തായമ്പകയിലെ ശൈലികള്‍
- Details
- Category: Thayambaka
- Published on Monday, 25 February 2013 10:04
- Hits: 9904
തായമ്പകയിലെ ശൈലികള്‍
ശ്രീ മോതലക്കോട്ടം നാരായണന്‍ തായമ്പകയെ കുറിച്ച് തുടങ്ങി വെച്ച ഒരു ചര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും പങ്കെടുത്ത മെമ്പര്‍മാര്‍ പങ്കുവേക്കുകയുണ്ടായി. തായമ്പകയില്‍ മലമക്കാവ് ശൈലിയും പാലക്കാടന്‍ ശൈലിയും തൃത്താല ശൈലിയും ഉണ്ട് എന്ന് പറയുന്നു. അതിലും തൃത്താല ശൈലി തന്നെ മലമക്കാവ് ശൈലിയുടെ കുറച്ചു കൂടി വിത്യാസപ്പെടുത്തിയ രീതി ആണെന്നും. മലമക്കാവ് കേശവപോതുവാള്‍ തുടങ്ങി വെച്ചതായിരുന്നു മലമക്കാവ് ശൈലി. എങ്കില്‍ അദ്ദേഹത്തിനു മുമ്പ് തായമ്പക ഏതു രൂപത്തില്‍ ആയിരുന്നു? ഒരു അനുഷ്ഠാന കല മാത്രം ആയിരുന്നുവോ തായമ്പക? എന്നുമുതലാണ് ഇന്നത്തെ രൂപത്തില്‍ ആയ തായമ്പക ആയി രൂപപ്പെട്ടത്? കൂറ് മാത്രം അടിസ്ഥാനപ്പെടുത്തിയാണോ ഈ ശൈലീവിത്യാസം വരുന്നത്? എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടാണ് ശ്രീ നാരായണന്‍ ചര്‍ച്ച തുടങ്ങി വെച്ചതു.
ദേവ് പനാവൂര്‍: മലമക്കാവ് ശൈലിയില്‍ കൃത്യമായ ആരോഹണവും, എണ്ണം പറഞ്ഞ കണക്കുകളും ഉള്ള പതികാലത്തിനാണ് കേമം എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ പാലക്കാടന്‍ ശൈലിയില്‍ മനോധര്‍മതിനാണ് പ്രാധാന്യം എന്നും .
ശ്രീവത്സന്‍ തീയാടി: മനോധര്‍മത്തിനു പ്രാധാന്യം കൂടും എന്നതിനാല്‍ പാലക്കാടന്‍ ശൈലിയിലെ തായമ്പകയില്‍ വാസനാപ്രകടനം കൂടുതല്‍ നടത്താന്‍ സാധ്യമാകുന്ന അടന്തക്കൂറ് ധാരാളമായി കേള്‍ക്കാം. മലമക്കാവ് മട്ടിലാകട്ടെ, ഒന്നാംകാലം കഴിഞ്ഞാല്‍ പൊതുവേ പഞ്ചാരി-ചമ്പ കൂറുകള്‍, കാലം താഴ്ത്താതെയും വലിയ കസര്‍ത്തില്ലാതെ ഭംഗിയായി കൊട്ടിക്കൂര്‍പിച്ച് ഇടനിലയിലേക്ക് കടക്കും. അവിടന്നങ്ങോട്ട് പാലക്കാടന്മാരെ തീരെ പിടിച്ചാല്‍ക്കിട്ടില്ല. (പഴയ ചിട്ടയിലെ തൃത്താല കുഞ്ഞികൃഷ്ണ പൊതുവാള്‍, ആളിപ്പറമ്പ് ശിവരാമ പൊതുവാള്‍ തുടങ്ങിയ മലമക്കാവുകാര്‍ ഒടുവിലെ ഈ ഭാഗം പൊതുവേ ഉപായത്തില്‍ കഴിച്ചുകൂട്ടും. വൃത്തിയുണ്ടാവും.)
നാരായണന്‍ മോതലക്കോട്ടം:ചെറുപ്പക്കാരുടെ ഇടയില്‍ ഇപ്പോള്‍ വലിയ വ്യത്യാസം ഒന്നും ഇല്ലാതായിട്ടുണ്ട്. ഇപ്പോഴത്തെ രീതി അനുസരിച്ച് ഇരികിടയില്‍ എത്രത്തോളം കാലം കേറാമോ അത്രയും നന്നായി എന്നാ മട്ട് ആണല്ലോ. കൂറിന്റെ കാര്യത്തിലും എല്ലാവരും ആസ്വാദകരുടെ അനുസരിച്ച് അടന്ത, പഞ്ചാരി കൂറുകള് കൊട്ടുന്നുണ്ടല്ലോ? ശരിക്ക് മലമാക്കാവ് ശൈലിയില്‍ രണ്ടാമത്തെ കോല് എടുക്കേണ്ടിവന്നാല്‍ (വട്ടം പിടിക്കുന്നവര്‍ക്ക്) അപ്പോള്‍ നിര്‍ത്തണം എന്നാണ്. ഇപ്പോഴൊക്കെ രണ്ടു കോല് മാത്രമല്ല ഉരുള് കൈയും തുടങ്ങിയിട്ടുണ്ട്. തായമ്പകയില്‍ ഒരു രാമമംഗലം (എറണാകുളം) ശൈലിയും ഉണ്ട് എന്ന് പറയപ്പെടുന്നു. തൃക്കംബരം കൃഷ്ണകുട്ടി മാരാര്‍ പറഞ്ഞതാണ്. പക്ഷെ ആ തനതായ ശൈലി ആരും ഇപ്പോള്‍ പ്രോയോഗിക്കുന്നില്ലത്രേ. നഷ്ടപ്പെട്ടു എന്ന് ചുരുക്കം.
ശ്രീവത്സന്‍ തീയാടി: കേരളത്തിലെ വാദ്യസംസ്കാരത്തില്‍ മൂവാറ്റുപുഴയാറ് കാര്യപെട്ടൊരു മണ്ഡലം ആണ്. സോപാനസംഗീതം മറ്റു പദ്ധതികളില്‍ നിന്ന് ഏറ്റവും വ്യതിരിക്തമായി ഇന്നു കേള്‍ക്കുക ആ ഭാഗത്തെ പാഴൂര്‍-പിറവം-മുളന്തുരുത്തി പ്രദേശത്താണ്. തായമ്പകയിലെ രണ്ടു മുഖ്യ ശൈലികള്‍ എന്നേ മലമക്കാവിനെയും പാലക്കാടിനേയും വിശേഷിപ്പിക്കാന്‍ വയ്ക്കൂ. വടക്കേ മലബാറിലെ ചില തായമ്പക വഴികള്‍ കേട്ടാല്‍ അന്തംവിട്ടു പോവും. കടന്നപ്പള്ളി ശങ്കരന്‍കുട്ടി, ചെറുതാഴം ചന്ദ്രന്‍, പയ്യാവൂര്‍ നാരായണ മാരാര്‍, കാഞ്ഞങ്ങാട് മുരളീധര മാരാര്‍, നീലേശ്വരം പ്രമോദ്കുമാര്‍..... (ആത്യന്തികമായി, പക്ഷെ, ഇവരുടെ ഒക്കെ വഴിക്ക് മലമക്കാവന്‍ ശൈലിയോടാണ് സാമ്യം എന്ന് സമ്മതിക്കാം, അത്രമാത്രം.)
നാരായണന്‍ മോതലക്കോട്ടം: രാമമംഗലം ശൈലി ഒരു വിധം "മാരാര്‍ കലകള്‍" ക്ക് ഒക്കെ ഉണ്ട്. മിക്കവാറും നമ്മള്‍ കൊച്ചി-തെക്കേ മലബാര്‍ പ്രദേശമെ ഈ വക ചര്‍ച്ചകളില്‍ പരാമര്ശിക്കുന്നുള്ളൂ അത്ര മാത്രം. ശ്രീവല്‍സന്‍ പറഞ്ഞ പോലെ വടക്കെ മലബാറില്‍ എല്ലാം വിണ്ടും തികച്ചും വ്യത്യസ്തമാവുന്നു. കഥകളിയെ പോലെ തന്നെ. രാമമംഗലം ശങ്കരന്‍കുട്ടി മാരാര്‍ (?) എന്നാ ഒരു അതി പ്രഗല്ഭന്‍ ഉണ്ടായിരുന്നത്രെ ഒരു രണ്ടു തലമുറ മുമ്പ്. ഒരു സകലകല വല്ലഭന്‍. തൃക്കംബരം കൃഷ്ണന്‍കുട്ടി മരാരില്‍ നിന്ന് ഇങ്ങനെയുള്ള കാര്യങ്ങള്‍ ആരെങ്കിലും ഡോക്യുമെന്റ് ചെയ്യേണ്ടിയിരുന്നു. പരിഷവാദ്യം, പഞ്ചവാദ്യം, തായമ്പക, പലേ വിധ മേളങ്ങള്‍, സംഗിത ശൈലികള്‍ എന്നിങ്ങനെ പലതും. അദ്ദേഹത്തിന് പലേ ശൈലികളിലുള്ള വ്യത്യാസവും മറ്റും കൃത്യമായി അറിയാം.
മനോജ് കുറൂര്‍: ആസ്വാദ്യകരമായ ഒരു ചര്‍ച്ചയില്‍ വിവാദമായേക്കാവുന്ന കാര്യങ്ങള്‍ പറയണ്ട എന്നു തോന്നിയതുകൊണ്ടാണ് ആദ്യം ഒഴിഞ്ഞുനിന്നത്. പോസ്റ്റില്‍ ഉന്നയിച്ചിട്ടുള്ള സംശയങ്ങള്‍ക്ക് ഞാന്‍ മനസ്സിലാക്കിയ തരത്തില്‍ മറുപടി പറയാം.
മലമക്കാവ് സമ്പ്രദായം മലമക്കാവ് കേശവപ്പൊതുവാള്‍ തുടങ്ങിയതാണ്. മാത്രമല്ല തായമ്പകയില്‍ത്തന്നെ ആദ്യമായി കേള്‍ക്കുന്ന പ്രധാന പേരും അദ്ദേഹത്തിന്റേതുതന്നെ. കൊളന്തസ്വാമിയെ പാലക്കാടന്‍ സമ്പ്രദായത്തിന്റെ ആദ്യകാലപ്രയോക്താവായും പറയാറുണ്ട്. അടന്തക്കൂറ് ആദ്യമായി പ്രയോഗിച്ചത് കൊളന്തസ്വാമി ആണെന്നു കരുതപ്പെടുന്നു. കൊളന്തസ്വാമി മലമക്കാവ് കേശവപ്പൊതുവാള്‍ക്കു ശേഷം വരുന്നയാളാണ്. മലമക്കാവ് ശൈലിയും പാലക്കാടന്‍ ശൈലിയും ഒരുപോലെ വശമുണ്ടായിരുന്നയാളാണ് തിയ്യാടി നമ്പ്യാര്‍ (നമ്മുടെ ശ്രീവത്സന്‍ തിയ്യാടിയുടെ പൂര്‍വികന്‍)
മലമക്കാവ് കേശവപ്പൊതുവാളിനുമുന്‍പ് തായമ്പകയുടെ സ്ഥിതി എന്തായിരുന്നു എന്നറിയാന്‍ ഇന്നു മാര്‍ഗമില്ല. മേളത്തില്‍നിന്നാണ് അതല്ല കേളിയില്‍നിന്നാണ് ഈ കലാരൂപം ഉദ്ഭവിച്ചത് എന്നു പല പക്ഷങ്ങളുണ്ട്. എന്തായാലും എണ്ണങ്ങള്‍ കൊട്ടിക്കൂര്‍പ്പിക്കുക, മനോധര്‍മ്മപ്രധാനമായ വകകള്‍ കൊട്ടുക എന്നിങ്ങനെ അടിസ്ഥാനഘടനയില്‍ ഈ ശൈലികള്‍ തമ്മില്‍ വ്യത്യാസമില്ല. മലമക്കാവ് സമ്പ്രദായക്കാര്‍ക്ക് പൊതുവെ ചമ്പക്കൂറാണ് പത്ഥ്യം. പാലക്കാടന്‍ ശൈലിക്കാര്‍ക്ക്, കൊളന്തസ്വാമിക്കും തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യനായ പല്ലാവൂര്‍ അപ്പുമാരാര്‍ക്കുമൊക്കെ, അടന്തക്കൂറാണ് പ്രിയം.
പ്രധാനവ്യത്യാസമായിക്കാണാവുന്ന ഒരു സംഗതി പാലക്കാടന്‍ സമ്പ്രദായത്തിനു കൊളന്തസ്വാമിയുടെ പാരമ്പര്യമുള്ളതുകൊണ്ടുതന്നെ കര്‍ണാടകസംഗീതത്തിലെ വാദ്യപ്രയോഗത്തിന്റെ സ്വാധീനമുണ്ടെന്നു പറയാറുണ്ട്. ഒരു വക ഏതു നടയിലാണു തുടങ്ങിയത് എന്നതിനു വ്യത്യാസം വരാതെ കൊട്ടുകയും മുത്തായിപ്പിന്റെ രീതിയില്‍ കലാശിക്കുകയും ചെയ്യും. മലമക്കാവ് സമ്പ്രദായക്കാര്‍ക്ക് മുത്തായിപ്പുരീതി അത്ര പ്രധാനമല്ല. കൊട്ടിവരുന്ന വകയിലായാലും എണ്ണത്തിലായാലും ആകര്‍ഷകമായ ഒരു കലാശംകൊട്ടി അവസാനിപ്പിക്കുക എന്നതാണ് പൊതുരീതി.
പിന്നെ, ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ശൈലീഭേദങ്ങള്‍ക്കു പ്രസക്തി കുറഞ്ഞുവരുന്നു. തൃത്താല കേശവപ്പൊതുവാള്‍ മലമക്കാവു വഴിയിലുള്ള തൃത്താല സമ്പ്രദായത്തെ പരിഷ്കരിക്കുകയാണു ചെയ്തത് എന്നും അതല്ല ഈ സമ്പ്രദായത്തില്‍നിന്നു വേറിട്ടൊരു വഴി സൃഷ്ടിക്കുകയാണു ചെയ്തത് എന്നും പറയാറുണ്ട്. പൂക്കാട്ടിരിയും അവസാനകാലത്ത് പ്രത്യേകിച്ചും അടന്തക്കൂറും ഭംഗിയായി കൊട്ടിയിരുന്നു. പല സമ്പ്രദായക്കാരുടെ ആകര്‍ഷകമായ വഴികള്‍ സമന്വയിപ്പിച്ചാണ് മട്ടന്നൂരിനെപ്പോലെ സമകാലികരായ പല തായമ്പകക്കാരും കൊട്ടാറുള്ളത്.
വ്യക്തിപരമായ മനോധര്‍മ്മത്തിനു പ്രാധാന്യമുള്ള കലയായതുകൊണ്ടുതന്നെ നിരന്തരം പരിഷ്കരിക്കപ്പെടുന്നതിനുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു.
മണി വാതുക്കൊടം: നന്ദി മനോജേട്ടാ. ഇന്നത്തെ പരിഷ്കരണങ്ങൾ മുന്നേറുന്ന വഴിയെ പറ്റി എന്താണ് അഭിപ്രായം? എണ്ണങ്ങളെക്കാളും വകകളേക്കാളും കൂടുതൽ ജനത്തെ രസിപ്പിക്കുവാനെന്നമട്ടിലുള്ള ചില പൊടികൈകൾ പലരും പ്രയോഗിക്കുന്നത് കാണാറുണ്ട്.
മനോജ് കുറൂര്‍: മണി, എണ്ണങ്ങള്‍ കൊട്ടിക്കൂര്‍പ്പിക്കുക, വകകള്‍ കൊട്ടുക എന്ന ഘടനയിലുള്ള തായമ്പകകള്‍ ഇന്ന് അപൂര്‍വമായിക്കൊണ്ടിരിക്കുന്നു. തായമ്പക അടുത്ത കാലത്ത് ഒരു ഹരമായി മാറിയിട്ടുണ്ടല്ലൊ. പ്രൊഫഷനലിസം വരുമ്പോള്‍ മത്സരം കൂടും. ഡബിള്‍ തായമ്പകകളുടെ പ്രചാരം മൂലം മത്സരം ഒഴിച്ചുകൂടാനാവാത്തതായിത്തീര്‍ന്നിരിക്കുന്നു. കനത്തില്‍ നല്ല സാധകത്തില്‍ കൊട്ടുന്നവര്‍ക്കാണ് കൂടുതല്‍ അരങ്ങുകള്‍. ജനപ്രിയമാക്കാനുള്ള പൊടിക്കൈകള്‍ ചേര്‍ക്കാന്‍ ഓരോരുത്തരും നിര്‍ബന്ധിതരായിത്തീരുന്നുണ്ട്. അതിനും ചില കാരണങ്ങളുണ്ട്.
പണ്ടൊക്കെ തായമ്പകയ്ക്ക് ഒരു മണിക്കൂര്‍ അഞുമിനിറ്റു മുതല്‍ പത്തുമിനിറ്റു വരെയായിരുന്നു സാമാന്യ സമയം. ഇടച്ചോര്‍ച്ച വരാതെ വൃത്തിയുള്ള ഒരു തായമ്പക കൊട്ടുന്നതിന് പാകം സമയം അതുതന്നെയാണ്. പക്ഷേ സമയ ദൈര്‍ഘ്യം കൂടുമ്പോള്‍ അത്രയും നേരം കനം കുറയാതെ വൃത്തിയായി കൊട്ടാന്‍ ബുദ്ധിമുട്ടാണ്. ആരോഗ്യവും ബലവും തായമ്പകക്കാര്‍ക്ക് പ്രധാനമാണ്. സമയം കൂടുമ്പോള്‍ വേഗം ക്ഷീണിക്കും. ക്ഷീണം പുറത്തറിയാതെയിരിക്കാന്‍ ചില പൊടിക്കൈകളിലേക്കു കടക്കും ചിലര്‍.
മറ്റു ചിലര്‍ക്ക് സമ്പ്രദായശുദ്ധിയുള്ള തായമ്പക നന്നായി വഴങ്ങില്ല. ഇടംകൈയുടെ നാദശുദ്ധി മുതല്‍ ഉരുളുകൈയുടെ അനായാസതയും ഇരികിടയില്‍ ഓരോ നാദവും വേറിട്ടു കേള്‍ക്കുന്നതും വരെയുള്ള അടിസ്ഥാനകാര്യങ്ങള്‍ പോലും പലര്‍ക്കുമില്ല. അവര്‍ക്കു പൊടിക്കൈകളെ ആശ്രയിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. :)
സമ്പ്രദായശുദ്ധിയുള്ള തായമ്പകക്കാര്‍ക്കുപോലും ജനപ്രിയരാകാതെ ഈ രംഗത്തു പിടിച്ചുനില്‍ക്കാനാവാത്തതിനാല്‍ അവരും ഇത്തരം ജനപ്രിയതന്ത്രങ്ങള്‍ക്കു വഴിപ്പെട്ടു പോകുന്നു.
ദേവ് പനാവൂര്‍: നന്ദി മനോജ്. കല്ലൂര് ഒരിക്കല്‍ പറഞ്ഞത് പഞ്ചാരിയുടെ നട എല്ലാ കൂരിലും ഉള്ളതുകൊണ്ടാണ് പാലക്കാടന്മാര് പഞ്ചാരി കൂറ് കൊട്ടാത്തത് എന്നും, നാലാമതൊരു "മുറിഞ്ഞ ചമ്പകൂറ്" ഉണ്ട്. പക്ഷെ ആരും ഇപ്പൊ കൊട്ടാറില്ല എന്ന്. അതെന്താ അങ്ങിനെ എന്ന് അദ്ദേഹം വിശദീകരിച്ചില്ല.
മനോജ് കുറൂര്‍: കൂറുകളുടെ കാര്യം മറ്റൊരു പ്രധാനവിഷയമാണ്. തായമ്പകയിലെ പഞ്ചാരിക്കൂറ് പഞ്ചാരിനടയിലല്ല എന്നു വാദിക്കുന്ന കല്ലേക്കുളങ്ങര അച്ചുതന്‍കുട്ടി, പഞ്ചാരിക്കൂറിനെ അതേ നടയിലാക്കി കൊട്ടാറുണ്ട്. ത്ര്യശ്രഗതിയിലുള്ള പഞ്ചാരി, ഖണ്ഡഗതിയിലുള്ള ചമ്പ, മിശ്രഗതിയിലുള്ള അടന്ത കൂറുകള്‍ കൂടാതെ സങ്കീര്‍ണ്ണഗതിയിലുള്ള ‘നവക്കൂറ്” എന്നൊരു കൂറുകൂടി അടുത്ത കാലത്തു ചിലര്‍ കൊട്ടാറുണ്ട്. മുറിഞ്ഞ ചമ്പക്കൂറ് ഞാന്‍ കേട്ടിട്ടില്ല. പഞ്ചാരിക്കൂറു കഴിഞ്ഞാല്‍ നേരേ മുറുകിയ ചമ്പക്കൂറിലേക്കു കടക്കുന്നതാണു മലാക്കാവുശൈലിയിലെ പതിവ്. കലാമണ്ഡലം അച്ചുണ്ണിപ്പൊതുവാള്‍ (പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്- കലാമണ്ഡലത്തില്‍ എത്തും മുന്‍പേ അച്ചുണ്ണിപ്പൊതുവാള്‍ തായമ്പകക്കമ്പക്കാരുടെ ഹരമായിരുന്നു.) പതിഞ്ഞ ചമ്പക്കൂറ് കൊട്ടിയിരുന്നതായി കേട്ടിട്ടുണ്ട്. പതിഞ്ഞ അടന്തക്കൂറിന് ഇപ്പോഴും പ്രചാരമുണ്ടല്ലൊ.
കൂറിന്റെ പ്രസക്തിയും ഗതിഭേദങ്ങളും ചൂടുപിടിച്ച മറ്റൊരു വിവാദവിഷയമാണ്.
നാരായണന്‍ മോതലക്കോട്ടം: കലയിലെ വാണിജ്യവല്‍ക്കരണം വലിയ ഒരു പ്രശ്നം തന്നെയാണ്. ആര്‍ക്കും ഇപ്പോള്‍ വൃത്തിയായ കല (രണ്ടു പക്ഷം ഉണ്ടാവാം) വേണം എന്ന് ഇല്ലാതായി തുടങ്ങിയിരിക്കുന്നു. എന്തെങ്കിലും മതി എന്ന പോലെ ആയിരിക്കുന്നു. എല്ലാം വെറും "കാഴ്ച"ക്ക് വേണ്ടിയാണ് ഇപ്പോള്‍, കേമത്തത്തിനും. ആ പ്രശ്നം ശ്രവ്യ, ദൃശ്യ കലകള്‍ക്ക് എല്ലാത്തിനും ഉണ്ട്. എല്ലാം ഒരു. അതിജീവനത്തിന്റെ വഴിയില്‍ ആണ്.
മനോജ് കുറൂര്‍: മലമക്കാവ് കേശവപ്പൊതുവാള്‍ക്കു മുന്‍പുള്ള തായമ്പകയുടെ ചരിത്രം ഏറെക്കുറേ അജ്ഞാതമാണ്. ഇന്നു കാണുന്ന തായമ്പകയില്‍ എന്തായാലും അനുഷ്ഠാനപരമായ അംശം കുറവാണ്. തായമ്പകയുടെ ശരീരത്തിലേക്കു കടക്കും മുമ്പ് ഉള്ള സന്ധ്യവേലയാണ് അനുഷ്ഠാനസൂചന നല്‍കുന്ന ഒരു ഭാഗം. ചമ്പടവട്ടം മുതല്‍ ഇരികിട വരെയുള്ള ഭാഗത്തിന് അനുഷ്ഠാനംശം ഇല്ലെന്നുതന്നെ പറയാമല്ലൊ. പലരും തായമ്പകയ്ക്ക് ഒരു നൂറ്റിയമ്പതു വര്‍ഷത്തിനപ്പുറം പഴക്കം പറയുന്നില്ല.
നാരായണന്‍ മോതലക്കോട്ടം: ഇപ്പോള്‍ അനുഷ്ഠാനമായി നടത്തുന്ന തായമ്പക(മുടിയേറ്റിനു മുമ്പ്, കളമെഴുത്തും പാട്ടിന്റെ ഒപ്പം, വേട്ടേക്കരന്‍പാട്ടിന്റെ ഒപ്പം എന്നിങ്ങനെ) ഇടക്കാലത്ത് കൊണ്ടു വന്നതാണോ? എന്റെ ഒരു സംശയം വെറും അനുഷ്ഠാനകലയായിരുന്ന തായമ്പകയെ പരിഷ്കരിച്ചു ഒരു അവതരണകല ആക്കി മാറ്റുകയല്ലേ കേശവ പൊതുവാള്‍ ചെയ്തത്.
പതിഞ്ഞ കൂറുകൊട്ടുമ്പോള്‍ ഒന്ന് ഇഴച്ചില്‍ വരുന്നില്ലേ തായമ്പകയില് എന്ന് സംശയം. കൊട്ടികൂര്‍പ്പിക്കുക എന്നാ തത്വത്തിനു ഭംഗം വരില്ലേ എന്ന് സംശയം. അതുപോലെ പഞ്ചാരി കൂറ് മുറുകി എത്തി പതിഞ്ഞ ചമ്പയിലേക്ക് കടക്കുന്നതും കേട്ടിട്ടുണ്ട് (ചില കേമന്മാരുടെ തന്നെ) അത് കേള്‍ക്കുമ്പോള്‍ മുഷിച്ചിലാണ് തോന്നാറ് പതിവ്.
മനോജ് കുറൂര്‍: ആവാന്‍ സാധ്യതയുണ്ട്. പക്ഷേ ഉദ്ഭവത്തെ സംബന്ധിച്ചു തെളിവുകളില്ല എന്നതാണു പ്രശ്നം. കേളിയും അത്തരത്തില്‍ ഉള്ള അനുഷ്ഠാനകലയാണല്ലൊ. പക്ഷേ കലാപ്രകടനത്തില്‍ അനുഷ്ഠാനാംശം കുറവാണ് എന്നാണു ഞാന്‍ പറഞ്ഞത്. മനോധര്‍മ്മപ്രധാനമാകുന്നതുതന്നെ അനുഷ്ഠാനാംശത്തില്‍നിന്നുള്ള ഒരുതരം വിടുതലിനെയാണല്ലൊ സൂചിപ്പിക്കുന്നത്. നാരായണന്‍ പറഞ്ഞ ഇതേ സംശയം മൂലമാണ് ചമ്പടവട്ടവും പഞ്ചരിക്കൂറും മുറുകി കലാശിച്ച ശേഷം മലമക്കാവുകാര്‍ മുറുകിയ ചമ്പക്കൂറിലേക്കു കടക്കുന്നത്.
ശ്രീവത്സന്‍ തീയാടി: മനോജ്, നാരായണന്‍ എന്നീ രണ്ടുപേര്‍ പറഞ്ഞതിനെ ചേര്‍ത്ത് ഒരു കാര്യം എഴുതട്ടെ. ആദ്യം നാരായണന്‍: അടന്തക്കൂറ് പതിഞ്ഞെടുത്ത ശേഷം പിന്നൊരു പഞ്ചാരിയും ചിലപ്പോള്‍ അതിനു മീതെ ഒരു ചമ്പയും കൂറുകള്‍ കൊട്ടുന്ന ഒരു സമ്പ്രദായവും കേട്ടുതുടങ്ങിയിരിക്കുന്നു. (മുഷിയാന്‍ വേറൊന്നും വേണ്ട.) പിന്നെ മനോജ്: അങ്ങേക്കും എനിക്കും ഒക്കെ പ്രിയം ഉള്ള സദനം വാസുവാണ് ഇത്തരം ഒരു സാധനം കൊട്ടി (ഞാന്‍) ആദ്യം കേള്‍ക്കുന്നത്. ഒരു പത്തുവര്‍ഷം മുമ്പ്.
ആധുനിക കാലത്ത് പൊതുവേ നടക്കുന്ന മാനകവല്‍ക്കരണം തായമ്പകക്കും ബാധകമാവുന്നു എന്നും കരുതാം. കുമ്പളയിലെയും കളയിക്കാവിളയിലെയും മലയാളങ്ങള്‍ തമ്മില്‍ ഒരു മുപ്പതു കൊല്ലം മുന്പുള്ളപോഴത്തെ അത്ര വ്യത്യാസം ഇന്നുണ്ടോ? കഥകളിയില്‍ മടവൂരിനോളം തെക്കന്‍ സമ്പ്രദായം ശിഷ്യന്‍ രാജശേഖരന് ഉണ്ടോ? സദനം കൃഷ്ണന്‍കുട്ടിയുടെ ആട്ടം കണ്ടാല്‍ കല്ലുവഴി ചിട്ടയില്‍മാത്രം അഭ്യസിച്ച ആളാണ് എന്ന് ഇന്നു പറയുമോ? മാര്‍ഗി മധുവിന്റെ ഗുരു കലാമണ്ഡലം ഗോപിയാണെന്ന് ചിലപ്പോഴെങ്കിലും തോന്നിപോവാറില്ലേ? തിരുവല്ലയില്‍നിന്ന് പത്തിയൂര്‍ക്ക് ഉള്ളതിന്റെ എത്രയോ മടങ്ങ് ദൂരമാണു പഴയ ഗോപിക്കുട്ടന്റെയും പുതിയ ശങ്കരന്‍കുട്ടിയുടെയും അരങ്ങുപാട്ടിന്, അല്ലേ? ചെണ്ടമേളത്തില്‍ത്തന്നെ പഴയ പാഴൂരും പനമണ്ണയും പന്തീരാന്‍കാവിലും കേള്‍ക്കുന്ന പഞ്ചാരികളൊക്കെ ഇന്ന് പെരുവനം മട്ടിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു.
വളരെ നല്ല ഒരു ചര്‍ച്ച ആയിരുന്നു ഇത്. ഒരുപാട് കാര്യങ്ങള്‍ പങ്കു വെക്കുവാന്‍ കഴിഞ്ഞു എങ്കിലും, ഇനിയും കൂറുകളെ പറ്റിയും മറ്റും ഒരുപാട് ചര്‍ച്ച ചെയ്യാന്‍ ഇരിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് ചര്‍ച്ച അവസാനിപ്പിച്ചത്.
മേല്‍ പറഞ്ഞ അംഗങ്ങള്‍ക്ക് പുറമേ അനൂപ് അങ്ങാടിപ്പുറം, നാരായണന്‍ മടങ്ങര്‍ളി, വിഷ്ണു നാരായണന്‍, അനില്‍ ശ്രീകുമാര്‍ , അരുണ്‍ പി വി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു .
ഗ്രൂപ്പിന്റെ ആദ്യകാലത്തു നടന്ന ഏറ്റവും വിജ്ഞാന പ്രദമായ ചര്‍ച്ചകളില്‍ ഒന്നാണ് തായമ്പകയെ പറ്റിയുള്ള ഈ ചര്‍ച്ച. കേരളത്തിന്റെ സ്വന്തം വാദ്യമായ ചെണ്ടയിലെ സര്‍ഗാത്മകമുഖമാണ് തായമ്പക. ശൈലീപരമായ വ്യത്യസ്തതകള്‍ സാങ്കേതിക പദങ്ങളുടെ ആധിക്യം ഇല്ലാതെ ഏവര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരു ചര്‍ച്ചയാണ് ഇത്.