രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം - നാലാം കാലം
- Details
- Category: Festival
- Published on Tuesday, 05 November 2013 08:25
- Hits: 8234
തലപ്പിള്ളിത്താഴ്വരകൾ
ശ്രീവൽസൻ തീയ്യാടി
ഇടത്തോട്ട് ചെറിയൊരു തിരിവു വരുന്നിടത്ത് റോഡിനു ചേർന്ന് താഴേക്കൊരിറക്കമുണ്ട്. പരപ്പൻ പാടത്തേക്ക് കുത്തനെ ചായുന്ന ആ പച്ചപ്പിന് ഒട്ടൊന്നൊടുവിലായി തിലകക്കുറി കണക്കെ ഒരു കാവും. ഊത്രാളിയും പരിസരവും ആദ്യമായി ശ്രദ്ധയിൽപ്പെട്ട കാലം ഓർത്തെടുക്കാനായിട്ടില്ല. വടക്കാഞ്ചേരിയിൽനിന്ന് ഷൊർണൂർക്കുള്ള യാത്രയിൽ ബസ്സിൽനിന്ന് വലത്തോട്ട് നോക്കിയിരുന്നിരുന്ന ബാലമനസ്സിൽ പണ്ടെന്നോ പതിഞ്ഞതാവാം.
കാലം കുറച്ചധികം ചെന്നശേഷം കണ്ടതാണ് ഒരിടത്ത് . പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ. അന്നൊക്കെ പത്രാസാക്കിയ ക്ലാസ് കട്ട് ചെയ്യലിന്റെ ഭാഗമായി തരപ്പെട്ടതാണ് ജി അരവിന്ദന്റെ ആ ചലച്ചിത്രം. കോളേജിന് നേരെയെതിരെ സിനിമക്കൊട്ടക വന്നാലത്തെ പ്രത്യേക സൗകര്യം! 1986ൽ പുറത്തിറങ്ങുമ്പോൾ ആ പടത്തിലെ യുവനായകന് ഏറെക്കുറെ എന്റെ പ്രായം. അതിപ്പോഴും അങ്ങനെത്തന്നെ. പക്ഷെ, അന്നത് വേറിട്ട് ശ്രദ്ധിക്കാൻ കാരണമുണ്ട്. ക്ലൈമാക്സ് രംഗത്ത് അയാൾ ഊത്രാളിപ്പൂരത്തിന് പോവുന്നുണ്ട്; അവിടെക്കെത്താൻ അയാളുടെ കാമുകി ക്ഷണിച്ചിട്ടുണ്ട്. പ്രണയിക്കാനൊക്കെ തനിക്കും കാലമായെന്ന് തിരിച്ചറിഞ്ഞത് വിനീതിന്റെ ജോസ് എന്ന കഥാപാത്രത്തെ കണ്ടപ്പോഴാവണം.
വൈകുന്നേരവെയിലിൽ പൂരപരിസരം മഞ്ഞളിക്കുന്നതിന്റെ ചന്തം ചിത്രകാരൻ കൂടിയായ സംവിധായകന് വിശേഷിച്ചും ഹൃദയഹാരിയായി തോന്നിയിരിക്കണം. പടത്തിന്റെ അവസാനഭാഗം ഊത്രാളിയിൾത്തന്നെയാവാൻ കാരണം അന്നേരത്തെ മൊത്തം കാഴ്ച്ചയിലെ മനോഹരിതകൊണ്ടും ആവണം. നിറം കൊടുക്കാതെ മനസ്സിൽ വരഞ്ഞാലും ചേതോഹരമായിരിക്കും ചിത്രം.
അരവിന്ദൻ പടം പിടിച്ച കൊല്ലം ഊത്രാളിച്ചെരിവിൽ വെടിക്കെട്ടിനായി കാത്തുനിൽക്കുന്നവരിൽ നെടുമുടി വേണുവും ഉണ്ട്. കാവിന്റെ ഇറക്കത്ത് ഇഷ്ടതാരത്തെ അപ്രതീക്ഷിതമായി കണ്ടതിന്റെ അമ്പരപ്പ് സന്തോഷത്തിൽ പൊതിഞ്ഞ ചിരിനുറുക്കുകളായി ദേശവാസികൾ ചിലരുടെ മുഖത്തു കാണാം. ഝും-ഠോ വെടിക്കെട്ടിന് മുന്നേ ഫിലിമിന്റെ ഷൂട്ട് നടക്കുന്നു എന്നത് അപ്പോഴും അവരിൽ പലരും അറിഞ്ഞ മട്ടില്ല.
അതങ്ങനെ കഴിഞ്ഞു. തിയറ്ററിനു പുറത്ത് കൊച്ചിനഗരം സായാഹ്നപ്രഭയിൽ വിളങ്ങി. തെരുവുവിളക്കുകൾ തെളിയാൻ തുടങ്ങിയപ്പോൾ പടിഞ്ഞാറ് കായൽപ്പരപ്പിൽ അസ്തമനസൂര്യൻ താണു.
കാലം വീണ്ടും പിന്നാക്കം പിടിക്കട്ടെ. ഒന്നുകൂടി തലപ്പിള്ളിത്തലസ്ഥാനത്തെത്താം. വടക്കാഞ്ചേരിനിന്ന് കുറച്ചുമാത്രം വടക്കോട്ട് പിടിച്ചാൽ ഓട്ടുപാറയായി. മുക്കവലയിൽനിന്ന് കുന്ദംകുളം റൂട്ടിലൂടെ പോയാൽ വീണ്ടും നെൽപാടങ്ങൾ. എരുമപ്പെട്ടിക്ക് മുമ്പായി കുണ്ടന്നൂര്. ടീ ജങ്ക്ഷൻ. വലത്തോട്ടു തിരിഞ്ഞാൽ, വലിഞ്ഞുകയറുന്ന റോഡിന് ഉള്ള വീതിയും പോവും. ടാറിന് ഉള്ള കറുപ്പും ഇല്ലാതാവും. ഫാർഗോ ബസ്സിന് ഈ ദുർഘടമൊക്കെ എന്നുമുള ശീലം. ദേശമംഗലത്തേക്കുള്ള കരിപ്പാൽ തിരിവുകളിൽ കാഹളം മുഴക്കും, എതിരെ വാഹനങ്ങൾ നന്നേ കഷ്ടിയെങ്കിലും. കുറെ കയറിയിറങ്ങിയും വളഞ്ഞുപുളഞ്ഞും ഒടുവിൽ ഇറങ്ങേണ്ടിടത്തെ വിളി വരും. കണ്ടക്റ്റർ ഉറക്കെ പറയും: വരോര് വരോര്.
അച്ഛൻപെങ്ങൾ താമസമാക്കിയ നാടാണ് വരവൂർ. പ്രദേശത്തെ പ്രമുഖ മിഡ്വൈഫാണ് അമ്മിണി മരുവോളമ്മ. മൂത്ത മകൻ നാരായണൻകുട്ടി നമ്പ്യാർ വാദ്യക്കാരനാണ്. ചെണ്ട. പ്രധാനമായി തായമ്പക, പിന്നെ കേളി, മേളം. കുലത്തൊഴിലായ അയ്യപ്പൻതീയാട്ടിനും അത്യാവശ്യം കൊട്ടും. പൂക്കാട്ടിരി ദിവാകരപ്പൊതുവാളുടെയുമുണ്ട് ശിഷ്യത്വം. മണിയേട്ടൻ എന്നേ നല്ലൊരു പങ്കും ജനം വിളിക്കൂ. അന്നും ഇന്നും. മറ്റുള്ളവരും ഞങ്ങളും.
അഞ്ചാറു വയസ്സുള്ളപ്പോൾ ആവണം, വരവൂര് താമസിക്കാനിടയായി. സ്കൂൾമുടക്കിന്. നേരെ കുടുംബക്കാർ ആരുമില്ലാതെ. തിയ്യാടിക്ക് പിന്നിൽ കുണ്ടനിടവഴി കീഴ്പോട്ടു താണ്ടിയാൽ എവിടെയോ ഒരു തോടുണ്ട്. കുളി ഇടയ്ക്കവിടെ. ഉച്ചയൂണും മയക്കവും കഴിഞ്ഞാൽ വൈകീട്ട് ചെറിയ സവാരിയുണ്ട്. നടത്തം. മണിയേട്ടനാണ് കൊണ്ടുപോവുക. പുറത്ത് റോഡിന് താഴേക്കെങ്കിൽ വരവൂര് കവല. അപ്പോൾ ലാഭം ഒരു കഷ്ണം കപ്പലണ്ടിമിഠായി. അല്ല കയറ്റത്തേക്കെങ്കിൽ ചിലപ്പോൾ അമ്പലം. ചെമ്മണ്‍പാതക്കൊടുവിൽ പാലക്കൽ ഭഗവതിക്കാവ്. അങ്ങനെയെങ്കിൽ നേട്ടം ഒരു തുണ്ട് കദളിപ്പഴം.
"അമ്മാവന്റെ മകനാണേയ്, കേശമ്മാന്റെയ്... " അകത്ത് പ്രദക്ഷിണം വെക്കുമ്പോൾ തിരുമേനിക്ക് മണിയേട്ടൻ പരിചയപ്പെടുത്തും. "ആദ്യത്തേസം ഊക്കൻ നെലോളിണ്ടായി.... പ്പോ വീട്ട്പ്പോണം ന്നൊറ്റ വാശ്യേർന്ന്.... പിന്ന്യാണ്ട് ശെര്യായി.... ന്റെകൂട്യാ ച്ചാ വല്ല്യ സന്തോഷാ...."
എന്നിട്ട് എന്നെ നോക്കി, ആധികാരികതക്ക് ഇത്രയും: "അല്ലറാ?"
പാലയ്ക്കലെ കാവിനു ചേർന്നുള്ള പാടത്തിന് കുറേയപ്പുറം, അങ്ങേക്കരയിൽ, കാവിപൂശിയ നീളൻ ചുവരുള്ള പുര കാണാം. അത് കപ്ലിങ്ങാട്ട് മനവക അമ്പലമാണ് എന്ന് മനസ്സിലാക്കാൻ കൊല്ലങ്ങൾ ചെന്നു.
അതിനിടയിൽ ഒരിക്കലാണ് കുമരനെല്ലൂർ ക്ഷേത്രവുമായി അടുക്കുന്നത്. സിമ്പ്ലി കോരല്ലൂര്. എരുമപ്പെട്ടിക്കും വടക്കാഞ്ചേരിക്കും ഇടക്കൊരു ഗ്രാമം. അതും സാമാന്യം നീണ്ടൊരു അവധിക്കാല വാസത്തിനിടെ. ശിവന്റെയമ്പലത്തിന് അകലെയല്ലാതായിരുന്നു ചെറിയച്ഛന്റെ വാടകവീട്. ഓട്ടുപാറ ആസ്പത്രിയിൽ സർജൻ ഡോ. ടി.കെ. ശങ്കരൻകുട്ടി. പുളിഞ്ചുവട്ടിലെ തണലത്ത് കുട്ടിസ്സൈക്കിളിൽ അനിയത്തിയെ ഇരുത്തി പിന്നിൽനിന്ന് നിരക്കിയപ്പോൾ മുൻചക്രം പൊന്തി വാഹനം മലച്ച് കൈവിരലുകൾ ചതഞ്ഞുരഞ്ഞപ്പോൾ മരുന്നുവച്ച് കെട്ടിത്തന്നതും മൂപ്പർ. "ഹും.... വികൃതി കാണിച്ചിട്ടല്ലേ.... അനുഭവിച്ചോളോ..." എന്ന് പാതിതമാശയായി ഉപദേശവും.
ഊത്രാളി വേലക്ക് പങ്കെടുക്കുന്ന മൂന്ന് പൂരങ്ങളിൽ ഒന്നാണ് കോരല്ലൂര് എന്ന് രണ്ടു നാൾ മുറിവുണങ്ങുവിശ്രമത്തിനിടെ അന്നേ ശ്രുതി കേട്ടിരുന്നു.
ഒടുരംഗം ജഹപൊഹയാക്കിയ ഒരിടത്ത് കണ്ട് താമസിയാതെയാണ് തുടക്കം എന്നൊരു പുസ്തകം എങ്ങനെയോ കൈയിൽ വന്നുപെടുന്നത്. ഒടുക്കംവരെ വായിച്ചൊരു മലയാള നോവൽ. ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്. എഴുതിയിട്ടുള്ളത് വിലാസിനി. ശരിയായ പേര് എം.കെ. മേനോൻ എന്നാണുപോലും. പുരുഷനുമത്രെ. ശെടാ.... എവിടത്തുകാരനാണ്? മച്ചാട്. അങ്ങനെയും സ്ഥലം? ഉണ്ട്. വടക്കാഞ്ചേരിക്കടുത്ത്. ഹും, വീണ്ടും? ബലേ!
മച്ചാടിനെ കുറിച്ച് കൂടുതൽ അറിയുന്നത്, പക്ഷെ, മേനോന്റെ വിലാസത്തിലല്ല. അവിടത്തെ വേലയുടെ പേരിലാണ്. മാമാങ്കം എന്നത്രെ കൃത്യം പേര്. ബഹുവിശേഷം!
ഊത്രാളി, പാലയ്ക്കൽ, മച്ചാട്. അടുപ്പിൻകല്ല് പോലെ മൂന്നിടം. ഒറ്റ വാർപ്പിനാലോചിച്ചാൽ എന്താണീ ത്രിവേലകൾക്ക് പൊതു? പഞ്ചവാദ്യം. അതെ, അതുതന്നെ. പാണ്ടിമേളവും പൂതൻതിറയും വെടിക്കെട്ടും ഒക്കെയുണ്ട്; പക്ഷെ മുന്തിയയിനം പഞ്ചവാദ്യം.
അപ്പോൾപ്പക്ഷേ.... എന്ത് പക്ഷെ? അല്ല, പഞ്ചവാദ്യം എന്നാൽ ശോകം അല്ലേ സ്ഥായി?
അസ്സല്! ഇതെവിടത്തെ ബുദ്ധി? അങ്ങനെ വല്ല്യ മൂളയുണ്ടായിട്ടുള്ള വിലയിരുത്തലൊന്നുമല്ല. പിന്നെ? തോന്നൽ, അത്രമാത്രം. ശരി, എന്നാലും കാരണം കാണുമല്ലോ...
ഓർത്തിടത്തോളം ഒന്നേയുള്ളൂ. കുട്ടിയിലേയുറച്ച തോന്നൽ. ജനിച്ചുവളർന്ന തൃപ്പൂണിത്തുറപ്പട്ടണത്തിലെ ഏറ്റവും വലിയ ക്ഷേത്രവിശേഷമായ വൃശ്ചികോത്സവത്തിന് തിരശീല വീഴ്ത്തുന്നതിന്റെ സൂചകസംഗീതമല്ലേ പഞ്ചവാദ്യം? എട്ടു ദിവസത്തെ മഹാമേളക്ക് ഒറ്റസ്സന്ധ്യയിൽ പരിസമാപ്തിക്കുള്ള നാന്ദി!
തിരുവോണനാൾ സന്ധ്യ കഴിഞ്ഞാൽ പൂർണത്രയീശന്റെ നടക്കൽനിന്ന് ആറാട്ടിനായി കൊട്ടിപ്പുറപ്പെടുന്ന തിമിലമദ്ദളദ്ധ്വനിക്ക് ശംഖൂതുന്നതു കേട്ടാൽ ക്ഷമായാചനം പോയാണ് അനുഭവപ്പെടാറുള്ളത്. പറയുമ്പോൾ, നടപ്പുരയിൽ പതികാലം കലാശിക്കുന്ന നേരത്തൊക്കെ ഗംഭീരമായ മുഴക്കവും കൊഴുപ്പുമാണ് (എന്ന് പിന്നീട് മനസ്സിലാക്കിയിട്ടുണ്ട്).
പക്ഷെ, കുട്ടിയിൽ തൃപ്പൂണിത്തുറ ഉത്സവത്തിന്റെ ആറാട്ടിനുപോക്ക് കഷ്ടിയായിരുന്നു. വലിയവിളക്കിന്റെ രാത്രിപ്പഞ്ചാരിയും ആറാട്ടിൻനാൾ വൈകുന്നേരത്തെ കാഴ്ചശീവേലിയും കഴിഞ്ഞാൽ മിക്കവാറും മടങ്ങും. "പഞ്ചവാദ്യൊക്കെ കള്ളുകുടിയന്മാർക്ക്ള്ളതാ," എന്ന് മുതിർന്നവർ ചിലർ പറഞ്ഞും കേട്ടിട്ടുണ്ട്. ഛെ, മ്ലേഛം!
അങ്ങനെ ധരിച്ചാലും ഒന്നുണ്ട്. അക്കാലത്ത്, 1970കളുടെ ഒടുവിൽ, താമസിച്ചിരുന്ന വാടകവീടിന് അകലെയല്ലാതെയാണ് താമരംകുളങ്ങര. അയ്യപ്പക്ഷേത്രത്തിലെ വലിയ ആണ്ടുവിശേഷമാണ് മകരവിളക്ക്. അന്നേ ദിവസം ഉച്ചതിരിഞ്ഞ് അമ്പലത്തിലേക്ക് എഴുന്നള്ളിപ്പുണ്ട്. തകർപ്പൻ പഞ്ചവാദ്യത്തോടെയാണ് അത് എൻ.എസ്.എസ് സ്കൂളിന്റെ മുമ്പിൽനിന്ന് പുറപ്പെടുക.
ചോറ്റാനിക്കര നാരായണ മാരാരെ നടാടെ ശ്രദ്ധിക്കുന്നത് അവിടെയാവണം. ഈ ഘോഷത്തിന്റെ നടുക്കുള്ള മൂർത്തി. തിമില ചുമലിലേറ്റി നായകത്വം. ചലനചാരുതയുള്ള കരിങ്കൽരൂപം. തനിക്കൊത്ത പ്രതിയോഗി കണക്കെ കൈയും കലാശവുമായി ചെർപ്ലശ്ശേരി ശിവന്റെ മദ്ദളമേട്ടുകൾ. അഞ്ചാന നിരന്നുള്ള പഞ്ചവാദ്യം ഞങ്ങളുടെ പടിചേർന്നുള്ള തിരിവുതാണ്ടി ആൽത്തറ ലാക്കാകി മുന്നേറി. വൈകിട്ടത്തെ കുട്ടിയുംകോലുംകളി മുടക്കണ്ട എന്നുറപ്പിച്ച് ഞങ്ങൾ കിടാങ്ങൾ പിൻവാങ്ങി.
ഒന്നു മുതിർന്ന്, ഡിഗ്രിക്ക് പഠിക്കുന്ന കാലത്താവണം മദിരാശിയിൽ നിന്നൊരു ബന്ധു വിരുന്നിനായി വീട്ടിൽ വരുന്നത്. അമ്മയുടെതന്നെ നാട്ടുകാരനാണ് കിഴക്കേ തീയ്യാടി പീതാംബരൻ നമ്പ്യാർ. മദ്രാസ് പോർട്ട് ട്രസ്റ്റിൽ ഉദ്യോഗസ്ഥൻ. "ചോറ്റാനിക്കര പോണുണ്ട് നാളെ കാലത്ത്. നീയ് പോരുണ്വോ?" എന്നൊരു ചോദ്യം. "കല്ലാറ്റെ കുട്ടപ്പനേം ഒന്ന് കാണണം. നന്ന ചെറുപ്പത്തിലേ ള്ള കൂട്ടുകാരനാ..." മുളംകുന്നത്തുകാവ് ഭാസ്കരക്കുറുപ്പിനെയാണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായി. വാദ്യക്കാരനാണ് അദ്ദേഹം. തൃപ്പൂണിത്തുറ ഉൽസവമേളത്തിന് ഉരുട്ടുചെണ്ടക്കാരുടെ ഒരു വശത്ത് കണ്ടിട്ടുണ്ട്; പരിചയവുമുണ്ട്.
ചോറ്റാനിക്കര നടക്കൽ പതിവുപോലെ തിരക്കുതന്നെ. സ്വർണക്കണ്ണടക്കടയ്ക്കൽ പീതാംബരേട്ടന്റെ ഉണ്ടമൂക്ക് ചുവന്നിരുന്നു. പകൽവെയിലിൽ നാലമ്പലത്തിനകത്ത് പ്രദക്ഷിണം മുഴുമിച്ച് തൊഴാനുള്ള മല്ലിനിടയിലാണ് കുട്ടപ്പനെ കാണുന്നത്. "യെന്തെടോ താൻ ദും തൊടങ്ങ്യോ?" എന്നായി ബാല്യകാല സുഹൃത്ത്. "ബടെടെക്കൊരു ഭഗോതിത്തീയാട്ട്ണ്ടേ. ഒപായത്തിലൊരു കളം വരയാൻ സാധിക്ക്യോ നോക്കീതാ." ചെറിയൊരു അബദ്ധം പിണഞ്ഞ മട്ടിൽ മറുപടി.
കാവിന്റെ പിന്നാമ്പുറത്തെ ചില നടവഴികൾ കയറ്റിയിറക്കി കുട്ടപ്പേട്ടൻ അങ്ങോരുടെ ഭാര്യവീട്ടിലേക്ക് കൊണ്ടുപോയി. തിണ്ണയിലിരുന്ന് സമപ്രായക്കാർ സംസാരം തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ ചായ വന്നു. പീതംബരേട്ടന്റെ നെറ്റിയിലെ കളഭക്കുറിയുടെ ഒരു പൊട്ടടർന്ന് ലോട്ടയിൽ വീണു. തീർത്ഥം കണക്കെ അതിഥി പാനീയമാത്രയും ഒറ്റയിറക്കിനു സേവിച്ചു. കഷണ്ടി കയറിത്തുടങ്ങിയ തലയിൽ ചെവിക്കു മേലെയുള്ള വിയർപ്പുചാലുകൾ തൂവാലകൊണ്ടു തുടച്ചു.
നാരായണ മാരാരെ കാണാൻ സാധിക്കുമോ? എനിക്കൊരു മോഹം പെട്ടെന്ന്. "അങ്ങോര് പ്പൊവടെണ്ട് തോന്നീല്ല്യ...."
കുറച്ചു കഴിഞ്ഞപ്പോൾ, പക്ഷെ, സ്ഥലത്തെ ഒരു പ്രമുഖ വാദ്യക്കാരൻ വരികയുണ്ടായി. മദ്ദളം ചോറ്റാനിക്കര സുരേന്ദ്രൻ. തിരിച്ച് ബസ് സ്റ്റോപ്പിലേക്ക് അദ്ദേഹം പാതിവഴി കൂട്ടായുണ്ടായി. മടക്കം വാഹനത്തിൽ നിൽക്കാൻ ഇടം കിട്ടിയപ്പോഴേക്കും പുഴുകിക്കുളിച്ചിരുന്നു.
ഉഷ്ണം കലശലായുള്ള കുംഭമാസത്തിൽത്തന്നെയാണല്ലോ മച്ചാട്ടും പാലയ്ക്കലും ഊത്രാളിയിലും വേലകൾ. ഒറ്റ സീസണിൽ മൂന്നും ഒത്തുകിട്ടിയത് വയസ്സ് 22 നടപ്പുള്ളപ്പോഴാണ്. സൌകര്യമായത് അക്കാലത്തെ തൃശ്ശൂർ വാസമാണ്. പോസ്റ്റ് ഗ്രാജുവേഷൻ കാലം. കലിക്കറ്റ് സർവകലാശാലയുടെ അരണാട്ടുകര ക്യാമ്പസിൽ പഠനവിഷയം ഇക്കണോമിക്സ് ആയിരുന്നെങ്കിലും ലാക്ക് പ്രദേശത്തെ പൂരംവേലകളായിരുന്നു.
മുപ്പെട്ട് ചൊവ്വാഴ്ച വന്നപ്പോൾ മച്ചാട്ട് എത്തണം എന്നുറച്ചു. അന്നത്തെ ക്ലാസവസാനിപ്പിച്ചെന്നു വരുത്തി. കോരല്ലൂരെ ചെറിയച്ഛൻ അപ്പോഴേക്കൊക്കെ വടക്കാഞ്ചേരി താമസമാക്കിയിരുന്നു. ആളുടെ വീട്ടിലെത്തിയപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. തിരുവാണിക്കാവിലെ പകൽപ്പൂരക്കാഴ്ചകൾ മുഴുവൻ നഷ്ടമായിരിക്കുന്നു.
പുന്നംപറമ്പ്, പനങ്ങാടുകര, കരുമത്ര, തെക്കുംകര, മംഗലം, വിരുപ്പാക്ക, മണലിത്തറ, പാർളിക്കാട്. പോയ്‌ക്കുതിരനിര അമ്പേ നാലുവഴിക്ക് പിരിഞ്ഞിരിക്കണം.
അത്താഴശേഷം ചെറുങ്ങനെ ഒന്നുറങ്ങിയ ശേഷമാണ് മാമാങ്കത്തിന് പുറപ്പെട്ടത്. രാത്രി പതിനൊന്നരയോടെ. ചെറുപട്ടണത്തിലെ ബോയ്സ് ഹൈസ്കൂളിന്റെ മുമ്പിൽനിന്ന് വേലാ സ്പെഷ്യൽ ജീപ്പുകൾ പിന്നാലെപ്പിന്നാലെ പുറപ്പെട്ടു പൊയ്ക്കൊണ്ടിരുന്നു. പിന്നിലെ പാതിവാതിലിനു കീഴെ പടിയിൽ ചവിട്ടിനിന്ന് മുന്നാക്കം വെച്ചടിച്ചു. കഷ്ടി നാലു കിലോമീറ്റർ യാത്ര. പനങ്ങാട്ടുകര അടുത്തതോടെ തനി നാട്ടിൻപുറമെന്ന് ഇരുട്ടത്തും മനസ്സിലായി.
തിരുവാണിക്കാവിൽ രാത്രിയെഴുന്നള്ളിപ്പിനു പുറപ്പാടായി. ഒരു പക്ഷം പഞ്ചവാദ്യക്കാർ നിരന്നപ്പോൾ നടുവിലെ ആളെ മാത്രം കാണാനില്ല. ഒന്ന് കാത്തശേഷം വേണ്ടിവന്നു തൃക്കാംപുറം കൃഷ്ണൻകുട്ടി മാരാർ എത്താൻ. ചൊട്ടിയ മുഖത്ത് ഉറക്കച്ചടവ്; ആകപ്പാടെ വിമുഖതയുണ്ടെന്ന് വല്ലാതാടിയുള്ള നടത്തത്തിലും വ്യക്തം.
മെലിഞ്ഞ ചുമലിൽ തിമിലയേറ്റിയുള്ള നിൽപ്പിലും ഉലച്ചിലുണ്ട്. പക്ഷെ താളവട്ടങ്ങൾ പിന്നിടുംതോറും പ്രവൃത്തി ഉറച്ചുവന്നു. യേയ്... മധുരം മനോജ്ഞം.... ഇതിലെവിടെ ഉദാസീനത? എന്തെങ്കിലും രസമുണ്ടെങ്കിൽ തിമർപ്പ് മാത്രം! ഒടുവിലൊടുവിൽ തൃപുടയിലെ തട്ടിക്കളി കഴിഞ്ഞുള്ള വറവ്! തിമിലകളുടെ സ്വകാര്യയുച്ചകോടി!
വാദ്യവൃന്ദങ്ങളുടെ പലവിധ മുഴക്കങ്ങൾ അടങ്ങിയ നിശ്ശബ്ദതക്കൊടുവിൽ കരിമരുന്ന്. മലമടക്കുകളുടെ ശിഖരങ്ങളിൽ വെള്ളിരേഖകൾ. മടക്കം പോരുമ്പോൾ നേരം വെളുത്തപ്പോഴത്തെ നീല വെളിച്ചം.
ഇക്കാര്യത്തിൽ പാലയ്ക്കലും വ്യത്യസ്തമല്ലെന്നു പിറ്റത്തെയാഴ്ച തിരിഞ്ഞു. വായ് പൊളിച്ച വയൽശേഖരങ്ങൾക്ക് മുകളിൽ വയലറ്റ് അമിട്ടുകൾ വിരിയുമ്പോൾ കത്തിയതും കത്താഞ്ഞതുമായ ഗുളികകൾ ചിലവ അമ്പലക്കുളത്തിൽ വീഴും. ബ്ലുംബ്ലും ശബ്ദത്തിൽ. പണ്ട്, മണിയേട്ടനോപ്പം തൊഴാൻ വരുമ്പോൾ കാലുകഴുകാൻ ഇറങ്ങിയിരുന്ന പടിക്കെട്ടുകൾക്ക് താഴെ.
കാർത്തികനാളത്തെ പകൽവേലയുടെ ഒടുവിലെ പാണ്ടി മേളങ്ങളിൽ ഒന്നിനാണ് അക്കൊല്ലം മണിയേട്ടൻ കൊട്ടിക്കണ്ടത്. തെക്കുമുറി പക്ഷമാണ് മൂപ്പർ. നെറ്റിപ്പട്ടം കെട്ടിയ ആനകൾക്ക് മുന്നിൽ ചേലത്ത് കൃഷ്ണൻകുട്ടി നായരുടെ പ്രമാണത്തിൽ തകൃതക്കലാശങ്ങൾ മുറുകുമ്പോൾ എതിരെ വടക്കുമുറിക്കാർക്കും വാശിയേറും. ഇരുകൈയിലും കോലുമായി കാലം കയറുമ്പോൾ ഇടംതലക്കാർ മുമ്പാക്കംപിന്നാക്കം നൃത്തം ചെയ്യും.
പൂതനും തിറയും വേറെയും പലയിടത്ത് താളത്തിനൊത്ത് ചുവടുകൾ വെക്കും.
സായാഹ്നസൂര്യൻ പാടം മുഴുവൻ കളഭം വിതറും. പൊരി വിൽക്കുന്നവർ ചാക്കു കാലിയാക്കാൻ തിരക്കുകൂട്ടും. കാറ്റിൽ ബലൂണുകൾ കുട്ടികളെ മാടിവിളിക്കും. അവരിൽ ചിലർ കളിവാച്ചും കളർക്കണ്ണടയും വേറെ വാങ്ങും.
പാടത്തിന് അങ്ങേക്കരയിൽ മന വക അമ്പലം ഇപ്പോഴും നിസ്സംഗതയിൽ. അവിടത്തെ കപ്ലിങ്ങാട്ട് കാര്യസ്ഥാനൊരാൾ മണിയേട്ടന്റെ ബന്ധുവും വാദ്യഗുരുവും ആണ്. നാണുമ്മാൻ എന്ന് വിളിക്കുന്ന നാരായണൻ നമ്പ്യാർ. വെടിപ്പുള്ള തായമ്പകയായിരുന്നത്രേ. സംബന്ധമായി വരവൂരിൽ വന്നു താമസമാക്കിയതാണ്. സ്വദേശം മുണ്ടായ. ഷൊർണ്ണൂരിനടുത്ത് പുഴക്കരയിൽ. അദ്ദേഹത്തിന്റെ അപ്ഫനും നാരായണൻ എന്നുതന്നെ പേർ. 'സാക്ഷാൽ' തീയ്യാടി നമ്പ്യാർ. ആരംഭകാല തായമ്പകയിലെ മലമക്കാവനും പാലക്കാടനും ശൈലികളിൽ ഒരുപോലെ പ്രവീണനായിരുന്നെന്നു കലാചരിത്രം.
രാപ്പഞ്ചവാദ്യം സമയത്തെ വരവൂർ വേറൊരു ലോകമാണ്. മുൾവേലികൾ ഇരുവശം വക്കുതെറുക്കുന്ന പാതയിൽ പാതിരായാമം തുടങ്ങിയുള്ള നാദമൂര്‍ച്ഛ സ്വപ്നത്തിലെന്ന പോലെ. ഒരു ഗ്രാമത്തിന്റെ മുഖം മുഴുവൻ രണ്ടുനിര പന്തത്തിന്റെ പ്രഭയിൽ.
ചൊവാഴ്ച്ച കുംഭത്തിലെ രണ്ടാമത്തേതെങ്കിൽ ചിലവാക്കാൻ ഉത്തമസ്ഥലം ഊത്രാളി. പ്രദേശത്തെ ബന്ധുവീട്ടിൽനിന്ന് വേലനാളത്തെ തിരക്കിൽ നടന്നുതന്നെ വേണം കാവിലെത്താൻ. വച്ചുപിടിച്ചു. പഴയ കണക്കിലെങ്കിൽ കൂടേണ്ടത് കോരല്ലൂർക്കാരുടെ കൂടെ. വർത്തമാനത്തിലെങ്കിൽ വടക്കാഞ്ചേരി. രണ്ടാമത്തേത് മതിയെന്നു വച്ചു. വീണ്ടും ചെർപ്ലശ്ശേരി ശിവന്റെ താണ്ഡവം.
ഊത്രാളി താഴ്വാരം മുഴുവൻ പുരുഷാരം. എങ്കക്കാട്ടുകാരുടെയടക്കം പഞ്ചവാദ്യങ്ങൾ പാണ്ടിമേളങ്ങൾക്ക് വഴിമാറി. അതിന്റെകൂടി അവേശത്തിരയിൽ പറയരുടെ വേല കൊഴുത്തു. ഓലക്കുടകളുടെ വളയവക്കുകളിൽ കുരുത്തോലച്ചീളുകൾ വട്ടമാടി.
വെടിക്കെട്ടിന് മുമ്പുള്ള നേരത്ത് പെട്ടെന്നെന്ന പോലെ പാടത്തിനു നടുവിൽ ചോറ്റാനിക്കര നാരായണ മാരാർ എതിരെ വന്നു. ഉടയാത്ത മണ്‍കട്ടകൾക്കു മേലെ പതറാത്ത കാലടികളുമായി തിമില ചക്രവർത്തി കൂടെയുള്ള ആരോടോ സംസാരിച്ച് പതിവൂക്കിൽ നടന്നുപോയി. ഇവിടെ വിളമ്പിയാൽ ഗംഭീര സ്വാദു തോന്നുന്ന പഞ്ചവാദ്യം കുട്ടിയിൽ തൃപ്പൂണിത്തുറയിൽ ഒഴിവാക്കിയിരുന്നതൊക്കെ തന്റെ കിറുക്ക് എന്ന് പറയുമ്പോലെ ആംഗ്യംകാട്ടി തിരക്കിലലിഞ്ഞു.
വൈകിട്ടത്തെ വെടിക്കെട്ടിന് ഗുണ്ടുകൾ പൊങ്ങി. അതിലൊന്ന് കുന്നിൻമുകളിലെ നീലവാനത്തിൽച്ചെന്ന് പൊട്ടിയപ്പോൾ ചെറിയൊരു ആൾരൂപം പുറത്തുചാടി. കാറ്റിൽ അത് അലക്ഷ്യമായി പാറി. കുറച്ചു നിമിഷത്തേക്ക് ഊത്രാളിയെന്ന ഒരിടത്ത് പുതിയൊരു കാമുകൻ അലഞ്ഞുനടന്നു.
-----------------------------------------------------------------------------------------------------------------------------------
സ്കെച്ച്: ശശി പന്നിശ്ശേരി
ഫോട്ടോകൾ, വീഡിയോകൾ. കടപ്പാട്: നിഖിൽ കപ്ലിങ്ങാട്, ശ്രീകാന്ത് മേനോൻ, സുനിൽ വരവൂർ, വിനോദ് മാരാർ
<< മൂന്നാം കാലം: പരമ്പരകൾ കണ്ണിമുറിയുന്നില്ല
അഞ്ചാം കാലം:നടവഴിത്തിരിവിനു പിന്നിൽ>>