അരനൂറ്റാണ്ടിൻറെ തിലകക്കുറി
- Details
- Category: Kathakali
- Published on Friday, 26 July 2024 18:36
- Hits: 377
കഥകളിയരങ്ങിൽ അമ്പതാണ്ടു തികഞ്ഞ വേളയിൽത്തന്നെയാണ് മാനസഗുരു കോട്ടക്കൽ ശിവരാമൻറെ പേരിലുള്ള പുരസ്‌കാരം ആർഎൽവി രാധാകൃഷ്ണനെ തേടിയെത്തുന്നത്. ഓർമ്മത്താര.
ശ്രീവൽസൻ തിയ്യാടി
കൊല്ലം ജില്ലയുടെ വടക്കനതിർത്തിയിൽ, ആലപ്പുഴപ്രദേശത്തിൻറെ തുടർച്ചയായുള്ള പഴയ ഓണാട്ടുകരയിലെ, സ്ഥലമാണ് പാവുമ്പ. പടിഞ്ഞാറൻ തീരമേഖലയുമല്ല, പശ്ചിമഘട്ട കുന്നുകളുമില്ല. ഗ്രാമത്തിൽ അമ്പലമുണ്ട്. ഇരട്ടക്കൊടിമരമുള്ള മതിലകം. വിഗ്രഹങ്ങൾ വിഷ്ണുവും ശിവനും. മഹാദേവർ ക്ഷേത്രം എന്നു പറയുമ്പോഴും ശങ്കരനാരായണന്മാർ ആകുന്നു പ്രതിഷ്ഠ.
അവിടെ 1960കളിലെ ബാല്യകാലത്ത് കഥകളി ഉണ്ടായിരുന്നില്ലെന്നില്ല. നന്നേ കുട്ടിയിൽ ഉത്സവത്തിന് ചിലരാവുകളിൽ അകലെമേടയിൽ വേഷങ്ങളെ കണ്ടിരുന്നതോർക്കാറുമുണ്ട് രാധാകൃഷ്ണ കുറുപ്പ് സി എന്ന അറുപത്തിയഞ്ചുകാരൻ. "കളംപാട്ടുകുടുംബമല്ല കേട്ടോ; കളരിപരമ്പരക്കാരാണ്," എന്ന് സാന്ദർഭികമായി വ്യക്തതവരുത്തും. ആളുടെ ശൈശവകാലത്ത് നിലച്ചുപോയി പാവുമ്പയിലെ കഥകളി. ക്ഷേത്രഭാരവാഹികൾ തുക വകമാറ്റിയതിനെ തുടർന്നുള്ള തർക്കത്തിൽ പറ്റിയതാണത്രേ. ശ്രീകോവിലിൻറെയടക്കം ഭിത്തികൾ നിറംവെപ്പിക്കാനുള്ള ഉദ്യമത്തിനിടെ ആട്ടവിളക്ക് പൂർണമായും കെട്ടുപോയി.
ഒരുവ്യാഴവട്ടം അങ്ങനെപോയി. മനയോലഗന്ധം പാവുമ്പ വീണ്ടും അറിയുന്നത് 1970കളുടെ നടുവിലാണ്. കല്യാണസൗഗന്ധികം ഉൾപ്പെടുന്ന മുഴുരാത്രി കഥകളിയിലെ ആദ്യവേഷം കുറുപ്പുകൊച്ചൻറെതാണ്. പൂതനാമോക്ഷത്തിലെ ലളിത. പരിപാടിനോട്ടീസിലെ പേര് RLV രാധാകൃഷ്ണൻ. പ്രായം പതിനെട്ടടുക്കുന്നു. ഇടക്കാലത്ത് നാടുവിട്ടതാണ്. കൊച്ചിക്കടുത്ത് തൃപ്പൂണിത്തുറയിലെ രാധാലക്ഷ്മീ വിലാസം അക്കാദമിയിൽ വേഷമഭ്യസിക്കാൻ. RLVയിലെ ആ പഠനം അപ്പോഴും കഴിഞ്ഞിട്ടില്ല. "അതെന്തായാലും, എൻറെ നാട്ടിൽ വീണ്ടും കളിയരങ്ങുണർന്നപ്പോൾ ഞാനും ഭാഗഭാക്കായി."
കർണ്ണശപഥത്തിലെ കുന്തി
സ്വദേശത്തെ നരസിംഹൻ പോറ്റിയുടെ ജ്യേഷ്‌ഠൻറെ മകൻ ത്യാഗരാജൻ വിവാഹം കഴിച്ചിരുന്നത് തൃപ്പൂണിത്തുറയിലെ ഒരു മഠത്തിൽനിന്നായിരുന്നു. പാവുമ്പയിൽനിന്ന് 120 കിലോമീറ്റർ വടക്ക് RLVയിലേക്ക് അങ്ങനെയാണ് രാധാകൃഷ്ണൻ എത്തിപ്പെടുന്നത് -- 1973ൽ. വയസ്സ് 14 അടുത്തിരുന്നു. അതുവരെ കഥകളി കണ്ടുള്ള പരിചയംതന്നെ കഷ്ടി. നാട്ടിലെ സ്‌കൂളിൽ അഭ്യസിച്ചതരം നൃത്തങ്ങളാണ് ആകെ കൈയിലിരിപ്പ്. ഫോക് ഡാൻസ് എന്നോ ബാലേ എന്നോ ഒക്കെ ഗണത്തിൽ പെടുത്താവുന്നവ. ആദ്യം പഠിപ്പിച്ചത് കായംകുളം തങ്കപ്പൻ എന്നൊരാശനായിരുന്നു. ലോവർ പ്രൈമറി തലത്തിൽ. പിന്നീട് പന്തളം ഗോപിനാഥ് എന്നൊരാൾ. ഏതാണ്ട് സെമിക്ലാസ്സിക്കൽ എന്നുവിളിക്കാവുന്ന ചുവടനക്കങ്ങളുടെ ഗുരു. സഹപാഠികൾക്കൊപ്പം പ്രദേശത്ത് അത്തരം അവതരണങ്ങളിൽ കുറെശ്ശെ കൂടുമായിരുന്നു രാധാകൃഷ്ണൻ.
പാവുമ്പായിലെ പോലെ ഏകതാനമായ ജനതയല്ല തൃപ്പൂണിത്തുറയിൽ. പലനാട്ടിൽനിന്നുള്ള വാസക്കാരുടെ ചെറുപട്ടണം. അവിടെ പൂർണത്രയീശ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള പുഴയുടെ വക്കത്താണ് RLV. കൊച്ചി രാജകുടുംബം 1936ൽ സ്ഥാപിച്ചത് കേരളസംസ്ഥാനം രൂപീകരിച്ച 1956ൽ സർക്കാർ ഏറ്റെടുത്തു. അതിൻറെ മധുരപ്പതിനേഴിലാണെങ്കിലും RLVയിൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വളരെ പരിമിതമായിരുന്നു. കഥകളിയുൾപ്പെടെ നൃത്തത്തിൻറെ മാത്രമാവസ്ഥയല്ലിത്; സംഗീതവും ചിത്ര-ശില്പകലകളിലും അങ്ങനെത്തന്നെ. നൂറ്റാണ്ടു മറിഞ്ഞ് പിന്നെയുമൊരു വ്യാഴവട്ടം ചെന്നപ്പോൾ, 2012ൽ, പുതിയ കെട്ടിടസമുച്ചയം മുഴവനായി. അന്ധകാരത്തോടിനടുത്തുള്ള ആ ഇടം രാധാകൃഷ്ണൻറെ വിദ്യാർഥിക്കാലത്ത് ഹോസ്റ്റൽ ആയിരുന്നു. പൊന്തപിടിച്ച പറമ്പിൽ ഓടിട്ട പുര. പകലും ഇരുട്ട്, വിദ്യുച്ഛക്തിയുമില്ല.
ഗുരു കലാമണ്ഡലം രാജൻ (1931-2012) ആയിരുന്നു. കല്ലുവഴിസമ്പ്രദായം കനപ്പിച്ച പട്ടിക്കാംതൊടി രാവുണ്ണിമേനോൻറെ (1881-1948) കീഴിലഭ്യസിച്ച രാമൻകുട്ടി നായരുടെയും പദ്മനാഭൻ നായരുടെയും കീഴ്പ്പടം കുമാരൻനായരുടെയും ശിഷ്യൻ. എറണാകുളം ജില്ലയിലെത്തന്നെ പറവൂർ ഏഴിക്കര സ്വദേശി. ചെറുതുരുത്തിക്കാലത്ത് കീഴ്പടംമുറയിൽ നൃത്തവും അഭ്യസിച്ചിരുന്നതിനാൽ രാജൻ മാസ്റ്റർ എന്ന് പൊതുവെ അറിയപ്പെട്ടു.
രാജനാശാനുകീഴിൽ പഠനം തുടങ്ങിയപ്പോൾ ബാച്ചിൽ നാലുപേരുണ്ടായിരുന്നു. ഒന്നൊന്നായി അവർ കൊഴിഞ്ഞപ്പോൾ താമസിയാതെ രാധാകൃഷ്ണൻ മാത്രമായി ബാക്കി. അഭ്യസനത്തിൽ ആശാൻറെ മുഴുവൻശ്രദ്ധ കിട്ടി. സ്ഥാപനത്തിൽ അപ്പോഴുണ്ടായിരുന്ന വിദ്യാർത്ഥികളിൽ ചിലവേഷക്കാർ പുറത്തുവന്നു പ്രമുഖരായി: RLV ശിവദാസ്, രാജശേഖരൻ, പറവൂർ ശശി, ശ്രീധരൻ, കൊച്ചുഗോപി.... പിന്നാലെ വന്നവരിൽ പേരെടുത്തവർ ഏവൂരുള്ള രാജേന്ദ്രൻ പിള്ള, അവിടത്തെത്തന്നെ മോഹനൻ. തൊട്ടുമുമ്പുള്ള പഠിതാക്കളായിരുന്നു തോന്നയ്ക്കൽ പീതാംബരൻ, തലവടി അരവിന്ദൻ, അവനവഞ്ചേരി ശശി തുടങ്ങിയവർ.... അവരെയൊക്കെ മിക്കവാറും രൂപപ്പെടുത്തിയത് കലാമണ്ഡലം കൃഷ്ണൻ നായർ (1914-90). ആ നാട്യാചാര്യൻ ഗസ്റ്റ് ലേക്‌ചററായി രാധാകൃഷ്ണനെ പോസ്റ്റ്-ഡിപ്ലോമക്ക് രണ്ടാണ്ട് പഠിപ്പിച്ചു.
മൊത്തം ഒൻപതുകൊല്ലം RLVയിൽ വേഷമഭ്യസിച്ചു. ആറാണ്ട് ഡിപ്ലോമ. പിന്നീട് പോസ്റ്റ് ഡിപ്ലോമ -- അത് രണ്ടുവർഷത്തെയാണെങ്കിലും സാഹചര്യവശാൽ മൂന്നായി. "വേഷങ്ങൾ നിറയെ കിട്ടിത്തുടങ്ങിയിരുന്നതിനാൽ ക്ലാസ്സിൽ അറ്റൻഡൻസ് കഷ്ടിയായി. അതിനാൽ പരീക്ഷക്കിരിക്കാൻ നിർവാഹമില്ലെന്നായി. സത്യത്തിൽ, ഒരുകൊല്ലംകൂടി അവിടെ നിർത്തിക്കാൻ രാജനാശാൻ കണ്ടയുപായമായിരുന്നു എന്ന് പിന്നീടുതെളിഞ്ഞു," എന്ന് ഓർക്കുന്നു. "ഉർവ്വശീശാപം ഉപകാരം." ഏതായാലും മാസ്റ്റർ ജോലിയിൽനിന്ന് പിരിയുന്ന വർഷംതന്നെയായിരുന്നു രാധാകൃഷ്ണനും പഠനം കഴിഞ്ഞിറങ്ങുന്നത്.
അതെന്തായാലും വേഷത്തിൽ ഒരുങ്ങിയില്ല രാധാകൃഷ്ണൻറെ RLV ജീവിതം. ഗാനവാസന മാനിച്ച് മൂന്നുകൊല്ലത്തിനകം കഥകളിപ്പാട്ടിന് ചേർന്നു. അങ്ങനെ കഴിഞ്ഞു ആറു വർഷം (1991 വരെ). സംഗീതഗുരുക്കൾ: രാജേന്ദ്രൻ വെള്ളോടി, കലാമണ്ഡലം ഗോപാലകൃഷ്ണൻ, എൻ.എൻ. കൊളത്തപ്പള്ളി. "വേഷക്കാലത്ത് ബാച്ചിലെ ഏകൻ ആകയാൽ മറ്റുള്ളവർ ചൊല്ലിയാടുന്നതു കാണാൻ തരപ്പെട്ടതേയില്ല. പാട്ടിനു ചേർന്നപ്പോൾ അത് നിറയെ സാധിച്ചു."
ലെക്ച്ചർ-ഡെമോയിൽ പാടുന്നു
വേഷത്തിൽ RLVയിലെ രണ്ടാംവർഷംതന്നെ അരങ്ങേറിയിരുന്നു -- അക്കാദമിയിൽത്തന്നെ. പുറപ്പാടിലെ കൃഷ്ണൻ. മാസ്റ്ററെക്കൂടാതെ അക്കാലത്തെ ആശാന്മാർ: പയ്യന്നൂർ കുഞ്ഞമ്പുപ്പൊതുവാൾ, ചേർത്തല തങ്കപ്പപ്പണിക്കർ (പാട്ട്), കലാമണ്ഡലം കേശവപ്പൊതുവാൾ (ചെണ്ട), ഏവൂർ സദാശിവൻ നായർ (മദ്ദളം). (ചുട്ടിക്കില്ല കോഴ്സ്.) ഇത്രയും 1974ൽ. ചുരുക്കം, ഇത് രാധാകൃഷ്ണൻറെ അരങ്ങുപ്രവൃത്തിയുടെ അമ്പതാമാണ്ടാണ്.
വേഷം പഠിക്കുന്ന കാലത്തേ അവസരങ്ങൾ സാമാന്യം കിട്ടിയിരുന്നു. രാജൻ മാസ്റ്റർക്കു തൊട്ടുപിന്നാലെ കൃഷ്ണൻനായരാശാൻ എന്ന വടക്കേമലബാറുകാരൻ കൈപിടിച്ചാണ് സ്വന്തം തിരുവിതാംകൂറിലെ കളിയരങ്ങുകൾ രാധാകൃഷ്ണന് പരിചിതമാവുന്നത്. ("തനിക്കെങ്ങന്യാ, എൻറെകൂടെ വേഷംകെട്ടുന്നതിൽ വിരോധം വല്ലതുമുണ്ടോ?" എന്ന് പതിവുനർമത്തിൽ ചോദിക്കുമായിരുന്നുവത്രെ രംഗചക്രവർത്തി.) വൈകാതെ തിരുവനന്തപുരം നഗരത്തിലെ പ്രമുഖവേദികളിൽ അങ്ങേയറ്റം സ്വീകാര്യനായി.
അക്കാലത്ത് താമസിച്ചിരുന്ന RLV ഹോസ്റ്റലിൽ രാധാകൃഷ്ണൻ എന്ന വിദ്യാർത്ഥി നേരെചെന്ന് കൂടുകയല്ല ഉണ്ടായത്. സ്ഥലത്തെ ത്യാഗരാജൻ പോറ്റിയുടെ വീട്ടിലായിരുന്നു ആദ്യത്തെ നാലുവർഷം. "ഇനി ഒറ്റയ്ക്ക് ജീവിക്കാനും പ്രാപ്‌തിയാവട്ടെ," എന്ന കല്പനയിലാണ് അവിടംവിട്ട് ചുമതലകൾ കൂടുതലറിയുന്നത്. കോളേജിൽ 1978-79ലെ ആർട്ട്സ് ക്ലബ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാപനത്തിലെ വാദ്യോപകരണങ്ങൾ എണ്ണംവണ്ണം കൊണ്ടു മെച്ചപ്പെട്ടതും മോഹിനിയാട്ടത്തിനും കർണാടകവയലിനും കോഴ്സ് തുടങ്ങിയതും ഈ കാലയളവിൽ. RLVയിലെ പൂർവകാലവിദ്യാർത്ഥികൂടിയായ കെ.ജെ. യേശുദാസിനെ ക്ഷണിച്ചപ്പോൾ ജനപ്രിയ സംഗീതജ്ഞൻ സൗജന്യമായി കച്ചേരിയവതരിപ്പിച്ചു.
കളിയരങ്ങിൽ തെക്കും വടക്കും പ്രമുഖരും അത്രത്തോളം പ്രസിദ്ധരല്ലാത്തവരും ഒക്കെയൊത്ത് അനവധി കൂട്ടുവേഷക്കാരായുണ്ടായി. "കൃഷ്ണൻനായരാശാൻ തുടങ്ങി കൃഷ്ണകുമാർ വരെ" എന്ന് ചുരുക്കിപ്പറയും. സ്ത്രീവേഷക്കാർക്കൊപ്പമുണ്ടായതിൽ കോട്ടക്കൽ ശിവരാമനും. മാനസഗുരു. ദമയന്തി-കേശിനി, ചിത്രലേഖ-ഉഷ, സൈരന്ധ്രി-സുദേഷ്ണ.... ശിവരാമൻറെ (1936-2010) മോഹിനിക്ക് ഒരിക്കൽ രുഗ്മാംഗദനും കെട്ടിയിട്ടുണ്ട് മദ്ധ്യവയസ്സിൻറെ തുടക്കത്തിൽ രാധാകൃഷ്ണൻ.
പുരുഷവേഷങ്ങൾ രാധാകൃഷ്ണന് മുമ്പും അന്യമല്ല. ഇന്നൊക്കെ അവയുടെ എണ്ണം കൂടിയിട്ടേയുള്ളൂ. കൃഷ്ണന്മാർ പണ്ടേ നിറയെ. പുറമെ, അംബരീഷൻ, ദക്ഷൻ, പുഷ്കരൻ, സന്താനഗോപാലത്തിലെ അർജുനൻ, ബ്രാഹ്മണൻ.... അത്തരം കഥാപാത്രങ്ങളുടെ ചൊല്ലിയാട്ടത്തിൽ സ്ത്രൈണസ്പർശം ലവലേശമുണ്ടാവില്ല.
സന്താനഗോപാലത്തിലെ ബ്രാഹ്മണൻ
അരങ്ങുപാട്ടിൽ അത്രതന്നെ സജീവനായില്ല. എന്നാൽ ആവഴി പിന്നണിക്കാരനാവാതിരുന്നിട്ടുമില്ല. നാല്പതുകൊല്ലംമുമ്പ് ശിവരാത്രിക്കളിക്ക് തെക്കൊരിടത്ത് വേഷത്തിലെത്തിയപ്പോഴുണ്ട് പാടാനുള്ള നാലുപേരിൽ എത്തിയിട്ടുള്ളത് കലാമണ്ഡലം ഹൈദരലി മാത്രം. അന്ന് "സഹായിച്ചു". മറ്റൊരവസരത്തിൽ പാലനാട് ദിവാകരന് സഹഗായകനായും വേറൊരിടത്ത് അത്തിപ്പറ്റ രവിക്ക് പൊന്നാനിയായും ഉണ്ടായിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലെ കഥകളി സ്ഥാപനത്തിൽ സ്പെഷ്യൽ ലെക്ച്ചർ-ഡെമോ കഴിഞ്ഞുള്ള നേരത്ത് ചിലപ്പോൾ പാട്ടുമാത്രമായി സന്ദർശകർക്കുമുമ്പിൽ ഉണ്ടാവാറുണ്ട്. കോട്ടക്കൽ ശിവരാമനെ ആസ്പദിച്ച് പോയനൂറ്റാണ്ടൊടുവിൽ മിനുക്ക് എന്ന ദൂരദർശൻ ഡോക്യൂമെൻററിയിൽ ട്രാക്ക് പാടി.
ആശാനായി നല്ലൊരുകാലം വർത്തിച്ചിട്ടുള്ളത് കൃഷ്ണൻനായരുടെ കേരള കലാലയത്തിൽ -- 1990 തുടങ്ങി പന്ത്രണ്ടു കൊല്ലം. PSC പട്ടികയിൽ ഉയർന്ന റാങ്കിൽ വന്നിട്ടും സാഹചര്യവശാൽ RLVയിൽ കിട്ടേണ്ടിയിരുന്ന അദ്ധ്യാപനനിയമനം കൈവിട്ടുപോയി. ഇപ്പോൾ ആശാനായി സഹകരിക്കുന്നത് തലയോലപ്പറമ്പ് ആമ്പല്ലൂര് RLV കൊച്ചുഗോപി നടത്തിപ്പോരുന്ന കഥകളി വിദ്യാലയത്തിൽ
അരനൂറ്റാണ്ടായി ജീവിതം തൃപ്പൂണിത്തുറയിൽ. RLVക്കാലത്തെ സംഗീതവിദ്യാർത്ഥിനി പി.വി. സിന്ധുവിനെ ജീവിത സഖിയാക്കി. ഗാനഭൂഷണശേഷം ഭവൻസ് വിദ്യാ മന്ദിറിൽ നീണ്ട ശിഷ്യനിരയുള്ള ടീച്ചർ. മാവേലിക്കര പ്രഭാകര വർമ്മ, പി സുബ്രഹ്മണ്യം, പൊൻകുന്നം രാമചന്ദ്രൻ, അമ്പലപ്പുഴ തുളസി. കെ. വിനയചന്ദ്രൻ തുടങ്ങിയവരുടെ ശിഷ്യ. ഏകസന്താനം വാണിയും ഗായിക. ഭർത്താവ് പ്രാകാശിനൊപ്പം എറണാകുളം എളമക്കരയിൽ.
ഇപ്പോഴത്തേതിൻറെ പാതിപ്രായത്തിൽ പാവുമ്പനാട്ടിലെ സ്‌കൂളിലെ ഒരു ചടങ്ങിൽ പഴയ അദ്ധ്യാപകർ ചോദിച്ചുപോലും: പ്രശസ്തിയായപ്പോൾ നാട്ടുപേര് മറന്നുവല്ലേ? അതുകൂടി കണക്കാക്കിയാവണം, മാറിയകാലത്ത് ഫേസ്‌ബുക്കിലെ പേര് 'RLV രാധാകൃഷ്ണൻ പാവുമ്പ' എന്നായിരിക്കുന്നു. അവിടെ കുഞ്ഞുന്നാളിൽ അച്ഛൻ ചെല്ലപ്പൻ നായർ നാട്ടിലെയാശാൻ ആയിരുന്നു. കൃഷിയും കച്ചവടവും ചെയ്തു. മാതാവ് തങ്കമ്മ അമ്പലങ്ങളിൽ ഭാഗവതപാരായണം നടത്തിയിരുന്നു. ഈ ശീലം കുറേശ്ശെയൊക്കെ രാധാകൃഷ്ണനുമുണ്ട്. എന്നാൽ അനുജൻ RLV സുരേന്ദ്രൻ എന്ന പാട്ടുകാരനാണ് ഇന്നിപ്പോൾ കുടുംബത്തിൽ ഈ രംഗത്ത് സ്ഥിരക്കാരൻ. അദ്ദേഹം ഗാനഭൂഷണം പാസായപ്പോൾ സഹോദരിയൊരാൾ ഗാനപ്രവീൺ മുഴുമിച്ചു. പേര് സുശീല. മറ്റൊരു പെങ്ങൾ ലളിത തയ്യൽ പഠിച്ച് നാട്ടിൽത്തന്നെ താമസം. അവർക്കുണ്ടായ ജീവിതയുയാർച്ചകളിൽ രാധാകൃഷ്ണനു പങ്കുണ്ട്.
രാജ്യത്തു പലയിടത്തു കൂടാതെ അമേരിക്കയിലും ഗൾഫിലും വേഷം അവതരിപ്പിച്ചിട്ടുണ്ട്. കഥകളി ക്ലബ്ബുകളുടെയടക്കം സാംസ്കാരിക സംഘടനകളുടെ പുരസ്കാരങ്ങളും മറ്റംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ കോട്ടക്കൽ ശിവരാമൻറെ നാമത്തിലുള്ള 'ഓർമ' (2024) പുരസ്‌കാരവും.