കലാമണ്ഡലം രാമൻകുട്ടിനായർ: ഓർമയിലെ നക്ഷത്രം
- Details
- Category: Kathakali
- Published on Tuesday, 25 May 2021 01:16
- Hits: 2717
കലാമണ്ഡലം രാമൻകുട്ടിനായർ: ഓർമയിലെ നക്ഷത്രം
പി.എം. നാരായണൻ
കല്ലുവഴിച്ചിട്ടയുടെ കാർക്കശ്യങ്ങളിൽ അഭിരമിക്കുമ്പോഴും വ്യക്തിപരമായി നിറയെ ഇളവുകളും അയവുകളും സഹൃദയലോകത്തിന് സമ്മാനിച്ചുപോന്നു കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടി നായർ. കൗതുകരമായ അത്തരം നുറുങ്ങുകളുടെ സമാഹാരമാണ് ഈ ലേഖനം.
ആശാനെക്കുറിച്ച് ഓർക്കുമ്പോൾ അരങ്ങത്തെ നിരവധി വേഷങ്ങൾ ഉള്ളിൽ തിക്കിത്തിരക്കി വന്നുനിറയുന്നതോടൊപ്പം അരങ്ങിൽനിന്നല്ലാത്ത രസകരമായ ചില സന്ദർഭങ്ങളും തെളിയും.
അങ്ങനെ ചിലവ...
പാലക്കാട് ജില്ലയിൽ എൻറെ എളമ്പുലാശ്ശേരി നാട്ടിലെ നാലുശ്ശേരിക്കാവിലെ ഒരു കളി. ദേവയാനീചരിതവും ബാലിവിജയവും. കലാമണ്ഡലം രാമൻകുട്ടിനായരുടെ രാവണൻ. കഥയിലെ ആട്ടങ്ങളുടെ കമൻററി പതിവുണ്ടായിരുന്നു അന്ന്.
കചൻ ശുക്രാചാര്യരുടെ ആശ്രമക്കാഴ്ചകൾ വർണ്ണിക്കുകയാണ്. തപോവനവർ ണനയിൽ ഒരു പതിവിനമായ "ശിഖിനീശലഭം..." ആണ് വിസ്തരിക്കുന്നത്. കമൻററിഎന്റെ വക. കുറച്ചു കഴിഞ്ഞ് എന്തോ ഒരു കാര്യത്തിനു വേണ്ടി അണിയറയിൽ ചെന്നപ്പോൾ വേഷം ഏതാണ്ട് ഒരുങ്ങി ഇരിക്കുന്ന ആശാൻ എന്നെ അടുത്തേക്ക് വിളിച്ചു: "എന്താ മാഷേ? അവിടെ കമന്ററീല് പാറ്റ തീയില് വീണിട്ട് ദഹിക്കാതെ പറന്നു പൊങ്ങീന്നും ഒക്കെ പറയണ കേട്ടൂലോ..."
" ആശ്രമവർണ്ണനയായിരുന്നു. ശിഖിനീശലഭം എന്ന ശ്ലോകമാണ് ആടിയത്. "
" ഓഹോ…" ഒരു അസാധ്യ പുഞ്ചിരി. പറച്ചിലിൽ എനിക്കെന്തെങ്കിലും അബദ്ധം പറ്റിയോ എന്നാലോചിച്ചു നിൽക്കുമ്പോൾ ആശാൻ തുടർന്നു: "ഈ കള്ളൂകുടിയൻ സാമിടെ ആശ്രമത്തിലല്ലേ ശിഖിനീശലഭം!"
ആ ചിരി വീണ്ടും.
കലാമണ്ഡലം രാമൻകുട്ടിനായരുടെ ചൊല്ലിയാട്ടം:
മനസ്സ് നിറഞ്ഞ ബാഹുകൻ
മറ്റൊരിക്കൽ നാലുശ്ശേരിക്കാവിലെ കളിക്ക് ഏല്പിക്കാൻ കുഞ്ചുവേട്ടൻ എന്നുവിളിക്കുന്ന ടി.എം. ഗണപതിയും ഞാനും കൂടി ആശാൻറെ വീട്ടിലെത്തി. കളിയുടെ ദിവസം അറിയിച്ചു. എന്താ കഥ എന്ന് ആശാൻ.
"നളചരിതം നാലാം ദിവസം. ആശാൻറെ ബാഹുകൻ വേണംന്നാ മോഹം," ഞാൻ അറിയിച്ചു.
എന്നെ അടിമുടി ഒന്നു നോക്കി. പിന്നെ കുഞ്ചുവേട്ടനെയും.
"എൻറെ ബാഹുകനോ?" അപ്പോഴത്തെ ഭാവം എഴുതി ഫലിപ്പിക്കുക വയ്യ. ഞാനല്പം പരിഭ്രമിച്ച് കുഞ്ചുവേട്ടനെ നോക്കി.
ഒന്നാലോചിച്ച് ആശാൻ പറഞ്ഞു: " ആയിക്കോട്ടെ. എഞ്ചിനീയറും മാഷും പറഞ്ഞാൽ പിന്നെ എന്താപ്പൊ പറയണ്ടത്?"
കോട്ടക്കൽ ശിവരാമാശാൻറെ ദമയന്തിയും കലാമണ്ഡലം ഗംഗാധരൻറെ പാട്ടുമാണ് ഉദ്ദേശിക്കുന്നതെന്നുകൂടി പറഞ്ഞുറപ്പിച്ച് മടങ്ങുമ്പോൾ ഞാൻ കുഞ്ചുവേട്ടനോട് ചോദിച്ചു. "ആശാന് മുഷിഞ്ഞിട്ടുണ്ടാവ്വോ?"
"ഹേയ്, അതൊന്നൂല്യ. ചെർപ്പുളശ്ശേരി കഥകളി ക്ലബ്ബിൽ ഞാൻ (നളചരിതം) മൂന്നാം ദിവസൊക്കെ ചെയ്യിച്ചിട്ട്ണ്ട്."
ആശാൻറെ ആ 'നാലാം ദിവസം' ബാഹുകൻ എൻറെ പ്രതീക്ഷ പോലെത്തന്നെ നന്നായി. മിതമായി ചെയ്തു. ശിവരാമനാശാനും ഗംഗാധരാശാനും കൂടി മനസ്സ് നിറയ്ക്കുകയും ചെയ്തു.
കാശു വാങ്ങാതെ ദുര്യോധനൻ
'കളിവട്ട'ത്തിൻറെ ഒരു കളി കിഴാറ്റൂരിൽ. പഴേടം വാസുദേവൻ മാഷാണ് സംഘാടകൻ. വാസുപ്പിഷാരോടിശിവരാമൻ ടീമിൻറെ 'നാലാം ദിവസം'. കലാമണ്ഡലം ഹൈദരാലിയുടെ പാട്ട്. തുടർന്ന് രാമൻകുട്ടിനായരാശാൻറെ പതിഞ്ഞ പദം മുതൽക്കുള്ള ദുര്യോധനനും ഉണ്ണിത്താൻറെ ദുശ്ശാസനനുമായി ദുര്യോധനവധം. ഇരമ്പിയ കളി.
അന്നത്തെ 'സോദരന്മാരേ…'. 'ഉചിതമഹോ …' 'ധർമ്മനന്ദന....' എന്നീ പദങ്ങൾ ഇപ്പോഴും മനസ്സിൽ തെളിഞ്ഞുകിടപ്പുണ്ട്.
വേഷം കഴിഞ്ഞ് തുടച്ച് മടക്കയാത്രയ്ക്കാരുങ്ങി അണിയറയിൽ ഇരിക്കുന്ന ആശാൻറെ അടുത്തേക്ക് ഒരു കവറുമായി പഴേടം എത്തി. "എന്താ ദ് ?" കവർ നീട്ടിയപ്പോൾ ആശാൻറെ ചോദ്യം.
" ഒരു വഴിച്ചെലവ്. അത്രേ ള്ളൂ…" പഴേടത്തിൻറെ ഭവ്യമായ മറുപടി.
"എന്നെ ജീപ്പില് ങ്ങ്‌ട് കൊണ്ടുവന്നു. അങ്ങ്ട് ആ ജീപ്പിൽത്തന്നെ കൊണ്ടാക്കണം. അത്രേള്ളൂ. പിന്നെ എനിക്കെന്താ വഴിച്ചെലവ്? അതൊന്നും വേണ്ട. മാഷ് അത് കയ്യില് വെച്ചോളൂ., " അസന്ദിഗ്‌ധമായ മറുപടി. പഴേടം കുറച്ചുകൂടി നിർബ്ബന്ധം പറഞ്ഞുനോക്കി. രക്ഷയില്ല.
"ഈ കളിക്ക് ഏല്പിക്കുമ്പൊത്തന്നെ മാഷ് പറഞ്ഞിട്ട്ണ്ട്. കാശൊന്നും ണ്ടായിട്ടല്ല, മോഹാ യിട്ടാണ് ന്ന്. വഴിച്ചെലവൊക്കെയേ ണ്ടാവുള്ളൂ ന്നും. എനിക്കാണെങ്കിൽ ജീപ്പില് അങ്ങടും ഇങ്ങടും. വഴീലൊരു ചെലവൂല്യ. അത് വേണ്ട."
ആശാൻ ഒരു രൂപ വാങ്ങിയില്ല.
നാട്ടിലെ കളിക്ക് ആശാനെ മോഹിച്ച് ഏല്പിപ്പിക്കുമ്പോൾ സാമ്പത്തിക പരിമിതിയെക്കുറിച്ച് പഴേടം വാസുദേവൻ പറഞ്ഞ വാക്കുകൾ ആശാൻ മറന്നിട്ടേയില്ലായിരുന്നു. അപ്പോൾ എടുത്ത തീരുമാനമാണ് പഴേടത്തിന്റെ കളിക്ക് പ്രതിഫലം വേണ്ട എന്നത്.
കലാമണ്ഡലം രാമൻകുട്ടി നായരുടെ ലവണാസുരവധം ഹനൂമാൻ :
കാരാകുർശ്ശിയിലെ താരം
സമാനമായ അനുഭവം എനിക്കുമുണ്ടായി കുറേ വർഷങ്ങൾക്കു ശേഷം.
എൻറെ നാടിനടുത്തുള്ള കാരാകൂർശ്ശി ഹൈസ്കൂളിലെ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യാൻ ഒരു വിശിഷ്ട വ്യക്തി വേണം. ഞാൻ ആശാനെ വിളിച്ചു. വരാമെന്നേറ്റു.
കലോത്സവദിവസം കൃത്യസമയത്ത് മകൻ അപ്പുക്കുട്ടൻമാഷ്ടെ കാറിൽ ആശാൻ സ്കൂളിലെത്തി. വേദിയിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു. എട്ടുപത്ത് മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തോടെ ഉദ്ഘാടനം നിർവ്വഹിച്ചു. കുറച്ച് കുട്ടികളുടെ സംഘത്തിനോട് കഥകളിയെക്കുറിച്ച് ചിലത് പറയണമെന്ന് ഒരാവശ്യം സ്‌കൂളുകാർ ഉന്നയിച്ചു. ആവാമല്ലോ എന്ന് ആശാൻ.
ഒരു ക്ളാസ് മുറിയിൽ മുപ്പത്-നാല്പത് കുട്ടികൾ. ആശാൻ ഇരുന്ന് പറഞ്ഞുതുടങ്ങി. ഒരു മുദ്ര കാണിച്ച് "ഇതെന്താ അറിയ്യോ?" എന്നു ചോദിച്ചപ്പോൾ ഒരു പെൺകുട്ടി ഉത്തരം പറഞ്ഞു. അത്ര പരിചിതമായ മുദ്രയായിരുന്നില്ല അത്. നക്ഷത്രം എന്നോ മറ്റോ ആയിരുന്നു. അതെങ്ങനെ പഠിച്ചു? ആശാൻ ആ കുട്ടിയോട് ചോദിച്ചു. ഞാൻ നാലില് പഠിക്കുമ്പൊ വാക്കട സ്കൂളിൽ വന്ന് ആശാൻ കാണിച്ചു തന്നിട്ട്ണ്ട്. ആശാന് അത്ഭുതവും സന്തോഷവുമായി. അവളെ ഗംഭീരമായി അഭിനന്ദിച്ചു. ഇരുന്നിടത്തു നിന്ന് എണീറ്റിട്ടായി പിന്നെ വർത്തമാനവും അഭിനയവുമെല്ലാം. ഏതാണ്ട് ഒരു മണിക്കൂർ നേരം ആശാൻ രസമായി കുട്ടികളുടെ കൂടെക്കൂടി.
സ്കൂളിലെ നടത്തിപ്പുകാർ മാഷന്മാർ എന്നെ വിളിച്ച് ആശാന് എന്താണ് കൊടുക്കുക എന്നു ചോദിച്ചു. സ്വീകരിക്കാൻ സാധ്യത കുറവാണ്, എന്ന് ഞാൻ പറഞ്ഞു. ആയിരം രൂപ ഒരു കവറിലിട്ട് അത് കൊടുക്കാൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ ഒഴിഞ്ഞുമാറി മെല്ലെ പുറത്തിറങ്ങി. ഇത്തിരി സമയം കഴിഞ്ഞ് മറുവശത്തുകൂടി ആശാൻ ഇറങ്ങി കാറിൽ കേറുന്നത് ഞാൻ ഇത്തിരി മാറിനിന്ന് നോക്കി. അതിനിടെ ഒരു മാഷ് വന്ന് ആശാൻ മാഷെ അന്വേഷിക്കുന്നു എന്നു പറഞ്ഞപ്പോൾ ഞാൻ കാറിനടുത്തേക്ക് ചെന്നു.
"മാഷേ, എന്താ പ്പൊ ഇങ്ങനെയൊക്കെ?" ആശാൻ ഗൗരവത്തിൽ എന്നോട്.
"എന്താ, മനസ്സിലായില്ല."
" ഒരു കവറും അതില് കാശുമൊക്കെ തരണത്? ഞാനത് വാങ്ങിയില്ല."
"വഴിച്ചെലവാവും ആശാൻ," ഞാൻ അല്പം പരുങ്ങി.
" ഞാൻ അപ്പുട്ടൻറെ കാറിലാണല്ലോ വന്നത്. വേഷം കെട്ടീട്ട്ല്യ. ഞാൻ പ്രസംഗത്തിന് പൈസ വാങ്ങാറില്യ."
എന്നിട്ട് മടിയിൽ ഒരു കിറ്റിൽ വച്ച ഷാളെടുത്ത് ഉയർത്തിക്കാട്ടി. "പ്രസംഗിച്ചതിന് ഇത് കിട്ടീട്ട്ണ്ട്. അത്രേ വേണ്ടൂ. ന്നാൽ അങ്ങനെ… " ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങളെ നോക്കി ആശാൻ കാർ വിട്ടോളാൻ ആംഗ്യം കാട്ടി.
തീവണ്ടിയിലെ മുത്തശ്ശൻ
ആശാനെ അതിഗൗരവക്കാരനായിട്ടാണ് എല്ലാവരും കരുതാറ്. പലപ്പോഴും (വേണ്ടപ്പോഴെല്ലാം) അങ്ങനെയാണുതാനും. എന്നാൽ അതിനു നേർവിപരീതമായ അനുഭവങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടു മുമ്പ്,
എൻറെ മോന് രണ്ടു വയസ്സ്. ഞാനും ലീലയും മോനും കൂടി തിരുവനന്തപുരത്തേക്ക് ഒരു യാത്ര. പകലാണ്. വണ്ടി ഏതെന്ന് കൃത്യമായി ഓർമ്മയില്ല. ഷൊർണ്ണൂരിൽ ഞങ്ങൾ കയറിയ കംപാർട്ട്മെൻറിൽത്തന്നെ ഇത്തിരി കഴിഞ്ഞപ്പോൾ ആശാൻ കേറി. കൂടെ കഥകളിപ്പാട്ടുകാരൻ പാലനാട് ദിവാകരൻമാഷും.
എന്നെ കണ്ടപാടെ ആശാൻ നേരെ അപ്പുറത്തുള്ള സീറ്റിൽ വന്നിരുന്നു. എങ്ങോട്ടാണ് യാത്രയെന്ന് കുശലം ചോദിക്കലായി. രണ്ടുപേരും തിരുവനന്തപുരത്ത് കരിക്കകം ക്ഷേത്രത്തിൽ കളിക്ക് പോവുകയാണ്. പാലനാട് ഇത്തിരി വർത്തമാനം പറഞ്ഞശേഷം മേലേ ബർത്തിൽ കേറിക്കിടന്നു. ആശാൻ പിന്നെയും ചിലത് പറഞ്ഞുകൊണ്ട് സീറ്റിൽത്തന്നെ.
ഇതിനിടെ മകൻ ആശാനെ നോക്കിയൊരു ചിരി പാസ്സാക്കി. അതൊരു തുടക്കമായിരുന്നു. ആശാൻ അവനെ നോക്കി ചിരിച്ചു. എന്നിട്ട് കൈനീട്ടി. വലിയ മോതിരങ്ങളണിഞ്ഞ വണ്ണൻ വിരലുകൾ അവന് നന്നേ ഇഷ്ടപ്പെട്ടു. അവൻ വിരലിൽ പിടിക്കാൻ തുടങ്ങിയപ്പോൾ ആശാൻ കൈ പിൻവലിച്ചു. പിന്നെ വീണ്ടും നീട്ടി. അവൻ കുടുകുടാ ചിരിച്ച് വിരലുകളിൽ പിടിക്കാനുള്ള ശ്രമം തുടർന്നു. ഞങ്ങളെയൊന്നും മൈൻഡ് ചെയ്യാതെ അവർ കളിയിൽ മുഴുകി. ഞാനും ലീലയും ആ കളി കണ്ട് ആസ്വദിച്ച് ഇരുന്നു.
ആശാൻറെ 'ലവണാസുരവധ'ത്തിലെ ഹനുമാനെയാണ് എനിക്ക് ഓർമ്മ വന്നത്. ലവകുശന്മാരോടു കളിയായുള്ള ഏറ്റുമുട്ടലിന്റെ ഒരു പുനരാവിഷ്കാരം. പരിസരം മറന്ന് സമയം മറന്ന് ഇരുവരും. എപ്പോഴാണത് കഴിഞ്ഞതെന്ന് ഓർമ്മയില്ല. മുത്തച്ഛനും കുഞ്ഞുമോനും തമ്മിലുള്ള ആ കളിതമാശകൾ എൻറെ മനസ്സിൽ ഇന്നുമുണ്ട്. പിന്നീട് ആശാൻറെ ലവണാസുരവധം ഹനുമാൻ കാണുമ്പോഴൊക്കെ ഈ സന്ദർഭം എന്റെ മനസ്സിൽ ഓടി വന്നിരുന്നു.
(കഥകളി സംഘാടകനും ആസ്വാദകനും നിരൂപകനും ആണ് ലേഖകൻ. റിട്ടയേഡ് സ്കൂളദ്ധ്യാപകൻ. 2020ലെ പിറന്നാളിലെ ഫേസ്‌ബുക്ക് പോസ്റ്റാണ് ആധാരം.)