പൂമാതിനൊത്ത ചാരുതൻ
- Details
- Category: Kathakali
- Published on Thursday, 09 January 2014 07:48
- Hits: 7692
പൂമാതിനൊത്ത ചാരുതൻ: മുട്ടാർ ശിവരാമൻ എന്ന നൂറു വയസ്സുകാരൻ
പി.രവീന്ദ്രനാഥ്
തമോഗുണ പ്രാധാന്യമുള്ള അസുരന്മാർക്കാണ് കഥകളിയിൽ താടി വേഷം വിധിച്ചിട്ടുള്ളത്. മുഖ ഭംഗി വേണ്ടത്ര ഇല്ലാത്തവരോ, സ്ഥൂല പ്രാംശു ഗാത്രരോ ആണ് പ്രായേണ ഈ വേഷം കെട്ടുന്നത്.
നല്ല മനയോലപ്പറ്റുള്ള മുഖ കാന്തി. നല്ല ആകാര ഭംഗി. ഭംഗിയുള്ള വിടർന്ന കണ്ണുകൾ. പച്ച വേഷങ്ങൾക്ക് അനുയോജ്യമായ എല്ലാം ഒത്തിണങ്ങിയ രൂപം. പക്ഷെ ആ രൂപത്തിന് ഉടമ പ്രശസ്തനായതോ, രാക്ഷസ വേഷമായ താടിവേഷം കെട്ടിയും! അസാധാരണമായ ആകാര ദൈർഘ്യവും, ശരീര പുഷ്ടിയുമായിരുന്നു ഇതിനു കാരണം.
താടി അപ്രധാന വേഷമാണെന്ന ഒരു വിശ്വാസം വെച്ചു പുലർത്തുന്നവരുണ്ട്. അത് ശരിയല്ല. എല്ലാവർക്കും താടി വേഷം കെട്ടി വിജയിപ്പിക്കുവാൻ കഴിയുകയില്ല. താടിക്ക്, കൈയ്യും കലാശവും അധികമാണ്. അസൂയ, ഈർഷ്യ, അമർഷം, പ്രതികാരം എന്നീ പൈശാചിക ഭാവങ്ങളാണ് സ്ഫുരിക്കേണ്ടത്. നോക്ക്, ഊക്ക്, അലർച്ച, പകർച്ച എന്നീ നാലു ഗുണങ്ങളാണ് താടിവേഷക്കാർക്ക്, വിശിഷ്യാ ചുവന്ന താടിക്കാർക്ക് ആവശ്യം വേണ്ടത്.
ഞാനിത് പറയാനുള്ള കാരണം മുട്ടാർ ശിവരാമൻ എന്ന ഒരു പഴയ കാല നടനെ, ഈ അടുത്ത കാലത്ത് കാണാൻ ഇടയായതു കൊണ്ടാണ്. പ്രായം നൂറിനോട് അടുക്കുന്നു. വാർദ്ധക്യത്തിന്റെ അവശതകൾ ഉണ്ടെങ്കിലും, ആ മുഖത്തിന്റെ ചൈതന്യത്തിന് തെല്ലും കോട്ടം സംഭവിച്ചിട്ടില്ല.
പ്രസിദ്ധ കഥകളി ഗായകനായ തിരുവല്ല ഗോപിക്കുട്ടൻ നായരൊത്താണ്, കുട്ടനാട് താലൂക്കിലുള്ള മുട്ടാറിൽ ശിവരാമനാശാന്റെ ഭവനത്തിൽ ഞാൻ ചെന്നത്. ഓട്ടോ റിക്ഷ മാത്രം കടന്നു പോകാൻ സൌകര്യമുള്ള പാലം കയറി, തോട്ടു വരമ്പത്തു കൂടി ഒരു ഫർലോംഗ് നടക്കണം ആശാന്റെ വീട്ടിലെത്താൻ.
ഒരു ഞായറാഴ്ച ദിവസമാണ് ഞങ്ങൾ അവിടെ ചെന്നത്. പ്രഭാത ഭക്ഷണം കഴിഞ്ഞ് മകനോട് കുശലം പറഞ്ഞിരിക്കുകയായിരുന്നു ആശാൻ. തിമിരം ബാധിച്ച് രണ്ടു കണ്ണുകളുടെയും കാഴ്ച പാടെ നഷ്ടപ്പെട്ടു. "ഗോപിക്കുട്ടനാ, തിരുവല്ലയിൽ നിന്ന്..... " - എന്ന് ഗോപിച്ചേട്ടൻ സ്വയം പരിചയപ്പെടുത്തിയപ്പോൾ, "അല്ല, ആര് ഭാഗവതരോ" - എന്ന് ആഹ്ലാദത്തോടെയാണ് ഞങ്ങളെ സ്വാഗതം ചെയ്തത്.
കാഴ്ചശക്തിയില്ലെന്നതൊഴിച്ചാൽ മറ്റു ശാരീരിക ക്ലേശങ്ങളൊന്നുമില്ല. ഓർമ്മക്കുറവ് വലുതായി ബാധിച്ചിട്ടില്ല. ഈ പ്രായത്തിലും പ്രഷറും ഷുഗറുമൊന്നും അലട്ടുന്നില്ല. ചിട്ടയോടെയുള്ള ഭക്ഷണ ക്രമമാണ്. അരിയാഹാരം ഒരു നേരം മാത്രം - ഉച്ചക്ക് - മത്സ്യം നിർബ്ബന്ധം. ആരോടും പരിഭവമില്ലാതെ, ആശാനും ഭാര്യ ഇന്ദ്രാണിയും, കുറക്കരി വീട്ടിൽ മകൻ കിഷോറിനോടൊപ്പം താമസിക്കുന്നു.
കൊല്ലവർഷം 1089 കുംഭമാസത്തിൽ ( 1914 ) കങ്കാളി ആശാന്റേയും, പാപ്പിയമ്മയുടെയും മകനായിട്ടാണ് മുട്ടാർ ശിവരാമൻ ജനിച്ചത്. പിതാവ് നാട്ടിൽ അറിയപ്പെടുന്ന ചെണ്ട മേളക്കരനായിരുന്നു. പുരാണ പാരായണമായിരുന്നു ഉപതൊഴിൽ. അതുകൊണ്ട് രാമായണ, മഹാഭാരത, ഭാഗവത കഥകൾ കേൾക്കാൻ ബാല്യത്തിൽ തന്നെ ശിവരാമന് ഭാഗ്യമുണ്ടായി. കുട്ടനാട്ടിലുള്ള മിക്ക ക്ഷേത്രങ്ങളിലും ഉത്സവത്തിന് മാത്തൂർ കളിയോഗത്തിന്റെ കഥകളിയായിരുന്നു പ്രധാന പരിപാടി. നന്നേ ബാല്യത്തിൽ ശിവരാമൻ, പിതൃസഹോദര പുത്രന്മാരോടൊപ്പം ചമ്പക്കുളം, നെടുമുടി, കണ്ടങ്കരി, മങ്കൊമ്പ്, പുളിങ്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ കഥകളി കാണാൻ പോകുമായിരുന്നു.
ശിവരാമന് അന്ന് കഷ്ടിച്ച് 10 വയസ്സ്. മുട്ടാറ്റ് ദേവീക്ഷേത്രത്തിൽ കഥകളിയായിരുന്നു. സഹോദരന്മാർ എല്ലാവരും കൂടി കളികാണാൻ പോയി. അയിത്ത ജാതിക്കാർ ക്ഷേത്ര മതിലകത്ത് കയറിയത് ചില നായർ യുവാക്കൾക്ക് ഇഷ്ടപ്പെട്ടില്ല. അവർ മണല് വാരി കണ്ണിലിട്ടു. പോരാത്തതിന് ഇഷ്ടിക കൊണ്ട് ഏറും തുടങ്ങി. ഗത്യന്തരമില്ലാതെ അവിടെയുണ്ടായിരുന്ന ഈഴവർക്കെല്ലാം ഓടിപ്പോകേണ്ടി വന്നു.
കഥകളി കാണാതെ തിരികെ പോന്നത് എന്തുകൊണ്ടാണെന്ന് പിതാവ് അന്വേഷിച്ചു. ഉണ്ടായ സംഭവം ശിവരാമൻ വിശദീകരിച്ചു.
'സന്തതമീശ്വരൻ ശാന്തനെന്നാകിലും
ഹന്ത കോപിച്ചാൽ കൽപ്പാന്താനലൻ പോലെ," -എന്ന പോലെയായി ആശാന്റെ ഭാവവും. എത്ര ചെണ്ട ഉണ്ടായിരുന്നെടാ അവിടെ എന്നായിരുന്നു, ഇടി വെട്ടുന്ന ശബ്ദത്തിലുള്ള ആശാന്റെ അടുത്ത ചോദ്യം.
മുട്ടാറ്റിലെ കളിക്ക് രണ്ടു ചെണ്ട. വീട്ടിൽ ആ സമയം ആശാന്റെ രണ്ടു മൂന്നു ശിഷ്യന്മാരും ചെണ്ട വായന അറിയാവുന്ന ചില സുഹൃത്തുക്കളും ഉണ്ടായിരുന്നു. ബന്ധുക്കളും അയൽപ്പക്കത്ത് ഉള്ളവരുമായ കുറെ പെണ്‍കുട്ടികളെ മുല്ലപ്പൂ ചൂടിച്ച്, മുടി പിന്നി ഒരുക്കി. താലത്തിനുള്ള തളികകളും, നാളികേര മുറികളും സജ്ജമാക്കി. പെണ്‍കുട്ടികളെ താലപ്പൊലി എടുപ്പിച്ച് നിരത്തി നിർത്തി. താലപ്പൊലിക്കളം നിറപറകളും, തെങ്ങിൻപൂക്കുലകളും കൊണ്ട് അലങ്കരിച്ചു. നാല് ചെണ്ട. രണ്ടു വീക്ക്. രണ്ട് ഇലത്താളം. അതിഗംഭീര മേളം. ചെണ്ട മേളവും ആർപ്പും കുരവയും കേട്ട് ജനങ്ങൾ അവിടെ തടിച്ചു കൂടി.
ഈ സംഭവം കഴിഞ്ഞ് ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ ശ്രീനാരായണ ഗുരുദേവൻ, രാജ്യ പര്യടനത്തിനിടെ ഒരു ദിവസം മുട്ടാറിൽ എത്തിച്ചേർന്നു. നടുവിലേ വീടിനോടു ചേർന്നുള്ള ആ സർപ്പക്കാവ് ഗുരുദേവനെ ആകർഷിച്ചു. അവിടെയൊരു ക്ഷേത്രം പണി കഴിപ്പിക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു. ഈഴവർ പാരമ്പര്യമായി പരിപാലിച്ചു പൊയ് ക്കൊണ്ടിരുന്ന കാവുകളും, അമ്പലങ്ങളും, കുര്യാലകളുമൊക്കെ അനാവശ്യമായ സാമ്പത്തിക ബാദ്ധ്യതയാണെന്ന് പറഞ്ഞ് പൊളിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഗുരുവിന്റെ രാജ്യപര്യടനം എന്നത് ശ്രദ്ധേയം. സ്വാമികളുടെ അനുഗ്രഹാശിസ്സുകളോടെ പണി കഴിപ്പിച്ച ക്ഷേത്രമാണ്, ആ കാവിനോട് ചേർന്ന് ഇപ്പോഴുള്ളത്.
പ്രതിഷ്ഠ വിപുലമായ ഉത്സവത്തോടെ നടത്തണമെന്ന് വീട്ടുകാരും നാട്ടുകാരായ ഈഴവരും തീരുമാനമെടുത്തു. പ്രധാന പരിപാടി, ചെണ്ട മേളവും, താലപ്പൊലിയും. ഒരു ദിവസം കഥകളി വേണമെന്ന നിർദ്ദേശം അന്ന് ബാലനായിരുന്ന ശിവരാമനാണ് മുന്നോട്ടു വെച്ചത്. അത് അംഗീകരിക്കപ്പെട്ടു. മാത്തൂർ കളിയോഗം അടുത്തു തന്നെയുണ്ടെങ്കിലും, ഈഴവരുടെ ക്ഷേത്രത്തിലെ കളിക്ക് അവർ സന്നദ്ധരാവുകയില്ലെന്ന് ആശാനറിയാമായിരുന്നു. നീലമ്പേരൂർ കളിയോഗക്കാരെ വിളിക്കാം എന്ന് നിശ്ചയിച്ചു.
കളിക്ക് സ്ഥലത്തെത്തിക്കഴിഞ്ഞ് ഈശാ പോശാ ഉണ്ടാകേണ്ടാ എന്നു കരുതി, തങ്ങൾ ഈഴവരാണെന്നും ഉത്സവം നടക്കുന്ന ക്ഷേത്രത്തിന്റെ ഉടമസ്ഥത ഈഴവർക്കാണെന്നും കങ്കാളിയാശാൻ കളിയോഗക്കാരെ അറിയിച്ചു. മറുപടി പ്രതീക്ഷിച്ചതു തന്നെ. തീണ്ടിക്കളിക്ക് കുതിരപ്പവൻ തരാമെന്നു പറഞ്ഞാലും തങ്ങളില്ല.
അക്കൊല്ലത്തെ ഉത്സവം താലപ്പൊലിയും ചെണ്ട മേളവും മാത്രമായി കൊണ്ടാടി.
കങ്കാളിയാശാൻ പ്രദേശത്തുള്ള കുറച്ച് പ്രമാണിമാരെ വിളിച്ചു കൂട്ടി, ഒരു കളിയോഗവും, കളരിയും തുടങ്ങേണ്ടുന്ന ആവശ്യകത ചർച്ച ചെയ്തു. അവിടെ കൂടിയിരുന്നവരെല്ലാം തന്നെ ആ നിർദ്ദേശത്തെ സ്വാഗതം ചെയ്തു.തൂവയൂരിൽ നിന്ന് ഒരു കളിയോഗം വിലക്കു വാങ്ങി, ശ്രീകൃഷ്ണ വിലാസം എന്ന പേരും നല്കി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
തിരുവിതാംകൂറിൽ അക്കാലത്തെ സുപ്രസിദ്ധ നടനായിരുന്ന കുറിയന്നൂർ നാണുപിള്ളയായിരുന്നു കളരിയാശാൻ. എട്ട് കുട്ടികളെയാണ് ആദ്യം പരിശീലിപ്പിച്ചത്. ശിവരാമനെ കൂടാതെ കേശവൻ, രാമൻകുട്ടി, കൊച്ചുനാണു, ഗോവിന്ദൻ, കൊച്ചുകൊച്ച്, രാമൻ ഗണകൻ, തഴയശേരി കൃഷ്ണൻ, കുന്നേൽ വേലായുധൻ തുടങ്ങിയവരായിരുന്നു മറ്റു പഠിതാക്കൾ.
കളരിയുടെ മേൽനോട്ടവും, മറ്റു ചെലവുകളൂമെല്ലാം കങ്കാളിയാശാനാണ് വഹിച്ചത്. തിരുവല്ല ഗോപാലപ്പണിക്കരുടെ പിതാവ്, വേലുപ്പണിക്കർ കളരിയിൽ ചെണ്ടയും അഭ്യസിപ്പിച്ചു. ശിവരാമൻ വേഷം കൂടാതെ, ചെണ്ടയും അഭ്യസിച്ചു.
നാലു വർഷത്തെ ചിട്ടയും കഠിനവുമായ ശിക്ഷണത്തിനു ശേഷം പതിനഞ്ചാമത്തെ വയസ്സിൽ മുട്ടാർ ശിവക്ഷേത്രത്തിൽ അരങ്ങേറ്റം കഴിച്ചു. അരങ്ങേറ്റത്തിന് രണ്ടു വേഷങ്ങളാണ് അദ്ദേഹം കെട്ടിയത്. ആദ്യ വേഷം രുഗ്മിണീസ്വയംവരത്തിൽ കൃഷ്ണൻ. രണ്ടാമത് കെട്ടിയ വേഷം കത്തിയായിരുന്നു. ബാണാസുരൻ. രുഗ്മിണീസ്വയംവരം കഴിഞ്ഞ്, വേഷത്തോടു കൂടി ചെന്ന്, അഞ്ചു പവന്റെ ഒരു സ്വർണ്ണമാല ഗുരുവിന് ഗുരുദക്ഷിണയായി നൽകി. ഒരു കുത്ത് പാവുമുണ്ടും, ഖദർ ഷാളുമായിരുന്നു, ബാണയുദ്ധം കഴിഞ്ഞു നൽകിയ ഗുരുദക്ഷിണ.
കളിയോഗവും കളരിയും ഭംഗിയായി മുന്നോട്ട് പോയി. അക്കാലത്ത് മദ്ധ്യ തിരുവിതാംകൂറിൽ പേരെടുത്ത കണ്ണഞ്ചിറ കൃഷ്ണപിള്ള, കണ്ണഞ്ചിറ രാമൻപിള്ള, ആദിക്കാട്ട് പാച്ചുപിള്ള തുടങ്ങിയവർ ആദ്യകാലത്ത് ഈ കളിയോഗവുമായി സഹകരിച്ചിരുന്നവരാണ്. ചെങ്ങന്നൂർ രാമൻപിള്ള, കലാമണ്ഡലം കൃഷ്ണൻനായർ, മാങ്കുളം വിഷ്ണുനമ്പൂതിരി, ചമ്പക്കുളം പാച്ചുപിള്ള, പള്ളിപ്പുറം ഗോപാലൻനായർ, കുറിച്ചി കുഞ്ഞൻപണിക്കർ, കുടമാളൂർ കരുണാകരൻനായർ, മങ്കൊമ്പ് ശിവശങ്കരപ്പിള്ള, മടവൂർ വാസുദേവൻനായർ, കലാമണ്ഡലം രാമൻകുട്ടിനായർ, കോട്ടക്കൽ ശിവരാമൻ, സദനം കൃഷ്ണൻകുട്ടി മുതലായ പ്രമുഖ നടന്മാർ ഈ കളിയോഗത്തിന്റെ കളികൾക്ക് വേഷം കെട്ടിയിട്ടുണ്ട്. ചമ്പക്കുളത്തിന്റെ ബാലിയും, ശിവരാമനാശാന്റെ സുഗ്രീവനുമായിട്ടുള്ള ബാലിവധം, അക്കാലത്ത് മദ്ധ്യ തിരുവിതാംകൂറിലെ കളി കമ്പക്കാരെ വളരെ ആകർഷിച്ചിരുന്നു. നിഴൽകുത്തിലെ മന്ത്രവാദിയുടെ വേഷം തന്മയത്തത്തോടെ അവതരിപ്പിക്കാൻ ആശാന് പ്രത്യേക പാടവം തന്നെയുണ്ടായിരുന്നു.
കളരിയിലുള്ള പരിശീലനം കൊണ്ടു മാത്രം ഒരു കലാകാരന് സവിശേഷമായ അഭിനയശൈലി സ്വായത്തമാക്കാൻ കഴിയുകയില്ല. അരങ്ങിൽ കൂട്ടുവേഷക്കാരിൽ നിന്നാണ്, ഒട്ടേറെ ശാസ്ത്രസങ്കേതങ്ങളും, അഭിനയ മുറകളും മനസ്സിലാക്കാൻ അവസരം ലഭിക്കുന്നത്. മേൽ പറഞ്ഞ കഥകളി രംഗത്തെ മഹാരഥന്മാരുമൊത്ത് വേഷം കെട്ടുന്നതിനും അവരിൽ നിന്നെല്ലാം വിലപ്പെട്ട ഉപദേശങ്ങൾ നേടാനും ആശാന് കഴിഞ്ഞിട്ടുണ്ട്. താടി വേഷങ്ങൾക്ക് തന്റേതായ ഒരു ശൈലി രൂപപ്പെടുത്താൻ ഈ സാർവ്വഭൌമാന്മാരുമായി ഒത്തുള്ള അരങ്ങുകൾ വളരെയേറെ സഹായിച്ചിട്ടുണ്ട്.
വർക്കല, ഇടവ, ചിറയൻകീഴ്, നടയറ, കൊട്ടാരക്കര, കിളിമാനൂർ, ചാത്തന്നൂർ, തുടങ്ങിയ പ്രദേശങ്ങളിൽ ആശാന് വളരെയേറെ അരങ്ങുകൾ കിട്ടുമായിരുന്നു. ആശാനോ, ചെന്നിത്തല ചെല്ലപ്പൻപിള്ളയോ ഉണ്ടെങ്കിൽ നിഴൽകുത്ത് ഏർപ്പാടാക്കാൻ അവിടെയുള്ള കളി ഭ്രാന്തന്മാർക്ക് ഉത്സാഹമായിരുന്നു.
മാത്തൂർ കളിയോഗം, വാരണപ്പിള്ളി കളിയോഗം, പാലാ തോപ്പിൽ കുട്ടിയാശാന്റെ കളിയോഗം, കുടമാളൂരിന്റെ കളിയോഗം തുടങ്ങിയ കളിയോഗങ്ങളിൽ ആശാൻ, ചുവന്ന താടി, കരി, വട്ടമുടി തുടങ്ങിയ വേഷങ്ങൾ ധാരാളം അവതരിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ അയ്യപ്പചരിതം അവതരിപ്പിക്കാൻ മാങ്കുളത്തോടൊപ്പം ബോംബെയിൽ പോയി. നാലഞ്ച് അരങ്ങുകൾ ഉണ്ടായിരുന്നു അവിടെ. ബോംബേ മലയാളികളുടെ പാരിതോഷികവും അഭിനന്ദനവും നേടിയത് ആശാൻ നന്ദിയോടെ അനുസ്മരിക്കുന്നുണ്ട്.
ശ്രീവല്ലഭ ചരിതത്തിൽ തുകലാസുരന്റെ വേഷം കെട്ടാൻ ആശാന് അസൌകര്യം ഉണ്ടെങ്കിൽ മാത്രമേ മറ്റൊരാളെ ക്ഷണിക്കുമായിരുന്നുള്ളൂ. അതുപോലെ ഡോ. ഗോപാലകൃഷ്ണൻനായർ (പനച്ചിക്കാട്) രചിച്ച കുമാരനെല്ലൂരമ്മ എന്ന കഥയിലെ മന്ത്രിയുടെ വേഷവും ആശാന്റെ മാസ്റ്റർ പീസുകളിൽ ഒന്നായിരുന്നു. ഈ രണ്ടു വേഷങ്ങളും ചുവന്ന താടിയാണ്.
2004ൽ കണ്ടങ്കരിക്കാവ് ക്ഷേതത്തിൽ ആണ് അദ്ദേഹം അവസാനം വേഷം കെട്ടിയത്. ഇഷ്ടപ്പെട്ട വേഷം തന്നെ. നിഴൽക്കുത്തിലെ മന്ത്രവാദി. സദനം കൃഷ്ണകുട്ടിയുടെ ഭാരതമലയൻ, ഓയൂർ രാമചന്ദ്രന്റെ മലയത്തി, കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്റെ ത്രിഗർത്തൻ, ഫാക്റ്റ് മോഹനന്റെ ദുര്യോധനൻ - അങ്ങനെയായിരുന്നു താര നിര.
ഈയടുത്ത കാലത്ത് ദൂരദർശനിൽ നടത്തിയ ഒരു അഭിമുഖത്തിൽ ചവറ പാറുക്കുട്ടി, ആശാന്റെ ഒരു ദുശാസ്സന വേഷം അനുസ്മരിക്കുകയുണ്ടായി. പത്തിരുപത്തഞ്ചു വർഷങ്ങൾക്ക് മുമ്പാണ്. കൊല്ലം ജില്ലയിലെ ഏതോ ഒരു ക്ഷേത്രാങ്കണം. കഥ ദുര്യോധനവധം. പാറുക്കുട്ടിയാണ് പാഞ്ചാലി. ആശാന്റെ ദുശാസ്സനൻ. വസ്ത്രാക്ഷേപമാണ് രംഗം. അടിച്ചും, ഇടിച്ചും, തൊഴിച്ചും, മുടിക്കു പിടിച്ചു വലിച്ച് പാഞ്ചാലിയെ സഭയിലേക്ക് കൊണ്ടുവരികയാണ്. കാണികൾക്കിടയിൽ നിന്നുകൊണ്ടുള്ള ദുശാസ്സനനാം ചോരൻ തന്നുടെ ഈ സ്ത്രീ പീഡനം കണ്ട്, അരങ്ങിളിരുന്ന ഒരു സ്ത്രീ, ഛീ വിടെടാ ദുഷ്ടാ, ആ പെങ്കൊച്ചിനെ - എന്ന് പറഞ്ഞു കൊണ്ട് പൂണ്ടടക്കം കയറി പിടിച്ചത്രേ. അല്പം ചിത്ത ഭ്രമം ഉള്ള സ്ത്രീ ആയിരുന്നു അവർ.
ആശാൻ കഥകളി ചെണ്ട അഭ്യസിച്ചിട്ടുണ്ടെങ്കിലും വിരളമായേ അരങ്ങത്ത് അവതരിപ്പിച്ചിട്ടുള്ളൂ. മുട്ടാറ്റിലും, ചമ്പക്കുളത്തും, നെടുമുടിയിലുമൊക്കെ തിരുവല്ല ഗോപിക്കുട്ടൻഭാഗവതരുടെ പാട്ടിന്, ആശാൻ ചെണ്ട വായിച്ചിട്ടുണ്ട്.
1990 - 95 കാലഘട്ടത്തിൽ ആണ്. പൊൻകുന്നത്തുകാവ് ക്ഷേത്രത്തിലെ ഒരു കളി. കുറൂർ വാസുദേവൻനമ്പൂതിരി (മിടുക്കൻ) ആയിരുന്നു ചെണ്ട. അവിചാരിതമായി ഉണ്ടായ ഒരു തടസ്സം. കുറൂരിന് കളിക്ക് വരാനാവില്ല. അദ്ദേഹം ആയാംകുടി ഉണ്ണികൃഷ്ണനെ കളിക്ക് പോകാൻ ചട്ടം കെട്ടി. വിളക്കു വെച്ചു. കേളിയും കഴിഞ്ഞു. ചെണ്ടക്കാരൻ എത്തിയിട്ടില്ല. ആകെ അങ്കലാപ്പ്. രണ്ടാമത്തെ കഥക്കാണ് ആശാന് വേഷമുള്ളത്. കളിയോഗക്കാരിലാരോ ആശാനെ സമീപിച്ച് വിഷമസ്ഥിതി പറഞ്ഞു. കിഴക്കേ നടയിൽ നിന്ന് കണ്ണടച്ചു പ്രാർത്ഥിച്ചിട്ട് ചെണ്ട കയ്യിലെടുത്തു. പുറപ്പാടു കഴിഞ്ഞ്, മേളപ്പദം നടക്കുമ്പോഴാണ് ഉണ്ണി ഓടിപ്പിടിച്ച് സ്ഥലത്ത് എത്തിച്ചേർന്നത്.
"ഈശ്വര കാരുണ്യവും ഗുരുകാരണവന്മാരുടെ അനുഗ്രഹവും കൊണ്ട് അവതാളമൊന്നും കൊട്ടിയില്ല." ആശാൻ ഒരു ചെറു പുഞ്ചിരിയോടു കൂടി പറഞ്ഞു.
കേരള കലാമണ്ഡലത്തിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് ഒരു പ്രശസ്തി പത്രം കിട്ടിയിട്ടുണ്ട്. സഹൃദയരുടെ അഭിനന്ദനമല്ലാതെ ഒരു ബഹുമതികളും ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഈ കഥകളിക്കാരന് കിട്ടിയിട്ടില്ല.
രണ്ടു മണിക്കൂറോളം ഞാൻ ആശാന്റെ വസതിയിൽ ചെലവഴിക്കുകയുണ്ടായി. ഒരിക്കൽ പോലും എന്തെങ്കിലും ഒരു പരിഭവമോ, ഒരു പരാതിയോ ആ കലാകാരൻ പറയുകയുണ്ടായില്ല.
കൂട്ടുവേഷം കെട്ടിയ പഴയ പുതിയ തലമുറയെ ആശാൻ ബഹുമാനപുരസരം അനുസ്മരിക്കുകയുണ്ടായി. ആരിൽ നിന്നും ഒരിക്കൽപോലും വേദനിപ്പിക്കുന്ന ഒരനുഭവവും ഉണ്ടായിട്ടില്ല എന്നദ്ദേഹം പറഞ്ഞപ്പോൾ, ചില സമകാലിക സംഭവങ്ങൾ ഞാൻ ഓർത്തുപോയി. അതിൽനിന്നെല്ലാം വേറിട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ശിവരാമനാശാൻ എന്നെനിക്ക് മനസ്സിലായി. കാലുഷ്യമില്ലാത്ത ഒരു മനസ്സിന്റെ ഉടമക്കു മാത്രമേ ഇങ്ങനെ പറയാൻ കഴിയുകയുള്ളൂ.
കൂടെ കളിച്ചവരൊക്കെ കാലയവനികയിൽ മറഞ്ഞത് ആശാനെ അസ്വസ്ഥനാക്കുന്നുണ്ട്. "കുറൂർ തിരുമേനി ഉണ്ടോ... ?" ഉണ്ടെന്നു ഗോപിച്ചേട്ടൻ പറഞ്ഞപ്പോൾ, "രണ്ടു മാസം മൂപ്പെനിക്കാ, ആരോഗ്യം എങ്ങനെയുണ്ട്. മിടുക്കൻ കുഞ്ഞിനെ കാണുമ്പോൾ, എന്റെ അന്വേഷണവും ക്ഷേമവും ഭാഗവതർ അറിയിക്കണം."
ഒരാളെ വലുതാക്കാനും, മറ്റൊരാളെ കൊച്ചാക്കാനുമുള്ള പ്രവണത ആസ്വാദകരുടെയും കലാകാരന്മാരുടേയുമിടയിൽ വർദ്ധിച്ചു വരികയാണ്. സഹൃദയത്വവും കലാശാസ്ത്രാദികളിൽ പാണ്ഡിത്യവുമുള്ളവരുടെ സമീപനം പോലും ഇത്തരത്തിലാണ്. ഇത് ഈ മഹത്തായ കലയെ നിന്ദിക്കുന്നതിനു തുല്യമാണ് എന്നാണെന്റെ അഭിപ്രായം. കലാപരമായ കഴിവുകൾ ആയിരിക്കണം കലാകാരനെ വിലയിരുത്താൻ ആസ്വാദകർ സ്വീകരിക്കേണ്ട മാനദണ്ഡം ആസ്വാദനത്തോടോപ്പം വിമർശനവും സഹൃദയനിൽ നിന്ന് വരേണ്ടതു തന്നെ. മര്യാദയുടെ പരിധി ലംഘിക്കാതിരിക്കുക.
"ഈ വൃദ്ധനെ കാണാൻ വന്നതിന് ഒരുപാട് നന്ദിയുണ്ട്. ഈ വഴി പോകുമ്പോൾ ഇവിടെയൊന്നു കയറാൻ മടിക്കരുത്." എന്ന് ആശാൻ പറഞ്ഞപ്പോൾ, നിസ്സാരനായ ഈയുള്ളവന് എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും തോന്നി.
"തീർച്ചയായും വരും. ഇടയ്ക്കിടെ വന്ന് ആശാനെ ബുദ്ധിമുട്ടിക്കാം" - എന്ന് ഞാൻ പറഞ്ഞപ്പോൾ, "ബുദ്ധിമുട്ടോ, സന്തോഷമേയുള്ളൂ. വരണം" എന്നായിരുന്നു ആശാന്റെ മറുപടി.
ആശാനെ തൊഴുത് പടിയിറങ്ങുമ്പോൾ ഗോപിച്ചേട്ടൻ എന്നോട് ചോദിച്ചു, "എന്തു തോന്നുന്നു, രവിക്കുട്ടാ... "
"ഈ കലിയുഗത്തിലും പരനിന്ദ വെച്ചു പുലർത്താത്ത മഹാനായ ഒരു കലാകാരനെ കാണാൻ കഴിഞ്ഞു... !" ഞാൻ ഗോപിച്ചേട്ടനോട് പറഞ്ഞു.