രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം -- പിൻവിളികാലം
- Details
- Category: Festival
- Published on Thursday, 10 June 2021 15:09
- Hits: 4079
കുതിരവേലയും കുംഭത്തിലമ്പിളിയും
ശ്രീവൽസൻ തീയ്യാടി
മൂന്ന് ദശകശേഷം മച്ചാട്ടെ അശ്വമാമാങ്കം പകല് കണ്ടു. വെളുത്തവാവിന് കുട്ടനെല്ലൂരെ പൂരവും. അവിടവും ഉച്ചതിരിഞ്ഞ നേരത്ത് അയലത്തെ വളർക്കാവിലെ എഴുന്നള്ളിപ്പും. കാലം മാറ്റിയിരിക്കുന്നു കാതൽ താത്പര്യങ്ങൾ.
ഏഴരമണിനേരത്തെ നറുവെയിലത്ത് പാടക്കരയിൽ പൊയ്ക്കുതിരകൾ നിരന്നു. നിറം, ഉയരം, നോട്ടം എല്ലാം വ്യത്യസ്തം. അപ്പോഴും ഒരുപോലെ ചന്തം. ചുറ്റുപുറം എട്ടു ദേശങ്ങളിൽനിന്ന് എഴുന്നള്ളിച്ചെത്തിയവ. പെരിയ പല്ലക്കിലെന്നപോലെ നിവാസികൾ ആരവങ്ങളോടെ ചുമലിലേന്തി തിരുവാണിക്കാവിൽ എത്തിച്ച കെട്ടുകാഴ്ചയശ്വങ്ങൾ. ഊരുകളിൽ ചിലവയെ പ്രതിനിധീകരിച്ച് ഒന്നിലധികമുണ്ട് കോലങ്ങൾ. യഥാതഥ പകർപ്പല്ല -- പുത്തൻതുണിയിൽ പൊതിഞ്ഞ ശൈലീകൃത രൂപങ്ങൾ.
പ്രഭാതത്തിനു പിന്നാലെയുള്ള സ്വർണരശ്മി തട്ടി എതിരെ നടവഴിയറ്റത്ത് കുള്ളൻകുന്നുകൾ ആലസ്യത്തിൽനിന്ന് ഉണരുന്നേയുള്ളൂ. കട്ട വിണ്ട വയലിനക്കരെ വീടുകളിൽ പറയെടുക്കാൻ പോയ കോമരങ്ങൾ മടങ്ങിയെത്തിയിട്ടില്ല. മേളം തുടങ്ങാൻ ലേശംകൂടി സമയമുണ്ട്. വേനൽച്ചൂട് മൂക്കാനും. ജനം കൊണ്ടുപിടിച്ചു സൊറയ്ക്കുന്നുണ്ട്. പൊടിപറക്കുന്ന മൈതാനത്തും ഇറക്കത്തിലെ തുറസ്സുകുളത്തിൻറെ കരയിലും കമുകിൻതോട്ടം അതിർത്തികുറിച്ച വരമ്പുകളിലും ഒക്കെയായി. പുരുഷരോളംതന്നെ സ്ത്രീകൾ. വൃദ്ധർ, മദ്ധ്യവയസ്കർ, യുവാക്കൾ, കുട്ടികൾ.
മച്ചാട്. മനോഹരിയായ തലപ്പിള്ളിഗ്രാമം. നടുകേരളത്തിലെ വടക്കാഞ്ചേരിക്ക് നാലുനാഴിക തെക്ക്. ഇത് ബുധൻ. വേല തത്വത്തിൽ തലേന്നാൾ കഴിഞ്ഞു. കുറഞ്ഞത് ഈ കൊച്ചുവെളുപ്പിനെങ്കിലും. കുംഭത്തിലെ മുപ്പെട്ട് ചൊവ്വ എന്നതാണ് ഈ ഉത്സവമാമാങ്കത്തിൻറെ കണക്ക്.
മുമ്പ് ഇതേ വിശേഷത്തിന് വന്നത് 21 വയസ്സുള്ളപ്പോൾ. അന്നേ മാതിരിയല്ല മൂന്ന് പതിറ്റാണ്ടിനിപ്പുറം പൊതുവെ ലോകം. അമ്പേ മാറിയിരിക്കുന്നു ജീവിത പരിതസ്ഥിതി. മെച്ചങ്ങളും ദോഷങ്ങളും ഉണ്ട് സമകാലത്തിന്. പരിചയങ്ങൾക്ക് പരപ്പുകൂടിയിരിക്കുന്നു -- നേരിലും അതിലുപരി സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയും. അവയിൽ രണ്ടാമത്തെ ഗണത്തിൽപ്പെട്ടവക്ക് ചിലപ്പോൾ(മാത്രം) ആഴമുണ്ടാവുന്നു.
റിയൽവേൾഡ് ചാർച്ചകൾ താരതമ്യേന ഭദ്രമാണ്. ഇന്നിപ്പോൾ ഭാര്യവഴി ബന്ധുക്കൾ ഉണ്ട് തിരുവാണിക്കാവ് പരിസരത്ത്. മാമാങ്കംകൂടാൻ അവരുടെ ക്ഷണവും ഉണ്ട് -- വിവാഹം കഴിഞ്ഞ 2001 തുടങ്ങിത്തന്നെ എന്നുപറയാം. ദൽഹി കേന്ദ്രമായുള്ള അന്യദേശയദ്ധ്യായത്തിന് തീരുകൊട്ടി 2019 താമസം തൃശൂരായതിനാൽ ഇപ്പറഞ്ഞയിടത്തേക്ക് ദൂരം 18 കിലോമീറ്റർ മാത്രം. മുമ്പ്, 1990-കളുടെ തുടക്കത്തിലൊക്കെ, പെണ്ണുകെട്ടാപ്പയ്യനായി എത്തിപ്പെട്ടിരുന്നതുപോലെ ബസ്സിലും ജീപ്പിലും തൂങ്ങിപ്പിടിച്ചു വേണ്ട; കാറോട്ടിത്തന്നെ പോവാം പൂരപ്പറമ്പിലേക്ക്. ഇത്രയും ഗുണവശം.
അതേസമയം ശാരീരികമായി പരാധീനതകളുണ്ട്. അമ്പതാം വയസ്സിൽത്തന്നെ! മനസ്സിനോ, പലപ്പോഴും അതിലധികം വാർദ്ധക്യം. മേളമെഴുന്നള്ളിപ്പൊന്നും മൂന്നേക്കണക്ക് ആവേശം തരാതായിട്ട് കൊല്ലം കുറച്ചായി. പ്രവാസ ജീവിതത്തിനിടെ നാട്ടിലെ വാദ്യകലകളോട് കമ്പം കുറയുകയാണുണ്ടായിട്ടുള്ളത് എന്നൊരു തോന്നൽ.
എന്നിട്ടും 2020-ലെ ഫെബ്രുവരി വന്നപ്പോൾ മടുപ്പു വെടിഞ്ഞ് മച്ചാടെത്തി. വേലപ്പിറ്റേന്ന്. അന്നാണ് കൊണ്ടാട്ടത്തിൻറെ തിളശേഷിപ്പ്. തിമർപ്പിന് ഒരു തീരുകൊട്ട്. തലേനാൾ ഇവിടം ഭൂമിയാകാശങ്ങളിൽ നിറഘോഷങ്ങൾ പടർന്നപ്പോൾ സ്വന്തം ദിനചര്യക്ക് യാതൊരു മാറ്റവും ഉണ്ടായില്ല. ചൊവ്വാവെളുപ്പിന് കൊച്ചിയിലെ ആപ്പീസിലേക്ക് പുറപ്പെട്ടു. പുഴുക്കത്തിൽ തിരിച്ചും തീവണ്ടിയാത്ര. പൂങ്കുന്നം സ്റ്റേഷനിലിറങ്ങി ഇരുപത് മിനിറ്റ് നടന്ന് സീതാരാമസ്വാമി ക്ഷേത്രം താണ്ടി അത്താഴനേരത്ത് വീടെത്തി.
കുളി കഴിഞ്ഞപ്പോഴാണ് തോന്നിയത്: നാളെ മച്ചാട്ട് പോയാലോ? ഇവിടത്തെ പ്രതാപി വടക്കുന്നാഥന് പഴംപൂരം എന്നപോലെ തിരുവാണിക്കാവിലും എന്തെങ്കിലുമൊക്കെ കാണില്ലേ?
വേലസ്ഥലിയിലെ ബന്ധുവിനെ മൊബൈൽഫോണിൽ വിളിച്ചു. ഊഹം ശരി എന്ന് വടശ്ശേരി അനിൽകുമാർ സ്ഥിതീകരിച്ചു. രാവിലെ ഏഴരയെട്ടുമണിയോടെ ദേശക്കുതിരകൾ വീണ്ടും നിരക്കും. പുറത്ത് എഴുന്നളിച്ച പാണ്ടിമേളം അകത്തേക്ക് കയറും. തുടർന്ന് ഒരുപറ്റം പഞ്ചാരികൾ.
ചെണ്ടയിലത്താളങ്ങളിൽ അല്ല കൗതുകം തോന്നിയത്. കൊമ്പും കുഴലും ശംഖും നാദങ്ങളിൽ ആയിരുന്നില്ല കാതോ കണ്ണോ സത്യത്തിൽ. ആലോചിച്ചത് ഇതാണ്: പൊയ്ക്കുതിരകളെ പുലർകാലേ കാണുമ്പോൾ പുത്തനൊരു അഴകുണ്ടാവില്ലേ? പുന്നംപറമ്പ്, കരുമത്ര, തെക്കുംകര, മംഗലം, വിരുപ്പാക്ക, മണലിത്തറ, പാർളിക്കാട്..... കയറ്റിറക്കങ്ങളിലെ നാടുകളുടെ പേരുകൾക്കുതന്നെ എന്തൊരു ഭംഗി...
മുമ്പ്, അരണാട്ടുകരയിലെ എം.എ. കാലത്ത്, മച്ചാട്ട് പോയത് വേലദിവസംതന്നെയാണ്. അതുപക്ഷേ രാത്രയിലായിരുന്നു. അതിനാൽത്തന്നെ പകൽവെട്ടത്തെ പതിവുകൾ പരിചയം പോരാ. ഇത്രയുമൊക്കെയാണ് 2020-ലെ വേലകൂടുന്നതിൻറെ പശ്ചാത്തല സംക്ഷേപം.
പോരുംവഴിയിലെ കാഴ്ചകൾ
പൂങ്കുന്നത്തുനിന്ന് വെളുപ്പിന് ഒറ്റക്ക് പുറപ്പെട്ടു. മച്ചാട്ടെത്തിയ നേരം ശരിപാകം. അതുപോലെ സുഖകരം പോരുംവഴി കണ്ട വഴിയത്രയും. വിയ്യൂര്നിന്ന് ചേറൂർക്ക് തിരിഞ്ഞ് വില്ലടം താണ്ടുന്നതോടെ പ്രകൃതി പൂർവാധികം ധ്യാനാത്മകം.
ആ ഭാവത്തിൻറെ മാതൃകയിലാണ് വേലപ്പിറ്റേന്ന് തിരുവാണിക്കാവും. പൊയ്ക്കുതിരകൾ പിരിഞ്ഞുപോവാൻ മണിക്കൂറുകളേ ഉള്ളൂവെങ്കിൽക്കൂടി തത്കാലം കോലാഹലമില്ല. അവയുടെ നിരയ്ക്കുമുമ്പിൽ വാദ്യങ്ങൾ ശബ്ദിക്കാറാവുന്നതേയുള്ളൂ. സംസാരിക്കാൻ കമ്പനിയെന്ന് പറയാൻ എനിക്ക് അളിയൻ അനിലിൻറെ മകൻ വടശ്ശേരി ഭഗത്. എൻറെതന്നെ മൂത്തപുത്രൻറെ പ്രായക്കാരൻ. അവനേക്കാൾ ശാന്തൻ. ഹൈസ്‌കൂൾ വിദ്യാർത്ഥി. കൂട്ടുകാരെ കണ്ടതോടെ അവൻ എന്നോട് സുല്ലിട്ടു മറഞ്ഞു.
പൊയ്ക്കുതിരകൾക്കു ചുറ്റും കുറച്ചുനേരം പരുങ്ങി. പ്രദേശത്തിൻറെ വർണാഭ മുഴുവൻ സ്വാംശീകരിച്ചതുപോലെ പകിട്ടുണ്ട് ഇവയോരോന്നിനും. ഈ നിരയ്ക്ക് മുഖാമുഖം ഒരുനാഴിക അകലെ കുഞ്ഞനൊരു മലയാണ്. ഇവിടെനിന്നു നോക്കിയാൽ അതിൻറെ താഴ്വാരത്തെന്ന മട്ടിലാണ് തിരുവാണിക്കാവ്.
കുതിരകൾ ഇപ്പോൾ നിരന്നിട്ടുള്ളയിടവും അമ്പലവും തമ്മിൽ കഷ്ടി കാൽ കിലോമീറ്റർ ഉണ്ടാവും ദൂരം. ഇതിനെ ഇവിടത്തെ നടവഴി എന്ന് ഒരർത്ഥത്തിൽ വിളിക്കാം. വേലസമയത്ത് അതാണീ ചീള് ഭൂമിയുടെ കർമം. ഇരുവശത്ത് ഗൃഹങ്ങളുള്ള നീളൻ പറമ്പ്. കൃത്യം പറഞ്ഞാൽ, പക്ഷെ, ഇവിടവും കൃഷിയിടമാണ്. മഴക്കാലമെങ്കിൽ നെല്ലും പച്ചക്കറിയും വളരും.
പൂരംവേലകളിലെ പതിവുതെറ്റിക്കാതെ ഇവിടെയും പൊന്തിയിട്ടുണ്ട് പന്തൽ. മേലോട്ടൊരുങ്ങുന്ന ബഹുവർണ കമാനം. കൂത്തുമാടം അങ്ങനെയല്ല, സ്ഥിരമവിടെ ഉണ്ടാവും. വിലങ്ങനെ നീളത്തിലാണുതാനും.
ക്ഷേത്രം വരെ നടന്നു. ഈ വഴിയറ്റം മുമ്പുണ്ടായിരുന്ന വിശാലമായ മരം ഇന്നില്ല. വയസ്സായ അതിൻറെ തടി ഉള്ളുപൊള്ളച്ച് പോയ വർഷം ചെരിഞ്ഞു. വീതിയുള്ള കുറ്റി ശേഷിക്കുന്നെകിലും അതിലിനി ഇല തളിർക്കില്ല. അങ്ങനെയൊരു വൃക്ഷശേഷിപ്പ് ഒഴിച്ചാൽ പാത നേരെ ചെന്നുതട്ടുക കാവിൻറെ കൂത്തുമാടത്തിലാണ്.
വേലപ്പിറ്റേ, അതായത് ഇന്ന്, തുടങ്ങി ഇവിടെ ഒരാഴ്ച തോൽപ്പാവക്കൂത്തുണ്ട്. കമ്പരാമായണം അത്രയും പുലവന്മാർ രാവുവെളുക്കുവോളം ചൊല്ലും, എണ്ണത്തിരി കൊളുത്തിയ മഞ്ഞ വെളിച്ചത്തിൽ തുളയുള്ള ബൊമ്മകൾ പരപ്പൻശീലയിൽ മുത്തുംപവിഴവും ആകൃതികൾ വീഴ്ത്തും.
പൂരപ്പന്തൽ ഒരുങ്ങുക വിശേഷസമയത്തിനായി മാത്രം. കെട്ടിക്കെട്ടി മേലോട്ട്. കൂത്തുമാടം അങ്ങനെയല്ല, സ്ഥിരമവിടെ ഉണ്ടാവും. വിലങ്ങനെ നീളത്തിലാണ് വാസം.
കാവകം ശാന്തം
പടി കടന്ന് അകമെത്തി. ഉള്ളിലും കച്ചവടക്കാർ. മാലാ-വള-പീപ്പി-ബലൂൺ.... ശ്രീകൃഷ്ണൻറെ നീല പ്രതിമകൾ. മുളംകൂട്ടങ്ങൾ ധാരാളമുള്ള തലപ്പിള്ളിത്താലൂക്കിൽ വന്ന് ഓടക്കുഴൽ വിൽക്കുന്ന ബീഹാറിപ്പയ്യൻ. പൊയ്ക്കുതിരകളെ വിശ്രമത്തിന് നിർത്താൻ താത്കാലിക പുരകൾ. വിശേഷിച്ചുദ്ദേശ്യമില്ലാതെ ഒരു പ്രദക്ഷിണം. ചുറ്റും ലോഹച്ചിരാതു വിളക്കുകൾ. ചെറിയ നടപ്പുര. ഗോപുരമില്ല. മതിലാവട്ടെ മുഴുവൻ മറച്ചതല്ല. ഇങ്ങോട്ടങ്ങോട്ട് കാണാം. വഴിനടക്കാർക്ക് ഭക്തരെയും, തിരിച്ചും.
മൂന്ന് പതിറ്റാണ്ടുമുമ്പ് വന്നപ്പോഴത്തെ കാഴ്ചകൾ ഇന്ന് അവ്യക്തം. അന്നത്തെ രാപ്പഞ്ചവാദ്യത്തിലെ മഹാരഥർ പലരുമിന്നില്ല. തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ ആവട്ടെ തിച്ചൂര് വാസു വാര്യർ ആവട്ടെ.... ഇന്നലെ ആരായിരുന്നു ആവോ തിമിലമദ്ദളങ്ങളിൽ..... പറഞ്ഞുകേട്ടതായിരുന്നു, മറന്നു!
ഒരു വലം പൂർത്തിയായപ്പോൾ പുറത്തേക്കിറങ്ങി. വന്ന വഴിയെ. അകലെ, പാടം വീതിവെക്കുന്നിടത്തെ ആൾക്കൂട്ടത്തിൽ എന്തോ നടക്കാനിരിക്കുന്നതിൻറെ വെമ്പലുള്ളത് ഇവിടെ നിനാലറിയാം. പറ കഴിഞ്ഞുള്ള വരവടുക്കുന്നുവോ? അതെ, അതാവണം. നടത്തിന് വേഗം കൂട്ടി. അവിടെ എത്തിയതും.... അതാ കൊമ്പുകാരുടെ കലപില. തിരിച്ചെത്തിയതിൻറെ ചിഹ്നം. പറയ്ക്ക് പോകാൻ അകമ്പടിയായി വേറൊരു വാദ്യമില്ലെങ്കിലും കൊമ്പ് ഉണ്ടാവും. ഈ 'റ'യാകര കാഹളവാദ്യത്തിൻറെ തറവാടാണല്ലോ മച്ചാട്. ഇവിടം അവർക്കൊരു മേൽക്കൈ തന്നെയുണ്ട്. 'നിങ്ങളൊക്കെ ഒന്ന് മാറിൻ, ഞങ്ങൾക്ക് കുറച്ചുവേഗം പോവാനുള്ളതാ' എന്നൊരു പത്രാസോടെയാണ് കൊമ്പുകാരുടെ മുന്നേറ്റം.
വൈകാതെ പൊയ്കുതിരകളും നീങ്ങി. കൂത്തുമാടത്തിന് അഭിമുഖമായി നിരന്നു. മതിലകത്തുനിന്ന് തിരുമേനി എത്തി. അടിയന്തിരക്കാർ ചുമലിലേറ്റിയാണ് വരവ്. താന്ത്രികമായ കർമം കുറഞ്ഞനേരം കൊണ്ട് നിർവഹിച്ചു. വന്ന ധാടിയിൽ മടങ്ങി.
ഇനി മേളത്തിനുള്ള കാലമായി. പാണ്ടി.
ചെമ്പടമേളം കലാശിച്ച് മേളം കൊലുമ്പി. മച്ചാട്ടെ കൊമ്പുകാരത്രയും സംഘംചേർന്ന് ഉരുളുചെണ്ടക്കാരെ അപ്രസക്തരാക്കി. പ്രമാണം തങ്ങളാണെന്ന് വരുത്താൻ കിഴക്കൂട്ട് അനിയൻ മാരാരും കിഴൂട്ട് നന്ദനനും പണിപ്പെടുന്നതുപോലെ. (ഇരുവശവും കേളത്ത് അരവിന്ദാക്ഷൻ ചൊവ്വല്ലൂർ മോഹനൻ.) പാണ്ടി കാലമിട്ട് വൈകാതെ അകത്തേക്ക് കയറി. ഇക്കുറി കുതിരകളില്ല ഉള്ളിലേക്ക്. പകരം അവയോരോന്നിൻറെയും ദേശത്തെ വെളിച്ചപ്പാടുമാർ പ്രതിനിധികളായി അനുഗമിച്ചു. ആനയില്ലാതെയാണെങ്കിലും മതിലകത്ത് പാണ്ടിമേളം ഉള്ളത് തൃശൂർപ്പൂരത്തിൻറെ ഇലഞ്ഞിത്തറയിൽ മാത്രമല്ല എന്ന് ഏതായാലും ഉറപ്പായി.
കോമരങ്ങളെ മൂകസാക്ഷിയാക്കി മേളം കൊഴുത്തുവന്നു. ഇടകലാശങ്ങൾ നൽകുന്ന വർദ്ധിത വീര്യത്തിൽ ടൈറ്റസ് ഈനാശു താളത്തിനൊത്ത് ഉറഞ്ഞുതുള്ളി. ചുവന്ന പട്ടുടുത്ത വെളിച്ചപ്പാടുമാർ ചിലമ്പേറ്റി അനക്കമറ്റ് നിന്നപ്പോൾ ഈ ആസ്വാദകൻമാത്രം പാൻറും ഷർട്ടുമായി പ്രത്യേകതരം ചുവടുകൾ വച്ചു നൃത്തം ചെയ്തു. ഇടയിൽ അവനോടെന്ന മാതിരി എന്തെല്ലാമോ കല്പന ചൊല്ലി.
തൃശൂർക്കാരൻ സർക്കാരുദ്യോഗസ്ഥൻ മൂക്കും വായും വെടിപ്പായി തൂവാലകൊണ്ട് മറച്ചിട്ടുണ്ട് അവധൂതൻ. അത് അനുപേക്ഷണീയമാംവിധം മൺപൊടി തൂളുന്ന കളമാണിത്. മുന്നേ അറിഞ്ഞെങ്കിൽ സ്വയം കരുതുമായിരുന്നു ഒരു തോർത്തുതന്നെ. നെഞ്ചെരിഞ്ഞേക്കാനോ ചിലപ്പോൾ ശ്വാസംമുട്ടാൻ തന്നെയുമോ വിധം കനമുള്ള ധൂളീപടലമുണ്ടിവിടം.
പഞ്ചാരിയുടെ ഫലശ്രുതി
പാണ്ടി അവസാനിക്കാനിരിക്കെ ഒരുപിടി ചെണ്ടമേളങ്ങൾ പിന്നലെപ്പിന്നാലെയായി പാടക്കരയിൽനിന്ന് കയറിവന്നുകൊണ്ടിരുന്നു. അവയത്രയും പഞ്ചാരികൾ. ചെറുതെങ്കിലും ചുറുചുറുക്കുള്ള മേളങ്ങൾ. ചുരുക്കം, പാണ്ടി മതിൽക്കകത്തും, പഞ്ചാരി നല്ലൊരുപങ്ക് പുറത്തും ആണിവിടെ. പതിവുരീതികൾക്ക് നേർവിപരീതം.
ഒന്നുകൂടെ: സ്വതേ അടിയന്തിരച്ചുമതലക്കാരായ മാരാന്മാർ പാണ്ടി നയിക്കുമ്പോൾ പാരമ്പര്യമായി അരികുവൽക്കരിക്കപ്പെട്ട പറയർ കൊട്ടുന്നതാണ് പഞ്ചാരിയും. പാടത്തുനിന്ന് കാവുകയറുന്ന പഞ്ചാരികൾ വനിതകളേന്തിയ ഉയരനോലക്കുടകളുമായാണ് നടവഴിയിലൂടെ നാലമ്പലത്തേക്ക് അടുക്കുന്നത്. അവ മൂന്നെണ്ണം.
രണ്ടാംകാലത്തോടെ ഈ പിന്നാലെപ്പിന്നാലെ പഞ്ചാരികൾ കൂത്തുമാടനട പിന്നിട്ട് അകത്തുകയറുന്നു. ഇരുകൈയിലും കോലായി ഉരുട്ടുചെണ്ടകൾ. അരപ്രദക്ഷിണത്തിൽ നാലാംകാലം വരെ കൊണ്ടുപോയി; അഞ്ച് നടപ്പുരയിൽ. പൊരിപ്പൻ ആണ് അവസാന ഭാഗം. തീരുകൊട്ടുന്നതിലുൾപ്പെടെ നിറയെ പ്ലാൻഡ് ഇമ്പ്രോവൈസേഷൻസ് ഉണ്ട് (സംഘമായി ഉരുട്ടുചെണ്ടയിൽ മാത്രമല്ല, ഇലത്തലത്തിലും). ശിങ്കാരിയിലേക്കുള്ള കാൽവെപ്പു പോലെ ഇടയ്ക്ക് അനുഭവം.
കുന്നും വയലും വിശാല പ്രകൃതിയെങ്കിൽ മുളയും കമുകും ആണ് അവയിൽനിന്ന് സാമാന്യജനത വേലക്ക് സാമ്പിൾ ആക്കുന്നത്.
പഞ്ചാരികളായി എഴുന്നള്ളിച്ചു വരുമ്പോൾ മുഖംമൂടി രൂപങ്ങൾ ഉണ്ടാവും അകമ്പടിയായി. ചായക്കൂട്ടും കുപ്പായത്തിൻറെ നിറവും തമ്മിലുമുണ്ട് പൊരുത്തം. കുട്ടികളെ അന്തംവിടുവിക്കും, നാട്ടാരെ ചിരിപ്പിക്കും, വന്നെത്തുന്ന സർവരെയും കൗതുകപ്പെടുത്തും. ഒന്നോർത്താൽ, ഇവനാണ് മച്ചാട് മാമാങ്കം താരം.
പറഞ്ഞുവല്ലോ, തലേന്നാളത്തെ പഞ്ചവാദ്യം കൂടാതെ പാണ്ടി-പഞ്ചാരികളുണ്ട്. എന്നാൽ ആനയില്ല എഴുന്നള്ളിപ്പിന്. പകരം പൊയ്കുതിരകൾ. ഇനി, ഒരു കൗതുകത്തിന്, അവയും ഇല്ലെന്നുകരുതുക. അപ്പോഴും ആഘോഷങ്ങൾക്ക് കനത്ത കോട്ടംതട്ടാത്തവിധം കുടകൾ ഉണ്ടവിടെ. ഉയർന്ന മുളംപിടിക്കുമേൽ തെങ്ങിൻതലപ്പു മെടഞ്ഞ വട്ടം, അവിടന്ന് ഞാന്നുകിടക്കുന്ന കുരുത്തോലക്കീറുകൾ. ഒന്നോർത്താൽ അവയാണ് ഈ ദേശോത്സവത്തിൻറെ ശരിമുഖം. ഉരലുകളിൽ നെല്ലുകുത്തുന്ന ചലനങ്ങളുടെ കുറച്ചുകൂടി നൃത്താത്മകമായ പ്രകടനമാണ് ഈ ഉയർന്ന വട്ടക്കുട പിടിക്കുന്ന അമ്മപെങ്ങന്മാരുടേത്.
കുതിരകൾ എഴുന്നള്ളിപ്പിന് നിരക്കുകമാത്രമല്ല ചെയ്യുന്നത്. പൊയ്മൃഗങ്ങളെ "ചാടിക്കുക" എന്നൊരു ചടങ്ങുമുണ്ട് പൂരാവസാനത്തോടെ. തലപ്പിള്ളിനാട്ടിലെ ഈ ക്ഷേത്രത്തിൽ എത്തുന്ന ദേശക്കാരത്രയും ചുമലിലേറ്റിവരുന്ന ശൈലീകൃതശ്വത്തെ ഒറ്റക്കെട്ടായി എടുത്തെറിയും മേലോട്ട്. സാധിച്ചാൽ പന്തൽത്തട്ടിൽ മുട്ടിപോരട്ടെ എന്ന ലാക്കിൽത്തന്നെ.
ചിലനേരം അക്കൂട്ടത്തിൽ കാണാം കുഞ്ഞൻകുതിരകളെയും അനുബന്ധ കുട്ടിപ്പട്ടാളത്തെയും.
മച്ചാട് മാമാങ്കഭൂവ് വടക്കാഞ്ചേരിക്ക് കിഴക്ക് തിരുവാണിക്കാവ്. ഒക്കെ ശരിതന്നെ. എങ്കിലും മേളക്കൊഴുപ്പിനും പാടച്ചടവിനും ഇടയ്ക്കുള്ള വിഭ്രാന്തിയിൽ ഇടയ്ക്ക് തോന്നിപ്പോവാനുംമതി: ഇത് ബംഗാളം. സത്യജിത് റേ ഒരുപിടി ചലച്ചിത്രങ്ങളിൽ കാട്ടിത്തന്ന മുളംകാടുനാട്...
സൂര്യൻ ഉച്ചിയിലായി. ആളൊഴിഞ്ഞു. അരങ്ങുകാലിയായി. പൂരനേരമത്രയും ദൈവമായിരുന്ന കാരണവർകോമരങ്ങൾ അവതാരംകഴിഞ്ഞ് മടങ്ങുന്ന തിരക്കിലാണ്. ചെരിപ്പന്വേഷണം. പട്ടും അരപ്പട്ടയും ചിലമ്പും ഒഴിഞ്ഞ് കാവു കാലിയാക്കുന്ന വെളിച്ചപ്പാടുമാരിൽ ചെറുപ്പക്കാരും. പറയരുവേലക്ക് കുടപിടിച്ചൊരുങ്ങിയവർ നടവഴിയിൽ കുശലം പറയുന്നു.
തിരക്കലിഞ്ഞില്ലാതായപ്പോൾ പയ്യൻ ഭഗത്തിനെ തെളിഞ്ഞുകിട്ടി. തെക്കുംകര അങ്ങാടി പിന്നിട്ട് ഞങ്ങൾ തോടിന് ഓരംപറ്റി നടന്നു. വലിയ പൊയ്ക്കുതിരയൊന്നിനെ തയ്യാറാക്കിയ പ്രദേശവാസിയുടെ വീടിനുമുന്നിൽ ആനട്രാക്റ്റർ വിശ്രമിക്കുന്നു.
കുംഭത്തിലെ കുട്ടനെല്ലൂർ
ഒന്നോർത്താൽ കുട്ടനെല്ലൂരെ ക്ഷേത്രനടവഴിക്ക് ബദലാണ് തിരുവാണിക്കാവ് മാമാങ്കവഴിത്താര. കുംഭത്തിലെ വെളുത്ത വാവിനാണല്ലോ തൃശൂരിന് തെക്കുള്ള ഈ പൂരം. തലേക്കൊല്ലം (2019 ഫെബ്രുവരി) പോയിരുന്നു -- രണ്ടു ദശകത്തെ ഇടവേളശേഷം.
എത്തിയത് രാത്രിതന്നെ. പൂർണചന്ദ്രൻ പ്രമാണിയായുള്ള നാലുമണിക്കൂർ പഞ്ചാരിമേളം. അർദ്ധരാത്രിയെ തുടർന്നുള്ള കേളി, കുഴൽപ്പറ്റ്, കൊമ്പുപറ്റ് എന്നിവ പിന്നിട്ട് മൂന്നുമണിയോടെ ഗോപുരത്തിൽ കാലമിട്ടു. (പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ.) വൈകാതെ പുറത്തെ നടവഴിയിൽ ഏഴാനക്കു മുമ്പിൽ നിരന്നു ഇരുനൂറോളം വാദ്യക്കാർ.
പന്തങ്ങളുടെമാത്രം വെളിച്ചമുള്ള യാമങ്ങൾ. നാലൂരിപ്പാല് വാനത്തിനു കീഴിൽ ഗോപുരം നിഴൽരൂപമാവുന്നതിനു മുമ്പിലെ കൊട്ടുകച്ചേരി. അഞ്ചാംകാലം തുടങ്ങുമ്പോഴേക്കും പ്രഭാതസൂര്യൻറെ നീലവെളിച്ചം പരക്കും. വൈകാതെ നെറ്റിപ്പട്ടങ്ങൾക്ക് തങ്കവർണം കൊടുക്കുന്ന ഉജ്ജ്വലരംഗം അരങ്ങേറും. എല്ലാമുണ്ടായി പതിവിൻപടി.
എന്നാൽ 2020-ൽ ഒന്ന് മാറ്റിപ്പിടിച്ചു. ഉച്ചതിരിഞ്ഞുള്ള വെയിൽത്തിളക്കം ഉന്നമാക്കിയാക്കി പോക്ക്. കുട്ടനെല്ലൂര് അത് തരപ്പെടുത്തി, എന്നാൽ സന്ധ്യമയങ്ങിയുള്ള നിലാവിൻതുടക്കം അകലെയല്ലാത്ത മറ്റൊരിടത്തെ ക്ഷേത്രവിശേഷത്തിന് കൂടി. വീണ്ടും പറയട്ടെ: സ്വകാര്യവാഹനമുള്ളപ്പോഴത്തെ സൗകര്യം.
രണ്ടുനാഴിക അകലമുള്ള അമ്പലങ്ങൾ ആണ് കുട്ടനെല്ലൂരും വളർക്കാവും. ആദ്യത്തേതായി മൂന്നര ദശകത്തെ പരിചയമുണ്ട് -- വർഷാവർഷം പോക്ക് പതിവില്ലെങ്കിൽക്കൂടി. എട്ടുപത്തുതവണ പോയിട്ടുണ്ടാവണം. ഫോക്കസ്: മുന്നേപറഞ്ഞ അർദ്ധരാത്രിശേഷം നേരംപുലരുവോളം ഉള്ള അനങ്ങാപ്പാറ പഞ്ചാരിമേളം.
ഇക്കുറി (2020 മാർച്ച് 8, ഞായർ) പുറപ്പെട്ടത് പകലത്തെ പാണ്ടിക്കായിരുന്നു. നടാടെ അങ്ങനെയൊരുമ്പാട്.
കൊലുമ്പുംമുമ്പ് വിസ്തരിച്ചുണ്ട് (ഒരു മണിക്കൂറോളം!) ചെമ്പടമേളം. അതിനു നടുവിൽ എത്തുകയും ചെയ്തു.
പാതിരപിന്നിടുമ്പോഴത്തെ പാലൊളിയിൽമാത്രം കണ്ടുശീലിച്ച എഴുന്നള്ളിപ്പ് ഇതാ സായാഹ്‌നസൂര്യൻറെ കാന്തിയിൽ. നടവഴിമേലത്തെ ഇലമരത്തഴപ്പും വശങ്ങളിലെ പ്ലാവുകളിൽ തൂങ്ങുന്ന ചക്കകളും ചേർന്ന് വേറൊരുത്തരം ചന്തം.
സാത്വികപ്പഞ്ചാരിക്ക് പകരം പ്രതിനായകസ്വഭാവമുള്ള പാണ്ടി. കത്തിവേഷത്തിൻറെ തരിയലർച്ച പോലെ ചെണ്ടനാദം.
വളർക്കാവിലെ സൂര്യചന്ദ്രന്മാർ
അങ്ങനെപോകെ, പെട്ടെന്നു തോന്നിയതാണ്: എന്തുകൊണ്ട് ഇപ്പോൾ പൊയ്ക്കൂടാ വളർക്കാവ്? കുട്ടനെല്ലൂരിന് സമാന്തരമായുള്ള അയൽപ്പൂരം. കാൽനൂറ്റാണ്ടോ മറ്റോ മുമ്പ് ഒരിക്കൽ അവിടത്തെ പാതിരാവാഘോഷങ്ങൾക്ക് ഒന്ന് തലകാണിച്ചിട്ടുണ്ട്. തൃശൂര്നിന്ന് പൂരംകൂടാൻ കുട്ടനെല്ലൂർക്ക് പോവുംവഴി.
കൂടുതൽ ആലോചിച്ചില്ല, ഇറങ്ങിപ്പുറപ്പെട്ടു.
വളർക്കാവ് എത്തിയനേരം ശരിപാകം. പാണ്ടിക്കു മുമ്പുള്ള ചെമ്പടമേളം അവസാനഘട്ടം. കുട്ടനെല്ലൂര് ഏഴാന എങ്കിൽ, ഇവിടെ മൂന്ന്. അവിടെ അമ്പലത്തിന് പുറത്തേക്കാണ് എഴുന്നള്ളിപ്പ് എങ്കിൽ ഇവിടെ ഗോപുരത്തിന് അഭിമുഖം ആയാണ് മേളപുരോഗതി. കുട്ടനെല്ലൂര് പ്രമാണം കുട്ടൻ മാരാർ, ഇവിടെ അദ്ദേഹത്തിൻറെ അനിയ(സമ)ൻ പെരുവനം സതീശൻ.
ഹും, നിൽക്കണോ പോണോ? കുട്ടനെല്ലൂരെ പാണ്ടിയുടെ ഒടുഭാഗം കേൾക്കാൻ സന്ധ്യക്ക് ആറരയോടെ എത്തണം. എങ്കിൽ ഒരിരുപതു മിനിറ്റ് ഒത്തുകിട്ടും. അല്ല, വളർക്കാവിൽത്തന്നെ കൂടുന്നെങ്കിൽ മേളം കഴിയുമ്പോൾ നേരം ഇരുട്ടിയിരിക്കും.
നിശ്ചയക്കുറവിനിടെ രണ്ടാമത്തേതുതന്നെ നടന്നു.
അതുകൊണ്ടെന്തുണ്ടായി?
കുട്ടനെല്ലൂരെ കൊച്ചുവെളുപ്പാൻകാലം മാതൃകയിൽ ഇവിടെ വളർക്കാവിൽ ഗോപുരം നിഴലാക്കുന്ന പൂർണചന്ദ്രനെ കണ്ടു മരച്ചാർത്തിനു മേലെ.
പിന്നെ എന്തെന്നാൽ, മതിൽക്കകത്തേക്ക് കടക്കാനായുന്ന ആനകൾ നടവഴിയറ്റത്തുനിന്നുള്ള നോട്ടത്തിൽ നമുക്കഭിമുഖമല്ല. വൈദ്യുതിയലങ്കരങ്ങൾ ഉണ്ട്.
ഇങ്ങനെ വൈരുദ്ധ്യങ്ങളിലും എത്രനിറയെ പാരസ്പര്യം....
വീണ്ടും തിരുവാണിക്കാവ്
അതുകൂടി നിരൂപിച്ചാണ് 2021 വന്നപ്പോൾ മച്ചാട് വേലക്ക് വീണ്ടും പുറപ്പെട്ടത്. സംശയം വേണ്ട, മാമാങ്കപ്പിറ്റെ. വിശേഷദിവസത്തെ തിരക്ക് പറ്റാതായിരിക്കുന്നു. പറയുമ്പോൾ കോവിഡ് മാരി മൂലം എല്ലാം ഉപായത്തിൽ ആയിരുന്നിട്ടുകൂടി.
ഇത്തവണ ഏതായാലും ഒറ്റക്കായിരുന്നില്ല. അമ്മയുടെ മുളംകുന്നത്തുകാവ് നാട്ടിൽ പോയി വല്യമ്മാമനെ കൂട്ടി. മേളമർമജ്ഞൻ ആയ എഴുപത്തിനാലുകാരൻ. കാലിക്കറ്റ് സർവകലാശാലയിലെ ഫിസിക്സ് വകുപ്പിൽനിന്ന് വിരമിച്ച ഡോ. ടി.എൻ. വാസുദേവൻ.
അമ്മാവനും വന്നിരിക്കുന്നു പ്രായംകൊണ്ടുള്ള സ്വാദുമാറ്റങ്ങൾ. പാണ്ടിപഞ്ചാരികളിൽ അല്ല ശരിക്ക് കണ്ണും കാതും. തലപ്പിള്ളി ഗ്രാമനിറങ്ങൾ. കുംഭത്തിലെ കുടവിരിച്ച കടുനീലാകാശത്തിനു കീഴിൽ എന്തൊക്കെയുണ്ടോ അതൊക്കെ. കൂട്ടത്തിൽ അഥവാ മേളവുമുണ്ടെങ്കിൽ വലിയ വിരോധമില്ല എന്ന മട്ട്. ചേറൂര്-വില്ലടം കഴിഞ്ഞതും ആള് കാറ് നിർത്തിച്ചു. തലേകൊല്ലം കണ്ട വയലുകൾ ഇക്കുറിയും അണിഞ്ഞൊരുങ്ങി ഏഴുമണിവെയിലത്ത് പരന്നുകിടക്കുന്നു.
മച്ചാട്ടെ ബന്ധുവീട്ടിൽ വാഹനം നിർത്തി. നടന്നെത്തി തിരുവാണിക്കാവിലേക്ക്. വീണ്ടും, എത്തിപ്പെട്ട സമയം കിറുകൃത്യം. അവിടന്നങ്ങോട്ട് കഴിഞ്ഞവട്ടം കണ്ടവയുടെ കുറഞ്ഞരൂപം ഇരട്ടിവേഗത്തിൽ. ടൈറ്റസിനെ കണ്ടില്ല, പക്ഷെ പോയാണ്ട് അദ്ദേഹത്തെ കണ്ടപ്പോഴത്തെ രൂപം ഓർമിപ്പിക്കുംവിധം സർവരും മുഖംമൂടി അണിഞ്ഞിരുന്നു. കൊറോണാ മാസ്ക്. പ്രോട്ടോകോൾ. ഇങ്ങനെ മൂക്കുമറ ഈ പൊടിപടല ഭൂമിയിൽ എന്തായാലും എന്നായാലും അത്യാവശ്യം!
എനിക്കെന്നപോലെ അമ്മാവനും കൂടുതൽ ബോധിച്ചത് വേല ഒഴിഞ്ഞുള്ള സ്ഥലികൾ വെറും നാട്ടിൻപുറം ആയപ്പോഴത്തെ ചിത്രങ്ങളാണ്. പാടക്കരയിൽനിന്ന് കൂത്തുമാടത്തിലേക്കുള്ള വയൽപ്പാതക്കൊടുവിൽ ആ മുത്തച്ഛൻവൃക്ഷം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഇരുവരും വാതുറക്കാതെ പറഞ്ഞു.
വടശ്ശേരിയിലെ പ്രാതൽശേഷം മടങ്ങുമ്പോൾ പനങ്ങാട്ടുകര അമ്പലത്തിൽ കയറാനിടയായി. ആലിൻചുവട്ടിലെ സ്വച്ഛതമാത്രം കണ്ട് മതിലകത്തേക്ക് കാലെടുത്തുവച്ചു പോയതാണ്. അനക്കമറ്റ മദ്ധ്യാഹ്നത്തിൽ ആരുമാരും ഏറെമിണ്ടാതെ തറയിൽ അകലംപാലിച്ച് ഇരുന്നു.
ഹൈവേയരികിലെ നീലവെളിച്ചം
മൂന്ന് നാൾ ചെന്നപ്പോൾ കുട്ടനെല്ലൂർപ്പൂരവും (2021) സമാനനുഭവം സമ്മാനിച്ചു. ഇക്കുറി പോയത് ഉച്ചതിരിഞ്ഞോ പാതിരാ പിന്നിട്ടോ ആയിരുന്നില്ല. ഇരവും പകലും സംഗമിക്കുന്ന നേരം കണക്കാക്കിത്തന്നെ പുറപ്പെട്ടു. ക്ഷേത്രനടവഴിയിൽ എത്തിയപ്പോൾ മനക്കണക്ക് പിഴച്ചില്ല: പഞ്ചാരി അഞ്ചാംകാലം ഇതാ തുടങ്ങി. വല്ലാതെ തിരക്കിലേക്ക് ഊളിയിടാതെ ആനക്കും വാദ്യക്കാർക്കും കുറച്ചൊന്ന് അകലെയായിത്തന്നെ നിലകൊണ്ടു. പുലർപ്രഭയിൽ മേളം ഒടുങ്ങിയപ്പോൾ ആരോടും യാത്രപറയാതെ പോന്നു.
പുറത്ത് ഹൈവേയിൽ തമിഴ്നാട്ടിലേക്കുള്ള ചരക്കുലോറികൾ ഓടിപ്പാഞ്ഞു. മടക്കം പോരുമ്പോൾ ഇടത്തോട്ട് തിരിഞ്ഞതും അവിലിശ്ശേരിയമ്പലം നിർമാല്യംപോലെ സൂര്യചന്ദിരന്മാർക്ക് നടുവിൽ. അകത്തുകയറിയില്ല.
പറഞ്ഞുവല്ലോ, മച്ചാട് മാമാങ്കത്തെ തുടർന്ന് ഏഴുദിവസം ഉണ്ട് തോൽപ്പാവക്കൂത്ത്. ഒരു രാവിൽ ഇക്കുറിയെങ്കിലും പോണം എന്ന് തീരുമാനിച്ചു. അവസാന ദിവസത്തേക്കാക്കി.
കാരണം?
ഊത്രാളി വേലയുടെ ധനാശിയായുള്ള വെടിക്കെട്ട് വടക്കാഞ്ചേരിക്ക് നാലുനാഴിക തെക്കുകിഴക്ക് മച്ചാട്ട് കൊച്ചുവെളുപ്പിന് വന്നലയ്ക്കും. ഒരാഴ്ചമുമ്പ് നടന്ന കുതിരവേലയെ തുടർന്ന് ഏഴു രാത്രികളിലായി തിരുവാണിക്കാവിൽ നിഴലുകളാടുന്ന മാടത്തിലപ്പോൾ പട്ടാഭിഷേകം അവസാനഭാഗം.
നിലാപ്പാലിൽ കമ്പരാമായണം
അയ്യന്തോളെ ഫ്ലാറ്റിൽനിന്ന് വൈകിട്ടിറങ്ങി വടശ്ശേരിയിൽ അത്താഴം കഴിച്ച് അമ്പലത്തിൽ എത്തിപ്പെട്ടു. അകവും പുറവും മിക്കവാറും ശൂന്യം.
തോൽപ്പാവക്കൂത്തിലെ ശ്രീരാമന് സിംഹാസനാരൂഢനേരത്ത് പിന്നണിയാഘോഷമായി ഭവിക്കും അകലെയുള്ള കരിമരുന്നുപ്രയോഗം എന്ന് പറഞ്ഞുതന്നു പുലവർ. കമ്പൻറെ രാമായണാവതരണത്തിന് കൈരളിയുടെ പ്രകമ്പനം.
ഇതിനിടയിൽ കടന്നുപോയല്ലോ കുട്ടനെല്ലൂർപ്പൂരം. വെളുത്തവാവിനുദിച്ച ചന്ദ്രൻറെ പിൻനിലാവ് പടർന്നുകിടക്കും മച്ചാട്ടെ പാടത്ത്. നാളെ വീണ്ടും നെല്ലുവിളയാനുള്ള കണ്ടങ്ങൾക്ക് കരപറ്റിയാണ് തിരുവാണിക്കാവ് കൂത്തുമാടം. ഇരുപത്തിനാല് നാളികേരമുറിയിൽ എണ്ണയൊഴിച്ച തിരികൾ സാക്ഷിയായി സേതുബന്ധനം തുടങ്ങി രാവണവധം വരെയുള്ള ഭാഗങ്ങൾ ആറു രാത്രികളിൽ കഴിച്ചു നാലംഗസംഘം. കിഴക്കൻ പാലക്കാട്ടെ കുത്തനൂരുള്ള തുളസി കൃഷ്ണദാസ് ആണ് കഴിഞ്ഞ കാൽനൂറ്റാണ്ടായി അധികാരി.
മാടത്തിൽമാത്രമല്ലാതെ നാലമ്പലത്തിനുചുറ്റും നിശ്ചിതയിടങ്ങളിൽ വിളക്ക് കൊളുത്തേണ്ടതുണ്ട്. ചെണ്ടയിലത്താളങ്ങളായി പ്രദക്ഷിണത്തിന് ക്ഷേത്രം നടത്തിപ്പുകാരാവും വാദ്യക്കാർ. വരവുകാരുടെ ഭൂപ്രദേശത്തിൻറെകൂടി ഓർമപ്പെടുത്തൽകണക്ക് ചന്ദ്രൻ അരളിമരങ്ങൾക്കും കരിമ്പനത്തലപ്പുകൾക്കും ഇടയിലൂടെ സർവം നോക്കിക്കാണും.
തീനാളസ്വർണവും അമ്പിളിപ്പാലും കറുനീലാകാശവും നക്ഷത്രക്കുത്തുകളും ചേർന്നുണ്ടാക്കിയ വിഭ്രമത്തിൽനിന്ന് ഊരിപ്പോന്ന് പനങ്ങാട്ടുകരവഴി എത്തി വടക്കാഞ്ചേരി. ചെറുപട്ടണം ചുറ്റിപ്പറ്റി മൂന്നു ദേശക്കാരും രാത്രിപ്പഞ്ചവാദ്യത്തിൻറെ ലഹരി നുണഞ്ഞുതുടങ്ങിയിരിക്കണം.
അങ്ങോട്ട് കയറിയില്ല. പ്രകൃതി തരുന്ന മത്തിൻറെ നൂറയലത്ത് വരില്ല നാം മനുഷ്യർ ഒരുക്കുന്ന വിരുന്ന്.
കഴിഞ്ഞ മിഥുനത്തിൽ (2020) നിനയ്ക്കാതെ മച്ചാടുവഴി പോവാൻ ഇടവന്നപ്പോഴും ഇതറിഞ്ഞതായിരുന്നു. തിരുവാണിക്കാവിലെ വേല നടന്നിടം മുഴുവൻ ഇതാ കൊള്ളിയും പയറും കൃഷി. തോൽപ്പാവകളൊഴിഞ്ഞ കൂത്തുമാടത്തിൽനിന്നുള്ള ഇറവെള്ളം കണ്ടങ്ങളിലേക്ക് വരിയൊലിച്ചു. നോക്കിനിൽക്കേ, ചനുപിനേ മഴ പെട്ടെന്ന് കനത്തു. ഇലകളത്രയും കോമരങ്ങളെപ്പോലെ തുള്ളി. നമ്മൾതന്നെ കിളച്ചും പൂട്ടിയും നട്ടും വളർത്തിയും വളർത്തുന്ന വിളകളല്ലേ? അതെ. പക്ഷെ, പേമാരിക്കൊട്ടിൽ അവയത്രയും അഭൗമമെന്നപോൽ നിലകൊണ്ടു. മേളം മുഴുവനും മേലെ മാനത്താണ്.