വിവരിച്ചു. ഉറക്കെ ചിരിച്ചത്രേ വികെഎന്‍ : "നീയല്ലാതെ ആരെങ്കിലും ആ നേരത്ത് എന്നെ കാണാന്‍ വര്വോ?"
Sreevalsan Thiyyadi : പത്തിരിപ്പാലയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഒരിക്കല്‍ കണ്ടപ്പോള്‍ കലാധരന്‍ പറഞ്ഞു: "വീക്കേയെന്‍റെ വീട്ടില്‍ അടുത്തിട പോയിരുന്നു. ആ സദനം കുമാരനെ കണ്ട്ട്ടാ ഗാന്ധി പണ്ട് (സ്വാതന്ത്യം കിട്ടിയതിനു പിന്നാലെ) കോങ്ക്രസ്സ് പിരിച്ചുവിടണം ന്ന് പറഞ്ഞത് ന്നാ മൂപ്പര്‌ടെ പുതിയ കണ്ടുപിടുത്തം."
Ratheesh Ramachandran : ആര്‍ടിസ്റ്റ് ഭാസ്കരന്‍റെ കൂടെയാണ് വി.കെ.എന്നിന്‍റെ വീട്ടില്‍ പോവുന്നത്.'എന്‍റെ കേരള' ത്തിനു വരയ്ക്കാന്‍... ..ഭാസ്കരനു കൈ വിറച്ചിട്ടു വര വരുന്നില്ല. ചെറുതുരുത്തി, കലാമണ്ഡലം എന്നൊക്കെ കേട്ടപ്പോള്‍ വര്‍ത്തമാനം മുഴുവന്‍ എന്നോടായി. 'കലാമണ്ഡലത്തില്‍ ആശാന്മാരുടെ ക്വാര്‍ട്ടേര്‍സിനു പുറകില്‍ കഞ്ചാവ് കൃഷി ഉണ്ടെന്നു കേള്‍ക്കുന്നത് ശരിയാണോ?' എന്നൊക്കെയാണ് ചോദ്യം. വള്ളത്തോളിന്റെ മകന്‍ അച്ചുത കുറുപ്പ് മരിച്ചിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. "ആ വള്ളത്തോളിന്റെ അച്ഛനെക്കാള്‍ പ്രായമുള്ള ഒരു മകനില്ലേ , അയാള് മരിച്ചു ല്ലേ?" എന്നാണ് ചോദ്യം.
(അന്ന് ഭാസ്‌കരന്‍ വരച്ചു ശരിയാവാത്ത ചിത്രങ്ങളില്‍ ഭേദപ്പെട്ട ഒന്നില്‍ vkn എന്ന് അദ്ദേഹം കുറിച്ചത് ഇപ്പോളും സൂക്ഷിക്കുന്നു.)
Rama Das N : മലയാളഭാഷയുടെ പ്രാദേശികഭേദങ്ങള്‍, കേരളത്തിന്റെ മാത്രം പ്രത്യേകതകളായ കലാരൂപങ്ങള്‍, മലയാളിയുടെ മനോഭാവങ്ങള്‍, താന്‍ ജീവിച്ചിരുന്നതും അതിനു തൊട്ടു മുന്‌പുള്ളതുമായ കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങള്‍ - ഇവയെ ഒക്കെ സമകാലീന കേരളീയ, ഭാരതീയ, അന്തര്‍ദ്ദേശീയസംഭവങ്ങളുമായി വിളക്കി ച്ചേര്‍ത്ത് സൃഷ്ടിച്ച മലയാളിയുടെ സ്വന്തം ഹ്യൂമര്‍ - അതാണോ വി കെ എന്‍ സാഹിത്യം?
Narayanettan Madangarli : athnum മേലെ ആയിരുന്നു എന്ന് വേണം കരുതാന്‍.... ഖോര ഖോരം ഗര്ജിക്കുകയായിരുന്നില്ല്യ...പക്ഷെ ഫലിതഭാഷയിലൂടെ സമൂഹത്തിനെ - കേരള -സമൂഹത്തിനെ എപ്പോഴും ഒരു സ്വയം വിമര്‍ശനത്ന്ന പ്രേരിപ്പിക്കാന്‍ കഴിഞ്ഞവനും ആയിരുന്നു ,,എന്ന് തോനുന്നു
Achuthan Tk : yes, behind the humour lay a serious observer and critic. if you re-read payyans and chathans now we get a picture of kerala's social transformation, before land reform act came in 1970 or so. his grip on politics was profound..... remember Syndicate and Anand.......
Hari Madhavan : ഈ ഹ്യൂമറിന്റെ അടിത്തറയായി ഒരു സ്ഥായീഭാവമുന്ട് - അതും ഒരു ഹ്യൂമറസ് ചിന്തയാണ് - വി കെ എന്‍ കഥാപാത്രങ്ങള്‍ക്കൊക്കെയും അതി ഗംഭീരമായ ആത്മവിശ്വാസം , കൈയടക്കം . ചെറുപ്പത്തിലെ സന്താപ ചിന്തകളൊക്കെ പയ്യന്‍ കഥകളുടെയൊക്കെ ഒറ്റ വായനയില്‍ മറികടന്നിട്ടുണ്ട് ! ശരി തെറ്റുകളുടെ ഭയപ്പാടുകള്‍ , സംശയങ്ങള്‍ ഒക്കെ തല്ലി തകര്‍ക്കുന്ന ഒരുതരം ഈസി ഗോയിംഗ് താന്‍പോരിമ . ഏത് മോട്ടിവേഷനല്‍ സായിപ്പും തോറ്റുപോകുന്ന കൈക്കനം .
Sreechithran Mj : എന്നാൽ എത്രമേൽ ശോകനാശിനിയാണോ, അത്രമേൽ ആ തിരുവില്വാമലസാഹിത്യത്തിന്റെ ഉള്ളടരിൽ സാന്ദ്രമായ ദുഃഖവുമുണ്ട്,Hari Madhavan. അതാണെന്റെ ഉറക്കം കളഞ്ഞിട്ടുള്ളത്.
"കണ്ണീർ പുറത്തുവരാതിരിയ്ക്കാനായി പയ്യൻ ചിരിച്ചു "
( പയ്യൻസ് കഥകൾ )
Ravindranath Purushothaman : ഞാന്‍ ദേശാഭിമാനി ( കൊച്ചി) ട്രയിനീ. ചീഫ് എഡിറ്റര്‍ ഗോവിന്ദപിള്ളസാറും ജനറല്‍ മാനേജര്‍ പി.കണ്ണന്‍ നായരും ജലന്ധറില്‍ പാര്‍ടി കോണ്‍ഗ്രസ്സിനു പോയിരിക്കുന്നു. ജി.ശക്തിധരനാണ് ചാര്‍ജ്. കാലത്തൊരു 11 മണി, ശക്തിയും സ്ഥലത്തില്ല. ഒരാജനുബാഹു ചീഫ് എഡിറ്ററുടെ മുറിയിലേക്ക് കടന്നുവരുന്നു. ഞാന്‍ ഏതോ പുസ്തകം പരതിക്കൊണ്ടിരിക്കുകയായിരുന്നു.
"സഖാക്കള്‍ പീജീമാരില്ലേ ഇവിടെ", ചോദ്യം ആധികാരികമായി.
"ഇല്ല, ജലന്ധറില്‍ പാര്‍ടി സമ്മേളനത്തിനു പോയിരിക്കുന്നു" എന്നെന്റെ മറുപടി.
വേഷം കുട്ടിത്തരമാണെന്ന് കണ്ടാവാം കൂടുതല്‍ വിരട്ടിയില്ല.
"ഞാന്‍ വി.കെ.എന്‍. ഒരു 50 മണീസ് വേണമല്ലോ, സംഘടിപ്പിക്കാമോ?"
കണ്ണന്‍ നായര്‍ സ്ഥലത്തില്ലെങ്കില്‍ 50 പോയിട്ട് 5 രൂപ പോലും ദേശാഭിമാനിയില്‍ നിന്ന് സംഘടിപ്പിക്കുന്ന കാര്യം ഗോപി. മാതൃഭൂമിയില്‍ ടി.പി. ഓപ്പറേറ്ററായിരുന്ന വിജയന്റെ പക്കല്‍ നിന്ന് 50 രൂപ കടം വാങ്ങി കൊടുത്തു. ഞാന്‍ പണവുമായി വന്നപ്പോഴേക്കും അര ഷീറ്റ് ന്യൂസ് പ്രിന്റില്‍ സാഹിത്യ അക്കാദമിയുടെമേല്‍ കുതിരകയറിക്കൊണ്ടുള്ള ഒരുഗ്രന്‍ " സാധനം". ഞാനത് കോഴിക്കോട്ട് എം.എന്‍. കുറുപ്പിനയച്ചുകൊടുത്തു. ( എം.എന്‍. ആയിരുന്നു വാരികയുടെ എഡിറ്റര്‍.) വാരികയില്‍ അത് പ്രസിദ്ധീകരിക്കുകയും പ്രതിഫലം 50 രൂപ എം.എന്‍. എനിക്കയച്ചു തരികയും ചെയ്തു.
പിന്നീടാണ് തിരക്കഥ വ്യക്തമായത്. റോയല്‍റ്റി വാങ്ങാന്‍ കോട്ടയത്തുപോയതാണ്, കിട്ടിയില്ല, അങ്ങനെയത്രെ ദേശാഭിമാനിയില്‍ വന്നതും, കഥ എഴുതി തന്നതും പ്രതിഫലം ഞാന്‍ വാങ്ങിയതും.
ഇ.എം.എസ്സിനെ കൂടി സുനില്‍കുമാര്‍ പരാമര്‍ശിച്ചത് കൊണ്ട് ഒരു വി.കെ.എന്‍. ഫലിതം കൂടി കുറിക്കാം.
"ആചാര്യന്‍ കോളാന്നു പറഞ്ഞാല്‍ അത് കൊക്കോ കോളയാകും"
Ravindranath Purushothaman : 6പെഗ്ഗ് ഷിവാസ്റീഗല്‍ ഒസ്സിനടിച്ചിട്ട് 'നട്ടുവന്‍" ഹംസമായി വിഹായസ്സില്‍ പറക്കുന്നത് കണ്ടപ്പോള്‍ മദാമ്മണി പ്രിയനോട് ചോദിച്ചു,
"This is the very negation of the law of gravity." ( ഇത് ഗുരുത്വാകര്‍ഷണ നിയമത്തിന്റെ ലംഘനമാകുന്നു, അല്ലെങ്കില്‍ ഓന്‍ ചക്ക പോലെ വീഴാഞ്ഞതെന്ത്)
"alcohol too is an aviation fuel my dear" ( പറക്കാന്‍ പസ്റ്റായ ഇന്ധനമാകുന്നു മദ്യവും പ്രിയേ!)
വി.കെ.എന്നിനെ " നിരൂപിക്കുക" ഏറ്റവും വഷളായ സംഗതിയാണത്.
റോയല്‍റ്റി ഗഡു വൈകിയപ്പോള്‍ സാഹിത്യ പ്രവര്‍ത്തക സംഘം സെക്രട്ടറി മാധവന്‍ നായര്‍ക്ക് ഒരു കാര്‍ഡില്‍ നാണ്വാര് എഴുതി, താന്‍ ഒരു മൈസൂര്‍ റെജിസ്ട്രെഷന്‍ കാര്‍ ആകുന്നു.(M.Y.R.)
Ravindranath Purushothaman : added four and tighten (നാലും കൂട്ടി മുറുക്കുക) മറ്റൊരു വി.കെ.എന്‍. പ്രയോഗം.
Ratheesh Ramachandran : മോസ്കോയില്‍ കിടന്നുകൊണ്ട് പ്രവേശിക്കുന്ന ഹനുമാന്‍ വികെഎന്‍ കഥയിലും അതിനു ആസ്പദമായ സംഭവം രാമന്‍കുട്ടി ആശാന്‍റെ ആത്മകഥയിലും കാണാം.
Rama Das N : നാലാം ദിവസത്തിന്‍റെ ഒടുവില്‍ നളന്‍ ദമയന്തിയെ ആലിംഗനം ചെയ്യാന്‍ തുടങ്ങുമ്പോള്‍ "പോയി കുളിച്ചിട്ടു വാ...."
Narayanettan Madangarli : കണ്ണീർ പുറത്തുവരാതിരിയ്ക്കാനായി പയ്യൻ ചിരിച്ചു: രാമേട്ടനും ആയി സല്ലപിക്കാന്‍ ഇരുന്നു.(രാമേട്ടന്‍ -R U M )
Narayanettan Madangarli : ഒറ്റപ്പാലം സ്റ്റേഷനില്‍ "മാഷ് " ലേശം ഉറങ്ങി.... പിന്നെ പിന്നെ വെസ്റ്റ് കോസ്റ്റ് ന്റെ ഡ്രൈവര്‍ ഇറങ്ങി വണ്ടിയെ മൂക്കില്‍ പിടിച്ചു നടത്തി. എത്രപേര്‍ക്കറിയാം, മഴയില്‍ ട്രാക്കില്‍ സ്ലിപ് ആകാതിരിക്കാന്‍ ലേശം വീതം മണല്‍ തരികള്‍ കൃത്യം പാളത്ഇല്‍ വീഴുമെന്നും...മറ്റും.... അത് മൂക്ക് പിടിച്ചു കൊണ്ട് പോയി എന്നാ പ്രയോഗത്തില്‍ ഹോ....വി കെ എൻ ഒരു "പ്രസ്ഥാനം
Ravindranath Purushothaman : എറണാകുളത്തൊരു ബാറിലിരുന്നു ഭേഷാ അങ്ങ് പൂശി. തപ്പി നോക്കിയപ്പോള്‍ സാമ്പത്തികം ഇല്ല. നേരെ കൌണ്ടറില്‍ ചെന്ന് " ഞാന്‍ കേരളത്തിലെ സുപ്രസിദ്ധ കാഥികന്‍ വി.കെ.എന്‍. തരാന്‍ കാശില്ല."
അവിടെ മദ്യപിച്ചു കൊണ്ടിരുന്ന ഒരു ആരാധകന്‍ ബില്ലടച്ചുകൊള്ളാമെന്നു പറഞ്ഞു.
"എങ്കില്‍, ഒരു പെഗ്ഗൂടെ"- വി.കെ.എന്‍. മൊഴികള്‍.
വി.കെ.എന്നിനു e-mail id ഇല്ലേ എന്ന് ചോദിച്ച വിദ്വാനോട്, " ആ മെയിലായാലും ഈ മെയിലായാലും, കൊള്ളാവുന്നത് ഫീമെയിലാണ്."
Rama Das N : ഇങ്ങനെ പോയാല്‍ "ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുകയും പിന്നെ ആ മണ്ണ് തുപ്പിയ ശേഷം വീണ്ടും ചിരിക്കെണ്ടിവരികയും" ചെയ്യും
Ravindranath Purushothaman : വി.കെ.എന്നിന്റെ കാലം എന്ന് കണ്ടപ്പോള്‍ എഴുത്തച്ഛന്റെ കാലം, പട്ടിയ്ക്കാംതൊടിയുടെ കാലം അത് പോലെ ഏതോ കാലത്താണ് വി.കെ.എന്‍. ജീവിച്ചിരുന്നത് എന്ന് തോന്നി.
Ravindranath Purushothaman : കൂടെ നില്‍ക്കുന്ന തകഴിയെ എന്തിനു വെറുതെ വിടണം. ഒരു ചെറിയ സംഭവം. 52ലോ 54ലോ ആണ്. എം.എന്‍.ഗോവിന്ദന്‍ നായര്‍ അന്ന് ഭരണിക്കാവ് എം.എല്‍.എ. ആണ്. കമ്മ്യുണിസ്റ്റ് പാര്‍ടിയുടെ കൊല്ലം ജില്ലാ കൌണ്‍സില്‍ ആഫീസ്സില്‍ എമ്മെനുള്ളപ്പോള്‍ തകഴി കാണാന്‍ ചെന്നു.
തകഴിയെ കണ്ടപ്പോള്‍ എമ്മെന്‍ അടുത്തിരുന്ന ജനയുഗം ഗോപിനാഥന്‍ നായരോട് പറഞ്ഞു, ഈയാളുകാരണമാണ് താന്‍ ജീവിചിരിക്കുന്നതെന്ന്.
അതെന്തെന്നായി ജനയുഗം ഗോപി.
"എന്നെക്കാള്‍ വിരൂപനായിട്ടുള്ളവര്‍ക്കും പെണ്ണു കിട്ടുമല്ലോ?"
Pudayoor Jayanarayanan : പത്ര പ്രവര്‍ത്തന പഠന കാലത്ത് ഞങ്ങള്‍ കോളേജില്‍ നിന്ന് എല്ലാരും കൂടി ഒരു തിരുവില്വാമല യാത്ര നടത്തി. വി.കെ.എന്‍ എന്ന താരാരാധന തലയ്ക്ക് പിടിച്ച് നില്‍ക്കാന കാലം ആര്‍ന്നു അത്. പയ്യനും, ചാത്തനും, പതിവ് സംഭാഷണങ്ങളില്‍ പോലുയം കയറി വന്ന കാലം. മനസ്സില്‍ വല്ലാത്ത ഒരു ആവേശം. ആദ്യമായി കണ്ടപ്പോള്‍ എന്തെന്ന് അറിയാത്ത ഒരു അവസ്ഥ. ഒരുപാട് നേരം സംസാരിച്ചിരുന്നു. ഇടയ്ക്ക് ഞാന്‍ എപ്പോഴോ അറിയാതെ സമയം നോക്കിയപ്പോള്‍ അതി കലശലായി ശുണ്ഠി എടുത്തു. എന്റെ സംസാരം ബോറടിചിട്ടാണോ താന്‍ സമയം നോക്കണേ എന്ന് ചോദിച്ച്ചാര്‍ന്നു ശുണ്ഠി. അവസാനം നിറഞ്ഞ കണ്ണുകളോടെ മാപ്പ് പറഞ്ഞപ്പോള്‍ സാരല്ല്യാടോന്ന് പറഞ്ഞു സമാധാനിപ്പിച്ചു. എം.ടി.ക്ക് ശേഷം ഒരു ജ്ഞാനപീഠം മലയാളത്തില്‍ നിന്ന് അത് വരെ കിട്ടാഞ്ഞത് ചോദിച്ചപ്പോ സ്വത സിദ്ധമായ പരിഹാസത്തോടെ ഒരു മറുപടി " ഒടുക്കം വാസു അത് തരാക്കി, ഇത്തിരി കാശ് ചെലവായീന്നാ കേക്കണേ. ഇവടെ എന്റെ പുസ്തകം വിറ്റാല്‍ വാസൂന് കിട്ടനത്രേം രൊയല്‌റ്റി കിട്ടില്ല്യാ.. പിന്നെങ്ങിനാടോ മ്മള്‍ക്ക് ആജാതി പീഠം ഒക്കെ കിട്ടണെ ..." കൂട്ടച്ചിരി. ഒടുക്കം പോരാന്‍ നേരത്ത് ഒരു കാര്യം കൂടി പറഞ്ഞു.. "ചാവാറായി. പക്ഷെ ചാകുന്നത് ഞായറാഴ്ച ആകരുത് എന്ന ഒരു ആഗ്രഹം ഉണ്ട്. ഞായറാഴ്ച ചത്താല്‍ ഒരൊറ്റ തെണ്ടികളും തിരിഞ്ഞ് നോക്കില്ല്യാ.. സകല പത്രകാരും സുഗ്രീവ സേവ കഴിഞ്ഞ് ഓഫ് ആയിരിക്കും,,, പക്ഷേ അറം പറ്റിയ പോലത്തെ വാക്കുകളായി പോയി അത്. ഞങ്ങള്‍ മടങ്ങി രണ്ടാമത്തെ മാസം അദ്ദേഹം മരിച്ചു. അതും ഒരു ഞായറാഴ്ച്ച.
Narayanettan Madangarli : ഞാനും ഒരിക്കല്‍ കണ്ടിട്ടുണ്ട് ..1978 ഇല രാജസ്ഥാനിലെ ജോധ്പൂരില്‍ വെച്ച് - അങ്ങേ അറ്റം വഷളായ ഒരു സ്വീകരണത്തിന് അദേഹം വന്നു..ഒരു ഡിസംബര്‍ മാസം...., സ്വയം എല്ലാരും പിരിഞ്ഞു പോകുന്നോ അതോ ഞാന്‍ പിരിച്ചു വിടണോ ? എന്നും ചോദിച്ചു പെട്ടെന്ന് ഇറങ്ങി പോയി.... കാറിന്റെ അടുത്തേക്ക് നടക്കുമ്പോ കൂടെ കൂടി ഞാന്‍ പറഞ്ഞു "സര്‍ ചാത്തുനേ" ഒന്ന് കാണാന്‍ വന്നതാ.... സന്തോഷായി ന്നു ...ഒന്ന് നോക്കി .....എന്നെ
Ravindranath Purushothaman : വി.കെ.എന്നിന്റെ അപ്പു എന്ന കഥ സത്യന്‍ അന്തിക്കാട് ചലച്ചിത്രമാക്കി. സംഭാഷണം വി.കെ.എന്‍. ആയിരുന്നു. ബഹദൂറിന്റെ ഹാജി എന്നാ കഥാപാത്രം, ഒരു ചെറുപ്പക്കാരനോട് " ഹറാം പിറന്ന ഹമ്മുക്കെ ഇജ്ജ് ഇങ്ങു ബാ ഇജ്ജ് ഇങ്ങു ബാ എന്നാ പാട്ടൊന്നു പാടിക്കേ" എന്നു പറയുന്നു, തര്‍ജ്ജമ " അജ്ഞാത കാമുകാ അരികില്‍ വരൂ."
വി.കെ.എന്നിന്റെ ചില പ്രയോഗങ്ങള്‍ പകര്‍ത്താം.
നള പാകത്തില്‍ കലി ബാധിച്ചത് കുഞ്ഞന്‍ ബര്‍മ്മന്‍ നായരെയാണ്.
പട്ടരുടെ മൂത്രം മരുന്നിനെങ്കില്‍ തുള്ളിക്ക് ആയിരം പണം, ഇല്ലെന്നാകില്‍, ശൊര്‍ര്‍ര്‍.....
സംഭവം കൌപീനത്തില്‍ വിശ്രമിക്കണം. ഇല്ലെങ്കില്‍, ഉടമസ്ഥനറിയാതെ അവന്‍ പോയി പലതും ചെയ്യും.
അങ്കമാലിയില്‍ വെച്ച് എസ്.പി.സി.എസ്സിന്റെ കാര്‍ കണ്ടു. സ്റ്റേറ്റ്കാറാണെന്നു കരുതി കടന്ന ശേഷമാണ് നോക്കിയത്.
ഒരു കാരണവരുടെ പതിനാറടിയന്തിരത്തിനു ഉണ്ണാന്‍ പോയി. മുണ്ടുവളച്ചുകുത്തി വിളമ്പുന്ന ഒരു തടിയന്‍ കുനിയുമ്പോള്‍ കാണാം, വെള്ളകൌപീനത്തിന്റെ ഭാസ്മസഞ്ചി. അതിലിങ്ങനെ സ്റ്റാമ്പ് ചെയ്തിരിക്കുന്നു. നെറ്റ് വെയിറ്റ് - വണ്‍ കിലോഗ്രാം.
അണ്‍റ്റച്ച്ഡ് ബൈ ഹാന്‍ഡ്
പെരിഷബിള്‍ ഗുഡ്
Ravindranath Purushothaman : പി.കുഞ്ഞന്‍ എം.പി. യായിരിക്കുമ്പോള്‍ സ്പീക്കര്‍ ഹുക്കം സിംഗ് അദ്ദേഹത്തെ പ്രസംഗിക്കാന്‍ വിളിക്കുന്നു: മിസ്റ്റര്‍ കുണ്ണന്‍ ..
പ്രസ് ഗ്യാലറിയിലിരുന്ന് വി.കെ.എന്‍. സഹപ്രവര്‍ത്തകരോട് : ദേര്‍ ദ ഓണറബിള്‍ മെമ്പര്‍ റേയ്സസ്!
Rama Das N : അപ്പു അല്ല. Ravindranath Purushothaman സര്‍. "അപ്പുണ്ണി" ആണ്. നായകന്‍ ആയി നെടുമുടി വേണുവും പിന്നെ ശങ്കരാടി, ഭരത് ഗോപി, മോഹന്‍ലാല്‍ തുടങ്ങിയവരും ഒക്കെ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഉജ്ജ്വലം
Pudayoor Jayanarayanan : ആർട്ടിസ്റ്റ് നമ്പൂതിരി കോഴിക്കോട് താമസിക്കണ കാലത്ത് അദ്ദേഹത്തിനു വി.കെ.എൻ അയച്ച ഒരു എഴുത്ത് ഒരിക്കൽ ഭാഷാപോഷിണി പ്രസിദ്ധീകരിച്ചിരുന്നു.. അതിൽ എഴുതിയ അഡ്രസ് നല്ല ചിരിക്ക് വകയുള്ളതാണു. നമ്പൂരി ( ചിത്രകാരൻ), ബ്ലാത്തിക്കുളം, കോഴിക്കൊട് ഒന്ന് ഏറിയാൽ രണ്ട്....
Ravindranath Purushothaman : മഞ്ചേരിക്ക് ബസ്സ് കാത്തു നില്‍ക്കുമ്പോള്‍ നാണ്വാര് മമ്മതിനോട് ചോദിച്ചു.
"ച്ചാല്‍ മമ്മതെ ..."
"എന്തേ നായരൂട്ട്യേ ...?"
"മമ്മത് കൗപീനം ധരിക്കാറില്ലേ?"
"ചൊവ്വേ മലയാളത്തീ പറയീന്ന് "
"അടിവസ്ത്രം, ഡ്രോയന്‍, ജഡ്ഡന്‍ തുടങ്ങി....?"
"അതൊക്കെ കുത്തി കേറ്റ്യാ ഒറ്റമുണ്ടുടുക്കണ പവറ് കിട്ട്വോന്ന്? വെറും തുണീം ബെല്‍ട്ടും കെട്ട്യാ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ട്യേ സുകാ..അറിയോ ങ്ങക്ക്?"
"ച്ചാല്‍
"എന്നാ ഇങ്ങടെ ബാഷേല് കേട്ടോളീ....കൗപീനവവന്ത: ഖലു ഭാഗ്യവന്ത:"
[കോണാനുടുക്കാത്തവര്‍ ഭാഗ്യവാന്മാര്]
Rama Das N : ഒരു മോഷണക്കേസോ മറ്റോ അന്വേഷിക്കാന്‍ പോലീസ് എത്തി. നായരുടെ കടയില്‍ നിന്ന ആളോട് "എന്തിനാ ഇത്ര രാവിലെ കടയില്‍ വന്നത്?"
"കുറച്ചു ഉപ്പു വാങ്ങാനാണ്. ഒരു കൈ അറുത്ത് വീട്ടില്‍ വച്ചിട്ടുണ്ട്. അതില്‍ തേക്കാനാ"
Ravindranath Purushothaman : ഇന്‍സ്പക്ടര്‍ കണ്ടര്‍മേനോനുമായി വെടിവട്ടം പറഞ്ഞിരിക്കുമ്പോഴാണ് ചേലക്കോടന്‍ ശങ്കരമേനോന്‍ സര്‍ ചാത്തുവെ കാണുവാന്‍ പുഴക്കര ബംഗ്ലാവില്‍ വരുന്നത്. സര്‍ ചാത്തുവിനു ചേലക്കോടന്‍ എന്നു കേള്‍ക്കുന്നതെ പഥ്യമല്ല.
ചെലക്കോടന്‍ വരണം ഇരിക്കണം...ഓ..നാല്‍ക്കാലി ഇല്ല അല്ലെ..ഇവിടെ നാല്‍ക്കാലികള്‍ നന്നേ കമ്മിയാണ്,ഉള്ളവ തൊ ഴുത്തിലാണ് താനും . മേനോനെ അവിടേക്ക് പറഞ്ഞയക്കുന്നത് അവറ്റക്ക് മോശവുമാണല്ലോ ....
Rama Das N : അസുരവാണിയിലേക്ക് ജീവനക്കാരുമായി വാഹനം പോകുന്നു. അകത്തിരിക്കുന്നവര്‍ തമ്മില്‍ കൂടം കൂടി തീരുന്നില്ല. ഡ്രൈവന്‍ വാണിയില്‍ എത്തുന്നതിനു മുന്‍പ് വാഹനം ഒതുക്കി നിര്‍ത്തി ഒരു ബീടിക്കു അഗ്നി പകര്‍ന്നു. എന്താണ് ഇവിടെ നിര്‍ത്തിയത് എന്ന ചോദ്യത്തിനു ഉത്തരം "അസുരവാണിയില്‍ എത്തുന്നതിനു മുന്‍പ് ഈ അദ്ധ്യായം തീരണം എന്നാണു മൂത്ത നായര്‍ പറഞ്ഞത്. ഇങ്ങനെ പോയാല്‍ അത് നടക്കും എന്ന് തോന്നുന്നില്ല"
അന്നത്തെ ഏക മാധ്യമം ആയ ആകാശവാണി നാണ്വാരുടെ അമ്പുകള്‍ക്ക് സ്ഥിരം ലക്ഷ്യമായിരുന്നു
Sreevalsan Thiyyadi : എഴുതുന്നത് ശുദ്ധ ഫിക്ഷന്‍ ആണെങ്കിലും കൂട്ടത്തില്‍ സഹസാഹിത്യകാരന്മാരെ കൂളായി തോണ്ടാന്‍ വികെഎന്നിന് ഉള്ള ചാതുരി പ്രത്യേകംതന്നെ.
(ഓര്‍മയില്‍ നിന്ന് [അതുപടിയാവില്ല]):
1) വള്ളുവനാട്ടില്‍ നടക്കുന്ന കഥ. ഒരു ഭാഗമെത്തിയപ്പോള്‍ ഗ്രാമത്തില്‍ ദാരിദ്ര്യം പോയി സമൃദ്ധി വന്നു. അവിടെ വച്ചൊരു ബ്രേക്ക് എടുത്ത് കഥാകാരന്‍ എഴുതുന്നു:
ഇത്രയുമായപ്പോള്‍ അവര്‍ തകഴി ശിവശങ്കരപ്പിള്ളയുടെ നോവലിലെ കഥാപാത്രങ്ങളെ സംസാരിക്കാന്‍ തുടങ്ങി. മുതാലാളിക്കിപ്പം നല്ലകാലമാ.
2) ഏതോ പെണ്‍കുട്ടി കുളികഴിഞ്ഞ് ഉടുത്തൊരുങ്ങുന്ന രംഗം:
അവള്‍ തുളസിക്കതിര്‍ ചൂടി, കണ്ണെഴുതി, പൊട്ടുതൊട്ട് എന്നുവേണ്ടാ പി ഭാസ്കരന്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ സൌന്ദര്യ....
3) നരച്ചീറ് പറക്കുന്ന മച്ചകം, ക്ലാവ് പിടിച്ച കിണ്ടി, അമ്പലക്കുളത്തില്‍ വഴുക്കലുള്ള പടിക്കെട്ട്.... ഇങ്ങനെ ഓരോന്ന് എഴുതെടൈ.... നല്ല മാര്‍ക്കറ്റാ (ഉന്നം: എം ടി വാസുദേവന്‍ നായര്‍)
Sreechithran Mj : എന്തായാലും ഇവിടെ ഇത്രയൊക്കെ ആയീലോ. ഞാൻ മുൻപ് 'കഥകളി ലോകത്തെ ഫലിതങ്ങൾ' എന്നെഴുതിയ ഒരു ലേഖനത്തിൽ നിന്നുള്ള വി കെ എൻ ഭാഗം ഇവിടെ ചേർക്കട്ടെ:
"....എന്നാൽ,കഥകളിയുടെ ആശയലോകവും അനുഭവലോകവും ഒരു മാജിക്കൽ റിയലിസത്തിനു വിധേയമാക്കിയ സാഹിത്യകാരൻ മറ്റാരുമായിരുന്നില്ല-മലയാളത്തിന്റെ മാർക്കേസ്-വി.കെ.എൻ.ഭാഷയുടെ വ്യവസ്ഥാപിത പാഠങ്ങളെ പാരഡി ചെയ്തും,തലകുത്തനെ നിർത്തിയും,അന്യവൽക്കരിച്ചും നിർമ്മിക്കുന്ന സ്വതഃസിദ്ധമായ “വി.കെ.എൻ പിച്ചി”ൽ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായി മാറി,കഥകളി.വി.കെ.എൻ നിർമ്മിച്ച ആസക്തികളുടെ മറുലോകത്ത്,കഥകളി പോലെ അനുയോജ്യമായ മറ്റൊരു കലയുണ്ടാവുക അസാദ്ധ്യമാണ്.
“ഇരവുപകലുകൾ പിന്നെയും വേനൽക്കാലകൊട്ടാരത്തെ കടന്നുപോയി.ഒന്നിനൊന്ന് എന്നായിരുന്നു പൊതുവേ അനുപാതം.ഇതിന് അപവാദമായി ചിലപ്പോൾ രണ്ടു രാവിന് ഒരു പകൽ എന്ന നിലയിലും കാലചക്രഭ്രമണമുണ്ടായി.അൽപ്പം ചില ദിവസങ്ങളിൽ തിരുമനസ്സുകൊണ്ട് രാവും പകലും കിടന്നുറങ്ങിയതാണ് ഇതിനു കാരണം.”
(അത്തം പെരുനാൾ)
ഇരവുപകലുകളുടെ ചാക്രികതയെ കീഴ്‌മേൽ മറിക്കുന്ന ഈ സാഹിത്യതിരുമനസ്സിന്റെ കൊട്ടാരക്കെട്ടുകളിൽ കഥകളിയുടെ സമ്പ്രദായങ്ങൾ കീഴ്‌മേൽ മറിയുന്നു.നളചരിതത്തിനു ശേഷം നടത്തേണ്ട ദുര്യോധനവധം,ആദ്യം നടത്താൻ നിശ്ചയിക്കുന്ന തിരുമനസ്സിന്റെ മനസ്സ്, “പഴഞ്ചൻ സമ്പ്രദായങ്ങൾക്ക് എതിരാ”ണല്ലോ.
“ദുര്യോധനവധം കഥ ആരംഭിച്ചപ്പോൾ സദസ്സിൽ ഒരു കലാപം തന്നെ ഉണ്ടായെന്നു പറയാം.എല്ലാ നമ്പൂതിരികളുടെ മുഖവും തിരുമനസ്സിലെ ബോക്സിനു നേരെ.ഈ വിഡ്‌ഢിത്തം മഹാരാജാവു കാണിക്കുകയോ?അവസാനം കളിക്കേണ്ട കഥ ആദ്യമോ?
അതെയെടാ,തിരുമനസ്സു വിചാരിച്ചു.നിന്റെയെല്ലാം കുത്തകയാണു കഥകളി ആസ്വാദനം.പട പേടിച്ചോടുന്ന വഹകൾ.ഊണിനും സംബന്ധത്തിനും മാത്രം മുമ്പന്മാർ.പോയിനെടാ,പോയീൻ.നിന്നെയെല്ലാം നാം വകവരുത്തുന്നുണ്ട്.”
സമൃദ്ധമായ വി.കെ.എൻ കഥകളിക്കാഴ്ച്ചകളിൽ നിന്ന് ഇതെടുത്തത്,അദ്ദേഹത്തിന്റെ ദർശനത്തെ ഇതു സമർത്ഥമായി തെളിയിച്ചുതരുന്നതുകൊണ്ടാണ്.കാലൻ മുന്നിൽ വന്നാൽ “അവിടെയും പ്രാതലിന് ഇഡ്ഡലിയും ഇഡ്ഡലിപ്പൊടീം വറുത്തിട്ട ചമ്മന്തീം തന്നെ തരാവൂലോ,ല്ലെ?”എന്നു ചോദിച്ചുറപ്പുവരുത്തുന്ന ‘താൽപ്പരീയ’ത്തിന് കളിയരങ്ങിന്റെ ലാവണ്യലോകവും ഒരു മാദ്ധ്യമമായി.
Sreechithran Mj : ‘നളചരിതം മൂലം’എന്ന വി.കെ.എന്നു മാത്രം എഴുതാനാവുന്ന നളോപാഖ്യാനം,രംഗം,പാഠം എന്നിവയുടെ വാഗ്പ്രപഞ്ചത്തിനെ അതിതീവ്രമായി ചേർത്തു നിർമ്മിച്ച ഒരു മിശ്രിതമാണ്.
“എടവപ്പാതിക്കും വേനൽക്കും ഭാരതവർഷത്തിൽ എക്കാലവും ധാരാളം രാജാക്കന്മാരുണ്ടായിരുന്നു.പുറമേ നളനും.ഇയാളാണ് പിന്നീടു കലിയായത്”
എന്നാ ആദ്യവരിയിൽ തുടങ്ങുന്ന ഈ മാസ്മരികമായ അപനിർമ്മാണം,അവസാനം വരെ തുടർന്നുകൊണ്ടിരിക്കുന്നു.“കലാമണ്ഡലത്തിന്റെ രൌദ്രഭീമനേയും പാഞ്ചാലിയുടെ ഭീമനേയും കവച്ചു വെക്കുന്ന ഭീമരാജാവിന്റെ”യും,“സൌന്ദര്യം,സത്സ്വഭാവം,മൂലധനം,സ്വകാര്യസ്വത്ത്,കുതിര,മുതിരവിള എന്നിവയിൽ വെല്ലാൻ ആരും ഇല്ലാത്ത നളന്റേ”യും,“സാമ്യമകന്നോൾ,അനുപമ,അഴക് തുടങ്ങിയ പാട്ടിലെ പഴയ പേരുകാരി ദമയന്തിയും”…ഇങ്ങനെ തുടങ്ങുന്ന പാത്രപ്രകൃതികളുടെ തനതുവായനകൾ സമൃദ്ധം.ഒരു വൈകുന്നേരം അശ്വത്തിനാശാനായ നളരാജാവ് രാജാപ്പാർട്ടിൽ ഉദ്യാനത്തിൽ ഉലാത്തുമ്പോൾ മുന്നിൽ ചില സൈബീരിയൻഅരയന്നങ്ങൾ വന്നു പെടുന്നു.രാജാവിന്റെ നാവിൽ സസ്യേതരത്തിന്റെ ഗന്ധമൂറുന്നു.അദ്ദേഹം പാടുന്നത് ഇങ്ങനെ:
“കറിയോ വറവോ കുറവോ മറവോ…”
ആട്ടക്കഥയിലെ സമസ്ത വൈകാരികനിമിഷങ്ങളേയും സൂക്ഷ്മശ്രദ്ധയോടെ,തീവ്രമായ ഹാസ്യം കൊണ്ട് വി.കെ.എൻ. ചിതറിച്ചുകളയുന്നു.ദമയന്തീസവിധത്തിൽ ദേവന്മാരുടെ ദൂതിനായെത്തുന്ന നള-ദമയന്തീ ദർശനത്തിന്റെ ഭാഗം നോക്കുക.ദമയന്തിയുടെ ഡയലോഗ്:(ഹേ…മഹാനുഭാവ!)
“അഭിനയം ലോ കീയിൽ മതി എന്നർത്ഥം,അവന്മാരെ ഞാൻ കെട്ടത്തില്ല.തന്നെയാണ് ഭാവം.ഹംസമായി അവിടെ വന്ന അമ്പുനമ്പൂരി പറഞ്ഞില്ലേ?തനിക്ക് ഒഴിവില്ലെങ്കിൽ ഞാൻ വല്ല ടീച്ചറോ സ്പിസ്റ്ററോ ആയി കാലഹരണപ്പെട്ടോളാം.ഇല്ലെങ്കിൽ ആകാശവാണിയുണ്ട്.”
മീനും കപ്പയും അന്നഹാരവുമില്ലാതെ,കാട്ടിലൂടെ അലഞ്ഞ്,അവസാനം ദമയന്തി ഉറങ്ങുമ്പോൾ അവിടെ ഉറയൂരിയ പോസിൽ കണ്ട ഒരു ഫിഷ് നൈഫ് കൊണ്ട് ഹാഫ് സാരി കീറി,നളൻ ദമയന്തിയെ രക്ഷിക്കുന്ന ചുമതല ആദിത്യരെ,വസുക്കളെ,പസുക്കളെ,മരുത്തുക്കളെ ചുമതലപ്പെടുത്തി ഇറങ്ങിപ്പോയി.ഇനി,വികാരതീവ്രമായ രംഗമാണ് (അലസതാവിലസിതം…)
“പുലർന്ന നേരത്ത് ദമയന്തി എഴുന്നേറ്റ് കോട്ടുവായിട്ടു.നളനെ കണ്ടില്ല.എന്നാൽ പോടോ എന്നു പറഞ്ഞ്.”
വൈകാരികതയുടെയും അതിഭാവുകത്വത്തിന്റെയും മുഴുവൻ ചെളിയും കഴുകിക്കളയാൻ പറ്റിയ ഉപായമാണ് ‘നളചരിതം മൂലം’.വി.കെ,എൻ.മറ്റൊരിടത്തു പറഞ്ഞപോലെ,നാടകം എവിടെ അവസാനിക്കുന്നു,കഥകളി കുത്ര തുടങ്ങുന്നു എന്നിടത്താരംഭിക്കുന്നു സമസ്ത ദൃശ്യകോലാഹലവും."
Achuthan Tk : നളചരിതം മൂലം ആദ്യം മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഭീമ രാജാവിനെകുറിച്ചു: "ഈ മഹാരാജ് സിക്കായിരുന്നു, സിങ്ങായിരുന്നു, സിങ്ങുമായിരുന്നു" എന്നായിരുന്നു. പുസ്തകത്തില്‍ വന്നപ്പോള്‍ "സിങ്ങുമായിരുന്നു" കാണാനില്ല. ഒരു സബ് എഡിറ്റര്‍ ചെയ്ത പണിയായിരിക്കണം!
Achuthan Tk : "ഹസ്തേന ഹസ്ത തലമാതു സുഖം ഗ്രിഹീത്വ" എന്ന് ഒരു കഥയില്‍ എഴുതാന്‍ വീകെന്ന് മാത്രമേ കഴിയു. i don't remember in which story. writing this from my memory....
Achuthan Tk : ഈ ത്രെഡ് കാരണം 1400 പേജുള്ള "വീകെഎന്‍ തിരഞ്ഞെടുത്ത കഥകള്‍" വീണ്ടും വായിക്കാന്‍ തുടങ്ങി. thanks Sreevalsan Thiyyadi. if i am ever marooned in an island i will wish for VKN and PG Wodehouse for company!
Rama Das N : ഒരു പുസ്തകത്തിന്‍റെ സമര്‍പ്പണം ഇങ്ങനെ ആണ്. "വരയുടെ പരമശിവനായ വാസുദേവന്‍ നമ്പൂതിരിയുടെ ചിത്രങ്ങള്‍ക്കുള്ള അടിക്കുറിപ്പാണ് ഈ പുസ്തകം"
Ratheesh Ramachandran : നളചരിതം മൂലത്തില്‍ തിരസ്കരണി ധരിച്ചു ദമയന്തിയുടെ അന്തപ്പുരത്തില്‍ ചെല്ലുന്ന നളന്‍ ഭീമപുത്രിയുടെ സൗന്ദര്യം കണ്ട് "എന്തോരം ചന്തം" എന്നു അത്ഭുതം നടിക്കും . മൊത്തം കഥകളിയേയും ഒരു വശത്ത് നിര്‍ത്തി ഉണ്ണായി വാര്യരെ നിരീക്ഷകനാക്കി വികെഎന്‍ നടത്തുന്ന ഒരു ജുഗല്‍ബന്ദി.
വിനയചന്ദ്രന്‍ സാറിന്‍റെ കീഴിലാണ് "നളചരിതം മൂല"ത്തെക്കുറിച്ച് പണ്ട് യെം യേ ക്ക് പ്രൊജക്റ്റ് തീസിസ് എഴുതിയത്. (ഈ ത്രെഡിലെ മറ്റു രണ്ടു സാഹിത്യകാരന്മാരെയും എത്ര ലാഖവത്തോടെ യാണ് നാണ്വാരു മാര്‍ജിനിലാക്കുന്നത് !)