തോൽപ്പാവക്കൂത്ത്

Category: Other Folk Arts
Published on Thursday, 04 September 2014 05:19
Hits: 5443

 

Tholpavakoothu

By Ramachandra Pulavur


An introduction to Tholpavakoothu of Kerala by K. K. Ramachandra Pulavar, Director of Krishnan Kutty Pulavar Memorial Tolpava Koothu & Puppet Centre


 

തോൽപ്പാവക്കൂത്ത്                                               

 

 പാവക്കൂത്തുകളിലെ ഒരു വകഭേദമാണ് തോൽപ്പാവക്കൂത്ത്കേരളത്തിന്റെ      തനതായ കലയാണ് തോൽപ്പാവക്കൂത്ത്.

മാൻതോലുകൊണ്ട് ഉണ്ടാക്കിയ പാവകളാണ്‌ ഈ കൂത്തിന്‌ ഉപയോഗിക്കുന്നത്. തോലുകൊണ്ടുണ്ടാക്കുന്ന പാവകളിൽ നിന്നാണ് തോല്പ്പാവക്കൂത്ത് എന്ന പേരു വന്നത്.

പ്രത്യേകത

ഇത് ഒരു നിഴൽക്കൂത്താണ്‌. അതുകൊണ്ട് പ്രത്യേകം സജ്ജമാക്കുന്ന ഒരു കൂത്തുമാടം ഇതിന്നാവശ്യമാണ്‌. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സമാനമായ നിഴൽക്കൂത്ത് നിലവിലുണ്ടെങ്കിലും കേരളത്തിലാണ്‌ ഇവ കൂടുതലായും അവതരിക്കപ്പെടുന്നത്. ഫലത്തിൽ ദ്വിമാനസ്വഭാവമുള്ള മട്ടിലാണ്‌ ഇതിന്റെ പാവകൾ ഉണ്ടാക്കുന്നത്. പാവകളുടെ ചലനത്തിലെ നാടകീയത വർദ്ധിപ്പിക്കാൻ പാവകളിൽ നിറയെ തുളകളും ഇട്ടിരിക്കും. ഇത് നിഴലുകളുടെ ആസ്വാദ്യത കൂട്ടുന്നു. തോൽപ്പാവക്കൂത്ത് നടത്തപ്പെടുന്ന എല്ലാ ക്ഷേത്രങ്ങളിലും സ്ഥിരം കൂത്തുമാടം അത്യാവശ്യമാണ്‌. കൂത്തുമാടത്തിൽ മുകളിൽ വെള്ളയും താഴെ കറുപ്പും തുണികൊണ്ട് നീളത്തിൽ തിരശ്ശീല കെട്ടുന്നു. മാൻതോലു കൊണ്ടുണ്ടാക്കിയ പാവകളെ, തുടക്കത്തിൽ മുകളിലെ വെള്ള തിരശ്ശീലയിൽ, കാരമുള്ള് (നല്ല മൂർച്ചയും ബലവുമുള്ള ഒരു മുള്ളാണിത്) ഉപയോഗിച്ച്, കഥയ്ക്കനുയോജ്യമായരീതിയിൽ ക്രമപ്രകാരമായി തറച്ചുവയ്ക്കുന്നു. പാവകളിന്മേൽ നെടുങ്ങനെ ഉറപ്പിച്ച ഒരു വടി താഴേക്ക് നീണ്ടുനിൽക്കുന്നുണ്ടാകും. പുറകിൽ സജ്ജമാക്കുന്ന വിളക്ക് തിരശ്ശീലയിൽ തോൽപാവകളുടെ നിഴലുകൾ വീഴ്ത്തും. കൂത്തുകവി താളമിട്ട് പാട്ട് പാടുന്നതിനനുസരിച്ച് ഒരാൾ ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ പാവകളെ അവയുടെ നീണ്ടുനിൽക്കുന്ന വടിയിൽ പിടിച്ചുകൊണ്ട് ചലിപ്പിക്കുന്നു. തിരശ്ശീലയിൽ വീഴുന്ന നിഴലുകളുടെ ചടുലത നിയന്ത്രിച്ചുകൊണ്ട് അവിടെ വീഴുന്ന ദൃശ്യം സന്ദർഭോചിതമായ ഭാവപുഷ്ടിയോടെ അവതരിപ്പിക്കപ്പെടുന്നു.

ഐതിഹ്യം

 

ഭഗവതിക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കപ്പെട്ട കൂത്തുമാടങ്ങളിലാണ്‌ തോൽ‌പ്പാവക്കൂത്ത് അരങ്ങേറാറുള്ളത്. ദേവീപ്രീതിയ്ക്കായി നടത്തിവരുന്ന ഈ അനുഷ്ഠാനത്തിനു പുറകിലെ‍ ഒരു ഐതിഹ്യം ഇപ്രകാരമാണ്: പണ്ട് ദേവന്മാർക്കും ഋഷികൾക്കും, മാനവർക്കുമെല്ലാം ശല്യമായ ദാരികൻ എന്ന ഒരു അസുരനുണ്ടായിരുന്നു. ഈ അസുരനെ നിഗ്രഹിക്കുവാനായി പരമശിവൻ തന്റെ കണ്ഠത്തിലെ കാളകൂടവിഷത്തിൽ നിന്നും ഭദ്രകാളിയെ സൃഷ്ടിച്ചു. ഏറെനാൾ നീണ്ടു നിന്ന ഒരു യുദ്ധത്തിനൊടുവിൽ ഭദ്രകാളി ദാരികനെ വധിച്ചു. ദാരികനും കാളിയും തമ്മിൽ യുദ്ധം നടന്ന അതേ സമയത്താണത്രെ രാമ-രാവണയുദ്ധവും നടന്നത്. അതുകൊണ്ട് രാമൻ രാവണനെ നിഗ്രഹിക്കുന്നതു കാണാൻ കാളിയ്ക്ക് സാധിച്ചില്ല. ആ കുറവു നികത്താനാണത്രേ കൊല്ലം തോറും കാളീക്ഷേത്രങ്ങളിൽ തോൽ‌പ്പാവക്കൂത്ത് നടത്തി വരുന്നത്.

 ചരിത്രം

കൃത്യമായി എതു കാലഘട്ടത്തിലാണ് തോൽപ്പാവക്കൂത്ത് രൂപപ്പെട്ടത് എന്നു പറയാനാവില്ല.. തമിഴ്നാട്ടിൽ തോല്പ്പാവക്കൂത്തിന്ന് പ്രചാരം കാണുന്നതുകൊണ്ടും ഉപയോഗിക്കുന്ന സാഹിത്യം കമ്പരാമായണമായതുകൊണ്ടും ഇത് അവിടങ്ങളിൽ ഉത്ഭവിച്ച് പ്രചാരം നേടിയ ശേഷം കേരളക്കരയിലേക്കു എത്തിയതാകാമെന്ന് അഭിപ്രായമുണ്ട്. ഇതവതരിപ്പിക്കുന്നവരെ പുലവർ എന്നാണ്‌ പറഞ്ഞുവരുന്നത്. തമിഴ്നാട്ടിലും ഇവർ ഈ പേരിൽത്തന്നെയാണ്‌ അറിയപ്പെടുന്നത്. ഒറ്റപ്പാലം താലൂക്കിലെ  ഈ കലാരൂപം അവതരിപ്പിക്കുന്നതിൽ ‍ പ്രസിദ്ധരായ ഒരു കുടുംബമുണ്ട്.

തോൽപ്പാവക്കൂത്ത് അവതരണം

കേരളത്തിൽ വള്ളുവനാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള വീക്ഷേത്രങ്ങളിലാണ്‌ ഇത് നടത്തിവരുന്നത്. മാൻ തോലുകൊണ്ട് രാമായണം കഥയിലെ എല്ലാ കഥാപാത്രങ്ങളുടേയും പാവകൾ ഉണ്ടാക്കുന്നു. തോൽപ്പാവക്കൂത്ത് വളരെ അപൂർവ്വം ക്ഷേത്രങ്ങളിലെ ഇപ്പോൾ കണ്ടുവരാറുള്ളൂ. പാലക്കാടു ജില്ലയിലെ ഒറ്റപ്പാലം, മണ്ണാർക്കാട്, ആലത്തൂർ, പാലക്കാട് താലൂക്കുകൾ, തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്ക്, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് എന്നിവിടങ്ങളിലെ അനവധി ദേവീക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്ത് ഇന്നും നടത്താറുണ്ട്. വള്ളുവനാട്ടിലെ എല്ലാ പ്രധാന ദേവീക്ഷേത്രങ്ങളിലും കൂത്തുമാടങ്ങൾ ഉണ്ട്.

തോൽപ്പാവക്കൂത്ത് കലാകാരന്മാ൪

പാലക്കാട് ജില്ലയിൽ ഏതാണ്ട് പതിനഞ്ചോളം സംഘങ്ങൾ ഇപ്പോൾ ഈ കലാപരിപാടി അവതരിപ്പിക്കുന്നുണ്ട്. ഷൊറണൂരിനടുത്ത് കൂനത്തറയിലുള്ള‍ ശ്രീ രാമചന്ദ്രപുലവർ ഇവരിൽ ശ്രദ്ധേയനാണ്‌. മുഖ്യകലാകാരനെ കൂത്തുമാടപ്പുലവർ എന്നാണ്‌ പറയുന്നത്. തൃശ്ശൂർ- പാലക്കാട് ജില്ലകളിലെ ഏതാണ്ട് എൺപതോളം ക്ഷേത്രങ്ങളിൽ ഇവർ ഏഴു മുതൽ നാല്പത്തൊന്നു വരെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കൂത്ത് അവതരിപ്പിച്ചു വരുന്നു.

 പ്രമേയം

തോൽ‌പ്പാവക്കൂത്തിന്റെ പ്രമേയം പ്രധാനമായും ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള രാമായണകഥയാണ്. ഇത് മുഖ്യമായും കമ്പരാമായണത്തെ ആസ്പദമാക്കിയാണ്. കൂത്തിനുവേണ്ടി 21 ഭാഗങ്ങളാക്കി തിരിച്ചിട്ടുള്ള ഇതിനെ 21 ദിവസങ്ങളിലായാണ് ആടുന്നത്. ഗദ്യത്തിലും പദ്യത്തിലുമായി രചിക്കപ്പെട്ടിട്ടുള്ള ഈ 21 ഭാഗങ്ങളെ ആടൽ‍പ്പറ്റ് എന്നാണ് വിളിക്കുന്നത്. ഈ ആടല്പ്പറ്റിൽ 2500 ശ്ലോകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ ചില പദ്യങ്ങൾ കമ്പരാമായണത്തിൽ ഇല്ലാത്തതാണ്. ചിലേടത്ത് കമ്പരുടെ തന്നെ കവിതകളുടെ പാഠഭേദവും കാണാൻ കഴിയും. കൂത്തിന് അനുകൂലമായ രീതിയിൽ ഇത്തരം കൂട്ടിച്ചേർക്കലുകൾ നടത്തിയിരിക്കുന്നത് പാവക്കൂത്ത് കലാകാരന്മാർ തന്നെയാണ് . ഇത്തരത്തിൽ ചേർത്തിരിക്കുന്ന പദ്യങ്ങൾ അധികവും തമിഴ്ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.