വിസ്ഫോടനക്കോലും വിലോലനാദവും

വിസ്ഫോടനക്കോലും വിലോലനാദവും

വി. കലാധരൻ

വള്ളുവനാടിൻറെ കൂടപ്പിറപ്പായ യാഥാസ്ഥിതികത്വം എന്ന സുരക്ഷിതകവചത്തെ ഭേദിച്ച് സർവതന്ത്രസ്വതന്ത്രനായി ചരിച്ച ഭാവനാശാലിയായിരുന്നു കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ. ഇന്ന് തൊണ്ണൂറ്റിയേഴാം ജന്മദിനം.

കേരളത്തിലെ വാദ്യവിദ്യാവിദഗ്ധരും വാദ്യസംഗീതരസികരും കഥകളിച്ചെണ്ടയെ മേളത്തിനും തായമ്പകക്കും വളരെ താഴെയായിട്ടാണ് സ്ഥാനപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചെണ്ടയുടെ കാല്പനികപ്രഭാവം കഥകളിയിലാണ് അനുഭവിക്കാനാവുക എന്ന് കലാമർമജ്ഞനായ ഡോ. ടി.എൻ. വാസുദേവൻ. കഥകളിച്ചെണ്ടയെ സാംസ്കാരികകേരളത്തിൻറെ മുൻനിരയിലേക്ക് വീണ്ടെടുക്കുകയാണ് അദ്ദേഹത്തിൻറെ അസാധാരണമായ ഈ നിരീക്ഷണം.

കഥകളിയുടെ നൃത്ത-നൃത്ത്യ-നാട്യങ്ങളെ ഭാവസൂക്ഷ്മതയോടെ ചെണ്ടയിൽ പിന്തുടരാൻ കലാമണ്ഡലം കൃഷണൻകുട്ടി പൊതുവാൾക്ക്‌ കരുത്തും അറിവും ആത്മബലവും ഔചിത്യബോധവും പ്രദാനം ചെയ്തത് കലാമണ്ഡലത്തിലെ പട്ടിക്കാംതൊടിക്കളരി ആയിരുന്നു. അന്നുവരെ കഥകളിയുടെ രംഗവ്യവഹാരങ്ങളെ സാമാന്യമായി പിൻപറ്റിയ കൊട്ട് നടൻറെ വ്യക്തിഗതസിദ്ധികളെയും സ്ഥായി-സഞ്ചാരി ഭാവങ്ങളെയും ശോഭനീയമാക്കുന്ന നേർകോൽനാദവും ഉരുളുകയ്യിൽ നിന്നുദ്ഭവിക്കുന്ന സ്വരതരംഗങ്ങളുമായി പരിണമിച്ചതിന്റെ ചരിത്രമാണ് കൃഷ്ണൻകുട്ടിപ്പൊതുവാളുടെ കലാജീവിതം.

തായ് വഴിയിൽനിന്ന് വാദ്യവിദ്യാവാസനയും പൈതൃകത്തിൽനിന്ന് മേധാശക്തിയും ഒത്തുചേർന്ന അത്യപൂർവ ജനുസ്സ് എന്ന് ഒറ്റവാക്യത്തിൽ പൊതുവാളെ അടയാളപ്പെടുത്താം. ഒരിക്കൽ കണ്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത ഗംഭീരരൂപം. അധികാരസ്ഥാനങ്ങളെ ചൊടിപ്പിച്ച ധിക്കാരി. ഭൗതികനഷ്ടങ്ങളിൽ ആവലാതിപ്പെടാനാവാത്തവണ്ണം ബലിഷ്ഠമായ ആത്മാഭിമാനത്തിന് ഉടമ. കളിയരങ്ങിലെ അപഭ്രംശങ്ങളെ നിശിതമായി വിചാരണചെയ്ത കലാതത്വവേദി.

വള്ളുവനാടിൻറെ കൂടപ്പിറപ്പായ യാഥാസ്ഥിതികത്വം എന്ന സുരക്ഷിതകവചത്തെ ഭേദിച്ച് സർവതന്ത്രസ്വതന്ത്രനായി ചരിച്ച ഭാവനാശാലി. സ്വപ്രവൃത്തിയിൽ ലോകധർമിയുടെ ജ്വാലകൾ സമുചിതമായി സമ്മേളിപ്പിച്ച വിവേകശാലി. ന്വായവാദങ്ങൾ വെറുതെ നിരത്തി താൻ കൊട്ടേണ്ട അവസരങ്ങളെ മനപ്പൂർവം ഒഴിവാക്കിയ വ്യതിയാനി. ഇവ്വിധം എണ്ണമറ്റ സ്വഭാവവിശേഷങ്ങളുടെ സമാഹൃതസ്വരൂപമായിരുന്നു പൊതുവാൾ.

നിലയ്‌ക്കാത്ത വശ്യത

ഉരുളുകോലിൻറെ ധാരാളിത്തമോ ശ്രോതാക്കളെ സ്തബ്ധരാക്കുന്ന കനമോ ഇല്ലാതിരുന്നിട്ടും പൊതുവാളുടെ ചെണ്ടക്കോലിൽ നിന്നുദിച്ചുയർന്ന സ്വരകിരണാവലി എന്തുകൊണ്ട് കഥകളിപ്രണയികളുടെ നിലയ്‌ക്കാത്ത വശ്യതയായി? കാരണങ്ങൾ പലത്‌.

 

ഏറ്റവും പ്രധാനം പാത്രപ്രകൃതിക്കൊത്ത് പൊതുവാളുടെ ചെണ്ടയിൽ വിടർന്നുല്ലസിച്ച അസംഖ്യം ഭാവധ്വനികൾ. ശൃംഗാരരംഗങ്ങളിൽ നിമന്ത്രണമായും വീര-രൗദ്ര രസങ്ങളുടെ വിലാസവേളകളിൽ വിസ്ഫോടനമായും ശോകനിർഭരനിമിഷങ്ങളിൽ മൗനം മോഹിച്ച വിലോലനാദമായും അദ്ദേഹം തൻറെ വാദനസാധ്യതകളെ സർഗാത്മകമാക്കി. കൈകസി കേട്ടതും കണ്ടതുമായ പുഷ്പകവിമാനത്തിൻറെ കാതടപ്പിക്കുന്ന ഇരമ്പൽ കാണികളാകെ കേട്ടു. പിൽക്കാലകൊട്ടുകാർ തിശ്രത്തിലും ഖണ്ഡത്തിലും സങ്കീർണത്തിലുംവരെ കൊട്ടി തിമർത്തിട്ടും വിമാനത്തിൻറെ സാന്നിധ്യം കൈകസിക്കോ കാഴ്ചക്കാർക്കോ കൈവന്നില്ല.

ഇനിയും നിങ്ങൾക്ക് പൊതുവാളുടെ പ്രതിഭയിൽ സംശയമുണ്ടോ? എങ്കിൽ ചെർപ്പുളശ്ശേരി ശിവനെ കാണൂ. ആ കോൽപ്പെരുമാറ്റങ്ങളുടെ ഭാവലയപ്രഭുത്വം വായ്ത്താരിയിലൂടെ ആ മദ്ദളവിദ്വാൻ നിങ്ങളെ ബോധ്യപ്പെടുത്തും.

You need to a flashplayer enabled browser to view this YouTube video

കൊട്ട് പോലെ ലളിതവും സുതാര്യവും സാരഗർഭവുമായിരുന്നു പൊതുവാളുടെ തൂലികാചിത്രങ്ങൾ. വള്ളത്തോളിനെ അനുസ്മരിക്കുന്ന വാങ്മയത്തിനൊടുവിൽ പൊതുവാൾ ഒരു കഥകളിപ്രേമിയുടെ വാക്കുകൾ ഉദ്ധരിക്കുന്നു. അതിലൊരു വാക്യം. "നിങ്ങൾക്കൊക്കെ ഇങ്ങനെ നടക്കാറായത് ആ നാരായണമേനോൻ കാരണമാണ്". ഇതിലധികം മലയാളത്തിൻറെ മഹാകവിയെ ഒരു കഥകളി കലാകാരൻ എങ്ങനെ മഹത്വപ്പെടുത്തും.

 

പൊതുവാൾ തൻറെ ജീവിതകാലത്ത് നേടിയ കീർത്തിയും ആദരവും അദ്ദേഹം അർഹിച്ചതിൽ അധികമായിരുന്നു എന്ന് പരോക്ഷമായി സ്ഥാപിക്കാൻ ചില ആസൂത്രിതശ്രമങ്ങൾ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. അവയുമായി ബന്ധപ്പെട്ട അണിയറപ്രവർത്തകരുടെ നിലപാടുകൾ ഒരിക്കലും നിഷ്കളങ്കമല്ല. പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാൻ ശ്രമിക്കരുത്.

(കലാനിരൂപകനാണ് ലേഖകൻ. കലാമണ്ഡലത്തിലെ പബ്ലിസിറ്റി വിഭാഗത്തിൽ മൂന്ന് പതിറ്റാണ്ട് പ്രവർത്തിച്ച് ഡെപ്യൂട്ടി രജിസ്ട്രാർ ആയി വിരമിച്ചു. ഫേസ്‌ബുക്ക് പോസ്റ്റ് ആണ് ലേഖനത്തിന് ആധാരം.)

 

embed video powered by Union Development


free joomla templatesjoomla templates
2024  Aswadanam.com   globbers joomla template