കലാനിലയം ഉണ്ണികൃഷ്ണൻ: പൂർവാശ്രമത്തിൽ കഥകളിക്കാരൻ
- Details
- Category: Kathakali
- Published on Friday, 26 March 2021 15:08
- Hits: 2857
കലാനിലയം ഉണ്ണികൃഷ്ണൻ: പൂർവാശ്രമത്തിൽ കഥകളിക്കാരൻ
പൊന്നാനിഭാഗവതരായി കേരളമൊട്ടുക്ക് പേരെടുക്കുംമുമ്പ് തിരുവിതാംകൂറുകാരൻ പയ്യൻ ഇരിഞ്ഞാലക്കുടയിലെ സ്ഥാപനത്തിൽ ചേരുന്നത് വേഷം പഠിക്കാനായിരുന്നു. ആറു പതിറ്റാണ്ട് പഴക്കമുള്ള ആ ചരിതത്തിലേക്ക് ഒരു മിന്നൽനോട്ടം.
ശ്രീവൽസൻ തിയ്യാടി
പുറപ്പാടിലെ കൃഷ്ണൻ ആയിട്ടായിരുന്നു അരങ്ങേറ്റം. ആറ് പതിറ്റാണ്ട് മുമ്പ്. എന്നാൽ പിന്നീട് സ്ഥിരമായി മീശവച്ച മുഖമായി. വേഷങ്ങൾ കിട്ടാഞ്ഞിട്ടായിരുന്നോ എന്ന ചോദ്യം പ്രസക്തമല്ല. കാരണം കഥകളി പഠിക്കേ മൂന്നാം വർഷം പയ്യൻ ചുവടുമാറി. കാൽസാധകം നിർത്തി തൊണ്ടയാക്കി കലായന്ത്രം. അങ്ങനെയാണ് കലാനിലയം എം ഉണ്ണികൃഷ്ണൻ എന്ന പാട്ടുകാരൻറെ പിറവി.
സംഭവത്തിന് രണ്ടു വേനലിനകം ഷഷ്ടിപൂർത്തിയാകും. കഥാനായകന് ഇന്ന് വയസ്സ് 73 നടപ്പ്.
ഇരിഞ്ഞാലക്കുടയിൽ കഥകളി പഠിച്ചിരുന്ന സ്ഥാപനത്തിന് തൊട്ടുള്ള കൂടൽമാണിക്യം അമ്പലത്തിൽ ആയിരുന്നു കന്നിയരങ്ങ്. സ്വല്പം കടുപ്പത്തിൽ നീലമനയോല തേച്ച മുടിവച്ച രൂപം. നേർത്ത അരവണ്ണത്തിന് പാകത്തിന് ഉടുത്തുകെട്ട്. എന്നാൽ ഉയരംതികഞ്ഞിട്ടല്ലാത്ത പ്രായമാകയാൽ ഞൊറി കാലടിയോളം ഞാന്നിട്ടുണ്ട്. ഉത്തരീയങ്ങൾക്കും ഒരുമിനുസം നീളക്കൂടുതൽ കല്പിക്കാം.
ഇങ്ങനെ സൂക്ഷ്മം പറയാൻ കാരണം ആ വേദി പകർത്തിയ ഒരു ഫോട്ടോ നിലവിലുള്ളതിനാലാണ്. കാലത്തിൻറെ വിസ്മൃതിയിലേക്ക് വഴുതിയിരുന്ന ആ കറുപ്പുംവെളുപ്പും ചിത്രം അടുത്തിടെ അവിചാരിതമായി കൈപ്പറ്റിയത് ഉണ്ണികൃഷ്ണന് കൗതുകമായി. ക്യാമറ മിന്നിയ കോണിൽ കടലാസുചുട്ടിക്കുള്ളിലെ മുഖം മറഞ്ഞിട്ടുണ്ട് -- ഉയർത്തിപ്പിടിച്ചിട്ടുള്ള സ്വന്തം കൈയാൽ.
എന്നാൽ തട്ടിന്മേൽ ബാക്കിയുള്ളവരത്രയും വ്യക്തം. അച്ഛൻ തകഴി മാധവക്കുറുപ്പ് മുഖ്യ ഗായകൻ. ചേങ്ങില പിടിച്ചുള്ള പൊന്നാനിഭാഗവതർ തെക്കൻശൈലിയിൽ വലത്താണ് നിൽക്കുക. ഇലത്താളവുമായി വൈക്കംകാരൻ ചെമ്പിൽ വേലപ്പൻ നായർ. ചെണ്ട: ശ്രീനാരായണപുരം അപ്പു മാരാർ, മദ്ദളം: പാഴൂർ കൃഷ്ണൻകുട്ടി മാരാർ.
മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ അവസാനത്തേതാണ് സംഗമേശ്വരഭൂവിൽ. അവിടെ മാത്രമേ ഉണ്ണികൃഷ്ണൻ കഥകളിവേഷമാടിയുള്ളൂ. ഒരേയൊരു തവണ. തിരിഞ്ഞുനോക്കുമ്പോൾ 1963ലെ സംഭവം അദ്ദേഹത്തിൽ വിശേഷിച്ച് കൗതുകം ഉണർത്തുന്നില്ല. എന്തെങ്കിലുമുണ്ടെങ്കിൽത്തന്നെ സ്വയം കളിയാക്കുന്ന നർമം: "ദൈവം സഹായിച്ച് നിങ്ങക്കാർക്കും പിന്നെ എൻറെ വേഷം കാണേണ്ടിവന്നില്ല. പുറപ്പാടിന് കൃത്യം അന്നേരംതന്നെ പടം എടുത്തതുകൊണ്ട് ഒള്ള മുഖവും തെളിയാതെപോയി."
ഓടനാട്ടിൽനിന്ന് ഉണ്ണായിയൂരിലേക്ക്
പതിനെട്ടാം നൂറ്റാണ്ടിൻറെ രണ്ടാംപാദത്തിൽ പ്രസിദ്ധമായ 'നളചരിതം' എഴുതിയ ഉണ്ണായി വാര്യരുടെ സ്മരണയിൽ പണിത കലാനിലയം കുടികൊള്ളുന്നത് ആട്ടക്കഥാരചയിതാവിൻറെ ഭവനത്തിലാണ് എന്നാണ് പ്രമാണം. അവിടെയാണ് പഴയ ഓണാട്ടുകരയിൽനിന്നൊരു ബാലൻ വേഷം പഠിക്കാൻ എത്തുന്നത്. സ്ഥാപനത്തിന് അടിക്കല്ലിട്ട് അഞ്ചുകൊല്ലത്തിനു ശേഷം -- 1960ൽ. ജന്മദേശമായ കായംകുളത്തുനിന്ന് 160 കിലോമീറ്റർ താണ്ടി. സഞ്ചരിച്ചതേറെയും തീവണ്ടിയിൽ. കല്ലേറ്റുംകര സ്റ്റേഷനിൽ ഇറങ്ങി ആറു നാഴിക പടിഞ്ഞാട്ട് ബസ്സിലും.
അച്ഛൻറെ കൂടെയായിരുന്നു ആ വടക്കൻയാത്രക്കുള്ള പുറപ്പാട്. പിതൃവഴിയിലുണ്ട് കലാപാരമ്പര്യം, അതുപക്ഷേ സംഗീതത്തിലായിരുന്നു. മകനെ കഥകളിക്ക് ചേർക്കുമ്പോൾ തകഴി മാധവക്കുറുപ്പ് അദ്ദേഹത്തിൻറെ നാട്ടിലെ ശാസ്താക്ഷേത്രത്തിലെ സോപാനഗായകനാണ്. മുത്തച്ഛൻ 'ദാനവാരി കുറുപ്പ്' എന്ന് ഖ്യാതിയുള്ള കൊച്ചുകുഞ്ഞും അതിനുമുന്നെ ആ നടയ്ക്കൽ കൊട്ടിപ്പാടിസ്സേവ ചെയ്തുപോന്നു.
"കഥകളിക്കും പാടിയിരുന്നു അച്ഛൻ -- എൻറെ അരങ്ങേറ്റചിത്രത്തിൽനിന്ന് പിടികിട്ടിക്കാണുമല്ലോ. അരങ്ങുനിയന്ത്രിക്കുന്നു എന്ന് പറയാമെങ്കിലും അരങ്ങത്ത് വേഷമാണല്ലോ ഫലത്തിൽ പ്രധാനം. അതിനാൽതന്നെ അച്ഛന് മോഹം ഞാൻ കഥകളിക്കാരൻ ആവണം എന്നതായിരുന്നു," എന്നോർക്കുന്നു ഉണ്ണികൃഷ്ണൻ.
അമ്മനാടായ കായംകുളത്തുനിന്ന് പന്ത്രണ്ടാം വയസ്സിൽ ഇരിഞ്ഞാലക്കുടക്ക് പുറപ്പെട്ട ട്രെയിനിൽ എറണാകുളത്തുനിന്ന് അച്ഛൻറെ രണ്ടു പരിചയക്കാർ കയറി. അവരുടെ കൂടെയുണ്ടായിരുന്ന പയ്യനും കലാനിലയത്തിൽ വേഷം പഠിക്കാൻ പുറപ്പെട്ടിട്ടുള്ളതായിരുന്നു. കോട്ടയം മാങ്ങാനംകാരൻ ടി.ജി. ഗോപാലകൃഷ്ണൻ.
പിന്നീടത്തെ പ്രസിദ്ധ സ്ത്രീവേഷക്കാരൻ കലാനിലയം ഗോപാലകൃഷ്ണൻ അങ്ങനെ ഉണ്ണികൃഷ്ണന് സഹപാഠിയായി. തിരുവല്ലക്കാരൻ മന്മഥനും. (ഇദ്ദേഹം പിന്നീട് അരവിന്ദാക്ഷ മേനോൻറെ ബാലെ ട്രൂപ്പിൽ നർത്തകനായി, മദ്ധ്യവയസ്സ് പിന്നിട്ടതോടെ വീണ്ടും കുറേശ്ശെ കഥകളിയിലും.) പള്ളിപ്പുറം ഗോപാലൻനായർ വേഷം മേധാവിയായിരുന്ന തുടക്കകാലത്ത് കലാനിലയം രാഘവൻറെ കളരിയിൽ മുതിർന്നുവന്നു കുമാരന്മാർ. ഗോപാലകൃഷ്ണൻ മുന്നേ നാട്ടിൽനിന്ന് വേഷം ലേശം അഭ്യസിച്ചിട്ടുള്ളതായിരുന്നു. അതിനാൽ ഉണ്ണിക്കൃഷ്ണനെക്കാൾ മുന്നേ കലാനിലയത്തിൽ ഔപചാരികമായി അരങ്ങേറി.
"എൻറെത് പിന്നീടായിരുന്നു. രണ്ടാംവർഷം കഴിയുന്നതോടെ. ശ്രീകൃഷ്ണൻ. ഒറ്റക്ക്. ഉത്സവത്തിന്," എന്നോർക്കുന്നു. "വലിയ കുഴപ്പംകൂടാതെ പോയി."
തുടർന്നും ചൊല്ലിയാട്ടക്ലാസ് നടന്നുവന്നു. കലാമണ്ഡലം കുട്ടൻ അദ്ധ്യാപനത്തിന് വരുന്നതിന് തൊട്ടുമുമ്പുവരെ. ഉത്തരാസ്വയംവരം ദൂതൻ, ലവണാസുരവധത്തിലെ കുശലവന്മാർ, സീത തുടങ്ങി കഥാപാത്രങ്ങൾ കളരിയിലഭ്യസിച്ചു. രംഗത്ത് വേഷങ്ങൾ ഒന്നുമേ തുടർന്നുണ്ടായില്ല. സമകാലികൻ കലാനിലയം പരമേശ്വരൻ എന്ന ചുട്ടിക്കാരനും തുടക്കത്തിൽ വേഷം വിദ്യാർത്ഥിയായിരുന്നു.
വൈകിട്ട് കുളത്തിൽ മേൽകഴുകി വന്നാൽ സന്ധ്യക്ക് സ്ഥാപനത്തിൽ കുട്ടികൾ ഒത്തുചേർന്നുള്ള ഭജനയുണ്ട്. ഉണ്ണിക്കൃഷനും കൂടും. കൊച്ചൻറെ പാട്ട് മൂത്തവർ ശ്രദ്ധിക്കാൻ തുടങ്ങി. സംഗീതം തരക്കേടില്ലല്ലോ എന്നൊരഭിപ്രായം ആശാന്മാർക്കിടയിൽ പരക്കാനും ഹേതുവായി.
"അങ്ങനെ മൂന്നാം വർഷത്തിനിടെ അവർ അച്ഛനെ കലാനിലയത്തിലേക്ക് വിളിപ്പിച്ചു. കുട്ടിയെ പാട്ടിലേക്ക് തിരിച്ചുവിടട്ടെ എന്നാരാഞ്ഞു സ്ഥാപനമേധാവി പുതൂര് അച്യുതമേനോൻ. ആശയം അച്ഛന് ഒട്ടും ഇഷ്ടപ്പെട്ടില്ല. 'അവൻ വേഷക്കാരനായി കാണാൻ മോഹിച്ചാണ് ഇവിടെ കൊണ്ടുവന്നാക്കിയത്' എന്ന് ഓർമപ്പെടുത്തി. ആശാന്മാർ അവരുടെ ന്യായവും പറഞ്ഞു. 'എന്നാൽ നിങ്ങടെ ഇഷ്ടം പോലാട്ടെ' എന്ന് തീരെ തൃപ്തിയില്ലാതെ അച്ഛൻ പറഞ്ഞു. ഒട്ടും നേരം കളയാതെ ഇറങ്ങിപ്പോവുകയും ചെയ്തു."
പാട്ടുപാതയിലേക്ക് നടന്നേറിയത്
അതേതായാലും വൈകാതെ ഉണ്ണികൃഷ്ണൻ സപ്‌തസ്വരം അഭ്യാസത്തിനിരുന്നു. വേലപ്പൻ നായര് കൂടാതെ പാഴൂര് കൃഷ്ണൻകുട്ടി മാരാർ എന്ന ബഹുകലാപ്രയോക്താവ് -- ക്ഷേത്രമടിയന്തിരക്കാരനായ അദ്ദേഹം പാടും, കൊട്ടും. ,മഹാശയനായ ചേർത്തല കുട്ടപ്പക്കുറുപ്പും തെല്ലുമാസങ്ങൾ പഠിപ്പിച്ചു.
അങ്ങനെപോകെ ഇരിഞ്ഞാലക്കുടയിൽനിന്ന് 15 കിലോമീറ്റർ കിഴക്ക് കൊടകരയിൽ കഥകളി. കലാനിലയം ട്രൂപ്പിനൊപ്പം വേറെയും ഒന്നാംകിട കലാകാരന്മാരുണ്ട്. വിദ്യാർത്ഥിയെന്ന നിലയിൽ ഉണ്ണികൃഷ്ണനും എത്തി പുത്തുക്കാവ് ദേവീക്ഷേത്രത്തിൽ. താലപ്പൊലിയാണ്. മുഴുരാത്രി അരങ്ങ്. നിനച്ചിരിക്കാതെ കൃഷ്ണൻകുട്ടി മാരാർ എത്താതെപോയി. പരിഭ്രമമായി.
അനിശ്ചിതത്വം അവസാനിപ്പിക്കാൻ തീർപ്പുകല്പിച്ചത് വേലപ്പൻ നായരാശാനാണ്. "കയറിനിന്ന് പാട്..." എന്നങ്ങു പറഞ്ഞു ഉണ്ണികൃഷ്ണനോട്. ആജ്ഞയിൽ പരുങ്ങിയില്ല പയ്യൻ. പുറപ്പാടിന് ഇലത്താളമേന്താൻ രണ്ടാമുണ്ട് ചുറ്റി. തുടർന്നൊരു പൂതനാമോക്ഷം. "ഓർമ ശരിയെങ്കിൽ കോട്ടക്കൽ ശിവരാമൻറെ ലളിത." അതിനും പാടി. "പിന്നീട് നേരുപറഞ്ഞാൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല."
താമസിയാതെ, 1965ൽ കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി എത്തി ഉണ്ണികൃഷ്ണന് കലാനിലയത്തിൽ ഗുരുവായി. അഞ്ചുകൊല്ലം കഴിഞ്ഞ് കോഴ്സ് മുഴുമിപ്പിച്ചു. മാസങ്ങൾക്കകം കലാമണ്ഡലം വിളിച്ചു. ആദ്യം താത്കാലിക അടിസ്ഥാനത്തിൽ. 1980 തുടങ്ങി സ്ഥിരംനിയമനം. കലാമണ്ഡലം ആരംഭിച്ചുള്ള അൻപതാം വർഷത്തിലാണ് പുറമേസ്ഥാപനത്തിൽ അഭ്യസിച്ചൊരാൾ ആദ്യമായി ആശാനാവുന്നത്. അങ്ങനെ 23 കൊല്ലം പല തലമുറകളെ പഠിപ്പിച്ച് 2003ൽ വകുപ്പുമേധാവിയായി വിരമിച്ചു.
കലാനിലയകാലത്തിൻറെ മദ്ധ്യത്തിൽത്തന്നെ കഥകളിക്ക് പാടാൻ നിറയെ അവസരങ്ങൾ വന്നുതുടങ്ങി. നീലകണ്ഠൻ നമ്പീശൻ, ഉണ്ണികൃഷ്ണ കുറുപ്പ്, കലാമണ്ഡലം ഗംഗാധരൻ തുടങ്ങി വടക്കർക്കും അതല്ലാതെ ദക്ഷിണകേരളത്തിലെ പ്രമുഖരായ തകഴി കുട്ടൻ പിള്ള, തണ്ണീർമുക്കം വിശ്വംഭരൻ, ചേർത്തല തങ്കപ്പപ്പണിക്കർ, സുകുമാര മേനോൻ തുടങ്ങിയവർക്കും വിശ്വസിക്കാവുന്ന ശങ്കിടിയായി. കല്ലുവഴിയും കപ്ലിങ്ങാടനും ചിട്ടകൾ വശമാക്കി. 'കർണശപഥം' മലയാളക്കരയിൽ തരംഗമായ 1980കളിൽ തുടങ്ങി തിരക്കുള്ള പൊന്നാനിയായി.
അച്ഛൻ മാധവക്കുറുപ്പ് ശതാഭിഷിക്തനായി പിറ്റേവർഷം മരിച്ചു -- 1982ൽ. മകൻ വേഷക്കാരനല്ലാതെ പോയല്ലോ എന്ന ഖേദമേതും കൂടാതെ. അദ്ദേഹം രചിച്ച വള്ളീപരിണയം, ഭീഷ്മവിജയം, സപ്താഹസംഭവം എന്നിങ്ങനെ മൂന്ന് ആട്ടക്കഥകൾക്ക് സംഗീതം ചിട്ടപ്പെടുത്തിയത് ഉണ്ണികൃഷ്ണനായിരുന്നു. പലയിടത്തും പാടിയതും വേറെയാരും ആയിരുന്നില്ല.
ഇരിഞ്ഞാലക്കുടയിൽനിന്നുതന്നെ വിവാഹം കഴിച്ചു. അമ്പലത്തിനടുത്ത് താമസമാക്കി. ശ്യാമളാ-ഉണ്ണികൃഷ്ണൻ ദമ്പതിമാർക്ക് ഒരു മകനും മകളും. വേറെ നാട്ടിൽ ജീവിക്കുന്ന അവർക്കുമായി കുട്ടികൾ. "എനിക്കിന്ന് അസന്തുഷ്ടി ഒന്നുമേയില്ല. ആയ കാലത്ത് തിമർത്തു പാടി -- രാജ്യത്ത് മറ്റിടങ്ങളിലും വിദേശത്തും അടക്കം. ഇന്നിപ്പോൾ മുന്നെപ്പോലെ അരങ്ങുകളില്ല എനിക്ക്. നല്ലൊരു നിര യുവാക്കൾ രംഗത്തുണ്ടല്ലോ. അവരോടൊപ്പം ഈ പ്രായത്തിൽ മത്സരിക്കാനൊക്കുമോ?" എന്ന് പുഞ്ചിരിയോടെ. "പിന്നെ, നമുക്കും ഉണ്ടായിരുന്നു ഒരു കാലം. ആ സത്യം ചിലപ്പോൾ മനസ്സിലാക്കാതെയോ ഓർമിക്കാതെയോ അംഗീകരിക്കാതെയോ ചിലർ പെരുമാറും. അതിലേയുള്ളു ചെറിയൊരു പ്രയാസം."
കഥകളിപ്പാട്ടുകാരിൽ വേഷപഠനം എന്ന പൂർവാശ്രമം ഉള്ളവർ ഇന്നും വേറെയും പേരുണ്ട്. സാക്ഷാൽ കലാമണ്ഡലം ഗോപിയുടെ സമകാലികൻ വൈക്കം പുരുഷോത്തമൻ പിള്ള ഒരുദാഹരണം. താരവേഷക്കാരൻറെ ഇഷ്ടഗായകൻ പത്തിയൂർ ശങ്കരൻകുട്ടി മറ്റൊരാൾ. അടുത്ത തലമുറയിൽ നെടുമ്പള്ളി രാംമോഹൻ. "വേഷം പഠിക്കുന്നത് പാട്ടിന് ഗുണം ചെയ്യും," എന്ന് കലാനിലയം ഉണ്ണികൃഷ്ണൻ. "അക്ഷരം നിരത്തുന്നുതുടങ്ങി അരങ്ങുചിട്ടകൾ ഉറപ്പിക്കുന്നതിനുവരെ കുറേക്കൂടി വ്യക്തത കിട്ടും."
മീശ മുഴുവൻ നരച്ചെങ്കിലും എടുത്തുകളഞ്ഞിലൊരിക്കലും. "പാരമ്പര്യകലയിൽ 'സാ' എന്ന് പാടുന്ന ചുണ്ടിനുമീതെ 'റ' എന്നൊരു വര" എന്നുതുടങ്ങി മുറുമുറുപ്പുണ്ടായിട്ടും. മറ്റു പലതിലുമെന്നപോലെ ഇക്കാര്യത്തിലും ഭാഗവതർക്ക് നല്ല തീർപ്പാണ്.