രംഗചലനങ്ങളിലെ മിതത്വവും മൂർച്ചയും
- Details
- Category: Kathakali
- Published on Friday, 04 October 2024 17:55
- Hits: 245
മഹാചാര്യൻ കലാമണ്ഡലം രാമൻകുട്ടിനായരുടെ ജന്മശതാബ്ദിവേളയിൽത്തന്നെ കലാനിലയം ഗോപിക്ക് സദനത്തിൻറെ 2024 പട്ടിക്കാംതൊടി പുരസ്‌കാരം ലഭിച്ചത് കാലത്തിൻറെ സുന്ദരമായ കാവ്യനീതി.
ശ്രീവൽസൻ തിയ്യാടി
മ
എല്ലാവർക്കും നമസ്കാരം!
ആദ്യംതന്നെ പറയട്ടെ: അരങ്ങുപ്രവൃത്തിയിൽ വളരെ കൗതുകകരമായ വഴികളുടെ മേളനമാണ് ഇന്നത്തെ പുരസ്‌കാര ജേതാവിൽ നമുക്ക് ദർശിക്കാനാവുക. അറുപത്തിയഞ്ചു വയസ്സുകാരനാണ് കലാനിലയം ഗോപി. അരനൂറ്റാണ്ടിലധികംമുമ്പ് കഥകളിയഭ്യസിക്കാനായി ഇരിഞ്ഞാലക്കുടയിലെ സ്ഥാപനത്തിലെത്തിയ അദ്ദേഹത്തിൻറെ ഗുരുക്കളിൽ ഒരു പ്രധാനി പള്ളിപ്പുറം ഗോപാലൻ നായരായിരുന്നു. തെക്കൻശൈലിയുടെ ഉന്നതപ്രയോക്താവായിരുന്നു ഗോപാലൻനായർ. അതേസമയം ശ്രീ ഗോപിയെ പഠിപ്പിച്ച മറ്റൊരാശാൻ കലാമണ്ഡലം കുട്ടൻ ആണ്. വേറെയും നാലുപേരുള്ളത് വഴിയേ പറയാം. എന്നിരിക്കിലും ഇപ്പോൾത്തന്നെ ഈ ആറാൾപ്പട്ടികയിലേക്ക് ചേർക്കേണ്ട മറ്റൊരു വിഗ്രഹമുണ്ട്: കലാമണ്ഡലം രാമൻകുട്ടി നായർ. ഇന്നീ അവാർഡിൻറെ നാമംപേറുന്ന പട്ടിക്കാംതൊടി രാവുണ്ണിമേനോൻറെ പ്രമുഖ ശിഷ്യൻ. മദ്ധ്യകേരളത്തിലെ കല്ലുവഴിസമ്പ്രദായം നൂറുകൊല്ലംമുമ്പ് സമ്പുഷ്ടമാക്കിയ പിതാമഹൻ. കുട്ടനാശാൻറെകൂടി ഗുരുവായ രാമൻകുട്ടിനായരാശാൻ വിധിനിയോഗംപോലെ കലാനിലയം ഗോപിക്കുകൂടി ഉന്നതപഠനത്തിൽ ആശാനായി.
അതെങ്ങനെ? ഇതാണാ കഥ:
തലപ്പിള്ളിത്താലൂക്കിൻറെ തലസ്ഥാനമായ വടക്കാഞ്ചേരിക്ക് അകലെയല്ലാത്ത ഗ്രാമമാണ് നെല്ലുവായ. അവിടെ 1959ൽ ജനിച്ചു വടുതല വീട്ടിൽ ഗോപി. കലാപരമായ പാരമ്പര്യമേതുമില്ലാത്ത കുടുംബം. അച്ഛൻ കുഞ്ഞികൃഷ്ണൻ നായർ ഹോട്ടൽ നടത്തിപ്പോന്നു. മാതാവ് കാർത്ത്യായനിയമ്മ ഏഴ് കുട്ടികളെ നോക്കി വലുതാക്കി. അവരിൽ ആറാമനായിരുന്നു ഗോപി.
നാടൊട്ടുക്ക് പൊതുവെ ദാരിദ്ര്യമുള്ള ബാല്യകാലം. 1965-ലെ ഇന്ത്യാ-ചൈനാ യുദ്ധത്തോടെ വറുതികൂടി. സ്‌കൂളിൽ ചേർത്ത ഗോപി അടുത്ത ദശകത്തിനു തുടക്കത്തിൽ അപ്പർ പ്രൈമറി കടന്നു. കുട്ടിയുടെ അഭ്യുദയകാംക്ഷികളായ രണ്ടു നാട്ടുകാർ അപ്പോഴൊരു ഉപായമൊപ്പിച്ചു. വീട്ടുകാരറിയാതെ ഗോപിയുടെപേരിൽ കഥകളിവേഷത്തിന് ഒരു സ്ഥാപനത്തിലേക്ക് അപേക്ഷയയച്ചു. സംഗീതജ്ഞനായ കെ.പി. കേശവനും അയലത്തെ ഗോപാലകൃഷ്ണനും ആണിതു ചെയ്തത്. നെല്ലുവായനിന്ന് വടക്കോട്ട് 15 കിലോമീറ്റർ തികച്ചില്ല ചെറുതുരുത്തിയിലെ കലാമണ്ഡലത്തിലേക്ക്. എന്നാൽ പത്രത്തിൽ കണ്ട പരസ്യം അതിൻറെ എതിർദിശയിൽ മൂന്നുമടങ്ങ് ദൂരം അധികമുള്ള ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിലെ ആയിരുന്നു. തിരികെ ഇൻറർവ്യൂവിന് ക്ഷണംവന്നു. കുട്ടിയേയുംകൊണ്ട് മേൽപ്പറഞ്ഞ കേശവേട്ടൻ ഇരിഞ്ഞാലക്കുടയിലെത്തി -- 1971 വേനലൊടുവിൽ.
ചെറിയബാലനായ ഗോപിയെ മടിയിലിരുത്തിയായിരുന്നുവത്രേ പള്ളിപ്പുറം ഗോപാലൻനായർ ചില്ലറ ചോദ്യങ്ങൾ ചോദിച്ചത്. ഒപ്പം അന്നവിടെ ഉണ്ടായിരുന്ന കലാനിലയം രാഘവൻ, സദനം കൃഷ്ണൻകുട്ടി, കലാനിലയം ഗോപാലകൃഷ്ണൻ എന്നിവരും തുടർന്ന് ഗോപിക്ക് കഥകളിയാശാന്മാരായി. കലാനിലയത്തിൻറെ ഔദ്യോഗിക മേധാവികളായി അക്കാലത്തുണ്ടായിരുന്നത് പുതൂർ അച്യുത മേനോൻ, പനമ്പിള്ളി രാഘവ മേനോൻ, കരുണാകരൻ പിള്ള എന്നിവരായിരുന്നു.
കലാനിലയത്തിൽ പ്രവേശനസമയത്ത് പതിനൊന്നുവയസ്സുമാത്രമുണ്ടായിരുന്ന ഗോപിക്ക് ഇരിഞ്ഞാലക്കുട പുതിയലോകമായിരുന്നു. അതുവരെ ആകെ കണ്ടിട്ടുണ്ടായിരുന്ന കഥകളി പട്ടാഭിഷേകം ആണ്. പത്തുവയസ്സെത്തും മുമ്പ്. നെല്ലുവായുടെ സമീപ ഗ്രാമമായ തിച്ചൂരെ അയ്യപ്പൻകാവിൽ കോട്ടക്കൽ നാട്യസംഘത്തിൻറെ അരങ്ങ് കാണാൻ മുതിർന്നവർ കൊണ്ടുപോയതാണ്.
തൃശൂരിന് 22 കിലോമീറ്റർ തെക്ക് ഇരിഞ്ഞാലക്കുടയിൽ ഗോപിക്ക് തുടക്കത്തിൽ സഹപാഠികളായി മൂന്നുപേരുണ്ടായിരുന്നു. ബാച്ചിലെ രണ്ടുപേർ വൈകാതെ കൊഴിഞ്ഞു. ശേഷിച്ചത് ശിവൻ നമ്പൂതിരി. കലാമണ്ഡലത്തിൽനിന്ന് കൂടിയാട്ടം പഠിച്ചശേഷം കഥകളി അഭ്യസിക്കാനായി എത്തിയതായിരുന്നു ഷൊറണൂർ കണയംകാരൻ. ശിവനും ഗോപിയും കൂട്ടുകാരായി. അവർക്ക് കലാനിലയം ഗോപാലകൃഷ്ണൻ ആദ്യയദ്ധ്യാപകനായി. ട്രൂപ്പിൻറെ കളികൾക്ക് വിദ്യാർത്ഥികളെയും കൊണ്ടുപോവും. അടുത്തും അകലെയും വേദികളിൽ ആശാന്മാരുടെ ബാലിവിജയവും ബാണയുദ്ധവും ഒക്കെ അങ്ങനെ നടാടെ കണ്ടദ്‌ഭുതപ്പെട്ടു ഗോപി.
കലാനിലയം ഗോപിയുടെ സീതാസ്വയംവരം പരശുരാമൻ:
കലാനിലയത്തിൽ അന്നൊക്കെ ഭാഗികമായി വിദ്യുച്ഛക്തി എത്തിയിരുന്നു. വെളുപ്പിന് രണ്ടേമുക്കാലിന് ഉറക്കമുണരണം. മതിലിനപ്പുറം കൂടൽമാണിക്യക്ഷേത്രത്തിൽ മൂന്നുമണിക്ക് കതിനവെടി പൊട്ടും; അപ്പോഴേക്കും കണ്ണുസാധകത്തിനായി തഴപ്പായയിൽ നിരന്നിരിക്കണം. മഴക്കാലമെങ്കിൽ ചവിട്ടിയുഴിച്ചിൽ. പ്രഭാതത്തിൽ കുളിയും പ്രാതലും കഴിഞ്ഞാൽ ചൊല്ലിയാട്ടം ഉച്ചവരെ. ഊണിനുശേഷം സാഹിത്യപഠനം: സംസ്കൃതപണ്ഡിതൻ സി. മാധവമേനോൻ ആയിരുന്നു മാഷ്. ശേഷം അഞ്ചഞ്ചരമണിവരെ രണ്ടുമണിക്കൂർ വീണ്ടും ചൊല്ലിയാട്ടം. വൈകുന്നേരം പിന്നെയും കുളത്തിൽ മേലുകഴുകിവന്നാൽ സന്ധ്യക്കുള്ള ഭജന. തുടർന്ന് അത്താഴംവരെ ഇരുന്നുള്ള മുദ്രക്ലാസ്, പുരാണപരിചയം -- അതിനേറെയും ഗോപാലൻനായരാശാൻ.
വേഷംപഠിക്കാൻ സീനിയേഴ്സ് അഞ്ചാറുപേർ. അവരിൽ പ്രധാനികൾ ഏറ്റുമാനൂർ മോഹൻകുമാറും പിന്നെ സദനം അക്കാദമിയിൽ മുഖ്യയാദ്ധ്യാപകനായിഭവിച്ച കലാനിലയം ബാലകൃഷ്ണനും. പള്ളിപ്പുറവും ഗോപാലകൃഷ്ണനും കൂടാതെ കൃഷ്ണൻകുട്ടിയാശാനും രാഘവവാശാനും. രണ്ടാണ്ട് കഴിഞ്ഞപ്പോൾ കലാമണ്ഡലം കുട്ടനാശാനും വെള്ളിനേഴിനിന്ന് ഇരിഞ്ഞാലക്കുടയിലെ കളരിയിലെത്തി.
തുടക്കമാസങ്ങളിൽത്തന്നെ ഗോപിക്ക് ആകെമൊത്തം ഇഷ്ടപ്പെട്ടു. വഴിയേ എല്ലാം ശീലംവന്നു. അരങ്ങേറ്റത്തിന് കാലമായി. പുറപ്പാടിൽ മുടിവച്ച വേഷം -- പന്ത്രണ്ടാംവയസ്സിൽ. കലാനിലയത്തിൽ വച്ചുതന്നെ. ആശാന്മാർക്കെല്ലാം ദക്ഷിണ കൊടുത്ത് മേടയേറി. 1972ലെ ഈ കളിയിലെ ആദ്യ കഥയായിരുന്ന കാലകേയവധത്തിൽ ഇന്ദ്രനായി ശിവൻ നമ്പൂതിരിയായിരുന്നു. (അദ്ദേഹം വൈകാതെ കൂടിയാട്ടമാശാനായി തിരികെ കലാമണ്ഡലത്തിൽ ചേർന്നു.)
ആറുകൊല്ലം കലാനിലയത്തിൽ വേഷം പഠിച്ച ഗോപി അഭ്യാസബലം നേടി. അരങ്ങുകളിൽ പ്രവർത്തിച്ചുതുടങ്ങി. കോഴ്‌സ് കഴിഞ്ഞതും കേന്ദ്ര സർക്കാരിൻറെ സ്‌കോളർഷിപ്പിന് അർഹനായി. മദിരാശിയിലെ അഭിമുഖത്തിൽ നാടകാചാര്യൻ കാവാലം നാരായണപ്പണിക്കാരുടെ പാനൽ ഗോപിക്കനുകൂലമായി വിധിയെഴുതി. സസന്തോഷം തിരികെ ഇരിഞ്ഞാലക്കുടയിലെത്തിയ ഗോപിയെ പള്ളിപ്പുറമാശാൻ ഉപദേശിച്ചു: "ഇത്രയും കാലം എനിക്ക് ശിഷ്യനായി. ഇനി കലാമണ്ഡലത്തിൽ പോയി രാമൻകുട്ടി നായരുടെ കീഴിൽ പരിശീലിക്കൂ."
പ്രായം ഇരുപതു തികഞ്ഞിട്ടില്ലാഞ്ഞ കലാനിലയം ഗോപി അതോടെ അഭ്യസനത്തിൻറെ രണ്ടാമദ്ധ്യായം ചെറുതുരുത്തിയിൽ കുറിച്ചു. നിളാതീരത്തെ സ്ഥാപനത്തിൽ മനോലോകം കുറേക്കൂടി വിപുലമായി. കൂടിയാട്ടം, നൃത്തം, പഞ്ചവാദ്യം തുടങ്ങി വേറെയും കലാരൂപങ്ങൾ നോക്കിയറിഞ്ഞു. സ്വയം ചൊല്ലിയാടുകമാത്രമല്ലാതെ കഥകളിയിലെത്തന്നെ മറ്റു കളരികൾ കണ്ടുശീലിച്ചു. പദ്മനാഭൻ നായർ, കലാമണ്ഡലം ഗോപി, വാഴേങ്കട വിജയൻ തുടങ്ങിയരുടെ. എന്തിനേറെ, രണ്ടുവർഷത്തെ സ്‌കോളർഷിപ്പിനൊടുവിൽ വാസു പിഷാരോടിയും മൂന്നുമാസം ചൊല്ലിയാടിച്ചു.
കലാനിലയം ഗോപിയുടെ പട്ടാഭിഷേകം ഹനൂമാൻ:
പൊതുവെ പഠിക്കാൻ സമകാലികരായി കറുത്ത ഗോപാലകൃഷ്ണൻ, ഒറ്റപ്പാലം രാമദാസ്, കലാമണ്ഡലം ജോൺ, ഉദയകുമാർ, ജയകുമാർ എന്നിവരായിരുന്നു. ഒഴിവുദിവസങ്ങളിൽ ചെന്നുതാമസിക്കാൻ നെല്ലുവായയിൽ വീടുള്ളത് നല്ല സൗകര്യമായി. നാലഞ്ചുമാസക്കാലം കലാമണ്ഡലത്തിൽ വിദേശികളെ പഠിപ്പിക്കുകയുമുണ്ടായി കലാനിലയം ഗോപി. ശ്രീയയ്യപ്പനെ നായകനാക്കിയുള്ളൊരു നൃത്തനാടകത്തിൽ സഹകരിച്ച് ഉത്തരേന്ത്യയിൽ പലയിടത്തും അവതരണം നടത്തി.
വിജയകരമായി തിരികെ ഇരിഞ്ഞാലക്കുടയിലെത്തി പ്രദേശത്തെ കുട്ടികളെ കഥകളി പഠിപ്പിക്കാനാരംഭിച്ചു. ചില വിദ്യാർത്ഥികളെ ഏല്പിച്ചത് രാഘവവാശാനായിരുന്നു. അദ്ദേഹത്തിൻറെ മകൾ കെ.ആർ. ജയശ്രീ പിന്നീട് ജീവിതസഖിയായി. ബാച്ചിലർകാലത്തെ മുറിയിൽ കൂടെതാമസിച്ചിരുന്ന പാട്ടുകാരൻ കലാമണ്ഡലം രവീന്ദ്രൻ ആണത്രെ ഇങ്ങനെയൊരു വിവാഹബന്ധത്തിന് കരുനീക്കിയത്. താലികെട്ടിനുശേഷം കല്യാണവിരുന്നും കലാനിലയത്തിൽത്തന്നെയായിരുന്നു.
1989ലായിരുന്നു മംഗല്യം. അതിന് എട്ടുവർഷംമുമ്പുതന്നെ, 1981ൽ, ഗോപി കലാനിലയത്തിൽ ആശാനായിക്കഴിഞ്ഞിരുന്നു. തുടക്കത്തിൽ താത്കാലികമായും തുടർന്ന് സ്ഥിരമായും. ശമ്പളമെച്ചത്തിനായുള്ള സമരം 1984ൽ കൊടുമ്പിരിക്കൊണ്ടപ്പോൾ ഗോപിയും സഹപ്രവർത്തകർക്കൊപ്പം തെരുവിലിറങ്ങി താലൂക്കാപ്പീസിനുമുമ്പിൽ പ്രതിഷേധിച്ചു. ഫലം കണ്ടു. മാത്രമല്ല, മൊത്തം 36 കൊല്ലം കലാനിലയത്തിൽ ആശാനായി ഗോപി. മോഹൻകുമാറിൻറെ മരണശേഷം വകുപ്പുമേധാവിയും ഗോപാലകൃഷ്ണാശാൻ വിരമിച്ചപ്പോൾ പ്രിൻസിപ്പാളും ആയി.
കേരളമൊട്ടുക്കും മറ്റുസംസ്ഥാനങ്ങളിലും വിദേശത്തും പലകുറി കഥകളിയവതരിപ്പിച്ചു. ഇന്നും രംഗത്ത് സജീവൻ. വിഷ്ണുമായാചരിതം തുടങ്ങി പുതിയ കഥകളിലും സഹകരിക്കുന്നു. ഇപ്പോഴുമുണ്ട് വനിതകളുൾപ്പെടെ വലിയൊരു ശിഷ്യഗണം. അവരിൽ മകൾ ഐശ്വര്യ കഥകളി കൂടാതെ നൃത്തവും തുള്ളലും അഭ്യസിച്ചിട്ടുണ്ട്. നെല്ലുവായയിൽ ഗോപിയുടെ തറവാട്ടംഗമാണ് ഏടത്തിസ്ഥാനമുള്ള കലാമണ്ഡലം ദേവകി. മദ്ദളവാദകൻ നാരായണൻ നായരുടെ പത്നി. തുള്ളൽകാരിയായി അരങ്ങുവാണ അവർ രണ്ടരവർഷം മുമ്പ് നിര്യാതയായി.
സദനത്തിൽനിന്നുള്ള ഈ പുരസ്‌കാരത്തിനു മുമ്പായി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട് ശ്രീ കലാനിലയം ഗോപി. കലാമണ്ഡലവും കഥകളിക്ലബ്ബുകാളും ഉൾപ്പെടെ പല സാംസ്കാരിക സ്ഥാപനങ്ങളിൽനിന്നായി. കളിയരങ്ങിൽ തേച്ചവേഷങ്ങളും മിനുക്കും ഒരുപോലെ ഭംഗിയാക്കും. പച്ചയും കത്തിയും വെള്ളത്താടിയും വട്ടമുടിയും ബ്രാഹ്മണരും എല്ലാം ഒന്നിനൊന്ന് മികവുള്ളവ. ചലനങ്ങളിൽ മിതത്വവും മൂർച്ചയും ഒരേയളവിൽ. ഇക്കാര്യത്തിൽ ഏറെ സാമ്യം രാമൻകുട്ടിനായരുമായാണ്. അന്തരിച്ച മഹാചാര്യൻറെ ജന്മശതാബ്ദി വേളയിൽത്തന്നെ കലാനിലയം ഗോപിക്ക് സദനത്തിൻറെ പട്ടിക്കാംതൊടി പുരസ്‌കാരം ലഭിച്ചത് കാലത്തിൻറെ സുന്ദരമായ കാവ്യനീതി.
അവാർഡ് ജേതാവിന് ആശംസകൾ. ഇനിയുമേറെക്കാലം അദ്ദേഹം കളിയരങ്ങുകളിൽ കാന്തിപടർത്തട്ടെ.
(സദനം കഥകളി അക്കാദമിയുടെ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ 2024 പുരസ്‌കാരദാന യോഗത്തിൽ ജേതാവിനെ പരിചയപ്പെടുത്തിയുള്ള പ്രസംഗത്തിന് പങ്കുചേരാനാവാതെ വന്നപ്പോൾ ലേഖകനമായി കുറിച്ചത് സദസ്സിനായി സ്ഥാപനമേധാവി കെ. ഹരികുമാർ സെപ്റ്റംബർ 28ന് വായിച്ചുകേൾപ്പിച്ചത്.)