ഭാവഗായകന്‍ ഓര്‍മ്മകളില്‍
- Details
- Category: Kathakali
- Published on Tuesday, 17 December 2013 01:22
- Hits: 6134
ഭാവഗായകന്‍ ഓര്‍മ്മകളില്‍
രാമദാസ് എൻ
“തേനഞ്ചുന്ന നിസര്‍ഗ്ഗനാദമൊടിനി,പ്പാപാദചൂഡം ചൊരി -
ഞ്ഞാനന്ദാമൃതവര്‍ഷമിക്കഥകളിപ്പാട്ടില്‍ത്തുടര്‍ന്നീടവേ
സ്യാനന്ദൂരപുരേശപാദമലരില്‍ തന്‍ ചേങ്ങിലക്കോലുവ -
ച്ചേനസ്സറ്റു ധനാശിപാടിയൊരു വിണ്‍ഗാതാവിനന്ത്യാഞ്ജലി”
(കഴിഞ്ഞ സെപ്തംബര്‍ 29 ന്, വെണ്മണി ഹരിദാസ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ഗായകന്‍ ശ്രീ. അത്തിപ്പറ്റ രവി ചൊല്ലിയ ശ്ലോകം)
ഒരു പക്ഷെ, വെണ്മണി ഹരിദാസ് എന്ന പൊന്നാനിപ്പാട്ടുകാരനെ കേരളം അറിയാന്‍ തുടങ്ങുന്നതിനു നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ, കലാമണ്ഡലം ഹരിദാസ് എന്ന പൊന്നാനി ഗായകനെ അടുത്തറിയാന്‍ നിയോഗമുണ്ടായ ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം ധനാശി പാടി ഏറ്റു വര്‍ഷങ്ങള്‍ക്കു ശേഷം, അദ്ദേഹത്തെയും ആ സംഗീതത്തെയും വിലയിരുത്തുവാനുള്ള സംഗീത പാണ്ഡിത്യമില്ലാത്ത ഒരു ആസ്വാദകന്‍റെ ശ്രമമാണ് ഈ ലേഖനം. സന്ദര്‍ഭവശാല്‍, 1984-85 കാലത്ത് തിരുവനന്തപുരത്ത് ജീവിക്കാനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നതിനാല്‍, മറ്റു സ്ഥലങ്ങളിലെല്ലാം തന്നെ ശങ്കിടി പാട്ടുകാരന്‍ മാത്രമായിരുന്ന ഹരിദാസിനെ ഒരു പൊന്നാനി ഗായകന്‍ ആയി ശ്രദ്ധിക്കുവാനും അപാരമായ സിദ്ധികളുള്ള ഒരു ഗായകനാണ് അദ്ദേഹം എന്ന് തിരിച്ചറിയാനും ഈ കാലത്ത് കഴിഞ്ഞിട്ടുണ്ട്. എന്‍റെ ഒരു അറിവ് വച്ച് പറഞ്ഞാല്‍, വളരെ കുറച്ചുകാലം മാത്രം പൊന്നാനി ഗായകനായി കേരളം മുഴുവന്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ സംഗീതം അതിന്റെ ഔന്നത്യത്തില്‍ എത്തിയിരുന്ന കാലഘട്ടം, അദ്ദേഹം അറിയപ്പെടുന്ന പൊന്നാനി ഗായകനാകുന്നതിനു മുന്‍പായിരുന്നു.
കഥകളി സംഗീതത്തിന്‍റെ ചരിത്രത്തില്‍ വെണ്മണി ഹരിദാസ് എവിടെ നില്‍ക്കുന്നു എന്ന് അടയാളപ്പെടുത്തുന്നതിനു വേണ്ടി കഥകളി സംഗീതത്തിന്റെ ചരിത്രം അല്പമൊന്നു പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.
കഥകളി അരങ്ങിലെ വാചികാഭിനയം ആണ് സംഗീതം. ആഹാര്യവും, ആംഗികവും, സാത്വികവും സ്വാഭാവികമായുള്ളതില്‍ നിന്ന് വളര്‍ന്നു, ശൈലീകൃതമായപ്പോള്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം ആയ വാചികാഭിനയം സംഗീതമായി ശൈലീകരിക്കപ്പെട്ടു എന്ന് പറയാം. പഴയ കാലത്ത് ഒരു കഥകളി ഭാഗവതരുടെ പ്രധാന ലക്‌ഷ്യം, ഈ സംഭാഷണങ്ങള്‍ അരങ്ങത്തെ വേഷക്കാര്‍ക്കും പ്രേക്ഷകര്‍ക്കും കേള്‍ക്കത്തക്ക വിധത്തില്‍ ഉച്ചത്തില്‍ പാടുക എന്നതായിരുന്നു. പിന്നീട് ഉച്ചഭാഷിണിയുടെ വരവോടെ ആണ് സംഗീതത്തില്‍ വളര്‍ച്ച ആരംഭിക്കുന്നത്. കേള്‍പ്പിക്കല്‍ എന്ന ജോലി ഉച്ചഭാഷിണി ഏറ്റെടുത്തതോടെ സംഗീതം കഥാപാത്രങ്ങള്‍ക്കനുസരിച്ചു ഭാവരഞ്ജകം ആക്കാനുള്ള ശ്രമവും ആരംഭിച്ചു.
കഥകളിയിലെ എല്ലാ മണ്ഡലങ്ങളിലെയും വളര്‍ച്ചയുടെ തുടക്കം പട്ടിക്കാന്തൊടി കളരിയില്‍ നിന്നാണല്ലോ? സംഗീതത്തിലെ പുരോഗതിയും അവിടെ തന്നെ ആണ് ആരംഭിച്ചത്. വെങ്കിടകൃഷ്ണഭാഗവതരും ശിഷ്യന്‍ നീലകണ്ഠന്‍ നമ്പീശനും അന്ന് തുടങ്ങിവച്ച പരിഷ്കരണശ്രമങ്ങളിലൂടെ ആണ് കഥകളിസംഗീതം ഇന്നത്തെ അവസ്ഥയില്‍ എത്തിയത്. പിന്നീടങ്ങോട്ട് ഇന്നുവരെയുള്ള കഥകളിഗായകരില്‍ ഗണനീയരായ എല്ലാവരും തന്നെ ഈ പരമ്പരയിലെ കണ്ണികളാണ്.
കഥകളിസംഗീതം ഭാവാത്മകമായ അഭിനയസംഗീതമായി പരിണമിച്ചു പടര്‍ന്നു പന്തലിച്ച പ്രക്രിയയില്‍ ഏറെ നിര്‍ണ്ണായകമായിരുന്നു 1958 ല്‍ കലാമണ്ഡലത്തില്‍ പഠനം ആരംഭിച്ച കഥകളിസംഗീതവിദ്യാര്‍ഥികളുടെ ഒരു ബാച്ച്. മുഖ്യമായും നമ്പീശന്‍ ആശാന്റെ ശിക്ഷണത്തില്‍ അഭ്യസിച്ച ഈ ബാച്ചിലെ നാലു പേരും പിന്നീട് കഥകളിസംഗീതത്തില്‍ പ്രമുഖരായി തീര്‍ന്നു. ഭാവസംഗീതത്ത്തിന്റെ തുടക്കക്കാരനായി പേരുകേട്ട കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയും, കഥകളിസംഗീതത്തെ ശാസ്ത്രീയ സംഗീതവുമായി കൂടുതല്‍ അടുപ്പിച്ചു ആസ്വാദക പ്രശംസ നേടിയ കലാമണ്ഡലം ഹൈദരാലിയും, നമ്പീശന്‍ ആശാന്‍ തുടങ്ങിവച്ച കഥകളിപ്പാട്ടിന്റെ വിശുദ്ധി കളരിയിലും അരങ്ങത്തും കാത്തുസൂക്ഷിച് പുതിയ തലമുറ ഗായകര്‍ക്ക് കൃത്യമായ അടിസ്ഥാനം നല്‍കി ഇന്നും നമ്മോടൊപ്പം ഗുരുനാഥനായി നില്‍ക്കുന്ന മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും പരമ്പരാഗത ശൈലിയില്‍ തന്നെ നമ്പീശന്‍ ആശാന്റെ ശൈലിയുമായി കൂടുതല്‍ അടുത്തു നിന്നിരുന്ന, അകാലത്തില്‍ നമുക്ക് നഷ്ടമായ സുഖദസംഗീതത്തിന്റെ ഉടമയായിരുന്ന തിരൂര്‍ നമ്പീശനും ആയിരുന്നു ഈ നാല്‍വര്‍. തൊട്ടടുത്ത വർഷം പഠനം ആരംഭിച്ചവരില്‍, താരബാഹുല്യം കൊണ്ട് ഒതുങ്ങിക്കൂടിയ കലാമണ്ഡലം സുബ്രഹ്മണ്യന്‍ ഇന്നും ശ്രുതിസുഭഗമായ, പാരമ്പര്യവും നവീനതയും കൃത്യമായി വിളക്കിച്ചേര്‍ത്ത അഭിനയസംഗീതവുമായി നമ്മോടൊപ്പം ഉണ്ട്.
തൊട്ടടുത്ത വര്‍ഷമായ 1960 ല്‍ ആണ് ആലുവാ വെള്ളാരപ്പള്ളിയില്‍, സാഹിത്യപാരമ്പര്യമുള്ള വെണ്മണി തറവാട്ടില്‍ ജനിച്ച ഹരിദാസ് സംഗീതാഭ്യസനത്തിനായി കലാമണ്ഡലത്തില്‍ എത്തുന്നത്. മുന്‍ഗാമികളുടെ മുഖ്യ ഗുരുക്കന്മാര്‍ നമ്പീശന്‍ ആശാനും ശിവരാമന്‍ നായരാശാനും ആയിരുന്നുവെങ്കില്‍, ഹരിദാസ് അഭ്യസനം തുടങ്ങി അധികം ആവുന്നതിനു മുമ്പ് നമ്പീശന്‍ ആശാന്റെ മുഖ്യ ശിഷ്യനായ കഥകളിസംഗീതത്തിലെ മഹാമേരു,
ഇന്നും നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആധുനിക കഥകളിസംഗീതത്ത്തിന്റെ കുലപതി എന്ന് നിസ്സംശയം പറയാവുന്ന കലാമണ്ഡലം ഗംഗാധരന്‍ അവിടെ അദ്ധ്യാപകനായി എത്തി. ഹരിദാസ് ഗംഗാധരന്‍ ആശാന്റെ പ്രധാന ശിഷ്യനായി. ആശാന്റെ കളരിയില്‍ പഠിക്കുകയും ആശാനോപ്പം അരങ്ങുകളില്‍ പാടുകയും ചെയ്ത്, ആ ‘കടഞ്ഞെടുത്ത സംഗതികള്‍’ ഹരിദാസിന്റെ സംഗീതത്തിലെ ജീവവായുവായി മാറി.
ഒപ്പം കളരികളില്‍ ആശാനോടൊപ്പം പാടി പഠിച്ചത് മറ്റൊരു മഹാനായ നടന്റെ കീഴിലായിരുന്നു. ജനപ്രിയതയുടെ പാതയില്‍ നിന്ന് വേറിട്ടുനടന്ന, ഔചിത്യദീക്ഷയും കഥാപാത്രത്തിന്റെ മനസ്സും മുഖ്യമായി കണ്ട പത്മശ്രീ. വാഴേങ്കട കുഞ്ചു നായരാശാന്‍റെ കളരി, അദ്ദേഹത്തിന്റെ പാഠശാലയായി. ആംഗികാഭിനയത്തിന്റെ വ്യാകരണങ്ങള്‍ കൃത്യമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ, കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയ ശൈലിയായിരുന്നു കുഞ്ചുനായര്‍ ആശാന്റെത്. “അതത് സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച്, കഥാപാത്രത്തിന്‍റെ നിലയും വിലയും കൈവിടാതെ, അമിതാഭിനയത്തിലൂന്നിയ മനോധര്‍മ്മപ്രകടനങ്ങളിലധിഷ്ടിതമല്ലാത്ത, കഥാപാത്രത്തിന്‍റെ ആത്മാര്‍ഥമായ ആത്മാവിഷ്കാരമാണ് പരമമായ കഥകളി അഭിനയം” എന്നു സര്‍വ്വവിജ്ഞാന കോശത്തില്‍ തന്‍റെ അഭിനയ സങ്കല്പത്തെ വിശദീകരിക്കുന്നതില്‍ നിന്ന് അദ്ദേഹത്തിന്റെ മനസ്സ് വ്യക്തമാണ്. മകന്‍ ശ്രീ. വാഴേങ്കട വിജയനും, ശ്രീ. വാസു പിഷാരോടിയും അടങ്ങുന്ന തന്‍റെ വിദ്യാര്‍ഥികളിലേക്ക് തന്‍റെ അഭിനയസങ്കല്പം പകര്‍ന്നു നല്‍കിയ കളരിയിലാണ് ഗംഗാധരന്‍ ആശാന്‍ പഠിപ്പിച്ച പാഠങ്ങള്‍ ഹരിദാസ് പാടി പഠിച്ചത്. കുഞ്ചുനായരാശാനെ കുറിച്ച് പറയുമ്പോള്‍ ഹരിദാസിന് എന്നും ആയിരം നാവായിരുന്നു. അദ്ദേഹത്തിന്റെ ഒരു വേഷം പോലും കാണാന്‍ ഭാഗ്യം ലഭിച്ചിട്ടിലാത്ത്ത എന്റെ മനസ്സില്‍ കുഞ്ചുനായര്‍ ഉദാത്തമായ അഭിനയ ശൈലിയുടെ ഉടമയായി പ്രതിഷ്ടിതനായത് മുഖ്യമായും ഹരിദാസിന്റെ വാക്കുകളിലൂടെ ആണ്.
അങ്ങനെ ഔചിത്യദീക്ഷയും കഥാപാത്രത്തിന്റെ മനസ്സും മുഖ്യമായ കുഞ്ചുനായര്‍ ശൈലിക്ക്, കടഞ്ഞെടുത്ത സംഗതികളിലൂടെ പിന്നണി പാടി പഠിച്ചാണ് ഹരിദാസ് കലാമണ്ഡലത്തിലെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്.
തികച്ചും വ്യത്യസ്തമായ ഒരു ലോകത്തേക്കാണ് ഹരിദാസിന്‍റെ അടുത്ത യാത്ര. ലോകപ്രസിദ്ധ നര്‍ത്തകിയായ മൃണാളിനി സാരാഭായിയുടെ ദര്‍പ്പണയിലേക്ക്. മൃണാളിനിയുടെയും മകള്‍ മല്ലികയുടെയും അനവധി നൃത്തപരിപാടികള്‍ക്ക് അദ്ദേഹം പിന്നണി പാടി. മല്ലികയുടെ അരങ്ങേറ്റത്തിന് താനാണ് പാടിയത് എന്ന് അല്പം ഒരു അഹങ്കാരത്തോടെ തന്നെ ഹരിദാസ് പറയാറുണ്ടായിരുന്നു. അഹമ്മദാബാദിലെ ജീവിതം, ശ്രുതിശുദ്ധിയും ഭാവവും ജീവനായി കരുതുന്ന ഹിന്ദുസ്ഥാനി സംഗീതവുമായി കൂടുതല്‍ അടുക്കുവാന്‍ കാരണമായി. ഹിന്ദുസ്ഥാനിസംഗീതസായാഹ്നങ്ങള്‍ ഒന്നുപോലും ഒഴിവാക്കാതെ കേള്‍ക്കുകയും തിരികെ വന്നു പുതിയ രാഗങ്ങള്‍ സഹപ്രവര്‍ത്തകരെ പാടി കേള്‍പ്പിക്കുകയും, കഥകളിയില്‍ അവയുടെ പ്രയോഗസാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഹരിദാസ് അന്നു അവിടെ സഹപ്രവര്‍ത്തകരായിരുന്ന പലരുടെയും മനസ്സില്‍ ഉണ്ട്. പുതുരാഗങ്ങള്‍ പരീക്ഷിക്കുവാനും ശ്രുതിശുദ്ധി നിലനിര്‍ത്തി പാടുവാനും ഈ കാലം അദ്ദേഹത്തിനു സഹായകമായി.
പ്രവാസജീവിതം അവസാനിപ്പിച്ച് കേരളത്തില്‍ തിരിച്ചെത്തുന്ന ഹരിദാസ് മറ്റൊരു മഹാമേരുവിനടുത്താണ് കലാജീവിതം തുടരുന്നത്. കലാമണ്ഡലം കൃഷ്ണന്‍ നായരാശാന്‍. മാര്‍ഗ്ഗിയില്‍ കൃഷ്ണന്‍ നായരാശാന്റെ കളരിയിലും അരങ്ങുകളിലും അദ്ദേഹം പാടുന്നു. ഒരിക്കല്‍ ആ കളരിയില്‍ പാടുമ്പോള്‍ നിറകണ്ണുകളോടെ “ഹരീ...” എന്ന് അദ്ദേഹം വിളിച്ചത് ഏറ്റവും വലിയ അംഗീകാരമായി ഹരിദാസ് കണ്ടിരുന്നു. അദേഹത്തിന്റെ അരങ്ങുകള്‍ക്ക് പൊന്നാനി പാടാന്‍ ലഭിച്ച അപൂര്‍വ്വം അവസരങ്ങളില്‍ ഹരിദാസിന്റെ സംഗീതം ഉദാത്തമായ അനുഭവങ്ങളായി കേട്ടിട്ടുള്ളവരുടെ മനസ്സുകളില്‍ ഇപ്പോഴുമുണ്ട്.
ആ കാലത്തെ അരങ്ങനുഭവങ്ങള്‍ ആകട്ടെ, കേരളത്തിലുടനീളം ഏറ്റവും പ്രചാരമുണ്ടായിരുന്ന എമ്പ്രാന്തിരി- ഹരിദാസ് ടീമിന്‍റെ ഭാഗമായി ആയിരുന്നതിനാല്‍ വെണ്മണി ഹരിദാസ് എന്ന ഗായകന്‍ കേരളം മുഴുവന്‍ അറിയപ്പെട്ട ശങ്കിടി പാട്ടുകാരന്‍ ആയി മാറി. ഒപ്പം ഈ പ്രതിഭ, ഏറെനാള്‍ ശങ്കിടിപ്പാട്ടുകാരനായി മാത്രം അറിയപ്പെടുകയും ചെയ്തു.
{രാകാധിനാഥ : പൊന്നാനി - ശ്രീ ശങ്കരൻ എമ്പ്രാന്തിരി}
മുഖ്യമായും എമ്പ്രാന്തിരിയുടെ ശങ്കിടിയായി അറിയപ്പെട്ടിരുന്നുവെങ്കിലും തന്‍റെ മേലെയുള്ള എല്ലാ ഗായകര്‍ക്കൊപ്പവും ശങ്കിടി പാടാന്‍ അന്ന് ഹരിദാസിന് ഏറെ ഇഷ്ടമായിരുന്നു. മാത്രമല്ല പ്രമുഖഗായകര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ട ശങ്കിടിപ്പാട്ടുകാരന്‍ ഹരിദാസ് ആയിരുന്നു. പൊന്നാനി പാടുന്നത് അതുപോലെ ഏറ്റുപാടുവാനും പൊന്നാനി ഗായകനില്‍ നിന്നും മുമ്പ് പാടിയതിനു മേലെയുള്ള സംഗീതം പുറത്തുകൊണ്ടുവരുവാനും പ്രചോദനം നല്‍കിയിരുന്നു അദ്ദേഹം. ഉണ്ണിക്കൃഷ്ണക്കുറുപ്പിനും ഗംഗാധരനും എമ്പ്രാന്തിരിക്കും ഹൈദരാലിക്കും ഏറെ പ്രിയപ്പെട്ട ശങ്കിടി ആയിരുന്ന ഹരിദാസ് പറയുന്നത് ഇവയില്‍ ഏറ്റവും വലിയ വെല്ലുവിളി സ്വന്തം ഗുരുവായ ഗംഗാധരന്‍ ആശാന്‍റെ ഒപ്പം പാടുന്നതായിരുന്നു എന്നാണ്.
{മന്ദിരേ ചെന്നാലെങ്ങും : പൊന്നാനി - ശ്രീ കലാമണ്ഡലം ഗംഗാധരൻ}
മുന്‍ഗാമികളില്‍ ഹൈദരാലിയുമായി ഹരിദാസിന് ഉണ്ടായിരുന്ന ബന്ധം വളരെ ശക്തമായിരുന്നു. ഒരേ മണ്ഡലത്തില്‍ വ്യാപരിക്കുന്ന രണ്ടു കലാകാരന്മാര്‍ തമ്മില്‍ ഇത്ര പരസ്പരബഹുമാനം വളരെ അപൂർവമായിരിക്കും. കലാമണ്ഡലത്തിലെ വിദ്യാഭ്യാസകാലം മുതല്‍ മരണം വരെ അത് കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. ഹൈദരാലിയോട് ഏറ്റവും ഇഷ്ടമുള്ള ശങ്കിടി ആരാണ് എന്ന് ചോദിച്ചാല്‍ അദ്ദേഹം പറയുക “സംശയമില്ല. ഹരിദാസന്‍. പക്ഷെ അയാള്‍ ശങ്കിടി പാടേണ്ട ആളല്ല” എന്നാണ്.
{ഒരുനാളും നിരൂപിതമല്ലേ : പൊന്നാനി - ശ്രീ കലാമണ്ഡലം ഹൈദരാലി}
{നൈഷധന്‍ ഇവന്‍ താന്‍:: പൊന്നാനി - ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ് }
സ്കെച്ച് : ശശി പന്നിശ്ശേരി