നീലമണി ഒരു ബ്രാഹ്മണരാഗം?

നീലമണി ഒരു ബ്രാഹ്മണരാഗം?                        

You need to a flashplayer enabled browser to view this YouTube video

Sreevalsan Thiyyadi - കൂട്ടരേ, തനി തമിഴ്നാടന്‍ (അബ്രാഹ്മണ) സംസ്കാരമുള്ള (എന്ന് തോന്നിക്കുന്ന) സംഗീതം കര്‍ണാടക സംഗീതത്തില്‍ ഇതാ. രാഗം (അത്രതന്നെ ആരും കേള്‍ക്കാന്‍ ഇടയില്ലാത്ത) 'നീലമണി'. നമുക്ക് പലര്‍ക്കും കൂടുതല്‍ പരിചയമുള്ള ശിവരഞ്ജിനിയുടെ അയലത്തെ മൂപ്പത്തി ആണെന്ന് തോന്നുന്നു. ഇവിടെ, "എന്ന കവി പാടിനാലും" ആലപിച്ചിട്ടുള്ളത് പ്രശസ്ത ഗായിക അരുണാ സായിറാം.

Sreevalsan Thiyyadi - ഇനി, ഈ രാഗം (തന്നെയല്ലേ?) ആസ്പദമാക്കി ഒരു പ്രസിദ്ധ തമിഴ് സിനിമാ പാട്ട്. 1984ല്‍ പുറത്തു വന്ന "വൈദേഹി കാത്തിരുന്താള്‍" എന്ന പടത്തില്‍ ഇളയരാജ സംവിധാനം ചെയ്ത ഗാനം.

You need to a flashplayer enabled browser to view this YouTube video

Sreevalsan Thiyyadi - ഒരു തോന്നല്‍ പങ്കിട്ടു എന്ന് മാത്രം. മെമ്പര്‍മാരുടെ അഭിപ്രായം ആരായുന്നു. വിമര്‍ശനങ്ങളും. അരുണാ സായിറാമിനൊപ്പം: വയലിന്‍ -- എമ്പാര്‍ എസ് കണ്ണന്‍, മൃദംഗം -- ജെ വൈദ്യനാഥന്‍, ഘടം -- എസ് കാര്‍ത്തിക്ക്. വൈദേഹി കാത്തിരുന്താള്‍: സംവിധാനം -- ആര്‍ സുന്ദര്‍രാജന്‍, നടീനടന്മാര്‍ -- രാധാരവി, രേവതി, വിജയ്‌കാന്ത്.

Narayanan Mothalakottam - നീലമണി എന്നറിഞ്ഞു ആദ്യമായി കേള്‍ക്കുന്നു. ഇത് പഴയ രാഗങ്ങളില്‍ പെട്ടത് തന്നെ ആണോ, അതോ "പുതിയതോ"? മറ്റു കൃതികള്‍ ഈ രാഗത്തില്‍ ഉണ്ടോ?? ത്രിമൂര്‍ത്തികള്ടെയോ സ്വാതിയുടെയോ ഏതെങ്കിലും കൃതികള്‍?? Ajith Namboothiri‌, Harikumaran Sadanam, Arun ..

Ajith Namboothiri - നീലമണി എന്നാ രാഗം അപൂര്‍വ്വം തന്നെയാണെന്ന് ആണ് എന്റെ അറിവ്. Sreevalsan Thiyyadi "ബ്രാഹ്മണ സംഗീതം", "അബ്രാഹ്മണ സംഗീതം" എന്നിങ്ങനെ രണ്ടു തരമുണ്ടോ? ഇതിനെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു.ബിസ്മില്ലാ ഖാന്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നതും ദക്ഷിണഭാരതീയ രീതിയില്‍ നാഗസ്വരത്തില്‍ ഷേഖ് ചിന്ന മൌലാന അവതരിപ്പിച്ചിരുന്നതും താന്‍സെന്‍ പാടിയിരുന്നതും മറ്റും ഇവയില്‍ ഏത്‌ വിഭാഗത്തില്‍ പെടുത്താം?

 

Rajeev Pattathil - ശ്രീവല്സേട്ടന്‍ ഉദ്ദേശിച്ചത് ഈ രാഗത്തിന്റെ വേരുകള്‍ ആദി ദ്രാവിഡ സംസ്കാരത്തില്‍ ആണെന്നാണോ?

Ajith Namboothiri - This song Enna kavi paadinalum" was a hit number of Madurai Somu and still live in hearts. മദുരൈ സോമു തൊണ്ടയിടറി പാടിയ ഒരു സന്ദര്‍ഭം കേള്‍ക്കൂ

You need to a flashplayer enabled browser to view this YouTube video

Padmini Narayanan - നീലമണി അപൂര്‍വ രാഗം തന്നെ. എന്നാല്‍ ശ്രീ . ടി.എച് . subrhamaniam .. വയലിന്‍.. ഒരു അഭിമുഖത്തില്‍ ഈ രാഗത്തെ കുറിച്ച് പറഞ്ഞതായി ഓര്‍ക്കുന്നു ..

Narayanan Mothalakottam - സംഗീതത്തെ അല്ല ബ്രാഹ്മണം, അബ്രാഹ്മണം എന്ന് Sreevalsan Thiyyadi തരം തിരിച്ചത് എന്നാണ് എനിക്ക് മനസ്സിലായത്. സംസ്കാരത്തെ ആണ്. ദ്രാവിഡ സംസ്കാരം എന്ന് പറയുന്നത് അബ്രാഹ്മണ സംസ്കാരം അല്ലെ?? ആ സംസ്കാരം ഉള്ള അല്ലെങ്കില്‍ ആണ് എന്ന് തോന്നിക്കുന്ന രാഗം ആണ് നീലമണി എന്നല്ലേ പറഞ്ഞത്; അല്ലെങ്കില്‍ എനിക്ക് മനസ്സിലായത്. നമ്മുടെ folk സംഗീതവും അത്തരത്തില്‍ പെടുത്താം എന്ന് തോന്നുന്നു. അബ്രഹ്മനരോ, അഹിന്ദുക്കളോ പാടുന്നത് കൊണ്ടല്ല അങ്ങിനെ സംഭവിക്കുന്നത്.....

Hari Namboodiri - ഏതൊക്കെയാണ് ബ്രാഹ്മണ രാഗങ്ങള്?? വേര്‍തിരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല, കാല ദേശങ്ങള്‍ക് അതീതമായ,  ഒരു കൊടുക്കല്‍ വാങ്ങല്‍ നടന്നു കൊണ്ടിര്‍ക്കുകയല്ലേ, ദ്രാവിഡ സംഗീതം ആണെങ്കില്‍, ദ്രാവിഡ സംസ്കാരത്തിന്റെ കലര്പില്ലാത്ത ഒന്നെങ്കിലും ദക്ഷിണേന്ത്യന്‍ കലകളില്‍ ഉണ്ടോ?? carnatic കൃതികള്‍ തന്നെ സംസ്കൃതത്തേക്കള്‍ ഏറെ പഞ്ച ദ്രാവിഡ ഭാഷകളില്‍ ഏതെങ്കിലും ഒന്നിലാണ്, അല്ലെങ്കില്‍ പിന്നെ ഭരതന്റെയും, മതങ്ഗന്റെയും, ബ്രിഹദേശിയുടെയും ഒക്കെ കാലത്തുള്ള സംഗീതത്തെ അന്വേഷിക്കേണ്ടി വരും....

Ajith Namboothiri - Narayanan Mothalakottam ഞാന്‍ Sreevalsan Thiyyadi ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുകയല്ല. പൊതുവേ ഇപ്പൊ കണ്ടു വരുന്ന ഒരു പ്രവണതയാണ് ഈ വേര്‍തിരിവ്. അത് നമ്മളായിട്ടു വളര്‍ത്തണോ എന്നാണെന്റെ സംശയം. പ്രത്യേകിച്ചും ഇങ്ങനെ നല്ല ഉദ്ദേശമുള്ള ഒരു ഗ്രൂപ്പില്‍ അത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കുന്നതല്ലേ നല്ലത്? എന്റെ സംശയം മാത്രം. ഒരു വിവാദം ഉണ്ടാക്കലല്ല എന്റെ ലക്‌ഷ്യം.

ഒരു പക്ഷെ "നാടന്‍ " എന്നാ പദത്തിന് കൂടുതല്‍ വ്യക്തത കൊണ്ട് വരാന്‍ വേണ്ടി പ്രയോഗിച്ചതാവം Sreevalsan Thiyyadi, പക്ഷെ അത്തരം പദപ്രയോഗങ്ങള്‍ ഒഴിവാക്കിയാല്‍ കൂടുതല്‍ നന്നായിരിക്കും എന്നാണെനിക്കു തോന്നുന്നത്. ഒരു കാര്യത്തില്‍ Sreevalsan Thiyyadiയോട് യോജിക്കെണ്ടതായും വരും,  ആ പാട്ടില്‍ തനി നാടന്‍ സംസ്കാരമുള്ളതായി തോന്നും എന്നാ കാര്യത്തില്‍ .

Ajith Namboothiri - ഇത് മറ്റൊരു പാട്ട് സോമു തന്നെ പാടിയത്, ഇങ്ങനെയുള്ള ചില പാട്ടുകള് പാടാതെ ഒരു കച്ചേരിയും നിര്ത്താന് സോമുവിന്റെ ആരാധകര് സമ്മതിക്കുമായിരുന്നില്ല അന്ന് ! ഇതെല്ലാം എത് വിഭാഗത്തില് പെടുത്താമെന്നറിയില്ല . കേള്ക്കുമ്പോള് ഉള്ളം കുളിരുന്ന ഒരനുഭവം ! ജാതിയേതായാലും പാട്ട് നന്നായാല് മതി എന്ന് തോന്നും ഇല്ലേ ! പാട്ടില് ശ്രുതിഭേദം ആവാം ജാതിഭേദം ഇല്ലാതിരിക്കട്ടെ ! സംഗീതത്തെ "ബ്രാഹ്മണികം" "അബ്രാഹ്മണികം" എന്നെല്ലാം വേര്‍തിരിക്കാനുള്ള അവിവേകം ആര്ക്കും തോന്നാതിരിക്കട്ടെ. സനാതനസംഗീതത്തില് നിരവധി സരണികള് ഒരു കടലിലെക്കെന്ന പോലെ ഒഴുകിയെത്തിയിട്ടുണ്ട്. ഒരു ജാതിയും നോക്കാതെ അതിനു മുന്പില് നമസ്കരിക്കാനുള്ള ആര്ജവം പഴയ കാല മഹാസംഗീതജ്ഞരില് പലരും കാണിച്ചിട്ടുണ്ട്. നാടോടി സംഗീതത്തില് നിന്നുള്ള ധാരാളം രാഗങ്ങള് ഇന്നത്തെ സനാതന സംഗീതത്തില് നാം കേള്ക്കുന്നുന്ടെങ്കില് അതിനു കാരണം നല്ലതിനെയെല്ലാം ഉള്ക്കൊള്ളാനുള്ള സന്മനസ്സു കാണിച്ച സംഗീതജ്ഞരുടെ ഒരു സമൂഹം ഉണ്ടായിരുന്നു എന്നതാണ്.

You need to a flashplayer enabled browser to view this YouTube video

Hari Namboodiri - Shivaranjani is an Audava Janya Raga of the 22nd Mela Kharaharapriya [or even Hemavati, Dharmavati, etc] The krama is S R2 G2 P D2 S - S D2 P G2 R2 S Neelamani is a Shadava Janya Raga of Sarasangi [or Keeravani].The Krama is S R2 M1 P D1 N3 S - S N3 D2 P M1 R2 S

http://www.esnips.com/displayimage.php?pid=20989761

Krishnan Mandredam - ഇളയരാജ ഈ രാഗത്തില്‍ ഒരു "specialist" ഉം - കൂടുതലും expiriment നടത്തിയതും അദ്ദേഹത്തിന്‍റെ മാസ്റ്റര്‍ പീസും ഈ രാഗത്തില്‍ ആണെന്ന് തോന്നുന്നു.

Rajeev Pattathil 

You need to a flashplayer enabled browser to view this YouTube video

Ajith Namboothiri - ‎Rajeev Pattathil Jane kaha is sivaranjani

Rajeev Pattathil -Just posted it wondering if the "nadan" argument is valid as similar tunes are there in Hindustani

Rajeev Pattathil - Ajith Namboothiri, Sreevalsan Thiyyadi, what I meant was only this: if we assume that "neelamani" has its origins in the Dravidian culture, it is intriguing that a seemingly very close raga, sivaranjini, is quite popular in Hindustani. Let's call it tune as this is in film music. The contrary is true for many "naadan" raagas we know: paadi, puraneeru, khandaaram etc. Are there other ragas with similar interesting features? I felt about Sindhu bhairavi the same way.

Ajith Namboothiri ‎- Sreevalsan Thiyyadi Sreevalsan അങ്ങനെയൊരു അഭിപ്രായം പറഞ്ഞത് രാഗങ്ങളെ കുറിച്ചാണെന്ന് തോന്നുന്നില്ല . ആ പാട്ടിന്റെ ഭാവത്തില്‍ തോന്നിയ ഒരു ഫീല്‍ വളരെ നാടന്‍ ആയ അല്ലെങ്കില്‍ മണ്ണിന്റെ മണമുള്ള എന്തോ ഒന്ന് എന്നായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചത് .ഏതായാലും അദ്ദേഹത്തെ പിന്നെ ഈ വഴി കാണാനുമില്ല .

Sreevalsan Thiyyadi - തമിഴ് നാടന്‍ സംസ്കാരത്തിന്റെ മുഖമുദ്ര എന്ന് കര്‍ണാടക സംഗീതത്തെ വിശേഷിപ്പിക്കുമ്പോഴും ആ സംസ്ഥാനത്തെ ജനതയുടെ മൂന്നു ശതമാനമേ ബ്രാഹ്മണര്‍ ഉള്ളൂ എന്നും, ഏറെക്കുറെ അവര്‍ മാത്രമേ ഇതിന്റെ പ്രയോക്താക്കള്‍ ആയുള്ളൂ എന്നും (സൌകര്യപൂര്‍വ്വം) മറക്കാതിരിക്കുക.

ഈ രാഗത്തിന് ബഹുഭൂരിപക്ഷം തമിഴ് ജനതയുടെ സംസ്കാരത്തിന്റെ ഗന്ധം തോന്നി. അതുകൊണ്ട് അബ്രാഹ്മണം. ആരെങ്കിലുമൊക്കെ കര്‍ണാടക സംഗീതത്തില്‍ ഇതു വ്യാപകമായി പാടിയാല്‍ ബ്രാഹ്മണം എന്നും വിളിക്കാം. അത് ചെയ്യാത്തിടത്തോളം കാലം ഇത് ഗംഭീരമായ അബ്രാഹ്മണ രാഗം തന്നെ. (മദുരൈ സോമുവിന്റെ പാട്ട് ഇവിടെ രേഖപ്പെടുത്തിയതിനു നന്ദി, Ajith Namboothiri. ഒന്ന്, ഞാന്‍ അദ്ദേഹം പാടിയാണ് ഈ പാട്ട് ആദ്യ കേള്‍ക്കുന്നത് -- വര്‍ഷങ്ങള്‍ക്ക് മുന്‍പ്. രണ്ടു, അതെ, അദ്ദേഹം ബ്രാഹ്മണനല്ല. [എന്റെ പോയിന്റ്‌ എന്നെ ചോദ്യം ചെയ്ത ആള്‍തന്നെ തെളിയിച്ചു.])

പിന്നെ 'വൈദേഹി കാത്തിരുന്താള്‍' പുറത്തിറങ്ങിയ കാലത്തേ (1984) ആ ചിത്രം കണ്ടതും ഈ പാട്ട് ഹൃദിസ്ഥവും ആണ്. ഇത് ബ്രാഹ്മണരുടെ കഥയല്ല. അത് ഉപബോധ മനസ്സില്‍ കിടന്നിരിക്കാം.

Ramesh Menon - Thanks Sreevalsan Thiyyadi for this post. Aruna Sairam is one of my favorite singers. She likes to experiment a lot and daring enough to go out of tradition to bring out some fantastic rendering. In 1994, I received a copy of her a special series when I visited a friend in Amsterdam, which included a chanting of Lalitha Sahasranamam, recorded that time in a special TDK Metallic cassette, which I used to listen with interest for long time. But somehow, someone took it from me, without my knowledge and I never found it again anywhere to purchase. Giris is one place I check for such special collections.

Sreevalsan Thiyyadi - Thanks, Ramesh Menon. Let us also not forget that Aruna Sairam is one of the most inconsistent singers in Carnatic music stage today. Some of the worst kacheris you can hear in our times are also hers! I've seen her struggling to end correctly a chitta swaram phrase in the opening varnam of a concert in Chennai some four years ago. :-)

Ramesh Menon - I believe, It is because, she tries to innovate on stage, and it becomes a disaster, when she is accompanied by non-regular accompanying artists, who gets off-track by her non-conventional changes. May be we can call her Usha Uthup of Carnatic Music.

Sreevalsan Thiyyadi - രണ്ടു സംശയങ്ങള്‍, Hari Namboodiri:

1) സരസാംഗിയും കീരവാണിയും ഒന്നോ? (വിശ്വാസം വരുന്നില്ല.)

2) ഈ പറയുന്ന രാഗത്തെക്കാള്‍/രാഗങ്ങളെക്കാള്‍ നീലമണിക്ക് അടുപ്പം വ്യക്തമായും ശിവരഞ്ജിനിയോടല്ലേ? അതെങ്ങനെ?

Sreevalsan Thiyyadi -Ya, Ramesh Menon. That is largely not just because Aruna Sairam has a slightly masculine voice, but (unlike a D K Pattammal or even G Baby Sreeram) has a voice culture that sounds to suit more the North Indian classical music system than Carnatic. (No wonder, Aruna's abhang numbers have a lot of followers in the Deccan.)

മുരുഗാ എന്ന് കരഞ്ഞു പാടാന്‍ തമിഴ് നാട്ടിലെ മിക്കവാറും ബ്രാഹ്മണര്‍ക്ക് എന്നും അറപ്പാണ്, Ajith Namboothiri. അത് പറയാതെ പറഞ്ഞു എന്നല്ലാതെ ഞാനെന്തു പിഴച്ചു!

Hari Namboodiri - ഒന്നാണെന്ന് പറഞ്ഞില്ലല്ലോ, രണ്ടിലും ജന്യമാവാമെന്നല്ലേ...... കീരവാണി (S R2 G2 M1 P D1 N3 S') 21 മേളമല്ലേ നാലാമത് ചക്രത്തില്‍, സരസങ്ങി  (S R2 G3 M1 P D1 N3 S') 27 മേളവും അഞ്ചാമത് ചക്രമായ ബാണ ചക്രത്തിലും. ശിവരനജിനിയോടു നീലമണിക്ക് കൂടുതല്‍ സാമ്യത ഉണ്ടെന്നതിലും അസ്വാഭാവികത ഉണ്ടെന്നു തോന്നുന്നില്ല. ജന്യം മാറിവരുന്ന രാഗങ്ങള്‍ തമ്മില്‍ സാമ്യത കണ്ടു വരുന്നുണ്ടല്ലോ

Ajith Namboothiri - Sreevalsan Thiyyadi താങ്കളുടെ മറുപടി കിട്ടും വരെ ഞാന്‍ താങ്കളുടെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ സങ്കടമാണ് തോന്നുന്നത്. കരഞ്ഞു പാടിയാല്‍ അബ്രാഹ്മണവും കരഞ്ഞു പാടിയില്ലെങ്കില്‍ ബ്രാഹ്മണവും എന്നാണോ താങ്കള്‍ പറഞ്ഞതില്‍ നിന്നും ഞാന്‍ മനസ്സിലാക്കേണ്ടത്? അതൊരു പുതിയ അറിവാണ് എനിക്ക്. അത് പോലെ മദുരൈ സോമു ബ്രഹ്മണനല്ലാത്തത് കൊണ്ട് അത് അബ്രാഹ്മണ രാഗം ആവുന്നു എന്ന് താങ്കള്‍ പറയുന്നു . ആകെ ഒരു തമാശയായിട്ടാണ് താങ്കളുടെ വാക്കുകള്‍ എനിക്കനുഭവപ്പെടുന്നത്. ആര് പാടുന്നു എന്നതിനനുസരിച്ചു രാഗങ്ങളുടെയും പാട്ടുകളുടെയും ജാതിയും മതവും നിശ്ചയിക്കരുതേ എന്നൊരു അപേക്ഷയും ഉണ്ടെനിക്ക്. എന്റെ വാക്കുകളിലെവിടെയും കര്‍ണാടക സംഗീതം ബ്രാഹ്മണ സംഗീതം ആണെന്നുള്ള സൂചന പോലുമില്ല. പിന്നെ കര്‍ണാടക സംഗീതം തമിഴ്നാടന്‍ സംസ്കാരത്തിന്റെ മുഖമുദ്ര എന്ന് വിശേഷിപ്പിക്കാമോ? എന്നത് മറ്റൊരു ചോദ്യം? അപ്പോള്‍ ആന്ധ്ര, കര്‍ണാടക, കേരളം എന്നീ പ്രദേശങ്ങള്‍ക്ക് ഇതില്‍ ഒരു കൈയുമില്ലേ? എന്റെ വാക്കുകളില്‍ എവിടെയെങ്കിലും കര്‍ണാടക സംഗീതത്തിനു ബ്രാഹ്മണര്‍ക്ക് പ്രാധാന്യം ഉണ്ടെന്നു ഞാന്‍ പറഞ്ഞതായി കാണിച്ചു തരാമോ? ബ്രാഹ്മണം അബ്രാഹ്മണം എന്ന് വേര്‍തിരിച്ചു കാണണോ എന്നാണ് ഞാന്‍ ചോദിച്ചത്, അല്ലെ? അങ്ങനെ വേര്‍തിരിച്ചു കാണുന്നതിലെ ദോഷം ആണ് ഞാന്‍ ചൂണ്ടി കാണിക്കാന്‍ ശ്രമിച്ചത്! അല്ലെന്നു താങ്കള്‍ക്കു ഹൃദയത്തില്‍ തൊട്ടു പറയാമോ? എന്റെ ഉദ്ദേശ്യം അതല്ലായിരുന്നെന്നെന്നു പറയാമോ? താങ്കള്‍ പറയുന്നു "ആരെങ്കിലുമൊക്കെ കര്‍ണാടക സംഗീതത്തില്‍ ഇതു വ്യാപകമായി പാടിയാല്‍ ബ്രാഹ്മണം എന്നും വിളിക്കാം" അപ്പോള്‍ വ്യാപകമായി പാടുന്നതാണോ "ബ്രാഹ്മണം"? അങ്ങനെയെങ്കില്‍ ലോകം മുഴുവന്‍ പാടുന്നകൊലവെറി പാട്ടിനെ എന്താണ് വിളിക്കുക! താങ്കള്‍ പറയുന്നു "എന്റെ പോയിന്റ്‌ എന്നെ ചോദ്യം ചെയ്ത ആള്‍തന്നെ തെളിയിച്ചു" എന്ന്! എന്താണ് തെളിയിക്കപ്പെട്ടത്? തമിള്‍ ജനതയുടെ ഗന്ധം എന്നൊക്കെ വിശേഷിപ്പാക്കാവുന്ന നടോടിത്തമുള്ള, കുറിഞ്ചി, പുന്നാഗവരാളി തുടങ്ങിയ ഒരു പാട് രാഗങ്ങള്‍ ഉണ്ട്. ഇവയെ പോലും ബ്രാഹ്മണ രാഗം, അബ്രാഹ്മണരാഗം എന്നിങ്ങനെ പറയുന്നത് കേട്ടിട്ടില്ല,  ഇപ്പോള്‍ രാഗങ്ങളില്‍ പോലും ജാതിയും മതവും കലര്‍ത്തുന്നതെന്തിനാനെന്നു ഞാന്‍ അദ്ഭുതപ്പെടുന്നു, ഒരു എളിയ സംഗീത അന്വേഷകന്‍ എന്ന നിലയില്‍. സൂഫി സംഗീതം, ഖവ്വാലി സംഗീതം, ചൈനീസ് സംഗീതം, വെസ്റ്റേണ്‍ സംഗീതം, നാടോടി സംഗീതം, ബാവുള്‍ സംഗീതം, ധ്രുപദ്,  തുടങ്ങി ഏതു സംഗീതവും ജാതിയും മതവും നോക്കാതെ കേള്‍ക്കാനും അഭ്യസിച്ചു നോക്കാനും മനസ്സുണ്ടെനിക്ക്. സംഗീതത്തിനും രാഗങ്ങള്‍ക്കും ഇത്തരം വേര്‍തിരിവുകളില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു . ഇനി ഉണ്ടാവരുതെന്നും. ആര് പാടുന്നു എന്നതിനനുസരിച്ച്ചു രാഗങ്ങളുടെയും പാട്ടുകളുടെയും ജാതിയും മതവും നിശ്ചയിക്കരുതേ എന്നൊരു അപേക്ഷയും ഉണ്ടെനിക്ക്.

Ajith Namboothiri - കരഞ്ഞു പാടാന്‍ കച്ചേരി വേദിയല്ലാതെ മറ്റു ഇടങ്ങളില്ല എന്ന് താങ്കള്‍ ദയവായി പറയരുത് Sreevalsan Thiyyadi. സമ്പ്രദായ ഭജന കേട്ടിട്ടുണ്ടാവില്ലേ താങ്കള്‍ .ബ്രാഹ്മണര്‍ എന്ന് വിളിക്കപ്പെടുന്ന സമൂഹം തന്നെയാണ് ഇന്നും സമ്പ്രദായ ഭജന്‍ എന്ന സമൂഹ ഭജനയില്‍ ഒട്ടു മുക്കാലും പങ്കെടുക്കുന്നത് . കേട്ട് നോക്കൂ, ഇത് പോലെ തൊണ്ട പൊട്ടി കരഞ്ഞു പാടുന്നവരെ അതില്‍ കാണാന്‍ കഴിയും. കരയുന്നതിന്റെ density അളക്കാന്‍ നമുക്കാവില്ലല്ലോ? ഏതായലും ഈ ചര്‍ച്ച തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അതെന്റെ തോല്‍വിയായി കരുതിയാലും വിരോധമില്ല. തോല്‍വി ഒരു സുഖമാണ്, സമാധാനമാണ് ചിലപ്പോഴെങ്കിലും.

ഒരു വിഭാഗത്തിന്റെയും പ്രതിനിധിയല്ലാ ഞാന്‍ ,അങ്ങനെ കരുതുന്നവരോട്- പുഴു മുതല്‍ പൂമ്പാറ്റയെ വരെ ഒരേ പോലെ കാണാനാണ് ഞാന്‍ ശ്രമിക്കുന്നത് എന്ന് പറയാനേ കഴിയൂ, മനസ്സ് കാണിച്ചു കൊടുക്കാന്‍ കഴിയില്ലല്ലോ

Sreevalsan Thiyyadi - പറയാത്തത് പറഞ്ഞ് കാര്യങ്ങളെ നാടകവല്‍ക്കരിക്കരുത്, Ajith Namboothiri. (എനിക്കേറ്റം ബോധ്യമുള്ള) മദുരൈ ടി എന്‍ ശേഷഗോപാലന് കരഞ്ഞല്ലാതെ പാടാനേ അറിയില്ല. അദ്ദേഹം ബ്രാഹ്മണനും ആണ്. അല്ലെ? ചോദ്യം കരച്ചില്‍ ആയിരുന്നില്ല വിഷയം: മുരുഗാ/മുരുഹാ/മുരുകാ എന്ന വാക്ക് (കരഞ്ഞോ അല്ലാതെയോ) ഉച്ചരിക്കേണ്ടി വരുന്ന പാട്ടുകള്‍ തമിഴ് ബ്രാഹ്മണര്‍ എന്തുകൊണ്ട് പൊതുവേ ഒഴിവാക്കുന്നു എന്നതാണ്. പറയൂ.

Sreevalsan Thiyyadi - ദക്ഷിണേന്ത്യയില്‍ തമിഴ് നാടിനോളം ജാതീയത വെരോടിയിട്ടുള്ള/വേരോടുന്ന സ്ഥലം വേറെയില്ല. അവിടെ കോവിലുകള്‍ രണ്ടു വിധത്തില്‍ ഉണ്ട് എന്ന് നമുക്കൊക്കെ അറിയ്ന്നതാണ്. "താഴ്ന്ന" ജാതിക്കാരുടെ ദൈവമാണ് മുരുകന്‍. ആ നാമം ഉള്ള പാട്ടുകള്‍ക്ക് പലതിനും മണ്ണിന്റെ മണം കൂടും. ആ സംസ്ഥാനത്തെ കച്ചേരി കലാകാരന്മാര്‍ ഏറിയകൂറും ബ്രാഹ്മണര്‍ ആവുന്നത് കൊണ്ട് നമുക്കവ കേള്‍ക്കാന്‍ തരപ്പെടാറില്ല.

Dev Pannavoor - അങ്ങിനെ ഒരു വേര്‍തിരിവ് ഉണ്ടോ Sreevalsan ?

Sreevalsan Thiyyadi  - കര്‍ണാടക സംഗീതത്തില്‍ നാദസ്വരം വേറൊരു ഘരാന ആയി വികസിച്ചിട്ടുള്ളത് എങ്ങനെ? അബ്രാഹ്മണര്‍ ആണ് എന്നും അതിന്റെ കലാകാരന്മാര്‍ എന്നതിനാല്‍ അല്ലെ? ദക്ഷിണേന്ത്യന്‍ ക്ലാസിക്കലില്‍ പണ്ടേ ഉള്ളതാണ് വരേണ്യ-കീഴാള ധാരകള്‍. അത് Ajith Namboothiriയോ Hari Namboodiriയോ മറയ്ക്കാന്‍ നോക്കുന്നതുകൊണ്ട് ഇല്ലാതാവുന്നില്ല. (നിങ്ങളെ പോലെത്തന്നെ ഞാനും ഒരു സമുദായത്തിന്റെയും വക്താവല്ല. സത്യം എന്ന് തോന്നിയത് ചിലത് കുറിച്ചിടുന്നു എന്ന് മാത്രം.)

Ajith Namboothiri - Sreevalsan Thiyyadi ഇങ്ങനെയോന്നുണ്ടോ? ഇങ്ങനെയൊരു അയിത്തം മുരുഗനോടുണ്ടാവേണ്ട കാര്യമെന്താണ്? അറിയില്ലാ കേട്ടോ. എനിക്കിതെല്ലാം പുതിയ അറിവാണ് അല്ലെങ്കില്‍ ഞാനിതെപ്പറ്റി അറിഞ്ഞിരുന്നില്ല, സത്യമായും! പക്ഷെ ഒരു കാര്യം എനിക്കറിയാം, മുരുഗാ എന്നുള്ള പദം വരുന്ന എത്രയോ പാട്ടുകള്‍ നെയ്‌ വേലി ഗുരുനാഥന്‍ പാടുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഹരികാംബോജി - മുരുഗാ തിരുമാല്‍ മരുഗാ, സാവേരി -മുരുഗാ, സിന്ധുഭൈരവി - മനതിര്‍ക്കുകന്തത് ..,  ബീഹാക് -മുരുഗനിന്‍ മറു പെയര്‍ അഴക്‌ .. ഇങ്ങനെ എത്രയോ. ഇതെല്ലാം മറ്റു പലരും പാടിയിട്ടും കേട്ടിട്ടുണ്ട്. പിന്നെ വളരെ ലൈറ്റ് ടച്ച്‌ എന്ന് പറയുന്നവ ഒഴിവക്കുന്നുണ്ടായിരിക്കും ഒരു പക്ഷെ. പാട്ടുകള്‍ വീണ്ടും പറയട്ടെ, ഈ ചര്‍ച്ച തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില ,അതെന്റെ തോല്‍വിയായി കരുതിയാലും വിരോധമില്ല. തോല്‍വി ഒരു സുഖമാണ്

Sreevalsan Thiyyadi - “മുരുഗാ" എന്ന വാക്കുള്ള ഒരു കനപ്പടി കീര്‍ത്തനം പറഞ്ഞ ശേഷം രംഗമോഴിയൂ, Ajith Namboothiri. ("മുരുഹാ മുരുഹാ" എന്ന സാവേരി കീര്‍ത്തനം [അബ്രാഹ്മണ യുവതിയായ] എം എസ് സുബ്ബലക്ഷ്മിയോളം പ്രചാരപ്പെടുത്തിയ വേറെ അത്യുന്നത ഗായകര്‍ കര്‍ണാടക സംഗീതത്തില്‍ ഇല്ലാതെ പോയത് എങ്ങനെ?)

Sreevalsan Thiyyadi - നാം കൊണ്ടാടുന്ന പല ഘന രാഗങ്ങള്‍ക്കും (എന്നില്‍) ഉണ്ടാക്കാവുന്ന ഇമേയ്ജ് ഇവയൊക്കെയാണ്: തമിഴ് നാട്ടിലെ ഗോപുരം, ആയിരം കല്‍മണ്ഡപം, അഗ്രഹാരത്തില്‍ കോലം എഴുതുന്ന അമ്മ്യാര്‍, നടയ്ക്കല്‍ കര്‍പ്പൂരം കത്തിക്കുന്നതിന്റെ വാസന, ദീപാരാദനൈ സമയത്തെ ഐശ്വര്യം... അതല്ലാതെ ഒരു കാട്ടുനദിയില്‍ മത്സ്യം പിടിക്കുന്ന കുട്ടിയേയോ, വയലേലയില്‍ പണിയെടുക്കുന്ന കര്‍ഷകനെയോ, കാളവണ്ടി തെളിക്കുന്ന ആളെയോ, തുറന്ന കുളത്തില്‍ തുണിയലക്കുന്ന സ്ത്രീയെയോ ഓര്‍മ വരുമോ? കഷ്ടി തന്നെ!

തമിഴ് ബ്രാഹ്മണര്‍ക്ക് സ്വതവേ indoor life ആണ് പണ്ടേ വിധിച്ചിട്ടുള്ളത്. അവര്‍ക്ക് drawing-room സംസ്കാരം ആണ്. വേറെതിനെയും പോലെ സാദ്ധ്യതകള്‍ക്കൊപ്പം പരിമിതികളും അതിനുണ്ട് എന്ന് മാത്രം ചൂണ്ടിക്കാണിക്കുകയെ ചെയ്യുന്നുള്ളൂ. നാടന്‍ എന്നാല്‍ അബ്രാഹ്മണം എന്ന അര്‍ഥം വരുന്നത് തമിഴ് നാട്ടില്‍ വളരെ സ്വാഭാവികം!

Ajith Namboothiri - കന്തഗാനാമുദം എന്ന പേരില്‍ 72 മേളകര്‍ത്ത രാഗങ്ങളില്‍ 72 കീര്‍ത്തനങ്ങള്‍, എല്ലാം മുരുഗനെ കുറിച്ചു മാത്രം, രചിച്ച കോടീശ്വര അയ്യര്‍, താങ്കള്‍ കേട്ടിട്ടില്ലേ? അദ്ദേഹം അത് രചിച്ചത് എവിടെ വെച്ചാണെന്ന് എനിക്കറിയില്ല പക്ഷെ!

Sreevalsan Thiyyadi - വ്യംഗ്യം മനസ്സിലായില്ല, Ajith Namboothiri. സത്യമായും. കര്‍ണാടക സംഗീതത്തില്‍ അങ്ങേയറ്റം ആസ്വാദ്യത കണ്ടെത്തുമ്പോഴും അതില്‍ "പ്രകൃതി" കാണാന്‍ സാധിക്കാറില്ല. (അതിലോട്ടു വ്യസനവുമില്ല.) പരന്ന പുറംകാഴ്ച്ച കാണാന്‍ നമുക്ക് ഹിന്ദുസ്ഥാനി സമ്പ്രദായം ഉണ്ടല്ലോ!

Ajith Namboothiri - കടല് കാണാന്‍ പോയാല്‍ അവിടെ മരങ്ങള്‍ പ്രതീക്ഷിക്കാന്‍ കഴിയുമോ? മരങ്ങള്‍ കാണാന്‍ നമുക്ക് കാടുകളില്‍ പോകാമല്ലോ?

Sreevalsan Thiyyadi - അതുകൊണ്ടാണ് വ്യസനം ഒട്ടുമില്ല എന്ന് പറഞ്ഞത്, Ajith Namboothiri. (ഏതോ ആവണിയവിട്ടം നടക്കുന്നതിന്റെ ഇമേയ്ജ് മാത്രം മനസ്സില്‍ വരുമ്പോഴും, ആരഭിയിലെ "സാദിന്ച്ചനെ ഓ മനസാ", ഏതു ഹിന്ദുസ്ഥാനി ഖയാളിനോളംതന്നെ ഹൃദ്യം!) കര്‍ണാടക സംഗീതത്തില്‍ പ്രകൃതി (philosophical അര്‍ത്ഥത്തിലല്ല) കാണുന്നില്ല എന്ന് തോന്നാന്‍ കാരണമെന്തേ എന്ന് ആലോചിച്ചപ്പോള്‍ ആ കല കയ്യാളുന്ന തമിഴ് ബ്രാഹ്മണരുടെ drawing-room സംസ്കാരം ആവില്ലേ എന്ന് ശങ്കിച്ചു പോയി -- അത്രമാത്രം. (ആഗ്രഹാരത്തിനും കൊവിലിനും ഇടയിലെ ഇടുങ്ങിയ തെരുവുകള്‍ മാത്രം ശീലമായതിനു ബ്രാഹ്മണരെ കുറ്റം പറഞ്ഞുകൂടല്ലോ.)

Sreevalsan Thiyyadi - മുരുകന്‍ എന്ന് തമിഴ് ബ്രാഹ്മണര്‍ സുബ്രഹ്മണ്യനെ വിളിക്കുമോ, Dev? തോന്നീല്യാ. ഏറിയത് ഷണ്മുഖന്‍ എന്നേ പറയൂ. സംഗതി ഒന്നാണെങ്കിലും കൌപീനവും കോണകവും തമ്മിലുള്ള വരേണ്യ-കീഴാള വ്യത്യാസം ഉണ്ടതില്‍. Ajith Namboothiriതന്നെ നമ്മെ ഇവിടെ (അറിയാതെ) പഠിപ്പിച്ചത് നോക്കൂ: മുരുഹാ എന്ന് പാടിക്കേള്‍ക്കാന്‍ നമുക്ക് അബ്രാഹ്മണന്‍ ആയ മദുരൈ സോമു വേണ്ടിവന്നു. (അബ്രാഹ്മണന്‍ ആയതുകൊണ്ടാണ്‌ അദ്ദേഹം മുരുകന്റെ കീര്‍ത്തനങ്ങള്‍ ധാരാളമായി പാടിയത്, ബ്രാഹ്മണര്‍ ആയതു കൊണ്ടാണ് ബാക്കിയുള്ള പല പ്രമുഖരും ഈ ദൈവത്തിനു അയ്ത്തം കല്പ്പിച്ചിട്ടുള്ളത്.)

ഇന്നിപ്പോള്‍ കര്‍ണാടകസംഗീതത്തിലെ പുതിയ തലമുറ ഇത്തരം sensibilityയില്‍ നിന്ന് കുറേശ്ശെയായി മുക്തി നേടിത്തുടങ്ങിയിരിക്കുന്നു. അതിനാല്‍ വര്‍ത്തമാനകാലത്തെ mainstream ഗായകര്‍ ആയ അരുണാ സായിറാമും സഞ്ജയ്‌ സുബ്രഹ്മണ്യവും ഓ.എസ്. അരുണും ഒക്കെ തുക്കട പാടുമ്പോള്‍ മുരുകനെ വിളിച്ചു തുടങ്ങിയിരിക്കുന്നു. അതിനാല്‍ മണ്ണിന്റെ ഗന്ധമുള്ള തമിഴ് പാട്ടുകള്‍ കച്ചേരികളില്‍ കുറേശ്ശെ കേട്ടുതുടങ്ങിയിരിക്കുന്നു.

Hari Namboodiri - Sreevalsan Thiyyadiദയവായി എന്നെ വിട്ടേക്കു, ഞാന്‍ താങ്കള്‍ പറഞ്ഞ ബ്രാഹ്മണ രാഗങ്ങലുടെയോ, ബ്രാഹ്മണ സംഗീതത്തിന്റെയോ വക്താവേ അല്ല..... ഇത്ര മഹത്തായ ഒരു കലയെ ഇങ്ങനെ കാലത്തിലും ദേശത്തിലും വര്‍ഗ്ഗത്തിലും ബന്ധിച്ചു പരിമിതപ്പെടുതുന്നത് എന്തിനാണ് എന്ന് മാത്രമേ ചോദിച്ചുള്ളൂ. എന്റെ ചോദ്യം നീലമണി ഒരു അധസ്ഥിത രാഗം ആവുന്നത് എങ്ങനെ എന്നാണ്,  തമിള്‍ നാടോടി പാരമ്പര്യത്തില്‍ വരുന്നത് കൊണ്ടാണോ? അങ്ങനെയെങ്കില്‍ ഒട്ടും ദ്രാവിഡ പാരമ്പര്യം തൊട്ടു തീണ്ടാത്ത രാഗങ്ങള്‍ ഏതൊക്കെയാണ്, എന്റെ അറിവില്‍, (തെറ്റാവാം ) കര്‍ണാടക സംഗീതത്തെയും, രാഗങ്ങളെയും ദ്രാവിഡ പാരമ്പര്യത്തില്‍ നിന്നും ഒരു തരത്തിലും വേര്‍ തിരിക്കാന്‍ കഴിയില്ല എന്ന് തന്നെയാണ്, കാലക്രമത്തില്‍ ചില നാടോടി സംപ്രദയങ്ങളോട് ബ്രാഹ്മണര്‍ ഒരു അസ്പര്‍ശ്യത കാട്ടിയിട്ടുണ്ട്, അംഗീകരിക്കുന്നു, എന്നാല്‍ കൂടി കര്‍ണാടക സംഗീതത്തിലെ ബ്രാഹ്മണ രാഗങ്ങള്‍, അബ്രാഹ്മണരാഗങ്ങള്‍ എന്ന വാദം അന്ഗീകരിക്കാന്‍ പറ്റാത്തതാണ് ........

Rajeev Pattathil - കര്‍ണ്ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായ ത്യാഗരാജ സ്വാമി ഒരവധൂതന്‍ ആയിരുന്നില്ലേ? അഗ്രഹാരങ്ങളില്‍ ഒതുങ്ങി നിന്ന ഒരു വ്യക്തിയായിരുന്നോ?

Ajith Namboothiri - ‎- Rajeev Pattathil അവധൂത എന്നത് കുറേക്കൂടി അര്‍ത്ഥ തലങ്ങളുള്ള ഒരു സങ്കല്പമാണെന്നു തോന്നുന്നു

Sreevalsan Thiyyadi - പ്രിയ Ajith Namboothiri, Hari Namboodiri,Rajeev Pattathil ഈ വിഷയത്തിന് മൊത്തം ഉത്തരം പറയേണ്ട ചുമതല നമുക്ക് ആര്‍ക്കുമില്ല. പക്ഷെ, ചില തനിനാടന്‍ ഈണങ്ങളെയും ശീലുകളെയും "സ്വന്തം" കര്‍ണാടക സംഗീത വഴിയില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ബ്രാഹ്മണരെ പ്രേരിപ്പിച്ചത്/പ്രേരിപ്പിക്കുന്നത് എന്തെന്ന സാമൂഹ്യ-ചരിത്ര കാരണങ്ങളിലേക്ക് അന്വേഷണം നടത്തുന്നതില്‍ ഒരു തെറ്റുമില്ല (എന്ന് പറയേണ്ടതില്ലല്ലോ).

ഹരി നമ്പൂതിരി പറഞ്ഞതിനോട് ചേര്‍ക്കുകയാണെങ്കില്‍, അതിനെ പരിഭ്രമം കൂടാതെ നോക്കിക്കാണുകയാണെങ്കില്‍, മഹത്തായ ഒരു കലയില്‍ എങ്ങനെ ഒരു വേര്‍തിരിവ് (നാദസ്വരം പ്രത്യക്ഷ ഉദാഹരണം! നിങ്ങളാരും അതെപ്പറ്റി [തന്ത്രപൂര്‍വ്വം] മിണ്ടുന്നില്ല) വന്നത് എങ്ങനെ എന്ന് ഗവേഷണം ചെയ്യുകയാണ് വേണ്ടത്, അത് ചൂണ്ടിക്കാട്ടിയ ആളെ (ഇവിടെ, എന്നെ) എന്തോ നികൃഷ്ട ജാതിവാദിയായി മുദ്രകുത്തുകയല്ല വേണ്ടത്.

PS: പഴയ സാക്ഷാല്‍ ത്യാഗരാജ സ്വാമികളില്‍ നിന്ന് ഇന്നത്തെ ഓ എസ് ത്യാഗരാജനിലേക്ക് ഉള്ള ദൂരം എങ്ങനെ ഇങ്ങനെ ആയി എന്ന് ഓര്‍ക്കുക.

Rajeev Pattathil - എന്റെ അഭിപ്രായത്തില്‍ ഒട്ടേറെ പക്വമതികള്‍ ഉള്ള ഇത്തരം ഗ്രൂപുകളിലാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കേണ്ടത്‌. പക്ഷെ ഇവിടെ ഉള്ളതെല്ലാം publicly accessible ആയതിനാല്‍ വായിക്കുന്നവരെല്ലാം സമാനഹൃദയരാവും എന്ന് വിചാരിക്കാന്‍ വയ്യ. അനാവശ്യ വിവാദങ്ങളും ഉണ്ടായേക്കാം. ഇവിടെ മറ്റൊരു ചരടില്‍ ശ്രീവല്സേട്ടന്‍ തന്നെ പറഞ്ഞ "മനോവികാരത്തിന്റെ" അഭാവവും ഉണ്ട് എന്നാണെനിക്കു തോന്നുന്നത്.ഞാന്‍ ത്യാഗരാജ സ്വാമികളെപ്പറ്റി പറഞ്ഞത് വേറൊന്നും കൊണ്ടല്ല. അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ മറ്റു രണ്ടു പെരുടെതിനെക്കാളും ഭാവസാന്ദ്രമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതും അദ്ദേഹത്തിന്റെ അവധൂത സ്വഭാവവും തമ്മില്‍ ബന്ധമുണ്ട് എന്ന് വിചാരിച്ചു കൂടെ?.

Appan Varma - SreeVaisan , I have a feeling that we think of brahminism in carnatic music due to its overwhelming adoption by TAMIL Brahmins , particularly in the last 100 years. Have heard that Chembai was not recognised well for many years as his Bhani had nuansces of Malayalam. I repeat again that there are no great artist on Nadaswaram, the pure South Indian (Dravidian) instrument. Also that my daughter who has been studying music as a pastime for many years say that her present teacher (a pure telugu of high musical pedigree) is continously correcting her while she sing.

Narayanan Mothalakottam - തീര്‍ച്ചയായും Rajeev Pattathil‌.., മറ്റുള്ളവര്‍ (ദീക്ഷിതരും, ശ്യാമ ശാസ്ത്രിയും, സ്വാതി പോലും) ത്യാഗരാജ സ്വാമികളെ പോലെ ശരിക്കും മനസ്സുകൊണ്ട് സന്യാസിമാര്‍ ആയിരുന്നോ എന്ന് സംശയം തന്നെ ആണ്. മനസ്സില്‍ നിന്നാണല്ലോ creation ഉണ്ടാകുന്നത്. അപ്പോള്‍ മാനസിക വ്യാപാരം അനുസരിച്ച് തന്നെ ആവും ആ കൃതിയും എന്ന് നിസ്സംശയം പറയാം. ത്രിമൂര്‍ത്തി കളുടെ കൃതികളില്‍ നമ്മള്‍ "ആട്ഹ്യതം" കാണുന്നത് ശ്യമാശാസ്ത്രികളുടെയും ദീക്ഷിതരുടെയും കൃതികളില്‍ ആണല്ലോ. പക്ഷെ ഭക്തിയും, ഭാവവും കൂടുതല്‍ നിറയുന്നത് ത്യഗരാജ കൃതികളില്‍ ആണ്. ഈ സംഗതി ഭാഗവതന്മാര്‍ക്കും ബാധകം ആണ് എന്ന് തന്നെ വിശ്വസിക്കാന്‍ ആണ് എനിക്ക് ഇഷ്ടം. ഒരു പക്ഷെ "കരഞ്ഞുള്ള പാട്ട്" അബ്രാഹ്മണരില്‍ മാത്രം (ധാരാളം) Sreevalsan Thiyyadi കേട്ടതിലും ആ മനോ വ്യാപാരത്തിന്റെ സംഗതി ഉണ്ടാവും. പക്ഷെ ജാതിപ്രശ്നം മാത്രം ആയി കാണാന്‍ എനിക്ക് സമ്മതം അല്ല. അതില്‍ ശ്രീവല്‍സനോടു എനിക്ക് ഒട്ടും യോജിപ്പില്ല. ശ്രീവല്സന്റെ ആദ്യ കമെന്റില്‍ Ajith Namboothiri‌ സംശയം പ്രകടിപ്പിച്ചപ്പോഴും ഞാന്‍ വിശ്വസിച്ചത് ഒരു "നാടന്‍ സംസ്കാരം" എന്നാണ് അബ്രാഹ്മണം കൊണ്ടു ഉദ്ദേശിച്ചത് എന്നാണ്. പാട്ടില്‍ ജാതീയത കൊണ്ടു വരണോ?? ശ്രീവല്‍സന്‍ പറഞ്ഞപോലെ കര്‍ണാടക സംഗീതം കൂടുതല്‍ ന്യൂനപക്ഷം അയ ബ്രാഹ്മണര്‍ ആണ് കൈകാര്യം ചെയ്തത് എന്നത് നിസ്തര്‍ക്കം അയ വസ്തുത ആണ്. പിന്നെ അതില്‍ ഭൂരിപക്ഷവും നല്ല "ജാതി ചിന്ത" ഉണ്ടായിരുന്നവരും ആയിരിക്കാം. പിന്നെ മുരുഗന്‍റെ പാട്ടുകള്‍ ധാരാളം പാടാത്തത് ജാതി ചിന്ത മൂലം മാത്രമാണ് എന്ന് തോന്നുന്നില്ല. ബ്രാഹ്മണര്‍ സാധാരണ ശിവന്‍, വിഷ്ണു, ഗണപതി, ദുര്‍ഗ എന്നിങ്ങനെ യുള്ള മൂര്‍ത്തികളെ ആണ് കൂടുതല്‍ സേവിക്കുന്നത്. മറ്റുള്ളവര്‍ സുബ്രഹ്മണ്യന്‍, ശാസ്താവ്, ഭദ്രകാളി എന്നിവര്‍ പിന്നെ ആണ് വരുന്നത് എന്നത് ഒരു വസ്തുത തന്നെ അല്ലെ?? കുട്ടിക്കാലം മുതലേ ശീലിച്ച/ആര്‍ജിച്ച ആ സംസ്കാരം ആവും കൂടുതലും വിഷ്ണു (കൃഷ്ണന്‍, രാമന്‍), ശിവന്‍, ഗണപതി, ഭഗവതി (ദുര്‍ഗ) സ്തുതികള്‍ കൂടുതല്‍ രചിക്കാനും പാടാനും ഇടവന്നത്. (കേരളത്തില്‍ പണ്ടു നമ്പൂരിമാര്‍ ധാരാളം ശബരിമലയ്ക്ക് പോവാറില്ലല്ലോ; ഒരു പക്ഷെ ഇപ്പോഴും (മറ്റുള്ളവരെ അപേക്ഷിച്ചു) കുറവ് തന്നെ. എന്ന് വച്ച് ശാസ്താവ് കീഴ്ജതിക്കരുടെ മാത്രം എന്നൊരു ചിന്ത ഉണ്ടെന്നു തോന്നിയിട്ടില്ല. പ്രധാനം ശിവന്‍, വിഷ്ണു, ദുര്‍ഗ ആണെന്ന് മാത്രം. അതിനാല്‍ ഇത് വെറും ജാതി പ്രശ്നം അല്ല എന്നാണ് എന്റെ അഭിപ്രായം.

Ajith Namboothiri - ‎- Narayanan Mothalakottam കാന്ത ഗാനാമുദം എന്നാ സമാഹാരത്തില്‍ 72 മേളരാഗ കീര്‍ ത്തനങ്ങളും മുരുഗനെ സ്തുതിച്ചു കൊണ്ട് തന്നെ കോടീശ്വര അയ്യര്‍ രചിച്ചിച്ചിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞത് Sreevalsan Thiyyadi ശ്രദ്ധിച്ച മട്ടില്ല. മുരുഗന്‍ എന്നാ വാക്ക് ഉച്ച്ചരിക്കാനോ പാടാനോ കോടീശ്വര അയ്യര്‍ക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നില്ല എന്നതില്‍ നിന്ന് തന്നെ അക്കാലത്തും വ്യത്യസ്ത രീതിയില്‍ ചിന്തിക്കുന്നവരുണ്ടായിരുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടതു (മുരുഗനെ സ്തുതിച്ചു പാടാന്‍ വിഷമമുള്ളവരും ഉണ്ടായിരുന്നിരിക്കാം). ഇന്നും നമ്മളില്‍ തന്നെ പല തരം ചിന്താഗതികളും ജീവിത രീതിയും കാഴ്ചപ്പാടുകളും ഉള്ളവരില്ലേ? vegetarians നോട് ഇറച്ചി കഴിക്കാന്‍ നിര്‍ബന്ധിക്കാന്‍ non vegetarians നു സ്വാതന്ത്ര്യം ഉണ്ടോ-തിരിച്ചും. മനോരമ വാരിക വായിച്ചു മാത്രം ശീലിച്ച ഒരാളോട് അത് ശരിയല്ല അതിനെക്കാള്‍ നല്ല വരികയുണ്ടെന്നു പറയാമെന്നല്ലാതെ അയാളെ നിര്‍ബന്ധിച്ചു വായനാശീലം മാറ്റാന്‍ നമുക്ക് പാടുണ്ടോ? പാടില്ല എന്നാണെന്‍റെ പക്ഷം (മനൊരമ വാരികയെക്കള്‍ നല്ല വരികയുണ്ടാവാം എന്നത് മനോരമക്കാരുടെ തെറ്റല്ലല്ലോ, അത് വേണ്ടെങ്കില്‍ നല്ലത് നമുക്ക് തിരഞ്ഞെടുക്കാമല്ലോ) ഓരോരുത്തരുടെ ജീവിതരീതി അനുവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടാവണ്ടേ. ഏതു ദൈവത്തെ ആരാധിക്കണം എന്നതും ഒരാളുടെ സ്വാതന്ത്ര്യത്തില്‍ പെടില്ലേ. മുരുഗനെ ആരാധിച്ചില്ലാ എന്നത് കൊണ്ട് ചിലര്‍ കുറഞ്ഞവരും ആരാധിക്കുന്നത് കൊണ്ട് ചിലര്‍ കൂടിയവരും ആകുന്നു എന്നത് വികലമായ കാഴ്ചപ്പാടല്ലേ? പിന്നെ നാഗസ്വരത്തില്‍ ബ്രാഹ്മണര്‍ ഇല്ലാതെ വന്നതിന്റെ കാരണം ചരിത്രപരമാണെന്നത് പഠനങ്ങളിലൂടെ തെളിഞ്ഞതാണ്. പണ്ട് ബ്രാഹ്മണര്‍ വളരെ ശുദ്ധി ഉള്ള കൂട്ടത്തിലായിരുന്നു. ഊണ് കഴിക്കുമ്പോള്‍ ചോറ് എടുത്തു വായ തൊടാതെ വേണം കഴിക്കാന്‍ എന്നെല്ലാം നിഷ്കര്‍ഷ ഉണ്ടായിരുന്ന കാലം! കുളിച്ചു വരുമ്പോള്‍ നൂല്‍ തൊട്ടാല്‍/ചവിട്ടിയാല്‍ പോലും വീണ്ടും കുളിക്കണം എന്നും നിഷ്കര്‍ഷയുണ്ടായിരുന്ന കാലം! അതുകൊണ്ട് തന്നെ, വായില്‍ വെച്ചു ഊതിയ നഗസ്വരത്തിന്റെ ജീവാളി വീണ്ടും വീണ്ടും വായില്‍ വെക്കാനും ഊതാനും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. എച്ചില്‍ ആവുന്നു എന്നതായിരുന്നുവത്രേ കാരണം. അത് ഈ കാലത്ത് ചര്‍ച്ച ചെയ്‌താല്‍ എങ്ങുമെത്താത്ത ഒരു കാര്യമാണ്. കാരണം അന്നത്തെ രീതികളെ കുറിച്ചു ശ്രീ ക്ക് മാത്രമല്ല പലര്‍ക്കും അറിഞ്ഞു കൂടാ, അറിയേണ്ട ആവശ്യവുമില്ല. അക്കാലത്തെ ഒരു വ്യവസ്ഥിതി സൂചിപ്പിച്ചു എന്ന് മാത്രം. അതുകൊണ്ടാണ് ഈ രംഗത്ത് ബ്രാഹ്മണര്‍ കുറഞ്ഞത്‌ എന്ന് സംഗീത ചരിത്രത്തിന്റെ ചര്‍ച്ച വരുന്ന പല ലേഖനങ്ങളിലും കണ്ടിട്ടുണ്ട്. ശ്രീ യും അത് വായിച്ചിട്ടുണ്ടാകണം. മറവി പലപ്പോഴും മനപ്പൂര്‍വവും ആകാമെന്ന് തോന്നുന്നു. ഏതായാലും ഇത്തരം ചര്‍ച്ചകള്‍ ജാതിക്കോമരങ്ങള്‍ പണ്ടത്തേതിനേക്കാള്‍ ഉറഞ്ഞു തുള്ളുന്ന ഈ കാലത്ത് ആ തുള്ളലിനെ വളര്‍ത്താന്‍ മാത്രമേ സഹായിക്കൂ എന്നാണു ഞാന്‍ ഭയക്കുന്നത്. സംഗീതത്തിലെങ്കിലും അത് ഒഴിവാക്കിക്കൂടെ എന്നാണ് ഞാന്‍ അപേക്ഷിക്കുന്നത്.

Sreevalsan Thiyyadi - കോഴിയിറച്ചി കഴിച്ചാലേ ശാദം ഇറങ്ങൂ എന്നുള്ള തമിഴ് ബ്രാഹ്മണര്‍ ഇന്നുണ്ടായിട്ടും നാദസ്വരം വായിക്കാന്‍ അവനിപ്പോഴും എച്ചിലും വറ്റും നോക്കണം!

Harikumaran Sadanam - ബ്രാഹ്മണരില്‍ തന്നെ താഴ്ന്ന എന്തോ ഒരു വകുപ്പിലായിരുന്നത്രേ ചെമ്പൈ ജനിച്ചത്.(ചെമ്പൈ ചോഴിയ എന്നോ മറ്റോ ഉള്ള ഒരു വിഭാഗത്തിലായിരുന്നത്രേ.) വടമാള്‍ എന്നും മാങ്കുടി എന്നും രണ്ടു വിഭാഗക്കാര്‍ ഇദ്ദേഹത്തെ അവഗണിച്ചിരുന്നത്രേ.

Narayanan Mothalakottam -അത് പണ്ടത്തെ ഒരു ശീലം ഇന്നത്തെ ഒരു "(ദു:)ആചാരം" അയതാവാന്‍ സാധ്യത ഇല്ലേ Sreevalsan Thiyyadi ??

Sunil Kumar - ഒരു ചോദ്യം- അജിത്ത് നമ്പൂതിരി തന്നെ മുൻപ് എഴുതിയിരുന്നു മലയാളത്തിൽ ഉള്ള കീർത്തനങ്ങൾ പാടണം എന്ന്. അത് പോലെ എനിക്കും ആഗ്രഹമുണ്ട്. മലയാളത്തിൽ ഉള്ളത് എന്ന് മാത്രമല്ല, ഖുറാൻ പദ്യങ്ങൾ കർണ്ണാടകസംഗീതരൂപത്തിൽ ചിട്ടപ്പെടുത്തി ഒരു മുസ്ലീം യുവതി തന്നെ പാടുന്നതിനെ പറ്റി പേപ്പറിൽ പണ്ട് വായിച്ചിരുന്നു. എന്തിനു മുരുഗനെ പറയുന്നു? ഇന്ന് മലയാളത്തിലുള്ള കൃതികൾ തന്നെ എത്രപേർ പാടുന്നു? എന്നിട്ട് വേണമല്ലൊ മുരുഗനേയും രാമനേയും വിട്ട് അള്ളാവനീ പറ്റി എത്ര പേർ കച്ചേരിയിൽ ഒരു കീർത്തനം/വർണ്ണമെങ്കിലും പാടുന്നു എന്ന് ചോദിക്കാൻ! :)

Ajith Namboothiri - Sreevalsan Thiyyadi അന്നാണെങ്കിലും ഇന്നാണെങ്കിലും എന്നാണെങ്കിലും സ്വാതന്ത്ര്യം ഇല്ലെയെന്നനെന്റെ ചോദ്യം? നാഗസ്വരം എന്ന വാദ്യത്തിന് ഇന്ന് എത്ര പ്രയോക്താക്കള്‍ ഉണ്ട് എന്നും അന്വേഷിക്കുന്നത് നന്നായിരിക്കും ശ്രീ. അതിനു പ്രയോക്താക്കള്‍ കുറഞ്ഞു വരുന്ന ഇക്കാലത്ത് നമുക്ക് ആരെയാണ് കുറ്റപ്പെടുത്തനാവുക?

Sunil Kumar - നക്ഷത്ര ദീപങ്ങൾ തിളങ്ങി... എന്ന സിനിമാപ്പാട്ട് യേശുദാസ് കച്ചേരിക്ക് കീർത്തനം പാടുന്നത് പോലെ പാടിയിട്ടുള്ള ഒരു കാസറ്റ് എന്റെ കയ്യിൽ ഉണ്ടായിരുന്നു പണ്ട്. അത് പോലെ ദൈവമില്ലാത്ത സബ്ജക്റ്റുകൾ തന്നെ എത്ര വിരളം ആണ്!!!

Rajeev Pattathil - എച്ചിലില്‍ പുല്ലാങ്കുഴല്‍ പെടില്ലേ?

Ajith Namboothiri - Rajeev Pattathil ഈ സംശയം എനിക്കും തോന്നിയിരുന്നു. വായിച്ച്ച്ചു കേട്ട ഒരു കാര്യം പറഞ്ഞു എന്നേയുള്ളൂ. അല്ലാതെ യഥാര്‍ത്ഥ കാരണം അറിയില്ല. മാലിയും മറ്റും വായിച്ചിരുന്നല്ലോ

Vikar T Mana - നാദസ്വരം ഈ അടുത്ത കാലങ്ങളില്‍ അല്ലെ ഒരു കച്ചേരി രൂപത്തില്‍ വരാന്‍ തുടങ്ങിയിട്ടുള്ളൂ, ചരിത്രം നോക്കിയാല്‍ നാദസ്വരം ക്ഷേത്ര ആചാരങ്ങളുടെ ഭാഗം ആയിട്ടല്ലേ ഉപയോഗിച്ചിരുന്നത്, അതും ഒരു നിശ്ചിതമായ കൃതികള്‍ മാത്രമേ അതിനു ഉപയോഗിച്ചിരുന്നുള്ളൂ, ഇത് വായിക്കാനുള്ള അവകാശം ഒരു പ്രത്യേക സമുദായത്തില്‍ ഉള്ളവര്‍ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് വായിച്ചിട്ടുള്ളത് (ഇതൊക്കെ കുറെ ഒക്കെ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉള്ള പോലെ തന്നെ, അല്ലെ ).. അതുകൊണ്ട് തന്നെ ബ്രാഹ്മണര്‍ ഈ രംഗത്തിലേക്കു വന്നിരുന്നില്ല. എന്നാലും ഇതിലെ ചില ചിട്ടകള്‍ കൊണ്ട് വന്നത് രാമസ്വാമി ദിക്ഷിതര്‍ (മുത്തു സ്വാമി ദീക്ഷിതരുടെ അച്ഛന്‍) ആണെന്നും എവിടേയോ വായിച്ചിട്ടുണ്ട്.. പിന്നെ നാദസ്വരത്തിലും 'നാടോടി' രാഗമല്ലാത്ത കല്യാണിയും ധീരശങ്കരഭരണവും കംബോജിയും സവെരിയും ഒക്കെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ഉപയോഗികുന്നില്ലേ ..അതുകൊണ്ട് രാഗങ്ങളെ ജാതി തിരിക്കുന്നതില്‍ അര്‍ഥം ഉണ്ടെന്നു തോനുന്നില്ല , പക്ഷെ നാദസ്വരത്തില്‍ ബ്രാഹ്മണര്‍ ഇല്ലതിരുന്നതിനു അന്നത്തെ സാമൂഹ്യ (ജാതി) വ്യവസ്ഥ കാരണമായിരിക്കാം , അതിപ്പോള്‍ കേരളത്തിലും കുറെ ഒക്കെ അങ്ങിനെ തന്നെ അല്ലെ, നമ്പൂതിരിമാര്‍ ചെണ്ടയിലും ഇടയ്ക്കയിലും ഒക്കെ പ്രയോഗിക്കാന്‍ തുടങ്ങിയ്ട്ടു അധികം കാലം ആയിട്ടുണ്ടാവാന്‍ വഴിയില്ല ..പിന്നെ എന്റെ ഈ പരിമിതമായ അറിവ് വെച്ച് എഴുതിയതില്‍ വല്ല തെറ്റും ഉണ്ടെങ്കില്‍ തിരുത്തുക

Sreevalsan Thiyyadi - ചര്‍ച്ച മൂക്കവേ, എല്ലാവര്‍ക്കും കൂടി -- ആദ്യം പറഞ്ഞതിലേക്ക് ഞാന്‍ മടങ്ങി പോട്ടെ: ഇതുപോലുള്ള രാഗങ്ങള്‍ ബ്രാഹ്മണരും പാടട്ടെ. "മുറുഹാ" എന്ന് സംശയം കൂടാതെ ഉച്ചരിക്കട്ടെ (ശങ്ക ലക്ഷണമായവര്‍ നമ്പൂരാരെ ഉള്ളൂ, പട്ടന്മാര്‍ അല്ല നിശ്ചയം). അപ്പോള്‍ പുനരാലോചിക്കാം. വെറുതെ ഈ ഗ്രൂപ്പിലെ മെമ്പര്‍മാര്‍ ഒരു പ്രമേയം പാസാക്കിയത് കൊണ്ട് "നീലമണി" പോലുള്ളവ ബ്രാഹ്മണ രാഗം ആവുന്നില്ലല്ലോ.

embed video powered by Union Development


free joomla templatesjoomla templates
2024  Aswadanam.com   globbers joomla template