നങ്ങ്യാർ കൂത്തും കണ്ണകീ ചരിതവും
- Details
- Category: Koodiyattam
- Published on Thursday, 26 December 2013 01:00
- Hits: 5293
നങ്ങ്യാർ കൂത്തും കണ്ണകീ ചരിതവും
ദിലീപ് കുമാർ
ആമുഖം
ശ്രീമതി മാർഗ്ഗി സതി ദുബായ് ഉത്സവത്തിൽ അവതരിപ്പിച്ച കണ്ണകീ ചരിതം എന്ന, അവർ തന്നെ ചിട്ടപ്പെടുത്തിയ നങ്ങ്യാർ കൂത്തിനെ പറ്റിയുള്ള ഒരു ചെറിയ അവലോകനമെങ്കിലും അതു കണ്ടപ്പോൾ എഴുതണമെന്നു തോന്നി.
നങ്ങ്യാർ കൂത്തിന് ഒരാമുഖം
ഈ കലയുമായി തീരെ പരിചയമില്ലാത്തവർക്കു വേണ്ടി പറയുകയാണങ്കിൽ, “ശ്രീകൃഷ്ണചരിതം” എന്ന കുലശേഖരവർമ്മനാൽ വിരചിതമായ, കാവ്യത്തിന്റെ ദൃശ്യാവിഷ്കാരമായിട്ടാണ് നങ്ങ്യാർ കൂത്ത് അവതരിപ്പിച്ചിരുന്നത്. അതിലെ ഇരുനൂറ്റിച്ചില്ല്വാനം ശ്ലോകങ്ങളും, കൂടെ മറ്റുറവിടങ്ങളിൽ നിന്നെടുത്ത അപൂർവ്വം ചില ശ്ലോകങ്ങളും കൂടി, ഉഗ്രസേനൻ മധുരാരാജ്യം ഭരിച്ചിരുന്ന കാലം തൊട്ട്, കംസോത്ഭവം, ദേവകീവിവാഹം, കൃഷ്ണാവതാരം, അമ്പാടി, വൃന്ദാവനങ്ങളിലെ ചെയ്തികൾ, കംസവധം, ദ്വാരകാവാസം, സുഭദ്രയുടെ കഥ - സുഭദ്രയെ അർജ്ജുനൻ രക്ഷിക്കുന്നതും, അതിനിടയിൽ ഗാത്രിക നഷ്ടപ്പെടുന്നതും ആയ ചരിത്രം, സുഭദ്രയുടെ ചേടിയായ കല്പലതിക നിർവ്വഹണം എന്ന രൂപത്തിൽ അഭിനയിച്ചു ഫലിപ്പിക്കുകയാണല്ലൊ ചെയ്യുന്നത്.
നിർവ്വഹണം
കൂടിയാട്ടങ്ങളിലെ ഒരുവിധം അപ്രധാനമല്ലാത്ത എല്ലാ കഥാപാത്രങ്ങളും, ആദ്യമായി അരങ്ങത്ത് പ്രത്യക്ഷപ്പെടുമ്പോൾ അവരെ സ്വയം പരിചയപ്പെടുത്തി, പൂർവ്വ കഥ പറഞ്ഞ് (ആടി) കഥാബന്ധം വരുത്തി, തത്കാല അവസ്ഥക്കു കാരണഭൂതങ്ങളായിട്ടുള്ള കഥ വിസ്തരിച്ച് ആടുക എന്ന ഒരു ചടങ്ങുണ്ട്. ഇതിൽ കഥാബന്ധം വരുത്തുന്നതിനെ, അനുക്രമം, സംക്ഷേപം എന്ന് രണ്ടു ഘട്ടങ്ങളുണ്ട്. അതു കഴിഞ്ഞ്, വരുന്ന ഘട്ടത്തെ നിർവ്വഹണം എന്നു പറഞ്ഞു വരുന്നു. അതു കഴിഞ്ഞാണ്, നാടകത്തിലെ സാഹിത്യത്തിന്റെ അഭിനയം.
ശ്രീകൃഷ്ണചരിതം
എല്ലാ നങ്ങ്യാർ കൂത്തുകളും ഈ "നിർവ്വഹണം" തന്നെ. ശ്രീകൃഷ്ണ ചരിതത്തിലാണെങ്കിൽ, കല്പലതികയുടെ നിർവ്വഹണം. ഇതിന്റെ സങ്കൽപ്പം എന്തെന്നാണെങ്കിൽ, സുഭദ്രാ ധനഞ്ജയം കൂടിയാട്ടത്തിലെ, സുഭദ്രക്ക്, ഗാത്രിക നഷ്ടപ്പെട്ടു എന്ന ഭാഗത്തിനു ശേഷം, സുഭദ്രയുടെ തോഴിമാരിലൊരാളായ ഇവളെ അതന്വേഷിക്കാനായി നിയോഗിക്കപ്പെട്ടതിനനുസരിച്ച് വരുന്ന ഭാവത്തിലാണ്. ആ വിധം, പ്രത്യക്ഷപ്പെട്ട് കഥ പറയുന്നു (അഭിനയിക്കുന്നു).
ആധുനിക നങ്ങ്യാർക്കൂത്തുകള്‍
കൂടിയാട്ടങ്ങൾക്ക്, പ്രചാരം വർദ്ധിച്ചപ്പോൾ, കൃതഹസ്തരായ കലാകാരികൾ, ശ്രീകൃഷ്ണ ചരിതമല്ലാത്തതായ പ്രസിദ്ധ ചരിത്രേതിഹാസങ്ങളിലെ കഥാഭാഗങ്ങളെ അവലംബിച്ച് നങ്ങ്യാർ കൂത്തുകൾ ചിട്ടപ്പെടുത്തി അവതരിപ്പിക്കാൻ തുടങ്ങി. ഇത് ഈ കലയുടെ മൊത്തത്തിലുള്ള ഉന്നമനത്തിനും പ്രചാരത്തിനും സഹായകമാകും എന്നത് നിസ്തർക്കം തന്നെ.
അങ്ങിനെ, ഇളങ്കോവടികൾ എന്ന കവി രചിച്ച ചിലപ്പതികാരം എന്ന തമിൾ മഹാകാവ്യത്തെ ആധാരമാക്കി ചിട്ടപ്പെടുത്തിയതത്രെ, കണ്ണകീ ചരിതം. ചിലപ്പതികാരത്തിലെ പ്രതിപാദ്യം, പൂമ്പുഴാർ എന്ന ചോള രാജ്യതലസ്ഥാനത്ത് സന്തോഷത്തോടെ താമസിച്ചു വരികയായിരുന്നു പതിവ്രതയായ കണ്ണകിയും ഭർത്താവ് കോവലനും. രാജ നർത്തകിയായിരുന്ന മാധവി എന്നൊരുവളിൽ അനുരക്തനായി, സ്വകുടുംബത്തെ വിട്ട് അവളുടെ കൂടെ പൊറുതിയാരംഭിച്ച കോവലന്, അചിരേണ സർവ സമ്പത്തും നഷ്ടമാകുന്നു. തിരിയെ വന്ന കോവലനോടുകൂടി കണ്ണകി മധുരയിലെത്തി ഭർത്താവിന് ഒരു വ്യാപാരം ആരംഭിക്കുവാനുള്ള പണത്തിനുവേണ്ടി, കണ്ണകി തന്റെ ഒരു ചിലമ്പ് കൊടുക്കുന്നു. അതു വിൽക്കുന്നതിനിടെ ചതിവിൽ പെട്ട്, രാജാവിനാൽ വധിക്കപ്പെടുന്നു. സത്യാവസ്ഥ തെളിയിക്കാൻ കണ്ണകി കൊട്ടാരത്തിലെത്തി, തന്റെ കൂടെ കൊണ്ടുവന്നിരിക്കുന്ന ചിലമ്പുമായി താരതമ്യപ്പെടുത്തി, തന്റെ ഭർത്താവ് നീതിരഹിതമായി കൊല്ലപ്പെട്ടിരിക്കുകയാണെന്ന് സ്ഥാപിക്കുന്നു. കോപം അടങ്ങാതെ അവൾ മധുരയാകെ, തന്റെ ഒരു മുല അരിഞ്ഞ് എറിഞ്ഞ്, പാതിവ്രത്യശക്തിയാൽ അഗ്നിക്കിരയാക്കുന്നു. മധുര മീനാക്ഷി പ്രത്യക്ഷപ്പെട്ട്, ഭർത്താവുമായുള്ള പുനഃസമാഗമത്തിന് അനുഗ്രഹിക്കുന്നു.
നങ്ങ്യാർകൂത്തിന്റെ പൊതുവിലുള്ള അവതരണ രീതി
ശ്ലോകം ചൊല്ലുന്ന രീതി - കലാമണ്ഡലം ദിവ്യ
1. എല്ലാ നിർവ്വഹണങ്ങളിലേയും പോലെ, ഏതു ശ്ലോകത്തിനെ (സാഹിത്യത്തിനെ) ആസ്പദമാക്കിയാണോ കഥാഭാഗം വർണ്ണിക്കുന്നത്, അത്, അഭിനയിച്ചതിനു ശേഷമാണ്, സാഹിത്യം തദ്രൂപത്തിൽ ഉരുവിടുക (ചൊല്ലുക)
2. നടിയല്ല സാഹിത്യം വാക്കാക്കുന്നത്. മറിച്ച്, അഭിനയം കഴിഞ്ഞാൽ, വാദ്യങ്ങളെ നിശ്ശബ്ദമാക്കി (കൊട്ട് വിലക്കി), താളം പിടിക്കുന്ന നങ്ങ്യാരെക്കൊണ്ട് അത് ചൊല്ലിക്കുകയാണ് ചെയ്യുന്നത്.
3. ചൊല്ലുന്നതാകട്ടെ, കുഴിതാളം കൊണ്ട് വായ് മറച്ചുമാണ്
4. നിർവ്വഹണങ്ങളില്ലാം തന്നെ, ഓരോ വാക്കിന്റേയും അർഥം ആടുകയല്ല പ്രധാനം. എന്നാൽ, സാഹിത്യമായ ബന്ധപ്പെട്ടു കിടക്കുന്ന കഥാഭാഗത്തെ വിസ്തരിച്ച് അഭിനയിച്ച്, അതിന്റെ സത്തയെ പുറത്തുകൊണ്ടുവരുന്നതിലാണ് ഇതിന്റെ പ്രത്യേകത.
ഉദാഹരണം
ഈ അവസാനം പറഞ്ഞതിനെ ഒന്ന് ഉദാഹരിക്കാമെന്നു വിചാരിക്കുന്നു. ശ്രീകൃഷ്ണ ചരിതത്തിലെ പൂതന കൃഷ്ണന് സ്തനം കൊടുക്കുന്നത് തുടങ്ങുന്നതിന്റെ ശ്ലോകത്തിലെ അഭിനയം ഏതാണ്ട് ഇപ്രകാരമായിരിക്കും:
"നന്ദഗോപൻ പറഞ്ഞതനുസരിച്ച് വസുദേവൻ അമ്പാടിയിലേക്ക് മടങ്ങി. ആ സമയത്ത് പൂതന, കംസന്റെ ആജ്ഞ പ്രകാരം ചെന്ന് വണങ്ങി. കംസൻ പറഞ്ഞത് അനുസരിച്ച് കുട്ടികളെ കൊല്ലുവാൻ പുറപ്പെട്ടു. (പൂതനയായി), "കംസൻ ഈ അടുത്ത് ജനിച്ചിട്ടുള്ള എല്ലാ കുട്ടികളേയും വകവരുത്തുവാൻ കൽപ്പിച്ചിരിക്കുന്നു, അതിനു പുറപ്പെടുക തന്നെ". ഒന്നു സഞ്ചരിച്ച് (പ്രവേശകം എന്ന് സാങ്കേതിക സംജ്ഞ), വീണ്ടും ചിന്തിക്കുന്നു. "അയ്യോ. എന്റെ ശരീരം ഭയങ്കരം തന്നെ. ഈ രാക്ഷസി രൂപത്തിൽ വീടുവീടാന്തരം അണയുന്നത് ശരിയല്ല. എന്നെ കാണുമ്പോൾ തന്നെ എല്ലാവരും ഒടിയൊളിക്കും. അതുകൊണ്ട് ഒരു സുന്ദരിയുടെ രൂപം എടുക്കുക തന്നെ". മായാമന്ത്രം ജപിച്ച് രൂപം മാറുന്നതായി നടിക്കുന്നു. ഗോകുലത്തിലെത്തി ഒരു വീട്ടിൽ പ്രവേശിക്കുന്നു. അവിടെ കിടക്കുന്നതായ ഒരു പിഞ്ചു കിടാവിനെ കണ്ട്, അടുത്തു പോയി, കുട്ടിയെ എടുത്ത്, വിഷദൂഷിതമായ മുല കൊടുക്കുന്നു. പിന്നെ, കുട്ടിയെ വെച്ച് എഴുന്നേറ്റ്, ഒന്നൊളിച്ചു നിന്നു നിരീക്ഷിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍, കുട്ടിയുടെ മരണത്തിൽ ഉണ്ടായ സങ്കടം കൊണ്ടുള്ള അലമുറ കേൾക്കുന്നു. ചിന്തിക്കുന്നു. "നന്നായി, ഉപായം നല്ലതു തന്നെ". പിന്നെ അടുത്ത വീട്ടിൽ കയറി വേറൊരു കുട്ടിയുടെ കഥ കഴിക്കുന്നു. ഇങ്ങിനെ ചെയ്ത് ഒടുക്കം യശോദയുടെ ഗൃഹത്തിൽ പ്രവേശിച്ച്, സ്നാനം കഴിപ്പിച്ച് കിടത്തിയുറക്കിയിരിക്കുന്ന കൃഷ്ണനെ കാണുന്നു. എടുത്ത് മുല കൊടുക്കുന്നതായി അഭിനയിക്കുന്നു". ഇത്രയും ആടി, കൊട്ടു വിലക്കിയാൽ, നങ്ങ്യാർ ശ്ലോകം ചൊല്ലുന്നു. ഈ സമയത്ത്, ശ്ലോകത്തിന്റെ വാക്യാർഥത്തിന് ചുരുക്കത്തിൽ മുദ്ര കാണിക്കുന്നു."
ശ്ലോകം ഇതാണ്:
വസതാം ഗോകുലേ തേഷാം, പൂതനാ ബാലഘാതിനീ
സുപ്തം കൃഷ്ണമുപാദായ, പാപാ തസ്മൈ സ്തനം ദദൗ
ശ്ലോകാർഥം ഇത്രയേ ഉള്ളു: ഗോകുലത്തിൽ അവരുടെ ഗൃഹത്തിൽ, പൂതന എന്ന ശിശുഘാതകി ഉറങ്ങിക്കിടന്നിരുന്ന കൃഷ്ണനെ എടുത്ത്, അവന് വിഷദൂഷിതമായ മുല കൊടുത്തു.
അവതരണത്തിലൂടെ ബന്ധപ്പെട്ട കഥകൾ പറഞ്ഞ് അടുത്ത ശ്ലോകത്തിനു പാകത്തിന് നിർത്തി, ശ്ലോകം ചൊല്ലിച്ച് തുടരുക. ഇതാണ് രീതി .
കണ്ണകീ ചരിതം നങ്ങ്യാർ കൂത്ത്
ഇതിൽ ഒരു പ്രത്യേക കഥാപാത്രമല്ല നിർവ്വഹണം ചെയ്യുന്നത്. ഒരു കാഥിക എന്നു പറയാമെന്നു തോന്നുന്നു. മറയ്ക്കുള്ളിലെ പ്രാഥമിക ചടങ്ങുകൾ കഴിഞ്ഞാൽ, പ്രത്യക്ഷപ്പെട്ട്, അരങ്ങു നിരീക്ഷണം, അരങ്ങു വന്ദനം എന്നിവ കഴിഞ്ഞാൽ, ചുരുക്കത്തിൽ ഒരു സംക്ഷേപം - കോവലനും കണ്ണകിയും കാവേരി പട്ടണത്തിൽ സുഖമായി വസിക്കുന്നതിനെ പ്രതിപാദിച്ച്, നിർവ്വഹണം തുടങ്ങുന്നു.
(ശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരി രചിച്ച അതിലളിതങ്ങളായ മൂന്ന് ശ്ലോകങ്ങളെ അവലംബിച്ചാണ്, കണ്ണകിയുടേയും കോവലന്റേയും കഥ നങ്ങ്യാർകൂത്ത് എന്ന മാദ്ധ്യമത്തിലൂടെ പറയുന്നത്)
ഒന്നാം ശ്ലോകത്തിന്റെ ആട്ടം: അക്കാലത്തൊരിക്കൽ കോവലൻ മാധവി എന്ന നർത്തകിയെ പറ്റി കേൾക്കുകയും, അവളുടെ നൃത്തം കാണണമെന്ന് ആഗ്രഹിക്കുകയും, അന്വേഷിച്ചപ്പോൾ, ചോഴ രാജധാനിയിൽ അവളുടെ പരിപാടി ഉണ്ടെന്നറിഞ്ഞ് അവിടെയെത്തുകയും ചെയ്യുന്നു. നൃത്തമണ്ഡപത്തിൽ, രാജാവടക്കമുള്ള എല്ലാവരും അവളുടെ വരവും കാത്തിരിക്കുന്നു. അതി സുന്ദരിയായ അവളേ കണ്ടപ്പോൾ തന്നെ ആകർഷിക്കപ്പെടുകയും, അവളുടെ നൃത്ത വിശേഷങ്ങൾ കാണുകയും (കോവലനായും രാജാവായും) നൃത്താവസാനം അവളെറിയുന്ന ഹാരം കോവലന്റെ കണ്ഠത്തിൽ പതിക്കുകയും ചെയ്യുന്നു. നൃത്താവസാനം അവൾക്ക് രാജാവ് നാട്യറാണി എന്ന പട്ടവും ഒരു രത്നമാലയും കൊടുക്കുന്നു. മാത്രമല്ല, അത് വാങ്ങാൻ കെൽപ്പുള്ളവൻ അവളുടെ പുരുഷനായിരിക്കാൻ യോഗ്യനാണെന്നും കൽപ്പിക്കുന്നു. ഇതു കേട്ട കോവലൻ, ആ മാല വാങ്ങി, അവളെ സ്വീകരിച്ച്, സ്വഭവനവും ഭാര്യയേയും വിട്ട്, മാധവിയുമായി പൊറുതി തുടങ്ങുന്നു.
കോവലൻ മാധവിയുടെ നൃത്തം കാണുന്നു
ശ്ലോകം
മദനവിവശചേതാഃ മാധവീം പ്രാപ്തുകാമഃ
മരതകമണിമാലാ മൂല്യവിത്തം ച ദത്വാ
അരമത കുലടായാം മന്ദിരേ കോവലാഖ്യഃ
പരിചരണ വിശുദ്ധാം കണ്ണകീത്യക്തചേതാ
(അർഥം: മാധവിയെ മദനവിവശതയാൽ പ്രാപിക്കാൻ മോഹിച്ച കോവലൻ, മരതകമാലയുടെ മൂല്യം കൊടുത്ത് വാങ്ങി, പതിവ്രതയായ കണ്ണകിയെ വിട്ട് അവളോടുകൂടി അവളുടെ ഗൃഹത്തിൽ വസിച്ചു)
കൊട്ടുവിലക്കി ശ്ലോകം ചൊല്ലിച്ചു കഴിഞ്ഞാൽ ,
രണ്ടാം ശ്ലോകത്തിന്റെ ആട്ടം:
കണ്ണകിയുടെ അവസ്ഥയിൽ തുടങ്ങുന്നു. അവൾ ഭർത്താവിനെ കാണാതെ വ്യസനിച്ച്, ഊണും ഉറക്കവും ഇല്ലാതെ, വിവശയായി കഴിയുന്നു.
കൊവലൻ ഉപേക്ഷിച്ച കണ്ണകിയുടെ അവസ്ഥ.
അപ്പോൾ, കോവലൻ മാധവിയുമായി കേളികളിൽ മുഴുകി, അവൾ വീണ വായിക്കുന്ന സമയത്ത് സന്തുഷ്ടനായി ഉള്ള ആഭരണങ്ങളെല്ലാം അവൾക്ക് സമ്മാനിച്ച്, ദ്രവ്യശൂന്യനായി ഗത്യന്തരമില്ലാതെ, മനസ്സില്ലാമനസ്സോടെ സ്വഗൃഹത്തിലേക്ക് തിരിച്ചു വരുന്നു.
അതി ദുഃഖത്തോടു കൂടി കഴിഞ്ഞിരുന്ന കണ്ണകി, ഭർത്താവ് തിരിച്ചു വരുന്നതു കണ്ട്, സന്തോഷിച്ച് സ്വീകരിക്കുന്നു. കോവലനാകട്ടെ അവളുടെ വരവു കണ്ട് എന്തെന്നില്ലാത്ത ഒരവസ്ഥയിലാകുന്നു. പിന്നെ പശ്ചാത്തപിച്ച് സർവസ്വവും നഷ്ടപ്പെട്ട കഥ പറയുന്നു. കണ്ണകിയാകട്ടെ ആലോചിച്ച് തന്റെ ചിലമ്പുകൾ അയാൾക്ക് വിറ്റ് ധനം സമ്പാദിക്കാൻ വേണ്ടി കൊടുക്കുന്നു. അയാൾ അതിൽ ഒന്നുമാത്രം എടുത്ത്, അവിടത്തെ താമസം മതിയാക്കി മധുരയിലേക്ക് പുറപ്പെടുന്നു
ശ്ലോകം:
നർത്തകീ സഹവർത്തിത്വാദാർത്താം നിജപതിം മുദാ
ആശ്വാസ്യ നൂപുരൈർസാർദ്ധം പ്രതസ്ഥേ നിജപത്തനാത്
(അർഥം: നർത്തകിയുടെ സഹവാസം കൊണ്ട് ആർത്തനായ ഭർത്താവിനെ സമാശ്വസിപ്പിച്ച്, ചിലമ്പുകളേയും കൈക്കൊണ്ട്, സ്വപുരത്തിൽ നിന്നും പുറപ്പെട്ടു പോയി)
ചിലമ്പ് വിൽക്കാൻ ശ്രമിക്കുന്ന കോവലൻ
കൊട്ടുവിലക്കി ശ്ലോകം ചൊല്ലിച്ചു കഴിഞ്ഞാൽ
മൂന്നാം ശ്ലോകത്തിന്റെ ആട്ടം:
അങ്ങിനെ മധുരാപുരിയിലെത്തി താമസം തുടങ്ങി ഒരവസരത്തിൽ, കോവലൻ കണ്ണകിയോടു യാത്ര പറഞ്ഞ്, ചിലമ്പു വിൽക്കാനായി രാജവീഥിയിലെത്തുന്നു. അവിടെ കുറെ ആളുകൾക്ക് കാണിച്ചുകൊടുക്കുന്നുണ്ടെങ്കിലും, ആരും വാങ്ങാൻ താത്പര്യം കാണിച്ചില്ല. രാജകൊട്ടാരത്തിലെ സ്വർണ്ണ പണിക്കാരൻ അവിടെ എത്തിയതു കണ്ട്, അയാളെ അതു കാണിക്കുന്നു. അയാൾ കോവലനേയും ചിലമ്പും മാറി മാറി നോക്കി, താൻ മോഷ്ടിച്ച മഹാറാണിയുടെ ചിലമ്പുമായി സാദൃശ്യം കണ്ട്, കോവലനെ അവിടെ നിൽക്കാൻ ഏർപ്പാടാക്കി രാജാവിനെ വിവരം അറിയിക്കുന്നു. രാജാവ് ഉടനെ ഭടന്മാരെ വിളിച്ച് സ്വർണ്ണപണിക്കാരന്റെ കൂടെ അയക്കുന്നു. കോവലനെ കണ്ട്, ചിലമ്പ് മഹാറാണിക്കു വേണമെന്നു പറയുന്നു. ചിലമ്പ് പ്രദർശിക്കപ്പെട്ടപ്പോൾ, അത് മഹാറാണിയുടേതു തന്നെ എന്നുറച്ച് ഭടൻ കോവലന്റെ കഴുത്ത് അറക്കുന്നു.
ഈ സമയം, തന്റെ ഭർത്താവിനെ കാണാതെ പരിഭ്രമിച്ചിരിക്കുകയായിരുന്ന കണ്ണകി, ക്രമേണ ആരോ രാജഭടന്മാരാൽ കഴുത്തറുക്കപ്പെട്ടിരിക്കുന്നുവെന്നും അതു കഴിഞ്ഞ്, അങ്ങിനെ സംഭവിച്ചത് റാണിയുടെ ചിലമ്പ് മോഷ്ടിക്കപ്പെട്ടതിനാലാണെന്നും അറിയുന്നു. സംശയം ജനിച്ച അവൾ, ചെന്ന് നോക്കിയപ്പോൾ, ഭർതൃദേഹം കമന്ധമായിരിക്കുന്നതു കണ്ട്, ദേഷ്യവും സങ്കടവും കൊണ്ട് രാജാവിന്റെ അടുത്തെത്തുന്നു. രാജാവവളോട്, മോഷ്ടാക്കളുടെ വധം രാജനിയമമാണെന്നു പറയുന്നു. കട്ടുവെന്ന് പറയപ്പെടുന്ന ചിലമ്പ് അവളുടെ ആവശ്യപ്രകാരം പ്രദർശിക്കപ്പെടുന്നു. അതുകണ്ട് അവൾ, അതിനകത്തെന്താണെന്നു ചോദിച്ചതിന്, രാജാവ് മുത്തുകളാണെന്നു പറയുന്നു. നിലത്തേക്ക് വലിച്ചെറിയപ്പെട്ട ചിലമ്പിൽ നിന്നും രത്നങ്ങൾ ചിതറുന്നു. അതു കണ്ടപ്പോൾ തന്നെ രാജാവ് ഹൃദയാഘാതം മൂലം മരണമടയുന്നു. ദേഷ്യം അടങ്ങാതെ അവൾ തന്റെ ഇടത്തെ സ്തനം വലത്തെ കൈപ്പടം കൊണ്ട് പിഴുത് പട്ടണത്തിനു മദ്ധ്യത്തിലേക്ക് എറിയുന്നു. മധുരയിലെ സാത്വികരായവർ ഒഴികെ എല്ലാം മുഴുവൻ അഗ്നിക്ക് ഇരയാകുന്നു.
ന്യായം തേടി രാജസഭയിൽ എത്തുന്ന കണ്ണകി
ശ്ലോകം:
ഉന്മൂല്യ ചിക്ഷേപ നിജാം സ്തനം ഹാ
നിനിന്ദ ഭൂപം നിജഗാദ വഹ്നിം
സാ കണ്ണകീ സാത്വികലോകമേതാൻ
വിമുച്യ സർവത്ര വിനാശനായ
(താത്പര്യം: ആ കണ്ണകി, രാജാവിനെ നിന്ദിച്ച്, സ്വന്തം സ്തനത്തെ പറിച്ചെടുത്ത് എറിഞ്ഞപ്പോൾ, അഗ്നി പുറപ്പെട്ട്, സാത്വികരൊഴിക സർവ്വവും നശിച്ചു)
കൊട്ടുവിലക്കി ശ്ലോകം ചൊല്ലിച്ചു കഴിഞ്ഞാൽ,
നാലാം ശ്ലോകത്തിന്റെ ആട്ടം: ആ സമയത്ത് മധുരാ ദേവി പ്രത്യക്ഷപ്പെട്ട്, സംഭവിച്ചതിൽ തനിക്കു ദുഃഖമുണ്ടെന്നും, എന്നാൽ ഇതിനു കാരണം കണ്ണകിയുടെ മുജ്ജന്മഫലമാണെന്നും, അന്നേക്കു പതിനാലാം നാൾ ഭർതൃയോഗമൊണ്ടാകുമെന്നും അനുഗ്രഹിച്ച് മറയുന്നു. അവൾ, അവിടെ നിന്നും പുറപ്പെട്ട്, ഒരു നദി കടന്ന് (വൈഗാ നദി) തിരുച്ചെങ്കുന്നു കയറി ഒരു മരച്ചുവട്ടിൽ കാത്തിരിക്കുന്നു. യഥാകാലം കോവലൻ ഒരു ദിവ്യ രഥത്തിൽ വന്ന് അവളേയും കൂട്ടി സ്വർഗ്ഗത്തിലെത്തുന്നു. അവിടെ ദേവകൾ സ്തുതിച്ചുകൊണ്ടിരിക്കെ, സ്വർഗ്ഗത്തെ പ്രാപിക്കുന്നു.
ശ്ലോകം
മധുര മധുരാദേവീ വാണീം നിശമ്യതു കണ്ണകീ
രുധിരഗിരിണം സമ്പ്രാപ്യേതാൻ ചതുർദശവാസരാൻ
വിധുരഹൃദയാ നീത്വാ പ്രാപ്തും നിജം പ്രിയവല്ലഭം
മുദിത വിബുധൈഃ പത്യാ സാകം സമാപ സുരാലയം
(അർഥം: മധുരാദേവിയുടെ മധുരമായ വാക്കു കേട്ട്, കണ്ണകി, ചെങ്കുന്നിൽ ചെന്ന് ഈ പതിനാലു ദിവസം വിധുരഹൃദയയായി വസിച്ചിട്ട്, പ്രിയവല്ലഭൻ വന്നപ്പോൾ, മുദിതരായ ദേവന്മാരോടു കൂടിയ സ്വർഗത്തെ, പതിയോടുകൂടി പ്രാപിച്ചു)
കോവലൻ ദിവ്യരഥത്തിൽ എത്തി കണ്ണകിയെ സ്വീകരിക്കുന്നു.
ഉപക്രമം
ഇത്രയേ ഉള്ളു. എന്നാൽ ഇതവതരിപ്പിച്ചപ്പോൾ, ഓരോരോ കഥാപാത്രങ്ങളായി മാറുന്നതും അവരുടെ അവസ്ഥകളെ അത്യനുയോജ്യമായി അവതരിപ്പിച്ചതും അവിസ്മയനീയം തന്നെയായിരുന്നു. ആദ്യഭാഗത്ത്, നൃത്തം നടക്കുന്നത് കാണാൻ, നടിയുടെ ഭ്രൂനേത്രാധരഗണ്ഡങ്ങൾ മാത്രം മതിയായിരുന്നു. രണ്ടാമത്തെ ഭാഗത്താണെങ്കിൽ, കണ്ണകിയുടെ പരിഭ്രമവും, മറ്റും നടിച്ചതിനു ശേഷം, നിദ്രാവിഹീനയാകുന്നത് എത്ര തന്മയത്വപൂർണ്ണമായിരുന്നെന്ന് എഴുതാൻ പ്രയാസം. പിന്നത്തെ, ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തുള്ള, കോവലന്റെ ചിലമ്പു വിൽക്കാനായി, ഓരോരുത്തരെ അതു കാണിക്കുന്നതും, അവരുടെ നിരാകരണവും മറ്റും ഏതു കൊച്ചു കുട്ടികൾക്കു പോലും, കഥയറിയാമെങ്കിൽ, മനസ്സിലാകത്തക്കതായിരുന്നു. കണ്ണകി മരണവൃത്താന്തം അറിയുന്നതു മുതൽ ചിലമ്പു പ്രദർശിപ്പിക്കപ്പെടുന്നതുവരെയുള്ള ക്രമേണയുള്ള വികാരവർദ്ധനവിന്റെ കലാശമായി, സ്തനവിഛേദം. ആകപ്പാടെ, ശരിക്കും പറഞ്ഞാൽ ഇത്ര വലിയ ഒരു മഹാകാവ്യത്തിന്റെ രത്നച്ചുരുക്കം അവതരിപ്പിച്ചതിൽ കവിയേയും (ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി) നടിയേയും (ശ്രീമതി മാർഗ്ഗി സതി) ഒരുപോലെ അഭിനന്ദിക്കാതെ തരമില്ല.
അതിന്റെ കൂട്ടത്തില്‍, എടുത്തു പറയേണ്ട ഒന്നായിരുന്നു ഉത്സവത്തില്‍ അവതരിപ്പിച്ചപ്പോള്‍ മിഴാവില്‍ പിന്തുണ നല്കിയ കലാമണ്ഡലം രവികുമാറിന്റെ പ്രകടനം. നടിയുടെ ഓരോ ഭാഗങ്ങളും അതതു ഭാവത്തില്‍ തന്നെ തോന്നി. രംഗത്തുണ്ടായിരുന്ന എല്ലാവരും ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അനുഭവമാണ് സാമാജികർക്ക് ഉണ്ടായത്.