രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം - ആറാം കാലം

വൃശ്ചികോത്സവത്തിലെ ഉച്ചയുറക്കം

ശ്രീവൽസൻ തീയ്യാടി                                                                   

പതിനഞ്ചു മസ്തകങ്ങൾ. അവയ്ക്ക് നടുവിൽ എഴുന്നുനില്ക്കുന്നു ശാന്തഗംഭീരമായ കോലം. എല്ലാറ്റിനും മുന്നിൽ പഞ്ചാരിമേളം. പട്ടാപകലൊരു പൂരാന്തരീക്ഷം. പറയുമ്പോൾ ശരിയാണ്: വൃശ്ചികം മഞ്ഞുമാസമാണ്. പക്ഷെ വെയിലിനാണ് വിശേഷകാന്തിയെന്ന് അടുത്തിടെയായി പ്രത്യേകിച്ചും തോന്നിപ്പോവാറുണ്ട്. ആനപ്പുറത്തെ ഒരുനിര തഴകൾക്ക് അഭിമുഖമായി പലവിധം ശീലക്കുടകൾ പിടിച്ചുനിൽക്കുന്ന ജനം. അങ്ങനെയിരിക്കെ ഇടക്കലാശങ്ങൾ. അപ്പോൾ ആലവട്ടവും വെണ്‍ചാമരവും കുടഞ്ഞെഴുന്നേറ്റ് വെറുതെ മത്സരിക്കും. ഇടയിൽ പ്രത്യക്ഷമാവും കോടങ്കി.

പ്രദക്ഷിണം പാതിയാവുന്നതോടെ അഞ്ചാം കാലം സമാപ്തം. പൂർണത്രയീശ ക്ഷേത്രത്തിൽ അങ്ങനെയാണ് ഉത്സവച്ചിട്ട. അതോടെ നെറ്റിപ്പട്ടങ്ങളുടെ എണ്ണം കുറയും. കരിവീരന്മാരിൽ ആറെണ്ണം വലിഞ്ഞ് ആകെ ഒൻപതു മാത്രമാവും. കാരണം മതിൽക്കകത്ത് അതിനുള്ള സ്ഥലമേയുള്ളൂ. അടന്ത വക കൊട്ടി മേളമായി, അതവസാനിച്ച് നടപ്പുരയിലെത്തുമ്പോൾ താളം ചെമ്പട. 


You need to a flashplayer enabled browser to view this YouTube video 

അതൊന്ന് കൊഴുക്കും. ഒടുവിൽ തീരുകൊട്ടും.

പിന്നെ നാദസ്വരം തവിൽ. അതും കഴിഞ്ഞാൽ ആക്കമുള്ള അച്ചൻചെണ്ടമേൽ കോൽ വീഴുന്നതിന്റെ പഴുതിൽ ചെങ്ങിലയും തിമിലയും തെല്ലുനേരം തർക്കിക്കും. പതിയെ അവയും മിണ്ടാതാവും.


നേരത്തെ, നടപ്പുരമേളം കഴിയുമ്പോൾത്തന്നെ കിഴക്കും പടിഞ്ഞാറുമുള്ള ഗോപുരവഴിയിലൂടെ ആർഭാടത്തിരക്കിന്റെ വലിയൊരു പങ്കും കൂട്ടംകൂട്ടമായി പുറത്തു പോയിരിക്കും. അതോടെ വേദി ശൂന്യം. അതിനർത്ഥം ഇനി തൽക്കാലം ഒന്നുമില്ലവിടെ പരുങ്ങാൻ എന്നായിരുന്നു കുട്ടിയിലൊക്കെ ധാരണ. പിന്നെപ്പിന്നെയാണ് പലതും ശ്രദ്ധയിൽപ്പെട്ടത്...

ആടയഴിച്ച ആനകൾ ചുളിവിലോന്നു കുളിച്ച് ക്ഷേത്രമുറ്റത്ത് അവിടിവിടെയായി വിശ്രമത്തിനൊരുങ്ങും. ചിലവ ഉറക്കം തൂങ്ങും.

ആ ഒരാലസ്യം നോക്കിനിൽക്കുന്നത് സ്വപ്നാത്മകമായൊരു അനുഭൂതിയിലെക്കുള്ള താക്കോൽ ആവാറുണ്ട് ചിലപ്പോൾ. പൊതുവെ തിരക്കൊഴിഞ്ഞ ഉത്സവപ്പറമ്പിൽ ഉച്ചവെയിൽ പരന്നാലത്തെ കാഴ്ച പഴയകാല കൌതുകങ്ങൾക്ക് പ്രത്യേകതെളിച്ചം പകരുന്നതുപോലെ തോന്നും.

ആനപ്പന്തിയിലേക്കുതന്നെ നോക്കൂ. നാഴികകൾക്ക് മുമ്പ് ഗജകേസരികൾ നിരന്നിരുന്നിടത്ത് ഇപ്പോൾ കേൾക്കുന്നത് ഫലിതങ്ങളുടെ ചിഹ്നംവിളിയാണ്. ചെറിയൊരു പലകത്തട്ടിൽ അരങ്ങേറുന്ന ഓട്ടൻതുള്ളൽ. നർമരാജൻ കുഞ്ചൻ നമ്പ്യാരുടെ ഈരടികൾക്ക് ഈണം ചാർത്തിച്ചൊല്ലുന്ന പാട്ടുകാരൻ. പക്കമായി മൃദംഗക്കാരൻ. അവർക്ക് അകലയല്ലാതെ, അന്ന് കഴിഞ്ഞ ശീവേലിയുടെ ചില ശേഷിപ്പുകൾ കാണാം. ചീന്തിത്തള്ളിയ പനമ്പട്ടകൾ, കൂനകൂട്ടിയ ആനപ്പിണ്ഡം.

You need to a flashplayer enabled browser to view this YouTube video

കൊട്ടിലിന്റെ തെക്കേ മൂലയിൽനിന്ന് നോക്കിയാല പടിഞ്ഞാറേ ഗോപുരത്തിന് തിളക്കം കൂടുന്നതുപോലെ തോന്നും. വെയിലിന്റെ ശക്തിയും വ്യക്തമാവും. വെറുതെയല്ല തുള്ളൽ കാണാനിരിക്കുന്ന ചെറിയൊരു കൂട്ടം ആളുകൾ ഊട്ടുപുരമാളിക ചേർന്നുള്ള ഭാഗത്തെ ഒരു ചീൾ തണലിൽ ഇരിക്കുന്നത്. മദ്ധ്യവയസ്സ് പിന്നിട്ട സ്ത്രീകളായിരിക്കും അധികവും. അതിൽ പലരുടെയും മുഖവും വേഷവും തൃപ്പൂണിത്തുറ ഉൾനാടൻ ലക്ഷണമുള്ളവയായിരിക്കും. എരൂരും പുതിയകാവും മരടും കരിങ്ങാച്ചിറയും നിന്നുമായി ഉത്സവം കൂടാൻ എത്തുന്നവരെ ചൂണ്ടിച്ചൊല്ലിയാൽ ഏശാത്ത ഫലിതമില്ലെന്ന് തുള്ളൽക്കാരന് അറിയാം. ഉടുത്ത മേൽമുണ്ടിന്റെ ഒരു മൂല കൊണ്ട് വായ മറച്ച് എന്തോ അമളി പറ്റിയ പോലെയോ സ്വയം പിടികൊടുത്തത് മാതിരിയോ അവർ പരസ്പരം നോക്കിച്ചിരിക്കും.

പടിഞ്ഞാറേ ഗോപുരം അപ്പോഴും മാടിവിളിക്കുന്നതുപോലെ.... അങ്ങോട്ട് എത്തുംവഴി ഇടത്തോട്ടൊന്നു കണ്ണോടിച്ചാൽ ആനച്ചമയങ്ങൾ കണ്ണുചിമ്മി കിടക്കുന്നതു കാണാം. കുറച്ചുമുമ്പ് മാത്രം പലകുറി താഴുകയും നിവരുകയും ചെയ്തതിന്റെ ക്ഷീണത്തിൽ വെണ്‍ചാമരങ്ങളും അവക്ക് പിന്നിലായി മേളത്തിന്റെ കലാശസമയങ്ങളിൽ ആനപ്പുറത്തുനിന്ന് എത്തിനോക്കി ഒരിക്കൽക്കൂടി ചെരിഞ്ഞു കിടക്കുകയും ചെയ്തതിന്റെ മതിയാവായ്കയിൽ ആലവട്ടങ്ങളും കീഴ്മേൽ തൂങ്ങി ഉറക്കമായിരിക്കും. ഇര വിഴുങ്ങിയതു പോലെ നെട്ടനെ കിടക്കുന്ന നെറ്റിപ്പട്ടം. ചുരുണ്ടുകൂടി പരുങ്ങുന്ന കുടകൾ.


ഗോപുരം വഴി പുറത്തുകടന്നാൽ ഇടതു കാണുന്ന മാളിക ചേർന്ന് കച്ചവടക്കാർ. മാല, വള, കുങ്കുമച്ചെപ്പുകൾ. ബലൂണ്‍, പീപ്പി, കളിപ്പാട്ടങ്ങൾ. വലത്ത് എമ്പ്രാൻമഠത്തിനു ചേർന്ന് പന്തലൊരുക്കി ചായക്കട. ഇപ്പോൾ, എന്തോ, അത് കാണുന്നില്ല. കുറച്ചു മുന്നോട്ടു നടന്നാൽ വഴിയോരപ്പീടിക. ഉച്ചതിരിഞ്ഞുള്ള നേരത്ത് ഉപ്പിട്ട നാരങ്ങവെള്ളവും പഴംപൊരിയും. കോമ്പിനേഷൻ രസികൻ. അന്നേരമാവും മേളം അഞ്ചാം കാലത്തിനിടെ ഇറങ്ങിയ പുലി സന്തം മടയിലേക്ക് മടങ്ങുന്നുണ്ടാവുക.

ലേശം പിന്നാക്കം നടന്നാൽ വലതു തിരിഞ്ഞു കാണുന്ന പാതക്ക് ഇരുവശത്തുമുള്ള കോവിലകങ്ങൾ. പോയകാല ഗരിമയെപ്പറ്റി നിസ്സംഗം അയവിറക്കം.നേരെ തെല്ലകലെ ഇരുമ്പുപാലം. താഴെ കായൽത്തോട്ടിൽ അവിടവിടെയായി പായൽക്കെട്ടുകൾ. തൊട്ടിപ്പുറം കരയിൽ പഴയ ആർ.എൽ.വി ഫൈൻ ആർട്ട്സ് അക്കാദമിയുടെ പൊളിച്ചിട്ട കെട്ടിടാവശിഷ്ടം; അവയ്ക്ക് മേൽ ഓർമകളുടെ മാറാല.

 

തിരികെ കറുത്ത ടാർറോഡ്‌ പിന്നിട്ട് അമ്പലമുറ്റത്തെത്തിയാൽ വീണ്ടും പഞ്ചാര മണൽ. അവ ചവിട്ടിക്കയറ്റിയതിന്റെ ആഘോഷമാണ് ഇടത് ഊട്ടുപുരയിൽ കയറിയാൽ. ഉള്ളിൽ പലയിടത്തും മഞ്ഞത്തൂണുകൾക്ക് അതിർത്തിയായി ജനൽപ്പടികൾ. അവയിലിരുന്നു സൊറ പറയുന്നവർ. അപ്പുറം കലാകാരന്മാർക്ക് ഭക്ഷണത്തിനുള്ള മുറി. ഉച്ചയൂണ് കഴിഞ്ഞ ആ നേരത്ത് അത് കാലിയായിരിക്കും. അകത്ത് ചെമ്പും ഉരുളിയും തേച്ചുമോറുന്നതിന്റെയും ചട്ടുകങ്ങളും കുഴുതലുകളും കലമ്പൽക്കൂട്ടുന്നതിന്റെ ശബ്ദങ്ങൾ.

പടികയറി മേലത്തെ നിലയിലെത്തിയാൽ വെളിച്ചം നല്ല പാകം. എഴുന്നള്ളിപ്പിനു കൂടിയതിന്റെ തളർച്ചയിൽ പായ വിരിച്ച് ഉറങ്ങുന്ന മേളക്കാർ ചിലർ. അവരുടെ നിദ്രയിൽ യാതൊരുവിധ അരസികതയും തോന്നാതെ കുറച്ചകലെ തറയിൽ അക്ഷരശ്ലോകം.


സംസ്കൃത, ദ്രാവിഡ വൃത്തങ്ങളുടെ സഹൃദയസംഗമം. സ്ത്രീകളും പുരുഷന്മാരും കുട്ടികളും വൃദ്ധരും ഒത്തുചേർന്നുള്ള സൌഹൃദ മത്സരം. ഇതേ വേദിയിലാണ് ഇനി വൈകിട്ട് ആദ്ധ്യാത്മിക പ്രഭാഷണം. (അതു കഴിഞ്ഞുള്ള ദീപാരാധനക്ക് ശേഷം ആനപ്പന്തലിൽ തായമ്പക, മുറ്റം മുഴുവൻ സന്ധ്യക്കളികൾ.)

ഇവിടെ ഊട്ടുപുരയിൽ, നേരമിരുട്ടിയാൽ പാതിര വരെ മൂന്നു മുറ സംഗീതക്കച്ചേരി.

അതും കഴിഞ്ഞുള്ള മുഴുരാത്രി കഥകളിയും ഇതേ നിലത്തുതന്നെ പടിഞ്ഞാറേ അറ്റത്ത്. തലേനാൾ രംഗം കൊഴുപ്പിച്ച വേഷങ്ങളുടെ മുഴുവൻ ആട്ടങ്ങൾക്കും സാക്ഷിയായ കളിവിളക്ക് മാത്രമേ ഇപ്പോൾ കാണാനാവൂ. പിന്നെ അവക്ക് ചേർന്നുള്ള അണിയറയിൽ കോപ്പുകളും ഉടയാടകളും. നീല പൂശിയ ജനാലകളുടെ അഴികളിലൂടെ അരിച്ചെത്തുന്ന സായാഹ്നസൂര്യന്റെ രശ്മികൾ. അവ ഒളിഞ്ഞും തെളിഞ്ഞും തട്ടുമ്പോൾ കഥകളിക്കോപ്പുകൾക്ക് വേറൊരുതരം മിഴിവാണ്. അന്നു രാത്രി ഏതെല്ലാം ആശാന്മാർക്ക് മെയ്ക്കോപ്പാവുന്നു എന്നോർത്തുള്ള സുഖാലസ്യത്തിൽ ആണ് അവയിൽ പലതും. അവക്ക് കാവലായി രണ്ടുമൂന്നു പേർ വിശ്രമത്തിൽ.

പടിയിറങ്ങി മുറ്റത്തെത്തിയാൽ വീണ്ടും നടപ്പുരയിലേക്ക് നടക്കാം. അവിടം ഏറിയകൂറും ഇപ്പോൾ കാലി.

മുമ്പ്, മൂന്ന് ദശാബ്ദങ്ങൾക്കപ്പുറം, സ്കൂളിൽ പഠിക്കുന്ന കാലത്ത് ഉച്ചയൂണിനു മണിയടിക്കുന്നത് വൃശ്ചികോത്സവകാലത്താണെങ്കിൽ ഒരൗദാര്യം തർപ്പെടാറുണ്ട്. ചോറ്റുപാത്രം ക്ഷണം കാലിയാക്കി സൂത്രത്തിൽ സ്കൂൾപ്പടി കടന്ന് അമ്പലത്തിലേക്ക് ഓടും. കൂടെ കൂട്ടുകാരനും. കണ്ണൻകുളങ്ങരക്കാരൻ കൂട്ടുകാരൻ. എച്ച് ശിവകുമാർ. ഉത്സവസ്ഥലത്തെത്തിയാൽ സമയം ബഹുകൃത്യം. നടപ്പുരമേളം തുടക്കം. കലാശങ്ങൾ കഴിയുന്നിടത്ത് ഇലത്താളം കൂട്ടുപിടിക്കുമ്പോൾ ഞങ്ങൾ ഇരുവരും ആർത്തു തുള്ളും. ഒടുവിൽ മേളം അടങ്ങിയാൽ ഉടൻ സ്കൂളിലേക്ക് തിരിച്ചോടും. ചുണ്ടനെലി അരിക്കുംപോലെ.

ഇന്നിപ്പോൾ തിരിച്ചായിരിക്കുന്നു താൽപര്യങ്ങൾ. ശബ്ദകോലാഹലങ്ങൾ അടങ്ങിയാലാണ് ഉത്സവസ്മൃതികളുടെ അലകൾ ഉയരുക. ശംഖനാദം കണക്കെ. ഉച്ചസ്സൂര്യൻ പതിയെ പടിഞ്ഞാട്ടു ചായുമ്പൊഴത്തെ നാലഞ്ചു നാഴിക നേരത്തുള്ള ലാഘവമാണ് അമ്പലപ്പറമ്പിനും അതിനുചുറ്റും അലയാൻ പറ്റിയ താപ്പ് എന്നായിരിക്കുന്നു. ഓർമകളുടെ കൊടിയേറ്റവും ഇറക്കവും ഏറ്റവും തകൃതിയായി നടക്കുന്ന മുഹൂർത്തം ആ എട്ടു ദിവസങ്ങളിൽ വേറൊന്നില്ല. 

****************************

സ്കെച്ച്: ശശി പന്നിശ്ശേരി

(2012 തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം സുവനീറിൽ പ്രസിദ്ധപ്പെടുത്തിയതിന്റെ ചെറുതായി പുതുക്കിയ രൂപം.)

embed video powered by Union Development


free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template