വെച്ചൂർ കുഞ്ഞൻ പണിക്കർ അഥവാ തങ്കമണിപ്പിള്ള

വെച്ചൂർ കുഞ്ഞൻ പണിക്കർ അഥവാ തങ്കമണിപ്പിള്ള

 

ശ്രീവൽസൻ തിയ്യാടി

രണ്ടു പേരുകളിൽ അറിയപ്പെട്ടിരുന്നു. തുള്ളലും കുറത്തിയാട്ടവും പ്രയോക്താവ്. പോയനൂറ്റാണ്ടിൽ ജീവിച്ച കലാകാരൻറെ സർഗശേഷിപ്പുകളിലേക്ക് ഒരു നോക്ക്.

 

കുഞ്ഞൻ പണിക്കർ എന്നായിരുന്നു രേഖകളിൽ പേര്. പ്രസിദ്ധി കിട്ടിയതോടെ ഏറെയും തങ്കമണി പിള്ള എന്നായി. മാറ്റത്തിന് കാരണം മഹാരാജാവ്.

തൃപ്പൂണിത്തുറ ഉത്സവത്തിന് നിത്യം തുള്ളൽ അവതരിപ്പിക്കും പയ്യൻ. വൃശ്ചികപ്പക്കല് പൂർണത്രയീശ ക്ഷേത്രത്തിലെ ശീവേലി കഴിഞ്ഞാൽ ഉച്ചയോടെ തുടങ്ങും പാടിയുള്ള ആട്ടം. തെക്കേ മതിലുയരം ചേർന്നുള്ള തട്ടുമാളികയിൽ. മുൻനിരയിൽ പ്രഭുകുടുംബാംഗങ്ങൾ. പിന്നണിയായി ജാൽറയും തൊപ്പിമദ്ദളവും പ്രയോഗിക്കുന്നവർ. കുഞ്ചൻ നമ്പ്യാർ കുറിക്കുകൊള്ളിച്ചെഴുതിയ വരികൾ ഇടവിട്ടുള്ള മുദ്രകളോടെ ചൊല്ലുന്നത് കൊച്ചി ഭരണാധികാരിക്ക് അമ്പേ ബോധിച്ചു. സമ്മാനം വാങ്ങാൻ കുഞ്ഞനെ അടുത്തേക്ക് വരുത്തിയപ്പോൾ വിളിച്ചു: തങ്കമണി.

തിരുവിതാംകൂറുകാരണാണ് യുവാവ്. സ്വദേശം വൈക്കത്തിനടുത്ത് വെച്ചൂര്. അങ്ങോട്ടൊക്കെ ജാതിനാമങ്ങൾ ചിലവ മൊത്തംസമുദായത്തിൻറെ ഈഷൽഭേദങ്ങളോടെ ഉപയോഗിക്കാറുണ്ട്.
 
"അങ്ങനെയാണ് അച്ഛന് പേര് രണ്ടുണ്ടായത്," എന്ന് എൻ.കെ. രമാദേവി. പഴയ കൊച്ചിതലസ്ഥാന പട്ടണത്തിന് ചേർന്നുള്ള പുതിയകാവ് കുരീക്കാട്ട് താമസിക്കുന്ന മകളും തുള്ളൽ കലാപ്രയോക്താവാണ്. വരുന്ന മകരത്തിൽ ഷഷ്ടിപൂർത്തി തികയുന്ന ഈ കുടുംബിനി അന്തരിച്ച തങ്കമണിപ്പിള്ളയെ കണക്ക് കുറത്തിയാട്ടവും അരങ്ങേറ്റും. "അച്ഛൻറെ തുള്ളൽ ഉള്ളിടത്തുതന്നെ മറ്റൊരുനേരം കുറത്തിയാട്ടം ഉണ്ടെങ്കിൽ നോട്ടീസിൽ രണ്ടായി എഴുതും: ആദ്യത്തേതിന് വെച്ചൂർ തങ്കമണി, രണ്ടാമത്തേതിന് വെച്ചൂർ കുഞ്ഞൻ പണിക്കർ."

 



ബ്രിട്ടീഷുകീഴിലെ പ്രവിശ്യയുടെ വാഴ്ചാകേന്ദ്രമായിരുന്ന കോട്ടയ്ക്കകത്തുനിന്ന് തെക്കോട്ട് വസതിയിലേക്ക് ദൂരം 22 നാഴിക. തുള്ളൽ ഉൾപ്പെടെ നാടൻകലകൾ അവതരിപ്പിക്കുന്നവർക്ക് ഉത്സവാന്ത്യം കിട്ടുക അരിയും നാളികേരവും വെളിച്ചെണ്ണയും. ചാർത്ത് എന്നാണ് ഓരോരുത്തർക്കുള്ള പങ്കിന് കണക്ക്. ചാക്കിൽ അതുമായി പുതിയകാവിനപ്പുറം എത്തിയാൽ ചുങ്കമായി. അടയാളമുണ്ട്. കൊതികല്ല്. (കൊ-തി: കൊച്ചി, തിരുവിതാംകൂർ). കൈയിലുള്ള മുതല് അവിടന്നങ്ങോട്ട് എളുപ്പം കടത്താനാവില്ല. നിരോധനമുണ്ട്. പ്രത്യേകവിരുതിൽ ആ കർമം സാധിച്ചെടുത്തിരുന്നുപോൽ തങ്കമണി. "പറഞ്ഞുകേട്ടുള്ള അറിവാണേ," എന്ന് രമാദേവിയുടെ ഭർത്താവ് എം.സി. സുകുമാർ.

കുഞ്ഞനെ തങ്കമണി ആക്കിയ രാമവർമ പതിനേഴാമൻ എന്ന 'ധാർമിക ചക്രവർത്തി' ഒൻപതുവർഷം വാണശേഷം ആലുവാപ്പുഴക്ക് വടക്ക് ചൊവ്വരയിൽ തീപ്പെട്ടു. 1941ൽ. തുള്ളൽക്കാരന് അന്നു പ്രായം 31. പിന്നെയും അരനൂറ്റാണ്ട് അരങ്ങിൽ വിളങ്ങി തങ്കമണി. ആശപ്പെടാതെതന്നെ പുരസ്‌കാരങ്ങൾ പലവ കിട്ടി. ശാരീരിക അവശത തോന്നിയതോടെ 1990കളുടെ തുടക്കത്തിൽ രംഗത്തുനിന്ന് വിരമിച്ചു. ആ ദശകത്തിനൊടുവിൽ മരിച്ചു. പ്രായം 88 കഴിഞ്ഞപ്പോൾ -- 1998 സെപ്തംബർ 23ന്.

വിടപറയുന്നതിന് മൂന്നാണ്ടുമുമ്പ് കേന്ദ്രസർക്കാർ തങ്കമണിയെ ആദരിച്ചു. ദൽഹിയിലുള്ള സംഗീതനാടക അക്കാദമി അവാർഡ് പ്രഖ്യാപിച്ച ആദ്യത്തെ തുള്ളൽക്കാരനായി. ഇതുവരെ അവസാനത്തെയും. രാഷ്ട്രപതി ശങ്കർ ദയാൽ ശർമയിൽനിന്ന് പുരസ്‌കാരം ഏൽക്കുമ്പോൾ തങ്കമണിപ്പിള്ള ചക്രക്കസേരയിലായിരുന്നു. "തീരെ വയ്യാഞ്ഞിട്ടായിരുന്നില്ല അങ്ങനെ വേണ്ടിവന്നത്," എന്ന് രമാദേവിയുടെ ചേച്ചി എൻ.കെ. രാധാമണിയമ്മ. "നടത്തം വല്ലാതെ പതുക്കെ ആയിക്കഴിഞ്ഞിരുന്നു. സമ്മാനജേതാക്കളുടെ നിര നീണ്ടതല്ലേ. ചടങ്ങിലെ ഓരോ നിമിഷവും വിലപ്പെട്ടതും."

 



നല്ലകാലത്തെ പ്രസരിപ്പ്

കൗമാരം തുടങ്ങി സപ്തതി ചെന്നിട്ടും ചടുലമായ ചുവടുകളുടെ ഉടമയായിരുന്നു തങ്കമണിപ്പിള്ള. മനയോല തേച്ചിട്ടാവട്ടെ മേടയ്ക്ക് പുറത്താട്ടെ, ഉത്സാഹിയായിരുന്നു. "പരിപാടികൾ നിറയെയുള്ള വേനൽ കഴിഞ്ഞാലും വെറുതെയിരിക്കുന്ന ശീലമില്ല," എന്ന് മൂത്ത മകൻ ഗോപാലകൃഷ്ണ പണിക്കർ. "മഴക്കാലത്ത് ഇവിടെ വെച്ചൂരെ പറമ്പിൽ കൃഷി ചെയ്യും. തെങ്ങ് അല്ലേലേ ഉണ്ട്. പിന്നെ കാച്ചില്, ചേമ്പ്, ചേന തുടങ്ങി പച്ചക്കറി."

മണൽപ്പരപ്പിൽ വട്ടത്തിൽ കുത്തിയ കുളങ്ങൾ ധാരാളമാണ് വേമ്പനാട് തടാകകരയിലെ ഗ്രാമങ്ങളിൽ. "വെച്ചൂര് ഞങ്ങൾക്ക് അരയേക്കറിലധികമുണ്ട് പറമ്പ്. നല്ലൊരു കുളവും. പച്ചമരുന്ന് ഉപയോഗിച്ച് മെഴുക്കും തേച്ച് വിസ്തരിച്ചു കുളിക്കുമായിരുന്നു അച്ഛൻ മിഥുനം-കർക്കിടകം മാസങ്ങളിൽ. ശരീരം സൂക്ഷിക്കാൻ."

ദേഷ്യം ചുരുക്കമേ വരൂ, എന്നും മക്കൾ. അവരിൽ രാധാമണിയമ്മക്ക് താഴെ എൻ.കെ. പദ്മിനി ചെറുപ്പത്തിൽ മരണപ്പെട്ടു. കുട്ടികളുടെ അമ്മ പിറവം വെള്ളൂർ സ്വദേശിനി കമലാക്ഷിയമ്മ. വൈക്കം മഹാദേവ ക്ഷേത്രത്തിൻറെ വടക്കേനടയിലായിരുന്നു വിവാഹംവരെ താമസം. സാഹിത്യകാരൻ മുഹമ്മദ് ബഷീറിൻറെ ഒരു പെങ്ങൾ തലയോലപ്പറമ്പ് സ്‌കൂളിൽ സഹപാഠിയായിരുന്നു.

തങ്കമണിയുടെ പ്രഥമാനുരാഗം തുള്ളലായിരുന്നു. പിന്നെ കുറത്തിയാട്ടവും. "അതുകൊണ്ടുതന്നെ ആരെയുംകാൾ ശിഷ്യരെ സ്നേഹിച്ചു," എന്ന് രാധാമണിയമ്മ. "അതേസമയം ഞങ്ങള് മക്കള് എല്ലാവരും കലകളിൽ പറ്റുന്നത്ര അച്ഛനൊപ്പം പങ്കുചേർന്നു. നല്ലൊരു കാലമായിരുന്നു."

കുട്ടിയിലേ തുടങ്ങിയതാണ് തുള്ളലിനോട് കമ്പം. വീടിനടുത്തുള്ള ഇടയാഴം സുബ്രഹ്മണ്യക്ഷേത്രത്തിലെ ഉത്സവത്തിന് കണ്ടുള്ള ശീലമാണ് ഈ കലാരൂപം. അച്ഛനായിരുന്നു അമ്പലത്തിലെ മാസപ്പടി. നടുവിലേഴത്ത് മാധവൻപിള്ള. അമ്പലമുറ്റത്തെ പകൽകലാരൂപം കുഞ്ഞന് വലിയ ഇഷ്ടമായി. പഠിക്കാൻ മോഹമുദിച്ചു. അരങ്ങത്ത് കണ്ട കലാകാരൻതന്നെ വൈകാതെ ഗുരുവായി: കുട്ടൻ മേനോൻ. കോട്ടയത്തിനടുത്ത് പരിപ്പ് സ്വദേശി.



കുഞ്ഞൻറെ മാതാവ് നാരായണി അമ്മ കുട്ടനാട്ടുകാരിയാണ്. പുളിങ്കുന്നിന് അടുത്തുള്ള കണ്ണാടി. ആ ഗ്രാമത്തിലായിരുന്നു മകൻറെ ജനനം. 1910 ജൂൺ 10ന്. അച്ഛൻറെ കാര്യദർശിത്വത്തിൽ സംസ്‌കൃതം പഠിച്ചു. സിദ്ധരൂപവും അമരകോശവും ഹൃദിസ്ഥമാക്കി. അങ്ങനെകൂടി ജീവിച്ചുവന്ന കലാതായിരുന്നു കുട്ടൻമേനോന് കീഴിൽ തുള്ളലഭ്യസനം.

പത്തിരുപത്തിയഞ്ച് കഥകൾ മനഃപാഠം ആക്കി. ഓട്ടനും ശീതങ്കനും പറയനും രൂപത്തിൽ ആടാൻ പ്രാപ്തിയുണ്ടാക്കി. അനിയൻ ചിന്നപ്പൻ പണിക്കർ പക്കവാദ്യക്കാരനായി. നമ്പ്യാരുടെതല്ലാത്ത തുള്ളൽക്കഥകൾ ചിലവയും പരിചയിച്ചു. മീശാൻ (കെ.എസ്. കൃഷ്ണപിള്ള എന്ന ഹാസസാഹിത്യകാരൻ) എഴുതിയ 'ശ്രീനാരായണ ഗുരു', 'അയ്യപ്പചരിതം' തുടങ്ങിയവ ഉൾപെടും. അക്കാലത്തെ സ്ഥിരം ശ്രുതിപ്പെട്ടി ഇന്ന് രമാദേവിയുടെ വീട്ടിലുണ്ട്. നിത്യോപയോഗത്തിൽ ഇല്ലെങ്കിലും ഇന്നും ശബ്ദിക്കും.

You need to a flashplayer enabled browser to view this YouTube video 

"അച്ഛൻ കുറത്തിയാട്ടം പഠിച്ചത് ഏഴിക്കര ഗോപാലപിള്ള എന്നൊരു ആശാൻറെ കീഴിലാണ്," എന്ന് രാധാമണിയമ്മ. "വടക്കൻ പറവൂർ അടുത്തുള്ള ആ സ്ഥലത്താണ് ശിവപാർവതിമാർ ദമ്പതിയായി കാടലഞ്ഞ പുരാണഭാഗം തന്തുവാക്കിയ ഈ കലാരൂപം പിറവികൊണ്ടത് എന്നാണ് പൊതുവെ പണ്ഡിതമതം." അവതരണത്തിൽ തമിഴ് മൊഴിയുള്ളതിനാൽ പശ്ചിമഘട്ടത്തിന് അപ്പുറത്തുനിന്ന് വന്ന കൂട്ടരുടെതാണെന്നും.

"ഞാനും പദ്മിനിയും കുട്ടിക്കാലത്തു കുറത്തിയാട്ടത്തിന് കൂടുമായിരുന്നു അച്ഛനൊപ്പം," എന്നും രാധാമണിയമ്മ. "നല്ലൊരു കാലം ഞാനായിരുന്നു സ്ഥിരം കുറവൻ. ഉദ്യോഗം കിട്ടുംവരെ." വയസ്സ് 24 ആയപ്പോൾ സർക്കാർജോലി കിട്ടി രാധാമണിയമ്മ സിവിൽ സപ്ലൈസ് വകുപ്പിൽ ചേർന്നു. ചേട്ടൻ തുള്ളലിന് മൃദംഗം വായിച്ചിരുന്നു. പാട്ടുകളും ധാരാളമായി അറിയാം.

അതല്ലെങ്കിൽ തങ്കമണിപ്പിള്ള പുറത്തുള്ളവരെയും തുള്ളൽ അഭ്യസിപ്പിച്ചു. പാലയിലുള്ള രാമൻ, കൃഷ്ണൻ എന്നിവർ ഉദാഹരണം. വടക്കേ മലബാറുകാരൻ കലാമണ്ഡലം പ്രഭാകരൻ കൊച്ചിയിൽ താമസമാക്കിയ ശേഷം പറയൻതുള്ളൽ പഠിക്കുന്നത് തങ്കമണിപ്പിള്ളയുടെ കീഴിലായിരുന്നു. സ്വയം പഠിച്ച വയലാർ കൃഷ്ണൻകുട്ടി (1954-2017) സംശയനിവാരണത്തിന് വെച്ചൂരെത്തി മാനസഗുരുവിനെ കണ്ടുപോവുമായിരുന്നു. അടുത്ത തലമുറയിൽ ഉല്ലല നാരായണനുണ്ണി, ചേർത്തല രാധാകൃഷ്ണൻ, കാക്കനാട് സുരേഷ് എന്നിവരെയും അഭ്യസിപ്പിച്ചിട്ടുണ്ട്.

 



നിറയെ അരങ്ങുകൾ

വൃശ്ചികം തുടങ്ങി വേനൽ ഒടുങ്ങും വരെയുള്ള കാലത്ത് തങ്കമണിപ്പിള്ളയെ വീട്ടിൽ നന്നെ കുറവേ കാണാൻ കിട്ടിയിരുന്നുള്ളൂ എന്ന് രമാദേവി. "എന്നുമെന്നപോലെ പരിപാടിയാണ്. മുഖ്യമായും കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര് ജില്ലകളിൽ. തൃപ്പൂണിത്തുറ, ആലുവ, പറവൂർ, തിരുവഞ്ചിക്കുളം, തൃക്കാരിയൂർ, അന്നമനട, ചെറായി, തുറവൂർ, പള്ളിപ്പുറം, തിരുനക്കര, ഏറ്റുമാനൂർ, പൊൻകുന്നം.... ഒരിടത്തുനിന്ന് മറ്റൊരു ഉത്സവസ്ഥലത്തേക്ക്.... അന്നൊക്കെ പലപ്പോഴും ഞങ്ങളും സ്‌കൂളിൽ ദിവസങ്ങളോളം പോവാറില്ല."

ആ കാലത്തെ പ്രവൃത്തിബലം രമാദേവിക്ക് പിന്നീട് അനുഗ്രമായി. സീസണിൽ തുള്ളലും കുറത്തിയാട്ടവും ആയി 150ൽ കുറയാതെ അരങ്ങു കിട്ടുന്നു. വടക്കേ മലബാർ തുടങ്ങി തെക്കൻ തിരുവിതാംകൂർ വരെ ക്ഷേത്രങ്ങളിലും മറ്റു വേദികളിലും. "ഇന്നത്തെ കോഴിക്കോട് മുതൽ കൊല്ലം ജില്ലകൾ വരെ. എൻറെ 14 വയസ്സിൽ തുടങ്ങിയതാണ്. അച്ഛൻറെ അനുഗ്രഹം," എന്ന് പറയുന്ന രമാദേവിയുടെ അഞ്ചൂ സുകുമാറും സഞ്ജയ് സുകുമാറും അടുത്തിടെ വരെ സജീവമായി കലാരംഗത്ത് തുണയായി.

തങ്കമണിപ്പിള്ള അവസാനത്തെ അഞ്ചാറു വർഷം വേഷങ്ങൾ ഒഴിവാക്കി. "പ്രായം ചെന്നതോടെ നെറ്റിയിൽ ഒരു മറുക് വന്നു പെരുകാൻ തുടങ്ങി. നമസ്കാരത്തഴമ്പ് പോലൊന്ന്," എന്ന് രാധാമണിയമ്മ. "കിരീടം വച്ചുള്ള വിയർപ്പുകെട്ടിൽ. ഒടുവിൽ ശസ്ത്രക്രിയ വേണ്ടിവന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.... പിന്നീട് അരങ്ങത്തേക്കുണ്ടായില്ല." കുറേശ്ശെയായി തിമിരം കാഴ്ചയെ ബാധിച്ചു.

ആ വിവരം അറിയാതെ സഹൃദയലോകം തങ്കമണിപ്പിള്ളയെ പലപ്പോഴായി തുള്ളലിന് ക്ഷണിച്ചുപോന്നു. "അവസാന കൊല്ലങ്ങളിൽ അച്ഛന് ആവശ്യകലാകാരനുള്ള പെൻഷൻ കിട്ടിയിരുന്നു. മാസം 200 രൂപ," എന്ന് രമാദേവി.

കേരള സംഗീതനാടക അക്കാദമി 1980ൽ പുരസ്‌കാരം നൽകിയ തങ്കമണിപിള്ളക്ക് 1997ൽ ഒറ്റപ്പാലത്തിനടുത്തുള്ള ലക്കിടിയിലെ കിള്ളിക്കുറിശ്ശിമംഗലത്തുള്ള കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്‌കാരം കിട്ടി. "ഏറ്റവും അദ്‌ഭുതപ്പെടുത്തിയത് കേന്ദ്ര അവാർഡ് ആയിരുന്നു. ആകാശവാണിയിലെ വാർത്തയിൽനിന്നാണ് ഞങ്ങൾ വീട്ടിലിരുന്ന് വിവരമറിയുന്നത്," എന്ന് രമാദേവി.  

ഇത്രയൊക്കെയായിട്ടും വെച്ചൂർ തങ്കമണിപ്പിള്ളയുടെ ചിത്രങ്ങളോ കലാജീവിതത്തെ പറ്റിയുള്ള കുറിപ്പുകളോ വേണ്ടത്ര കിട്ടാനില്ലെല്ലെന്ന് കുടുംബത്തിന് ഖേദമുണ്ട്. അതിനിടയിലും ഗൃഹനാഥനെ കുറിച്ചുള്ള ഓർമകളിൽ സന്തോഷം കണ്ടെത്തുന്നു അംഗങ്ങൾ.

 
 

 

(രംഗകലാകുതുകിയാണ് ലേഖകൻ. മാധ്യമപ്രവർത്തകൻ. താമസം തൃശൂര്.)

 
embed video powered by Union Development


അറിയാതെ പോകുന്ന ജീവിതങ്ങൾ

അറിയാതെ പോകുന്ന ജീവിതങ്ങൾ 

 
ഷാജി മുള്ളൂക്കാരൻ                                                                
 

അറിയാതെ പോകുന്ന, രേഖപ്പെടുത്താതെ പോകുന്ന ചില ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റിലും. ഒരായുസ്സ് മുഴുവന്‍, കലയെ സ്നേഹിച്ചവര്‍.... കുടുമ്പം പുലര്‍ത്താന്‍ വഴിയില്ലാതാവുമ്പോള്‍ പോലും കലയോടുള്ള സ്നേഹം നിമിത്തം അതില്‍ത്തന്നെ ഉറച്ചു നിന്ന് ജീവിതാന്ത്യം വരെ തന്റെ ഇഷ്ട്ട കലയെ ഉപാസിക്കുന്നവര്‍.... ഒരു ഓര്‍മ്മ ചിത്രംപോലും അവശേഷിപ്പിക്കാതെ, അങ്ങിനെ വിടപറഞ്ഞുപോയവര്‍ എത്രയെത്ര. തിരഞ്ഞുപോയാല്‍, അവരുടെയൊക്കെ സംഭവബഹുലമായ ജീവിതത്തിന്റെ അവശേഷിപ്പുകള്‍ പോലും കാണാനില്ല.

ഇന്നലെ മുതല്‍ കോട്ടക്കല്‍ ഉത്സവ സ്ഥലത്തായിരുന്നു. വൈകീട്ടുള്ള ശീവേലി, രാത്രി മുഴുക്കെ ഉറക്കമിളിച്ചുള്ള കഥകളി കാണലും പടമെടുക്കലും ഒക്കെയായി കഴിഞ്ഞു പോയി. ഇന്ന് ഉച്ചക്കുള്ള ഓട്ടന്‍ തുള്ളല്‍ പരിപാടിയുടെ ആളുകളെ കണ്ട്, കുറച്ചു പടം എടുക്കാനായി ചെന്നതാണ്. ഒരിടത്തൊരു വയോധികന്‍ ഇരുന്നു ചിരിക്കുന്നു. അടുത്ത് ചെന്നു. സംസാരത്തില്‍ വടക്കന്‍ കേരളം ചുവ. സ്വദേശം എവിടെയെന്നു ചോദിച്ചു വന്നപ്പോള്‍ കാഞ്ഞങ്ങാട് സ്വദേശി. പിന്നെയും തിരഞ്ഞു ചെന്നപ്പോള്‍ നീലേശ്വരം അടുത്താണ് എന്നായി. ഞാന്‍ തളിപ്പറമ്പുകാരനാണ് എന്ന് പറഞ്ഞപ്പോള്‍ , നാട്ടുകാരനായ ഒരാളെ കിട്ടിയല്ലോ എന്ന സന്തോഷം ആ നിഷ്ക്കളങ്ക മുഖത്ത്. ഏറെ നേരം സംസാരിച്ചിരുന്നു.



Read more: അറിയാതെ പോകുന്ന ജീവിതങ്ങൾ

ആട്ടങ്ങളില്‍ ശുഭം കൃഷ്ണനാട്ടം

ആട്ടങ്ങളില്‍ ശുഭം കൃഷ്ണനാട്ടം                    

2012 ജനുവരി മാസത്തില്‍ കൃഷ്ണനാട്ടത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് TAFK ഗ്രൂപ്പില്‍ നടന്ന ചര്‍ച്ച. “ആട്ടങ്ങളില്‍ കൃഷ്ണനാട്ടം ശുഭം എന്ന് കുഞ്ചന്‍ നമ്പിയാര്‍ പറഞ്ഞിട്ടുണ്ട്. എന്ത് കൊണ്ടാവാം അങ്ങനെ നമ്പിയാര്‍ പറഞ്ഞത്? നൃത്തത്തിന് പ്രാധാന്യം കൊടുത്തത് കൊണ്ടാണോ, അതോ അമ്പലത്തില്‍ മാത്രം നടന്നു വരുന്ന ഒരു അനുഷ്ടാനം എന്ന നിലക്കാണോ, കൃഷ്ണന്റെ കഥകള്‍ മാത്രം അവതരിപ്പിക്കുന്നതിന്റെ ഒരു ദൈവിക പരിവേഷം കൊണ്ടാണോ, അതോ സമൂതിരിയോടുള്ള ബഹുമാനം മൂലമോ” എന്ന വിഷയം അവതരിപ്പിച്ചാണ് ശ്രീ Madhu Menon Keezhilath ചര്‍ച്ച ആരംഭിച്ചത്.

Appan Varma 

നൃത്തം കുറവല്ലേ കൃഷ്ണന്നാട്ടത്തില്‍? അപ്പോള്‍ മറ്റു കാരണങ്ങള്‍ കൊണ്ടാവും.



Read more: ആട്ടങ്ങളില്‍ ശുഭം കൃഷ്ണനാട്ടം

free joomla templatesjoomla templates
2024  Aswadanam.com   globbers joomla template