പത്താമുദയം

പത്താമുദയം

പുടയൂർ ജയനാരായണൻ -                    

ഏറിയൊരു ഗുണം വരണം : ഭാഗം-അഞ്ച്

ഭാഗം-നാല്  : തോറ്റംപാട്ടിന്റെ ഘടന

എത്തുകയായി പത്താമുദയം.  മറ്റൊരു തെയ്യക്കാലം. ചിലമ്പൊലി ഉയരുകയായി, ചെണ്ടയുടെ അസുരതാളമനുസരിച്ച് അത് നാടിനെയും നാട്ടാരെയും മറ്റൊരു കളിയാട്ട കാലത്തേക്ക് കൈപിടിച്ച് ആനയിക്കും.  എടവപ്പാതിയിൽ അഴിച്ചു വച്ച കോപ്പുകളും, ഉടയാടകളും, മുഖപ്പോളിയും, വീണ്ടും നിറം വച്ച് രംഗത്തേക്ക്.  അണിയലവും, മനയോലയും, ചായില്ല്യവും ഒരുങ്ങിക്കഴിഞ്ഞു. ചെണ്ടക്കയറുകളും മുറുക്കി  ഒരു ദേശം കാത്തിരിക്കുകയാണ് മറ്റൊരു തെയ്യാട്ട കാലത്തിനായി.  

വടക്കൻ കേരളത്തിലെ രാത്രികൾക്ക് ഇനി തോറ്റം പാട്ടിന്റെ സ്വരം ഉണ്ടാകും. പാതിരാത്രിയിലെപ്പോഴോ കൊട്ട് മുറുകും, ഉറക്കച്ചടവിൽ കിടക്കയിൽ തിരിഞ്ഞു കിടക്കുന്നവരും ആരോടെന്നില്ലാതെ പറയും

" കോട്ടത്ത് വീരൻറെ പുറപ്പാടായിനത്രെയാ ; ഇത് കയിഞ്ഞപ്പാട് പൂക്കുട്ടി, അതും കയിഞ്ഞിറ്റ് ബേണം ചാമുണ്ടി. പൊറപ്പാട് കയിഞ്ഞ് മേലേരീൽ തുള്ളാനാവുമ്പെക്ക്  നേരം പൊലരും..  " 

കിടക്കപ്പായിൽ കാവിലെ കൊട്ടിന് കാതോർത്ത് കിടക്കുന്ന  കുഞ്ഞുങ്ങൾ അക്ഷമാരാകും. " ആട അടങ്ങി കെടന്നാട്ടെ ഒരിക്ക... പോലരാനാകുമ്പ പോവാ.. ചാമുണ്ടീന്റെ തോറ്റം തോടങ്ങുമ്പോ ഞാൻ ബിളിക്കാം അന്നേരം എണീച്ചാ മതി." 

കൂടുതൽ അക്ഷമരായി ഉറക്കമിളച്ച് അവർ കാത്തിരിക്കും. വീരനും പൂക്കുട്ടിയും അരങ്ങ് തകർത്ത് പിൻവാങ്ങുംമ്പോഴേക്കും തീചാമുണ്ടിയുടെ അണിയറ തോറ്റം അങ്ങകലേക്ക് കേട്ട് തുടങ്ങിയിരിക്കും.

 

 

അടുത്ത തോറ്റത്തിനു കാതോർത്ത് കിടക്കുന്നവനും കാവിലിനി നടക്കാൻ പോകുന്ന ചടങ്ങ് ഹൃദിസ്ഥം. ഇനിയൊരു ആറേഴു മാസക്കാലം ഇങ്ങിനെയാണ്‌. അങ്ങകലെ ഏതോ ഒരു കാവിൽ നടക്കുന്ന തെയ്യത്തിന്റെ പുറപ്പാടും കാത്ത് പാതിമയക്കത്തിൽ ഒരു ജനത. പാതിരാവ് പിന്നിട്ട് ഏതെങ്കിലും ഒരു യാമത്തിൽ കാവ് ലക്ഷ്യമാക്കി അവർ പോകും.  ഓരോ ചെറു സംഘങ്ങളായി രാത്രിയുടെ അന്ത്യ യാമങ്ങളിൽ ചൂട്ടുവെളിച്ചത്തിൽ പ്രതിബിംബ കൽപ്പനകൾ ഇല്ലാത്ത ദേവതാ സങ്കൽപ്പവുമായി നേരിട്ടുള്ള സംവാദത്തിനു അവർ തങ്ങളുടെ ആരാധനാ മൂർത്തിയെ കണ്ട് തൊഴാനെത്തും. എൻറെ മാതാവേ .. കാത്തോളണേ എന്ന് മനമുരുകി പ്രാർത്ഥിക്കും.

" എന്റെ പൈതങ്ങളെ... എന്ത് വേണ്ടൂ എന്റെ അച്ചീ എന്ന വിളി കേട്ടാൽ  ഞാനും എന്റെ മാതാവും കാത്ത് രക്ഷിച്ചോളാം.. ഏറിയൊരു ഗുണം വരണം.. ഗുണം വരുത്തുവിനെ.. എന്റെ പൈതങ്ങളെ " മഞ്ഞൾ കുറി നെറുകയിൽ ഇട്ട് കൈവച്ച് അനുഗ്രഹിക്കും ദേവത. നിറഞ്ഞ മനസും അമ്മയുടെ അനുഗ്രഹവും നേരിട്ട് ഏറ്റുവാങ്ങി അവർ  മടങ്ങും. ചാമുണ്ടിയുടെ വന്യമായ അഗ്നിപ്രവേശം, ഓരോ തീച്ചാട്ടവും അവർ എണ്ണും.  നൂറോ നൂറ്റൻപതോ തവണ തീയിൽ  ചാടുന്ന കോലക്കാരൻ വിശ്വാസത്തിനോപ്പം താര പരിവേഷവും നേടും. " മ്മളെ കുഞ്ഞിരാമാപ്പണിക്കരുടെ മോനാ ഈട ചാമാണ്ടി കേട്ടീന്.. അച്ഛന കവച്ചിന് മോൻ. അച്ഛൻ നൂറ്റിമുപ്പതോട്ടെല്ലേ തീയ്യില് തുള്ളീറ്റ്ള്ളൂ.. മോൻ കയിഞ്ഞ കളിയാട്ടത്തിന് നൂറ്റയിമ്പത് കടന്നിനി.. ഇപ്പ്രാവശ്യം ഓന് പണിക്കര് സ്ഥാനം തളിപ്പറമ്പ് കൊട്ടുമ്പൊറത്ത്ന്ന്  പട്ടും വളേം പണിക്കര് സ്ഥാനോം കിട്ടും. ഒറപ്പാ " തങ്ങളുടെ ആരാധനാമൂർത്തിയുടെ കോലം മുൻ വർഷത്തെക്കാൾ ഗംഭീരമാക്കിയ കോലക്കാരന്റെ താര പരിവേഷം പറഞ്ഞ്  അവർ ആവേശം കൊള്ളും. ഈ ആവേശ കാലത്തിൻറെ തുടക്കമാണ് പത്താമുദയം. 

ഉത്തരമലബാറിലെ ഹൃദയത്തുടിപ്പുണര്‍ത്തുന്ന തെയ്യക്കാലം തുടങ്ങുന്നത് പത്താമുദയം തൊട്ടാണ്. തുലാമാസം പത്താം തീയതിയാണ് പത്താമുദയമെന്നറിയപ്പെടുന്നത്. തുലാപത്ത് തൊട്ട് ഇടവപ്പാതി വരെയുള്ള ആറേഴ്മാസക്കാലമാണ് കളിയാട്ടക്കാലം. ഇടവപ്പാതിക്ക് കണ്ണൂര് വളപട്ടണം കളരിവാതുക്കൽ വലിയ തമ്പുരാട്ടിയുടെ മുടി അഴിച്ചാൽ പിന്നെ തുലാം പത്ത് വരെ തെയ്യാട്ടങ്ങൾ പതിവില്ല. കോരിച്ചൊരിയുന്ന മിഥുനവും, പഞ്ഞ കർക്കിടവും കഴിഞ്ഞാൽ പ്രത്യാശയുടെ ചിങ്ങം. അടുത്ത കളിയാട്ട കാലത്തിനായുള്ള കോപ്പോരുക്കുന്ന കന്നിയും കഴിഞ്ഞാൽ തുലാമാസം വന്നെത്തി. തുലാം പത്തിന് കാവുകൾ ഉണരുകയായി. സമാനതകളില്ലാത്ത കാല വൈഭവത്തിന്റെ മാറ്റൊലി മുഴങ്ങുന്ന ചുവടുവയ്പ്പുകൾ, ചെണ്ടയുടേയും  പാട്ടിന്റെയും ശബ്ദായമാനമായ അന്തരീക്ഷം  ഉത്തര മലബാറിനെ ആവേശത്തോടൊപ്പം ഭക്തിയുടെ പാരമ്മ്യതയിലേക്കും കൈപിടിച്ചാനയിക്കും. 

തുലാ പത്തിന്  കൊളച്ചേരിയിലുള്ള വിഷകണ്‍ഠൻ തെയ്യത്തിന്റെ പുറപ്പാടോടെയാണ് തെയ്യാട്ടക്കാലത്തിനു കോലത്ത് നാട്ടിൽ തുടക്കമാകുന്നത്. നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരർ കാവിലും തുലാ പത്തിന് തന്നെ പടിത്തരമായി കളിയാട്ടം തുടങ്ങുന്നു. മുച്ചിലോട്ട് കാവുകളിൽ ആദ്യത്തെ കളിയാട്ടം പറശിനിക്കടവിനടുത്ത് നമ്പ്രം മുച്ചിലോട്ട് കാവിലാണ്. പിന്നെ അടുത്ത ഇടവത്തിൽ വളപട്ടണത്ത് വല്യ തമ്പുരാട്ടിയുടെ തിരുമുടി വരെ ഇടതടവില്ലാതെ ചെറുതും വലുതുമായ കളിയാട്ടങ്ങൾ, പെരുംങ്കളിയാട്ടങ്ങൾ. ഇത്തവണത്തെ ആദ്യത്തെ പെരുംങ്കളിയാട്ടം തളിപ്പറമ്പിനടുത്ത് കീഴാറ്റൂർ മുച്ചിലോട്ടു കാവിൽ ഡിസംബർ ആദ്യ വാരം നടക്കും. 

കലശം വയ്പ്പ്, മുതിർച്ച വയ്പ്പ്, ഗുരുതി തുടങ്ങിയ മധ്യമ കർമ്മങ്ങളാണ് തുലാ പത്തിൻറെ ചടങ്ങുകൾ. ചിലയിടങ്ങളിൽ മുദ്രക്കലശം എന്ന ചെറു വേഷപകര്ച്ച്ച്ചയും പതിവാണ്. പിന്നീട് അങ്ങോട്ട്‌ നാള് നിശ്ചയിച്ച് ആളും കുറിയും നോക്കി വരച്ച് വയ്ക്കലും അടയാളം കൊടുക്കലും കഴിഞ്ഞ് പെരുങ്കളിയാട്ടങ്ങളുടെ ഒരു നിര തന്നെ വന്നെത്തുകയായി. മേടത്തിലെ തെയ്യാട്ടത്തിനുള്ള ഒരുക്കങ്ങൾ കൂടി തുടങ്ങുന്നത് തുലാ പത്ത് കഴിയുന്നതോടെയാണ്‌. വലിയൊരു കളിയാട്ടക്കാലത്തിൻറെ കേളി കൊട്ട് ഉയരുകയായി വടക്കൻ കേരളത്തിൽ...  

 

തെയ്യം കലണ്ടർ 

---------------------------------
 
http://www.travelkannur.com/theyyamcalendar.html
 


free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template