രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം - രണ്ടാം കാലം


കരിമ്പനപ്പാടത്തെ കിടിലൻ പന്തലുകൾ

ശ്രീവൽസൻ തീയ്യാടി                                                               

ഖസാക്കിന്റെ ഇതിഹാസം വായിച്ച കാലത്തുതന്നെയായിരുന്നു കിഴക്കൻ പാലക്കാട്ടെ ഗ്രാമങ്ങളൊന്നിലേക്ക് നടാടെ പോയത്. അതു പക്ഷെ കോഴണശ്ശേരിയിലെ കണ്ണിമൂത്താനെ അന്വേഷിച്ചൊന്നുമല്ല; കൈപ്പഞ്ചേരിയിൽ തമ്പടിച്ചിരുന്ന കൃഷ്ണമ്മാമന്റെ ക്ഷണം മാനിച്ചായിരുന്നു.

നെന്മാറ എൻ.എസ്.എസ് കോളേജിലായിരുന്നു അമ്മയുടെ ഏറ്റവുമിളയ ആങ്ങള അന്നൊക്കെ ജോലി ചെയ്തിരുന്നത്. 1980കളുടെ രണ്ടാം പാദം. കൊമേർസ് വകുപ്പിൽ യുവ അദ്ധ്യാപകൻ ടി.എൻ. കൃഷ്ണൻ. റേഡിയോവിൽ വാർത്തയും പാട്ടുകച്ചേരിയും പറ്റുന്നത്ര തരപ്പെടുത്തും. ആഴ്ച മുടക്കാതെ ആകാശവാണിയുടെ 'എഴുത്തുപെട്ടി' വാരാവലോകന പരിപാടിയിലേക്ക് കത്തയക്കും. ഒന്നും രണ്ടും നല്ല ഫോമിലെങ്കിൽ മൂന്നും. എഴുത്തിടാൻ മാറ്റർ കിട്ടാൻ വേണ്ടി മാത്രം ചിലപ്പോൾ ഇടയ്ക്കൊന്ന് ട്രാൻസിസ്റ്ററിന്റെ 'ട്രും വളയം' തിരിക്കും. തൃശൂര് നിലയത്തിലെ പുരുഷനും സ്ത്രീയും സ്ഥിരപരിചിതമായ ശബ്ദത്തിൽ അമ്മാവന്റെ പേര് നിത്യക്കൽപന പോലെ വായിച്ചുകേൾപ്പിക്കും: "ചലച്ചിത്രഗാനങ്ങളുടെ സമയത്തുകൂടി കർണാടകസംഗീതം അവതരിപ്പിച്ചുകൂടേ എന്ന് ചോദിക്കുന്നു ടി.എൻ.കെ നമ്പ്യാർ, മുളംകുന്നത്തുകാവ്." അതെ, അതായിരുന്നു വാനൊലി നാമം. പെൻ നെയിം എന്നൊക്കെ പറയുംപോലെ.

മങ്ങാട് കെ നടേശൻ ഏതോ രാഗത്തിന്റെ മർമസ്വരം നീട്ടിപ്പിടിച്ച ഉച്ചക്കച്ചേരി നേരത്തായിരുന്നു അമ്മാവന്റെ വാടകവീട്ടിന്റെ കതകിൽ മുട്ടിയത്. ഓട്ടുപുരയുടെ ഉമ്മറത്തെ സാക്ഷയിളക്കി നവദമ്പതിമാർ ഉള്ളിലേക്കാനയിച്ചു. ഉടുക്കാൻ കാവിമുണ്ടും ഉണ്ണാൻ കുമ്പളങ്ങമൊളൂഷ്യവും കിട്ടി. പുൽപ്പായമേൽ കല്ലൻ തലയിണയിലേക്ക് കഴുത്തറ്റം ചെരിച്ച് ചെറുമയക്കവും തരപ്പെട്ടു.

വൈകുന്നേരത്തെ കാലിച്ചായ കഴിഞ്ഞ് കുളിച്ചാണ് ഇറങ്ങിയത്. കാരണം, പോവേണ്ടിയിരുന്നത് അമ്പലത്തിലേക്കായിരുന്നു. അടിപെരണ്ട നിന്ന് "നേമ്മാറ നേമ്മാറ" എന്ന് പറഞ്ഞ് പോന്ന ബസ്സിനകത്തേക്ക് വിളിക്കുന്നത് കണ്ടക്റ്റർ; കയറിയാൽ "നേമ്മാർയേണ്?" എന്ന് സംശയം തീർക്കുന്നതും മൂപ്പർതന്നെ.

പ്രശാന്തമാണ് പ്രദേശം മൊത്തം. കൂറ്റൻ കരിമ്പനകളും കരകാണാപ്പാടങ്ങളും. പ്രതീക്ഷിച്ചത് പോലെത്തന്നെയെന്ന് പോരുന്ന യാത്രയിലേ ശ്രദ്ധിച്ചിരുന്നു. ചെറുപട്ടണം ചേർന്നാണെങ്കിലും നെല്ലിക്കുളങ്ങര ക്ഷേത്രവും തൊട്ട പരിസരവും തനി നാടൻ. പേര് കേൾക്കുമ്പോൾ തോന്നുന്നത് മാതിരിത്തന്നെ. (ഒ.വി. വിജയൻറെ കന്നിനോവലിലേക്ക് സുമ്മാ മൊഴി മാറ്റിയാൽ സുമാറിങ്ങനെ: കൂമൻകാവിൽ ബസ്സു ചെന്നുനിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല.)

മലമടക്കുകൾ മൈലുകളോളം ആനപ്പള്ളമതിൽ കെട്ടിയ പാടമുറ്റത്ത് ഇവിടെ ഓരംപറ്റി പഴയ കാവ്. ഒതുക്കമുള്ള മുഖം. മുന്നിലൊരു മഹർഷിയരയാൽ. നിശ്ശബ്ദമായ സ്നേഹസാന്നിദ്ധ്യം. വിജയൻറെ ഭാഷയിൽ, "കനിവുനിറഞ്ഞ വാർദ്ധക്യം".

ഇത്രയും 1987ൽ. അന്നത്തെ വിശ്രാന്തിയല്ല മാസങ്ങൾ കഴിഞ്ഞു കണ്ടപ്പോൾ നെന്മാറപ്പാടം എഴുന്നള്ളിച്ചത്. കുറഞ്ഞ കാലത്തിനിടെ എല്ലാം അമ്പേ മാറിമറിഞ്ഞുവെന്നല്ല; അന്ന് മീനം 20 ആയിരുന്നു -- വേല ദിവസം. സായാഹ്നവെയിലത്ത് ജനസമുദ്രം, സന്ധ്യയടുത്തിട്ടും വാദ്യഘോഷം.

കുട്ടിയിലേ കേട്ടിട്ടുള്ള വാക്കാണ്‌ നെന്മാറ വല്ലങ്ങി. അന്നൊക്കെ ധാരണ വല്ലങ്ങി എന്നാൽ ഏതോ നാട്ടിലെ വിശേഷത്തിന്റെ പേര് എന്നായിരുന്നു. തൃശൂർ പൂരം, തൃപ്പൂണിത്തുറ ഉൽസവം, മുളംകുന്നത്തുകാവ് നിറമാല, മലമക്കാവ് താലപ്പൊലി, എടക്കുന്നി വിളക്ക് എന്നൊക്കെപ്പോലെ നെന്മാറ വല്ലങ്ങി. പരിചയം പോരാത്ത കിഴക്കൻ പാലക്കാട്ടുള്ളൊരു ദേശത്തിന്റെ തിമർപ്പ്. ശർക്കരയിൽ വേവിച്ചുണ്ടാക്കി അന്നേനാൾ വരുന്നവർക്കൊക്കെ പ്രസാദമായി കിട്ടുന്ന മധുരപലഹാരമാവാനും മതി "വെല്ലങ്ങി" എന്നും സംശയിച്ചിരുന്നു.

 

You need to a flashplayer enabled browser to view this YouTube video

അങ്ങനെയൊന്നുമല്ല പിന്നീട് പറഞ്ഞുതന്നത് കൃഷ്ണമ്മാമനാണ്. ഇവിടത്തെ വേലയിൽ പങ്കെടുക്കുന്ന രണ്ട് അയൽദേശങ്ങളുടെ പേരാണ് നെന്മാറയും വല്ലങ്ങിയും എന്ന് വിശദീകരിച്ചതും തന്നു. ഇടയ്ക്ക് പതിവുള്ള കുസൃതിയിൽ ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്തു: "പക്ഷെന്നാ നി വേറൊന്ന്ണ്ട്‌. കുനിശ്ശേരി കുമ്മാട്ടി. ജില്ല ഈ പാലക്കാടെന്ന്യാ. അവടെ നീയ് പറഞ്ഞത് ശെര്യാ. കുമ്മാട്ടി ച്ചാ സ്ഥലല്ല."

ഊരിന്റെ പെരല്ലങ്കിൽക്കൂടി ഇവിടെ നെന്മാറയിലും ഉണ്ടത്രെ കുമ്മാട്ടി. നെന്മാറ ദേശക്കാരുടെ ആഘോഷമത്രെയത്. വേലക്ക് പന്ത്രണ്ടു ദിവസം മുമ്പ് ദേശക്കാരിരുവരും കൊടിയേറ്റം നടത്തിക്കഴിഞ്ഞാൽ ഉത്സവത്തിന്റെ ചടങ്ങുകൾക്ക് ആരംഭമായി. തുടർന്നുള്ള പത്തുദിവസത്തോളം നെന്മാറക്കാർക്ക് കുമ്മാട്ടിയെങ്കിൽ വല്ലങ്ങിദേശത്ത് കണ്ണ്യാർകളിയത്രെ. പിന്നെയും ചില ഏർപ്പാടുകളുണ്ട്: ആണ്ടിവേല, കരിവേല, താലപ്പൊലി. ഇത്രയുമൊക്കെ ഏറെക്കുറെ ധാരണയാക്കിത്തരുന്നത് ആ നാട്ടിലെ ഒരു പയ്യനാണ്. തന്റെ ശിഷ്യനെന്ന് ഊറ്റത്തൊടെയാണ് അമ്മാവൻ കുറച്ചുമുമ്പു മാത്രം പരിചയപ്പെടുത്തിയത്.

"ഇതെന്റെ സ്റ്റുഡന്റ്. എം കോമിന്," എന്നു പറഞ്ഞ് ചെറുപ്പക്കാരനു നേരെ കൈകാട്ടി. "മൃദംഗം വായിക്കും, കച്ചേരിക്ക്. റേഡിയോലൊക്കെ കേട്ട്ട്ടുണ്ടാവും. കെ ജയകൃഷ്ണൻ." കണ്ണട വച്ച്, ഇരുനിറത്തിൽ. ഗുരുവിന്റെ കൂടെയായതിനാലാവാം, വിശേഷിച്ചും സൌമ്യൻ.

You need to a flashplayer enabled browser to view this YouTube video

വേലനാൾ സൂര്യാസ്തമയം കഴിഞ്ഞ് ലേശം ചെന്നാണ് ജയകൃഷ്ണനെ കണ്ടുമുട്ടിയത്. കണ്ടങ്ങളിൽ വൻതിരക്ക്. നക്ഷത്രമുത്തുകൾ പതിച്ചിട്ടെന്നപോലെ മിന്നായമുള്ള നെടുങ്കോട്ടകൾ. അലങ്കാരപ്പന്തലുകളാണ്. എഴുന്നള്ളിച്ച ആനകൾക്ക് വയൽനടുവിൽ നിരക്കാനുള്ളയിടം. മൂന്നിൽ കുറയാതെ മരച്ചീൾ നിലകൾ. അവക്കും മേലെ പ്രതാപകുംഭങ്ങൾ. വൈകുന്നേരത്തും ഉച്ചക്കും കണ്ടപ്പോഴത്തെ മാതിരിയല്ല ഇപ്പോൾ. ഇരുണ്ട ആകാശക്കുട ചൂടി കടതല ചിമ്മിക്കാട്ടി പൂർവാധികം പത്രാസിലാണ് കമാനങ്ങളുടെ നിൽപ്പും നിലയും.

"ഏതാ നന്നായിട്ടുള്ളത് പന്തൽ?" ജയകൃഷ്ണന്റെ ചോദ്യം. രണ്ടിന്റെയും വിദ്യുത്പ്രളയത്തിൽ കണ്ണുമഞ്ഞളിച്ചുള്ള നേരത്ത് എങ്ങനെ വിലയിരുത്താൻ!

കാതിൽ കറന്റ് പ്രവാഹം വന്നാലത്തെ മാതിരിയൊന്നാണ് വൈകാതെ തരപ്പെട്ടത്. ആ കൌതുകത്തിനായി കാക്കാൻ രണ്ടുണ്ടായിരുന്നു കാരണം. ഒന്ന്, പൂരം-വേലക്കിടെ തായമ്പക! അങ്ങനെയൊരു സങ്കൽപ്പമേ ഉള്ളിലില്ലായിരുന്നു. രണ്ട്, അന്നത്തെ കലാകാരൻ. അങ്ങാടിപ്പുറം കൃഷ്ണദാസ്.

ആനപ്പനയുടെ മടലുകൾ മേൽക്കൂര കെട്ടിയ മേടയിൽ ഒരു ചട്ടത്തിനും വഴങ്ങാത്ത കുറുമ്പൻ കൊമ്പനെ കണക്കാണ് കൊട്ട്. കേട്ടുശീലത്തിൽ നിന്ന് കുതറിയും കലഹിച്ചും വായന. എന്നിട്ടും പച്ചപ്പരിഷ്കാരം എന്നാരും പറയില്ല. പതികാലം പാതിചെന്നിരുന്നു ഞങ്ങൾ മൂവർ എത്തിയപ്പോൾ. ചെണ്ടക്കുറ്റിയോളം മെലിഞ്ഞ ഉടൽ, ചന്ദ്രനേക്കാൾ ശാന്തമായ മുഖം. ചുറ്റിനും ആർക്കുന്ന പുരുഷാരത്തെ വെറും പുല്ലാക്കി കൈയും കോലും! കരിംതാടിക്കഴുത്ത് ലേശം കീഴ്പോട്ടു പിടിച്ച് നാലിരട്ടി പാറ്റുന്നതുകേട്ടാൽ കാണികൾ മേലോട്ട് നോക്കി മാനത്ത് മഴക്കാറുരുണ്ടുകൂടുന്നുവോ എന്ന് ശങ്കിക്കും. ചിറ്റിട്ട കൈകൊണ്ട് മേട്ടു സഹിയാഞ്ഞ്‌ ഇടംതലത്തോൽ ള്ളാം ള്ളാം എന്ന് പിടഞ്ഞു കരഞ്ഞു. കൂടെക്കൊട്ടിയവർ വിയർത്തുകുളിച്ചു.

കൂറ് പിന്നിട്ട് ഇടനിലയിലേക്ക് കടന്നപ്പോഴേക്ക് ഊക്കു കൂടിയതേയുള്ളൂ കൃഷ്ണദാസിന്. നിർമമനായി കണക്കിലെ കളികൾ പുറത്തെടുക്കുന്ന ഇന്ദ്രജാലം. ലോഹച്ചക്രങ്ങൾ നാലുവഴിക്ക് പോയെന്ന് തോന്നുമ്പോഴും പാളം തെറ്റാതെ പായുന്ന വണ്ടി. ലഗാൻ വച്ച കുതിരയുടെ കുതിപ്പ്. വള്ളുവനാട്ടിലെ വിത്തുമായി വന്ന് പാലക്കാട്ട് നിർദ്ദയം വിളവെടുപ്പ് നടത്തുന്ന വല്ലാത്തൊരുത്തൻ!

ക-ട്-കാം ക-ട്-കാം ക-ട്-ക-ട്-കാം..... വരിനെടാ കൂട്ടരേ! ഇരികിടയുടെ അവസാനഭാഗത്തെ ഏറ്റക്കുറച്ചിൽ തുടങ്ങി. വട്ടം പിടിക്കുന്നവർ രണ്ടുകോലും ഉയർത്തിയും താഴ്ത്തിയും മുന്നോട്ടഞ്ഞു. "ഹും.... ഇതോ അങ്കം!" എന്ന മട്ടിൽ അവരെ അനുതാപത്തോടെ നോക്കി ചേഷ്ടയേതുമില്ലാതെ കൃഷ്ണദാസ് ഇടഞ്ഞു കൊട്ടി. ആഞ്ഞുപതിച്ച നേർകോലുകൾ വൈകിട്ടത്തെ കതിനവെടിക്ക് തുടർച്ചയായി.

ജ്വരം ബാധിച്ചതുപോലെ വിറളി പൂണ്ടു ജനം. ഇരികിടക്കൊടുമുടി ഓരോ വട്ടം ഒന്നു വേലിയിറങ്ങുമ്പൊഴും പൂരം കാണാൻ വന്നവരിലൊരുവൻ കടന്നുചെന്ന് കൃഷ്ണദാസിന് കാശുമാല അണിയിച്ചു പോവും. അയാളെ വന്ദിച്ച് വീണ്ടും നടക്കും വേലിയേറ്റം. ഇതിങ്ങനെ പത്തും പന്ത്രണ്ടും തവണ കഴിഞ്ഞപ്പോൾ ജയകൃഷ്ണനും ഞാനും അങ്ങോട്ടിങ്ങോട്ടു നോക്കി ചെറുതായി ചിരിച്ചു. തായമ്പക കലാശിച്ചതും നിലക്കാത്ത ആരവം. ക്രമേണ എല്ലാം അടങ്ങിയപ്പോൾ അമ്മാവൻ കൃഷ്ണദാസിന് അരികിൽ ചെന്നു. മുൻപരിചയം കാട്ടി നാദബ്രഹ്മൻ പുഞ്ചിരിച്ചു. "തായമ്പക നന്നായി," അമ്മാവൻ പറഞ്ഞു. "അയ്‌, പക്ഷെ ഈ ഇര്കിട്യൊക്കെ ങ്ങനെ വലിച്ചുനീട്ടി.....ഘടനക്ക്..." അതിനും കൃഷ്ണദാസിന്റെ മറുപടി മൃദുസ്മിതം.

മടക്കം നടക്കുമ്പോൾ പെട്ടെന്നു തോന്നി: ഇത്രയൊക്കെ ന്യായം പറയുന്നുണ്ടല്ലോ അമ്മാവൻ; വെറുതെ ചോദിച്ചാലോ? "അതേയ്, പണ്ടീ റേഡിയോൽക്ക് കത്തയച്ചില്ലേ, സിനിമപ്പാട്ടിനു പകരം കച്ചേരി വെച്ചൂടെ ന്ന് ചോദിച്ച്! എന്താ അതിന്റൊരർത്ഥം?" മറുപടി വളരെ വേഗത്തിലായിരുന്നു: "അതോ? അതീ കർണാടകസംഗീതത്തിന് പകരം ആകാശവാണിക്ക് ചലച്ചിത്രഗാനം പ്രക്ഷേപണം ചെയ്തൂടേ ന്ന് പലര്ടെ കത്തിലും ചോദിച്ചുകേട്ട് മടുത്തപ്പോ എഴുതീതാ.... അത്രേള്ളൂ." 

You need to a flashplayer enabled browser to view this YouTube video


പഴയ സംഗതികൾക്ക് നവ മാനം കിട്ടുന്നത് എന്നും കൌതുകമാണ്. മുമ്പ്, കൈപ്പഞ്ചേരി വാസകാലത്ത്, ഇതുപോലെ പുതിയ അർഥം മനസ്സിലാക്കി പഠിച്ച വാക്കുകളിൽ ചിലവയാണ് 'മന്നം', 'തറ'. ആ തിയറി ക്ലാസിന്റെ പ്രാക്റ്റിക്കൽ മെച്ചം ഇപ്പോഴാണ് തരപ്പെട്ടത്. നെന്മാറ മന്നം ഭഗവതിത്തറയിൽ നിന്നാണ് ഒരു കൂട്ടരുടെ രാത്രിപ്പഞ്ചവാദ്യം തുടങ്ങുന്നത് എങ്കിൽ, വല്ലങ്ങിക്കാർ ശിവൻകോവിലിൽ നിന്നാണ് പുറപ്പെടുക. വയൽക്കരയിലെ കൂറ്റൻ പന്തലുകളുടെ പ്രകാശധൂർത്തൊന്നും പഞ്ചവാദ്യം കാലമിടുന്നിടത്ത് ഇല്ല. തിമിലയുടെയും മദ്ദളത്തിന്റെയും സൊറകൾക്കിടെ എണ്ണപ്പന്തങ്ങൾ നെറ്റിപ്പട്ടമുഴകളിൽ ചെറുതും വലുതും തിരികൾ നീട്ടിക്കൊണ്ടിരുന്നു.

ഇലത്താളത്തരിയും കൊമ്പൂത്തും ഇടക്കയേങ്ങലുമായി പഞ്ചവാദ്യം മുറുകി ഇരുകൂട്ടരും നെല്ലിക്കുളങ്ങര ഭഗവതിക്കടുത്ത് എത്തുമ്പോഴേക്കും ചിറക്കപ്പുറം കണ്ടങ്ങൾ കരിമരുന്നും കരുതിയിരിക്കുന്നുണ്ടാവും. 

ദീപനിരപ്പന്തലുകൾക്ക് കീഴെ വെളുപ്പിന് നാലു മണിയോടെ കരിവീരന്മാർ നിരന്നാൽ വൈകാതെ വെടിക്കെട്ടായി. തീക്കൊളുത്തുംമുമ്പുള്ള നിമിഷങ്ങൾക്ക് അക്ഷമയുടെയും അടക്കം പറച്ചിലിന്റെയും സ്വഭാവമുണ്ട്. ഒന്നോർത്താൽ, വരാനിരിക്കുന്ന പൊട്ടിത്തെറിയേക്കാൾ ഭീകരമാണ് ആ നിമിഷങ്ങൾ.

You need to a flashplayer enabled browser to view this YouTube video


ഒറ്റവരി പിന്നെ ഇരട്ടയിലേക്ക് കൊളുത്തിപ്പിടിച്ച് വെളിച്ചവും പുകയും തെറിപ്പിച്ച് വമ്പിച്ച കൊലാഹലമുണ്ടാക്കും. പൊട്ടിത്തെറിയുടെ മൂർദ്ധന്യത്തിൽ ലോകം മുഴുവൻ നിശബ്ദമായെന്നു തോന്നും.

രണ്ടു ദേശക്കാരുടെയും പിന്നാലെപ്പിന്നാലെയുള്ള മൽസരം കഴിഞ്ഞാൽ പിന്നൊരു ലാഘവമാണ്. ഘനശ്ശബ്ദത്തിൽ ഗുണ്ടുകളും ബഹുനിറങ്ങളിൽ അമിട്ടുകളും കുറേനേരം കയറിയിറങ്ങും. പതിയെ, പച്ചയും ചുവപ്പും ഗുളികകൾ വാദിച്ച് വാനിലെത്തി കനൽവർഷം നടത്തിക്കഴിയുമ്പോഴേക്കും മരതകമലകൾക്ക് മീതെ പുലരി ചോക്കാൻ തുടങ്ങും.  

ഇരുദേവിമാർ പട്ടാപ്പകൽ ഉപചാരം പറഞ്ഞ് പിരിയുംമുമ്പുള്ള പാണ്ടി മേളങ്ങൾ ചില്ലറയല്ല; പക്ഷെ അവ കേട്ടുനിൽക്കാൻ മിനക്കെട്ടില്ല. 

നെന്മാറ വല്ലങ്ങി വേലയിലെ കിടിലൻ പാണ്ടികൾ സുന്ദരമായി തരപ്പെട്ടത് പിന്നെയും രണ്ടുനാല് കൊല്ലം കഴിഞ്ഞാണ്. അതാകട്ടെ വെളുപ്പിനുള്ളതല്ല; ഉച്ചതിരിഞ്ഞുള്ളവയായിരുന്നു.

വേലക്ക്, വാസ്തവത്തിൽ, മദ്ധ്യാഹ്നത്തോടെയാണല്ലോ വാദ്യമേളത്തുടക്കം. നെന്മാറക്കാർ ഭഗവതിത്തറയിൽനിന്ന് പഞ്ചവാദ്യമെഴുന്നള്ളി പുറപ്പെട്ട് വേട്ടക്കൊരുമകൻ കാവു ചുറ്റിയാണ്‌ നെല്ലിയാമ്പതി റോട്ടിലെത്തി ഒൻപതും പതിനൊന്നും ആനയൊക്കെയായി പാതയിലെ പന്തലിനു കീഴെ നിരക്കുക എന്ന് കേട്ടിട്ടുണ്ട്. അതിനു കണക്കാക്കിയായിരുന്നു അകലെ തൃപ്പൂണിത്തുറനിന്ന് പുറപ്പാട്. പക്ഷെ മുഴുവൻ പന്തിയായില്ല.

You need to a flashplayer enabled browser to view this YouTube video


കൊച്ചിക്ക് തെക്കുള്ള പട്ടണത്തിൽ കാലങ്ങളായി കാപ്പിക്കുരു പൊടിച്ച് കച്ചവടം നടത്തിയിരുന്ന നാണാസ് കോഫി എന്ന കടയുടമയുടെ ബന്ധു കൃഷ്ണൻ ബാലസുബ്രഹ്മണ്യൻ മുമ്പേ സുഹൃത്താണ്. ബി.എ.ക്ക് പഠിക്കുന്ന കാലത്ത് ഇക്കണോമിക്സിലെ പെരും തിയറികൾ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു മനസ്സിലാക്കിച്ച് ഞങ്ങൾ തമ്മിൽ തലവര ബന്ധം ഉറപ്പിച്ചിരുന്നു. "അമ്മാവൻ നാളെ വേലക്ക് പോണ്ണ്ട്; താൻ വരുന്നോ?" എന്നൊരു ചോദ്യം. ദശാബ്ദങ്ങൾക്ക് മുമ്പ് പാലക്കാട്ടു നിന്ന് തെക്കൊട്ടിറങ്ങിയ കുടുംബത്തിന് തറവാടും ബന്ധുക്കളും നെന്മാറയിലെ ഗ്രാമത്തിലുണ്ട്. മാമാവുക്ക് കാറുണ്ടല്ലോ, അതിലാവും യാത്ര എന്നും കേട്ടപ്പോൾ ക്ഷണം തീരെ നിരസിക്കാനായില്ല.

താക്കോൽ തിരിച്ചാൽ വർണ്ണക്കുട നിവർത്തുംപോലത്തെ ഉരസലൊച്ചയുണ്ടാക്കുന്ന പുരാതന സ്റ്റാൻഡേർഡ് ഹെറാൾഡ്‌ ആണ് ശകടം. അമ്മാവനും മക്കളും കൃഷ്ണനും ഞാനുമൊക്കെ ചേർന്ന് ഉല്ലാസം നിറഞ്ഞതായിരുന്നു പ്രാതൽ കഴിഞ്ഞുള്ള യാത്ര. അതിന്റെ സന്തോഷം കൃഷ്ണന്റെ അമ്മാവനിലും കണ്ടിരുന്നു. "മറ്റെയാൾ തന്റെയാരാ? അമ്മാവനല്ലേ?" എന്ന് സ്റ്റിയറിങ്ങ് വിട്ടുകളിക്കാതെ പാതി പിന്നാക്കം തല ചെരിച്ച് ബാക്ക് സീറ്റിലിരിക്കുന്ന എന്നോട് കുശലം. അദ്ദേഹം താമസിക്കുന്ന മഠത്തിന് അകലെയല്ലാത്ത ചക്കംകുളങ്ങര അമ്പലത്തിൽ അക്കൊല്ലം ശിവരാത്രിക്ക് വൈകിട്ടത്തെ പഞ്ചാരിമേളത്തിന് ഇലത്താളം പിടിച്ചത് കണ്ട് അത്ഭുതം തോന്നിയ കഥ പുറത്തെടുത്തു. ഓ, മനസ്സിലായി. ടി.എൻ. രാമൻ. "അതെ, രാമൻ," എന്ന് കൃഷ്ണന്റമ്മാമൻ. "മറ്റേ... കൊച്ചിൻ റിഫിനറീല് ജോലിയുള്ള...."

അഞ്ചാം കാലം കുഴമറിഞ്ഞുള്ള കലാശങ്ങൾക്ക് പിന്നാലെ ഇലത്താളം കൂട്ടിപ്പിടിക്കുമ്പോൾ വലംതലക്കാർക്കിടെ രാമമ്മാമന്റെ ഒരു മല്ലുണ്ട്! കാവിമുണ്ടിനു പുറത്ത് കച്ചത്തോർത്ത് മുറുക്കിനിന്നുള്ള ആ ഇളകിയാട്ടത്തിൽ ഭ്രമിക്കാത്തവരായി കള്ളുകുടിയന്മാർ മുതൽ കുഴൽപ്രമാണി വരെയായി ആരുമില്ല. "ഞങ്ങളോക്കെ അങ്ങോരെത്തന്നെ നോക്കി നിക്ക്വായിരുന്നു," എതിരെ വന്ന എമണ്ടൻ ട്രക്കിന് ഇടം കൊടുത്ത് കൃഷ്ണന്റമ്മാമൻ. "ബാക്കിള്ളോരൊക്കെ കള്ളമ്മാര്..... ഒര് പണീം ചെയ്യില്ല."

തൃശൂര് ജില്ല കടന്ന് കുതിരാൻ കയറ്റം മുഴുവൻ കിതച്ചേറി താഴേക്ക് ഇറങ്ങേണ്ട മര്യാദ കൂടി നിവർത്തിച്ചതോടെ ശകടമുത്തച്ഛൻ ഒരരുവായി. ഉറക്കച്ചടവുള്ള പാടവക്കത്ത് കോട്ടുവായിട്ടു നിന്നിരുന്ന കരിമ്പനയൊന്നിന്റെ തണൽപറ്റി സുല്ലു പറഞ്ഞു. "ഒയ്യോയ്യോ.... ബ്രേക്ക്‌ ഡൌണാച്ച്," കൃഷ്ണൻ പ്രഖ്യാപിച്ചു.


തുടർന്നുള്ള യജ്ഞം കനത്തതായിരുന്നു. കിതച്ച വണ്ടിയുടെ വായ തുറന്ന് കുടുംബക്കാർ കുറേവെള്ളം ഒഴിച്ചുകൊടുത്തു. അങ്ങനെ ബോണറ്റ്  തുറന്ന് എന്തിന്റെയൊക്കെയോ അടുത്തേക്ക് മുഖം പൂഴ്ത്തി തകരാറുകളുടെ ആഴം പഠിച്ചെടുത്തു. മറ്റു വാഹനങ്ങൾ ചൂളം വിളിച്ച് അടുത്തുകൂടെ ഇരമ്പിപ്പോവുന്നതിനിടെ ടൂൾ ബോക്സ്‌, അറാൾ ബ്ലേഡ്, സ്ക്രൂ ഡ്രൈവർ എന്നിങ്ങനെ വാക്കുകൾ കൃഷ്ണനും കൂട്ടരും ഉറക്കെച്ചൊല്ലിക്കേട്ടു. കാറിൽ കഷ്ടി സീറ്റിലിരിക്കാൻ മാത്രം അറിയാമായിരുന്ന എനിക്ക് കണ്ടു നിൽക്കേണ്ടതല്ലാതെ ചുമതലയുണ്ടായിരുന്നില്ല.

ഒടുവിലാ നാദം കേട്ട്. സ്സ്ട്ട്രോം.... ഏകദേശം ആ നേരത്തു തന്നെയാവണം നെന്മാറ വല്ലങ്ങി ദേശത്ത് പഞ്ചവാദ്യത്തിന് 'ഓം' എന്ന് ശംഖു വിളിച്ചതും.

പരിഭ്രമം കാട്ടാതെ വണ്ടി ഓടിക്കൊണ്ടിരുന്നു. നെന്മാറക്ക് ലേശം മുമ്പ് എങ്ങോട്ടോ തിരിഞ്ഞ് പാതി ടാറു തേഞ്ഞ പാതകൾ കയറിയിറങ്ങി കൃഷ്ണന്റമ്മാവന്റെ മഠത്തിലേക്കുള്ള തെരുവണഞ്ഞു. ആത്തിൽ വത്തക്കുഴമ്പല്ലാത്ത ഏതോ കൂട്ടാൻ ശാദത്തിൽ ഉരുട്ടിയിറക്കുമ്പോൾ നാട്ടുപ്രമാണി സ്വാമിക്കുട്ടി മൂന്ന് പേരുകൾ ഉരുവിട്ടതു കേട്ടു: "രാജൻ, ശിവൻ, തങ്കമണി." 

തൃക്കൂരെയും ചെർപ്ലശ്ശേരിയിലെയും പുലാപ്പറ്റയിലെയും മദ്ദളവിദ്വാന്മാരെ അന്ന് കാണാൻ, പിന്നെ, രാവുചെല്ലേണ്ടി വന്നു.

നെല്ലിക്കുളങ്ങര വയൽ കണ്ടു തുടങ്ങിയപ്പോഴേക്കും വെയിലിന് ആക്കം കുറഞ്ഞിരുന്നു. സ്വതേ തായമ്പകക്ക് മാത്രം ചെണ്ടയേറ്റി കണ്ടിട്ടുള്ള പല്ലാവൂർ അപ്പു മാരാർ പൊന്നിൻ രവികിരണമേറ്റ് പാണ്ടിമേളം പ്രോജ്വലമാക്കിക്കൊണ്ടിരുന്നു. കൊലങ്ങളുടെ വലിപ്പം! ലോഹച്ചട്ടക്ക് പുറമെ 'റ' ആകൃതിയിൽ മൂന്നും നാലും അടുക്ക് പൂമാലകൾ!! ആനപ്പുറത്ത് മുന്നോട്ടു നീങ്ങുന്ന കോലം കണ്ടാൽ തലപ്പിള്ളിക്കാർ തങ്ങളുടെ നാട്ടിലെ തിറ ഓർത്തുപോവും!!!

പൂഴിയെറിഞ്ഞാൽ താഴെ വീഴാത്ത തിരക്കിനിടെ നിത്യബന്ധുത്വവും അടുത്തുപരിചയവും ഉള്ള മൂന്ന് പേരെ കണ്ടുമുട്ടിയത് മഹാത്ഭുതം. ഒന്ന് കൃഷ്ണമ്മാമൻ. പിന്നെ, വല്യമ്മാമൻ. കാലിക്കറ്റ് സർവകലാശാലയിൽ ഫിസിക്സ് പ്രൊഫസറായ ടി.എൻ. വാസുദേവൻ എന്ന അദ്ദേഹത്തിനൊപ്പം തൃശൂര് പൊങ്ങണം ഗ്രാമക്കാരാൻ പി എൻ ഗണേശൻ എന്ന സഹൃദയൻ. ഇവിടെ പൊടുന്നനെ എങ്ങനെ എന്ന ചോദ്യത്തിന് മേളക്കലാശങ്ങളുടെ പഴുതിൽ തൊണ്ട കീറി മറുപടി കൊടുത്തു.

 മേളങ്ങൾ ഒടുങ്ങിയപ്പോൾ ഇരു ദേശക്കാരും സാന്ധ്യശോഭയിൽ കാവുകയറി.  

 അതുപോലൊരു സായാഹ്നത്തിൽ വേറൊരു നാട്ടിൽ, പക്ഷെ, അഭിമുഖീകരിക്കേണ്ടി വന്നത് വലിയൊരു സന്നിഗ്ദ്ധാവസ്ഥയാണ്. അത് 1994ൽ. പ്രദേശം കിഴക്കൻ പാലക്കാട് തന്നെ. മങ്കരക്കു മേൽ മുതുകു ചാരി വിരാജിക്കുന്ന പത്തിരിപ്പാലയിൽ. സദനം കഥകളി അക്കാദമിയുടെ വാർഷികം. സ്ഥാപനത്തിൽ ജോലിക്ക് ചേർന്ന് രണ്ടാം മാസം ചുമതല കിട്ടിയ മഹൽ വേല. അന്നേ നാൾ സന്ധ്യക്ക് തായമ്പക ഉദ്ദേശിച്ചിരുന്നു. അവിടെ നിന്നുതന്നെ മൂന്നു പതിറ്റാണ്ടു മുമ്പ് ചെണ്ട പഠിച്ചു പോയ സദനം വാസു എന്ന പ്രതിഭാധനന്റെ. തിരുവനന്തപുരത്ത് സെൻട്രൽ ഹൈ സ്കൂളിൽ വാദ്യം അഭ്യസിപ്പിച്ചിരുന്ന അദ്ദേഹത്തിന് ആവശ്യം പറഞ്ഞ് കാർഡ് അയച്ചതാണ്. സ്വന്തം പണിത്തിരക്കും പരിചയക്കുറവും മൂലം മറുപടി വന്നുവോ എന്നത് അന്വേഷിക്കാൻ വിട്ടുപോയി. ഉച്ചതിരിഞ്ഞും വാസുവേട്ടനെ കാണാഞ്ഞതോടെ ഒന്നുറപ്പായി: തായമ്പകക്ക്  വേറെയാളെ നോക്കേണ്ടി വരും.


പരിഭ്രമക്കഥക്ക് പരിഹാരം കണ്ടെത്തിയപ്പോഴേക്കും എവിടെനിന്നെന്നില്ലാതെ മാനത്ത് കാറും കോളും ഉരുണ്ടുകൂടി. പിന്നെ, വിജയനെ കടമെടുത്താൽ, "അനാദിയായ മഴവെള്ളത്തിന്റെ സ്പർശം". ചപ്ലിപിളിയായ സദനമുറ്റത്തേക്ക് കുടചൂടി വന്ന വല്യമ്മാവൻ ചോദിച്ചു, "പകരം ആരാ കൊട്ടാൻ?"

അന്നേനാൾ കഥകളിയെക്കുറിച്ച് പ്രസംഗിക്കേണ്ടയാളോട് മറുപടി പറയുമ്പോൾ അഹങ്കാരം തോന്നി:  "അങ്ങാടിപ്പുറം കൃഷ്ണദാസ്!" വാസുവേട്ടന്റെതന്നെ നാട്ടിൽ നിന്ന് വേറൊരു താളപ്രഭു. 

ചാറ്റൽ തെളിഞ്ഞു ചുവന്നുകറുത്ത മാനത്തിനു കീഴെ സദനത്തിലെ സ്കൂൾകെട്ടിടത്തിലെ ഒരു ക്ലാസ് മുറിയിൽ കൃഷ്ണദാസ് ഒന്നേകാൽ മണിക്കൂർ കടുംമധുരം വിളമ്പി. സംഘാംഗങ്ങൾക്കടക്കമുള്ള ചെറിയൊരു തുക ആപ്പീസിലെ മരയലമാരയിൽ സൂക്ഷിപ്പുള്ള വെള്ളക്കവറിലാക്കി വികൃതിപ്രതിഭക്ക് കൊടുത്തു. അതിലെത്രയെന്ന് അന്വേഷിക്കാതെ കൃഷ്ണദാസ് പൊതി മുണ്ടിന്റെ മടിയിൽ തിരുകി. പുഞ്ചിരിച്ചു കൈകൂപ്പി. കഥകളിക്ക് വിളക്കു വെക്കുംമുമ്പ് കൂട്ടുകാരൊത്ത് മടങ്ങി.

You need to a flashplayer enabled browser to view this YouTube video

മുൻപെന്നത്തേതിലും അടുത്തായിരിക്കുന്നു നെന്മാറയും വല്ലങ്ങിയും. പക്ഷെ ആ വർഷം വേലക്ക് പോയില്ല.

കൊല്ലം പിന്നെയും ഏഴു കടന്ന്, 2001ലെ നെന്മാറ-വല്ലങ്ങി വേല ദിവസം ഒരു ദുരന്തം നടന്നതായി അറിവുകിട്ടി. അങ്ങാടിപ്പുറം കൃഷ്ണദാസ് അന്തരിച്ചു. ആത്മഹത്യയായിരുന്നു. പ്രായം വെറും നാൽപത്!

ആയിടെ വെള്ളിനേഴിയിൽ കീഴ്പടത്തു വീട്ടിൽ പോവാനിടയായപ്പോൾ കഥകളിയാചാര്യൻ കുമാരൻ നായർ പറഞ്ഞു: "മഹാ മിട്ക്കനേര്ന്നു. ന്നാ ഒപ്പം മനസിലാവും: എന്തോ ഒര് പന്തികേട്‌ണ്ടായിരുന്നു."

എന്തുകൊണ്ടായിരുന്നു അങ്ങനെയൊരു അന്ത്യം കൃഷ്ണദാസിനുണ്ടായത്? 

ഖസാക്കിൽ കണ്ണിമൂത്താന്റെ വാചകത്തിന്റെ അർഥമില്ലായ്മ മാത്രമേ മനസ്സിൽ ഉദിച്ചുള്ളൂ: "പിന്നെ കാണാ...”

*****************************************************************

കടപ്പാട് :

സ്കെച് : ശശി പന്നിശ്ശേരി 

കൃഷ്ണദാസ്‌ വീഡിയോ : ആനന്ദ് വെള്ളിനേഴി/ സജീഷ് വാരിയർ 

 

<<ഒന്നാം കാലം: തൃപ്രയാർ തേവരും താഴത്തെ പാണ്ടിയും     

     മൂന്നാം കാലം: പരമ്പരകൾ കണ്ണിമുറിയുന്നില്ല>>

embed video powered by Union Development


free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template