കർമയോഗത്തിലെ അഷ്ടകലാശങ്ങൾ
- Details
- Category: Kathakali
- Published on Sunday, 25 July 2021 01:08
- Hits: 2103
കർമയോഗത്തിലെ അഷ്ടകലാശങ്ങൾ
വി. കലാധരൻ
പദ്മശ്രീ കീഴ്പ്പടം കുമാരൻനായരുടെ പതിനാലാം ചരമവാർഷികം ആണ് നാളെ (ജൂലൈ 26). കഥകളിലോകം വൈകി പ്രസാദിച്ച ജീവിതത്തിൻറെ ഗതിവിഗതികൾ....
കഥകളിയിലെ ഏകാന്തയാത്രികനായിരുന്നൂ കീഴ്പ്പടം കുമാരൻ നായർ. തൻറെ ശിഷ്യരിൽ ഏറ്റവും ബുദ്ധിമാൻ എന്ന് പട്ടിക്കാംതൊടി രാവുണ്ണിമേനോൻ (1880-1948) സാക്ഷ്യപ്പെടുത്തിയ പ്രതിഭാധനൻ.
കലാമണ്ഡലത്തിലെ കഥകളിക്കളരിയിൽനിന്ന് നൃത്തവിഭാഗത്തിലേക്ക് സ്ഥാപനമേധാവി വള്ളത്തോൾ (1878-1958) മാറ്റിയതിൻറെ മനസ്താപത്തിലാണ് പ്രവാസിയായതെന്ന് കീഴ്പ്പടം. സമപ്രായക്കാരും സതീർഥ്യരും ആയ കൃഷ്ണൻ നായർ അടക്കമുള്ള കലാമണ്ഡലക്കാരും വാഴേങ്കട കുഞ്ചുനായരും തെക്കൻ കേരളത്തിൽ നിരനിരയായി ഉണ്ടായിരുന്ന നാട്യപ്രമാണിമാരും രംഗം കീഴടക്കിയ ഒരു കാലയളവിൽ മലനാട്ടിൽ നിൽക്കാൻ ഇടമില്ല എന്ന് കീഴ്പ്പടത്തിന് തോന്നിയിരിക്കാം.
യൗവനത്തിൽ ആദ്യം മദിരാശിയിലും പിന്നീട് 1960-കളിൽ കുറച്ചുകാലം ഒറ്റപ്പാലത്തിനടുത്തുള്ള സദനം അക്കാദമിയിലും തുടർന്ന് ദീർഘകാലം ഡൽഹിയിലെ അന്താരാഷ്‌ട്ര കഥകളി സെൻററിലും ആയിരുന്നു കുമാരൻ നായർ. കഥകളിക്കാർക്ക് പൊതുവെ സ്വക്ഷേത്രം വിട്ടൊരു ലോകമില്ല. ഭരതനാട്യത്തിലും കഥക്കിലും മണിപ്പുരിയിലും കനത്ത ആസ്തിയുണ്ടായിരുന്ന ഗുരുനാഥന്മാരിൽനിന്ന് കീഴ്പ്പടം അവയുടെ വ്യാകരണവും ലാവണ്യവും ഗ്രഹിച്ചു. തെന്നിന്ത്യൻചലച്ചിത്രനായകരെ നൃത്തം പഠിപ്പിച്ചു.
അക്കാലം കഥകളിക്കാരന് സ്വപ്നം കാണാൻ കഴിയാത്ത ഐശ്വര്യം കീഴ്‌പ്പടത്തിന് സ്വന്തമായി. വപുസ്സ് പല ദിക്കിലും ചുറ്റിത്തിരിഞ്ഞപ്പൊഴും മനസ്സ് കഥകളിയിൽ മാത്രം ധ്യാനലീനമായി.
ജീവിതസായാഹ്നത്തിലാണ് കീഴ്പ്പടം പ്രവാസമുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. വെള്ളിനേഴിയിലെ വീട്ടിൽ സ്ഥിരതാമസമായി. ധാതുസമ്പന്നമായ മറ്റ് കലാനുഭവങ്ങളുടെ പ്രേരണയിൽ കല്ലുവഴിച്ചിട്ടയെ പുതിയ കണ്ണടയിലൂടെ 1980-കളുടെ മദ്ധ്യത്തിൽ നോക്കിക്കണ്ടു. അഷ്ടകലാശം എടുക്കാതിരിക്കുന്നതിലാണ് കല്ലുവഴിച്ചിട്ടയുടെ കേമത്തം എന്നുള്ള വള്ളുവനാടൻ യാഥാസ്ഥിതികരുടെ വിചിത്രഗർവിനെ കീഴ്പ്പടം പൊളിച്ചടുക്കി. കല്യാണസൗഗന്ധികത്തിൽ ഹനുമാൻറെ 'മനസി മമ കിമപി ബത' എന്ന ചരണത്തിൽ സ്വഭാവനയാൽ രസദീപ്തമാക്കിയ അഷ്ടകലാശം നിയമമാക്കി.
നവീനതകളുടെ ആശാൻ
പുതുമപ്രണയികളായ അദ്ദേഹത്തിൻറെ ശിഷ്യരും അത് കയ്യേറ്റു. ഹനുമാൻറെ കൗതുകവും ആകാംക്ഷയും സന്ദേഹവും ആശ്ചര്യലേശവും ഈ നൃത്തഖണ്ഡത്തിൽ മിന്നലുകളായി. തെക്കേ മലബാറിനെക്കാൾ തൃശൂരിന് തെക്കോട്ട് തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളിലാണ് കീഴ്പ്പടം കൂടുതൽ സ്വീകാര്യനായത്.
പ്രതിനായകവേഷങ്ങളിലും മിനുക്കിലും അദ്ദേഹം തിളങ്ങി. രാവണന്മാർ വേറിട്ട കാഴ്ചകളായി. ലവണാസുരവധത്തിൽ ഹനുമാൻ ആയപ്പോഴും കീഴ്പ്പടം അഷ്ടകലാശം കൈവിട്ടില്ല. ലവകുശൻമാർക്കൊപ്പം അതൊരു ദൃശ്യവിരുന്നാക്കി. വിരുദ്ധഭാവങ്ങളെ -- മമതയും വൈരവും ശോകവും ക്രോധവും -- സൗഗന്ധികം ഹനുമാൻറെയും സന്താനഗോപാലം ബ്രാഹ്മണൻറെയും കാലംതള്ളിയ കലാശത്തിലേക്ക് സംക്രമിപ്പിച്ചു.
സ്തോഭഭേദങ്ങളിലൂടെ നൃത്തത്തിന് നിറം പകരുക ദുഷ്കരം. കീഴ്പ്പടത്തിന് ക്ഷിപ്രസാധ്യം. അദ്ദേഹം കാട്ടാളനായി വന്ന അരങ്ങുകളിൽ ലോകധർമി പീലിവിരിച്ചാടി. പാട്ടിലും മേളത്തിലും, പക്ഷെ, തനിക്ക് പറ്റിയ ഒരു ടീം സ്വരൂപിക്കാൻ കീഴ്പ്പടത്തിന് കഴിഞ്ഞില്ല.
1990-കളിൽ കീഴ്പ്പടം പരീക്ഷകനായി കലാമണ്ഡലത്തിൽ വരുമായിരുന്നു. ഒരു ദിനാന്തത്തിൽ ഞങ്ങൾ സംസാരിച്ചു നിൽക്കവേ കഥകളിഗായകനായിരുന്ന പള്ളം മാധവൻ അതുവഴി വന്നു. അവർ തമ്മിലുള്ള വർത്തമാനത്തിനൊടുവിൽ കീഴ്പ്പടം എന്നോട്. "തെക്കൻ ദിക്കിൽ കളിക്ക് പോയാൽ മാധവൻ പിന്നിലുണ്ടെങ്കിൽ ഒന്നും നോക്കാനില്ല. മന:സമാധാനായി." അദ്ദേഹം എന്താണ് അർത്ഥമാക്കിയതെന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല.
പുറമേക്ക് വിനയമൂർത്തിയായിരുന്നൂ കീഴ്പ്പടം. അദ്ദേഹത്തിൻറെ വാക്കുകളിലെ പ്രച്ഛന്നപരിഹാസം തിരിച്ചറിയുക എളുപ്പമായിരുന്നില്ല. ആ സൗമ്യതയുടെ കവചം പ്രകോപനംകൊണ്ട് ഭേദിക്കാൻ ആരെയും അദ്ദേഹം അനുവദിച്ചില്ല. കഥകളി ഉപാസനയായിരുന്നു കീഴ്പ്പടത്തിന്; പണമുണ്ടാക്കാനുള്ള ഉപാധി ആയിരുന്നില്ല. പ്രായത്തിൻറെ അവശതകൾ രൂക്ഷമാകുംവരെ അരങ്ങിലെത്തി കീഴ്പ്പടം (1916-2007).
ഇനിമേൽ നമ്മുടെ കലകളിൽ ഇത്തരം കർമയോഗികൾ ഉണ്ടാവില്ല. അവർക്ക് പകരം കരാർത്തൊഴിലാളികൾ വേണ്ടുവോളം. അവരിലാണ് സകല പ്രതീക്ഷയും.
(കലാനിരൂപകനാണ് ലേഖകൻ. കലാമണ്ഡലത്തിലെ പബ്ലിസിറ്റി വിഭാഗത്തിൽ മൂന്ന് പതിറ്റാണ്ട് പ്രവർത്തിച്ച് ഡെപ്യൂട്ടി രജിസ്ട്രാർ ആയി വിരമിച്ചു. ഫേസ്‌ബുക്ക് പോസ്റ്റ് ആണ് ലേഖനത്തിന് ആധാരം.)